This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജലശീര്‍ഷത

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജലശീര്‍ഷത

Hydrocephalus

പ്രമസ്തിഷ്കമേരുദ്രവത്തിന്റെ (cerebro spinal fluid) അത്യധികമായ സഞ്ചയം മൂലം കാപാലത്തിനു ക്രമാതീതമായ വലുപ്പമുണ്ടാകുന്ന അവസ്ഥ. പ്രായപൂര്‍ത്തിയായവരില്‍ വിരളമായേ ഈ അവസ്ഥയുണ്ടാകാറുള്ളു. ജന്മസിദ്ധമായി ശിശുക്കളില്‍ കാണുന്ന വൈകല്യമെന്ന നിലയിലാണ് ഇതിന്റെ പ്രാധാന്യം. മസ്തിഷ്കത്തില്‍ പ്രമസ്തിഷ്കമേരുദ്രവത്തിന്റെ നിയതമായ പരിസഞ്ചരണത്തിനും ആഗിരണത്തിനും തടസ്സമുണ്ടാകുന്നു എന്നതാണ് പ്രധാന തകരാറ്. മസ്തിഷ്ക നിലയവ്യൂഹത്തിന്റെ രചനാവൈകല്യം കൊണ്ട് പ്രമസ്തിഷ്കമേരുദ്രവത്തിന്റെ നിയതപരിസഞ്ചരണവും ആഗിരണവും തടസ്സപ്പെടുമ്പോള്‍ ആ ദ്രവം മസ്തിഷ്കത്തില്‍ സഞ്ചയിക്കുകയും മസ്തിഷ്ക നിലയങ്ങള്‍ സ്ഥൂലമാവുകയും ചെയ്യുന്നു. പ്രമസ്തിഷ്കമേരുദ്രവത്തിന്റെ നിയതപരിസഞ്ചരണത്തെ തടസ്സപ്പെടുത്തുന്ന മസ്തിഷ്ക ട്യൂമര്‍, മസ്തിഷ്കാവരണ ശോഥ(meningitis)ത്തെ തുടര്‍ന്ന് മസ്തിഷ്കാവരണസ്തരത്തിലുണ്ടാകുന്ന വടു എന്നിവയാണ് ജലശീര്‍ഷതയുടെ പ്രധാനകാരണങ്ങള്‍.

തലയുടെ അസാധാരണ വലുപ്പമാണ് രോഗാവസ്ഥയുടെ പ്രധാന ബാഹ്യലക്ഷണം. തീവ്രമായ അവസ്ഥയില്‍ നെറ്റിത്തടം പുറത്തേക്ക് ഉന്തിയിരിക്കും; മുഖം ആനുപാതരഹിതമായി ചെറുതായിരിക്കും. കണ്ണുകള്‍ ചരിഞ്ഞ് കോങ്കണ്ണായി ഈ ചെറിയ മുഖത്തില്‍ കുഴിഞ്ഞിരിക്കുന്നതായി കാണപ്പെടും. കപാലാസ്ഥികള്‍ക്കിടയിലുള്ള മൃദുവായ ഇടങ്ങള്‍ അസാധാരണമായി വരിഞ്ഞുമുറികിയതുപോലെ ഇരിക്കും.

ശസ്ത്രക്രിയയാണ് ചികിത്സാമാര്‍ഗം. പ്രമസ്തിഷ്കമേരുദ്രവത്തിന്റെ ഒഴുക്കിലുണ്ടാകുന്ന തടസ്സത്തെ ബൈപാസ് ചെയ്യുന്നതിനുള്ള പല ശസ്ത്രക്രിയാസങ്കേതങ്ങളും ഉണ്ട്. ഇതിലൊന്നാണ് ഷണ്ട് പ്രവിധി. കപാല ഗഹ്വരത്തിലുള്ള അധികദ്രവത്തെ ഒരു നാളിയിലൂടെ ഗ്രീവാസിരയില്‍ എത്തിക്കുകയാണ് ഷണ്ട് പ്രവിധി. ഗ്രീവാസിരയിലെത്തുന്ന ദ്രവം രക്തധാരയില്‍ ലയിച്ചുചേരുന്നു. ജലശീര്‍ഷതയുടെ ചികിത്സയെ സംബന്ധിച്ചിടത്തോളം ഇത് അവസാനവാക്കല്ല. ഈ മേഖലയിലുള്ള ഗവേഷണങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു.

ജലശീര്‍ഷത ബാധിച്ച കുട്ടിയുടെ പരിചരണം ശ്രദ്ധയോടെ നിര്‍വഹിക്കേണ്ടതുണ്ട്. തലയുടെ ഭാരവും വലുപ്പവുംകൊണ്ട് കുട്ടിക്ക് സ്വയം തല അനക്കാന്‍ കഴിയാത്തതു നിമിത്തം തലയില്‍ വ്രണങ്ങള്‍ ഉണ്ടാകാനിടയുണ്ട്. ഇത് വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. തലയുടെ സ്ഥാനം കൂടെക്കൂടെ മാറത്തക്കവിധം കുട്ടിയെ മാറ്റിക്കിടത്തണം. ഭക്ഷണം കൊടുക്കുമ്പോഴും മറ്റും കുട്ടിയെ എടുത്തിരുത്തുമ്പോള്‍ തലയ്ക്ക് താങ്ങുകൊടുക്കുവാനും ശ്രദ്ധിക്കണം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍