This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജലരാശിതന്ത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:57, 15 ഫെബ്രുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജലരാശിതന്ത്രം

Hydrography

സമുദ്രങ്ങള്‍, നദികള്‍, തടാകങ്ങള്‍, തീരങ്ങള്‍, നദീമുഖങ്ങള്‍ അവയിലെ ഏറ്റിറക്കങ്ങള്‍, ആഴം, സമുദ്രജലപ്രവാഹങ്ങള്‍ എന്നീ വിവരങ്ങള്‍ ചേര്‍ത്തുകൊണ്ടുള്ള നാവിക ഭൂപടനിര്‍മാണവിദ്യ.

മുമ്പ് ഭൂമിയുടെ ഉപരിതലജലത്തെ സംബന്ധിച്ച പഠനങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇപ്പോള്‍ ജലസമുച്ചയങ്ങളെയും അവയിലെ പ്രവാഹങ്ങളെയും മറ്റും ആധാരമായുള്ള ഭൂപട നിര്‍മാണവിദ്യ എന്ന നിലയ്ക്ക് ജലരാശിതന്ത്രം വികസിതമായി. ജലസമുച്ചയങ്ങളെ സംബന്ധിച്ച പഠനമാകയാല്‍ ഇത് ഭൂമിശാസ്ത്രം, സമുദ്രശാസ്ത്രം (Oceanography), ജലവിജ്ഞാനം (hydrology) തുടങ്ങിയ വിജ്ഞാനശാഖകളുമായി ബന്ധപ്പെട്ടിരിക്കുന്നു. നാവിക പരിസ്ഥിതിയെക്കുറിച്ചു സര്‍വേക്ഷണം നടത്തുകയും നാവികര്‍ക്കു പ്രയോജനകരമായ ചാര്‍ട്ടുകള്‍ തയ്യാറാക്കുകയും ആണ് ജലരാശി തന്ത്രത്തിന്റെ മുഖ്യലക്ഷ്യം. അഴിമുഖങ്ങള്‍, തോടുകള്‍, സമുദ്രതീരങ്ങളിലെ അതിര്‍ത്തിരേഖകള്‍, ഏറ്റിറക്കങ്ങള്‍, സമുദ്രജലപ്രവാഹങ്ങള്‍, സമുദ്രാടിത്തട്ടിന്റെ പ്രത്യേകതകള്‍ എന്നീ വിവരങ്ങളടങ്ങുന്ന ചാര്‍ട്ടുകള്‍ നാവികഗതാഗതം സുഗമമാക്കുന്നതിന് ആവശ്യമാണ്.

എല്ലാ നാവികരാജ്യങ്ങളിലും സ്ഥിരമായി പ്രവര്‍ത്തിക്കുന്ന ജലരാശിവിജ്ഞാന സ്ഥാപനങ്ങളുണ്ട്. 1795-ല്‍ ബ്രിട്ടനും 1866-ല്‍ യു.എസ്സും ജലരാശി വിജ്ഞാന ആഫീസ് തുറന്നു. അന്താരാഷ്ട്രസമുദ്രഗതാഗതത്തിന്റെ ആധുനീകരണത്തിന്റെ ഭാഗമായി ലണ്ടനില്‍ നടന്ന അന്താരാഷ്ട്ര ഹൈഡ്രോഗ്രാഫിക് സമ്മേളനത്തെ (1919) തുടര്‍ന്ന് മൊണാക്കയിലെ മോണ്‍ടികാര്‍ലോ ആസ്ഥാനമായി അന്താരാഷ്ട്ര ഹൈഡ്രോഗ്രാഫിക് ബ്യൂറോ (IHB) സ്ഥാപിതമായി (1921). അംഗരാഷ്ട്രങ്ങളുടെ (42 അംഗങ്ങള്‍) സമുദ്രഗതാഗതത്തെ സംബന്ധിച്ച വിവരങ്ങള്‍ കൈമാറുകയാണ് ഈ ബ്യൂറോയുടെ പ്രധാനധര്‍മം. നാവികചാര്‍ട്ടുകളുടെ പരിഷ്കരണം, ഗവേഷണപഠനങ്ങളുടെ പ്രസിദ്ധീകരണം എന്നീ ചുമതലകളും ബ്യൂറോ നിര്‍വഹിക്കുന്നു. അംഗരാഷ്ട്രങ്ങളുടെ നാവിക ചാര്‍ട്ടുകള്‍ യുക്തിസഹമായി ഏകീകരിച്ചതിന്റെ ഫലമായി സമീപകാലത്ത് അന്താരാഷ്ട്ര സമുദ്രഗതാഗത രംഗത്ത് വമ്പിച്ച പുരോഗതിയുണ്ടായിട്ടുണ്ട്. പ്രതിധ്വനി അവാഹനയന്ത്ര (echo sounding devices)ങ്ങളുടെ സഹായത്തോടെ ആഴം അളക്കാനായതും വിമാനത്തിലൂടെ ആഴമില്ലാത്ത ജലശേഖരങ്ങളുടെ വര്‍ണചിത്രങ്ങള്‍ എടുക്കാനായതും റേഡിയോ തരംഗങ്ങളുപയോഗിച്ചു സമുദ്രജലപ്രവാഹങ്ങള്‍ അളക്കാനായതും ജലരാശിതന്ത്രത്തിന്റെ അഭൂതപൂര്‍വമായ വികസനം സാധ്യമാക്കി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍