This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജലഭൃതം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:12, 8 ഫെബ്രുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജലഭൃതം

Aquifer

പ്രത്യുദ്ധാരാ പരിമാണത്തില്‍ ഭൂഗര്‍ഭജലം അടങ്ങിയിരിക്കുന്ന ശിലാവിധാനം. കിണറുകള്‍ക്കും അരുവികള്‍ക്കും പര്യാപ്തമായ തോതില്‍ സുസ്ഥിരമായി ജലം പ്രദാനം ചെയ്യുന്ന ഭൂഗര്‍ഭജലസംഭരണികളാണ് ജലഭൃതങ്ങള്‍. സുഷിരങ്ങളും പ്രവേശ്യതയും ജലഭൃതങ്ങളുടെ സവിശേഷതയാണ്. മണല്‍ക്കല്ല്, ഗ്രിറ്റ്, കണ്‍ഗ്ളോമറേറ്റ്, ചരല്‍ മുതലായവയാണ് ജലഭൃതങ്ങളായി വര്‍ത്തിക്കുന്ന ശിലാ സഞ്ചയങ്ങള്‍. ആഗ്നേയ ശിലകളിലെയും കായാന്തരിത ശിലകളിലെയും ഛേദന മേഖലകള്‍, ഭ്രംശപ്രതലങ്ങള്‍, ശിലാസന്ധികള്‍ മുതലായവയും ജലഭൃതങ്ങളായി വിവക്ഷിക്കപ്പെടാറുണ്ട്. അസുഷിരതവും പ്രവേശ്യതാരഹിതവുമായ ശിലകളെ അക്വിഫ്യൂജ് എന്നു വിളിക്കുന്നു. ഗ്രാനൈറ്റ്, ഗാബ്റോ, ക്വാര്‍ട്സൈറ്റ് തുടങ്ങിയ ശിലകള്‍ അക്വിഫ്യൂജിന് ഉദാഹരണങ്ങളാണ്.

ജലഭൃതങ്ങളുടെ അതിപൂരിതമേഖലയുടെ ഉപരി പരിധിയാണ് ജല പീഠിക (water table). ജലപീഠികയ്ക്കു മുകളിലെ ശിലാസുഷിരങ്ങള്‍ ഭാഗികമായ ജലവ്യാപനത്തിനു വിധേയമായിരിക്കുന്നു. ഒരു പ്രദേശത്തിലെ ഭൂഗര്‍ഭജലത്തിന്റെ ലഭ്യത ആ പ്രദേശത്തിന്റെ സ്ഥാനം, ജലഭൃതത്തിന്റെ വ്യാപ്തി, സ്വഭാവം എന്നീ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.

വലിയ അളവില്‍ ഭൂഗര്‍ഭജലം ശേഖരിച്ചിട്ടുള്ള ജലസംഭരണികളാണ് ജലഭൃതങ്ങള്‍. ബാഷ്പീകരണത്തില്‍ നിന്നും മലിനീകരണത്തില്‍ നിന്നും ഭൂഗര്‍ഭജലം ജലഭൃതങ്ങളാല്‍ സംരക്ഷിതമായിരിക്കുന്നു. ഭൂഗര്‍ഭജലത്തിന്റെ ഉപഭോഗം ഉത്പാദനത്തെക്കാള്‍ കവിഞ്ഞു നിന്നാല്‍ ജലഭൃതങ്ങളിലെ ജലം വറ്റിപ്പോകും. തീരപ്രദേശങ്ങളിലെ ഭൂഗര്‍ഭജലത്തിന്റെ വര്‍ധിച്ച ഉപഭോഗം സമുദ്രജലം ജലഭൃതങ്ങളിലേക്ക് ഒഴുകിയെത്തുന്നതിനും മലിനീകരണത്തിനും കാരണമാകാറുണ്ട്. ഘനീകരണം സംഭവിച്ചിട്ടില്ലാത്ത സില്‍റ്റിന്റെയും കളിമണ്ണിന്റെയും പാളികള്‍ ഉള്‍ക്കൊള്ളുന്ന ജലഭൃതമേഖലകളില്‍ അമിതമായ പമ്പിങ്ങിന്റെയും ഉപരിതലഭാരത്തിന്റയും ആധിക്യംമൂലം ഭൗമോപരിതലം ഇടിഞ്ഞു താഴാറുണ്ട്. തത്ഫലമായി കെട്ടിടങ്ങള്‍ക്കും കിണറുകള്‍ക്കും കേടുപാടുകള്‍, ജലനിര്‍ഗമന സംവിധാനങ്ങള്‍ക്കു വ്യതിയാനം, വെള്ളപ്പൊക്കം തുടങ്ങിയ പ്രതിസന്ധികള്‍ ഉണ്ടാകുന്നു. ജലഭൃതങ്ങളെ ഒരു ജലസ്രോതസ്സായി ഉപയോഗിക്കുമ്പോള്‍ അവധാനപൂര്‍ണമായ നിയന്ത്രണം അത്യന്താപേക്ഷിതമാണ്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9C%E0%B4%B2%E0%B4%AD%E0%B5%83%E0%B4%A4%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍