This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജലപാതം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

15:52, 19 ഏപ്രില്‍ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജലപാതം

Waterfall

നദിയുടെ സഞ്ചാരപഥത്തിനിടയ്ക്ക് വളരെ ഉയരത്തില്‍ നിന്നോ, ചെങ്കുത്തായ പാറയില്‍ നിന്നോ ജലം താഴേക്കു വീഴുന്ന പ്രതിഭാസം. പെട്ടെന്നുണ്ടാകുന്ന ഉയരവ്യത്യാസംമൂലം കുത്തനെ താഴേക്കു പതിക്കുന്ന നദീഭാഗമെന്നും ഇതിനെ വ്യാഖ്യാനിക്കാം. ഉയരമേറിയ ചെങ്കുത്തായ പാറകളില്‍ നിന്നു ലംബകോണുകളില്‍ പതിക്കുന്ന ജലധാരയില്‍ നിന്നാണ് സാധാരണയായി ജലപാതങ്ങള്‍ രൂപമെടുക്കുന്നത്. ഒഴുക്കിന്റെ ദിശയില്‍ നദീതടത്തിനുപെട്ടെന്നുണ്ടാകുന്ന ഉയരക്കുറവ് കുത്തനെയുള്ള ജലപാതങ്ങള്‍ക്കു കാരണമാകുന്നു.

ആതിരപ്പള്ളി

യൗവനാവസ്ഥയിലുള്ള നദികളുടെ മുഖമുദ്രയാണ് ജലപാതം. ഇവയുടെ ഉദ്ഭവം പലവിധത്തിലാകുന്നു. പാറകളുടെ രോധനശക്തി ജലപാതത്തെ നിയന്ത്രിക്കുന്ന പ്രധാന ഘടകമാണ്.യൗവനാവസ്ഥയിലുള്ള നദി അതിശക്തമായ പാറയെപ്പോലും ഛേദിച്ചു താഴേക്കൊഴുകുമ്പോള്‍ നദിയുടെ അടിത്തട്ടില്‍ ഉയരവ്യത്യാസമുണ്ടാകുന്നു.

ജലപാതങ്ങള്‍ പ്രധാനമായും രണ്ടുരീതിയില്‍ ഉടലെടുക്കുന്നു. നദിയുടെ ഗതിയില്‍ നൈസര്‍ഗികമായി ഉണ്ടാകുന്നവയും ബാഹ്യശക്തികളുടെ പ്രവര്‍ത്തനഫലമായി രൂപമെടുക്കുന്നവയും. നദിയുടെ ഒഴുക്കിനെത്തുടര്‍ന്ന് നിക്ഷേപമോ (deposition) അപരദനമോ (erosion) സംഭവിക്കാനാവാത്ത നിലയിലേക്കു നദീതടച്ചരിവുകള്‍ എത്തിച്ചേര്‍ന്നിട്ടില്ല എന്നതിനുള്ള സൂചനകള്‍ നൈസര്‍ഗിക ജലപാതങ്ങളില്‍ നിന്നു ലഭിക്കുന്നു. നദി താഴോട്ടു മുറിക്കുന്ന പാറയുടെ സാന്ദ്രതയിലുള്ള വ്യത്യാസത്തെ ആധാരമാക്കിയാണ് ഇവ ജന്മമെടുക്കുന്നത്. സങ്കീര്‍ണശിലാഘടനയുള്ള പ്രദേശങ്ങളിലെ നദിയുടെ അസന്തുലിതമായ അപരദനമാണ് ഇവയുടെയും റാപ്പിഡുകള്‍ എന്നു വിശേഷിപ്പിക്കപ്പെടുന്നയിനം ചെറു ജലപാതങ്ങളുടെയും രൂപീകരണത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന മുഖ്യ ഘടകം. സാന്ദ്രതയേറിയ പാറയില്‍ നിന്നു സാന്ദ്രത കുറഞ്ഞ പാറയിലേക്കുള്ള ജലപതനവും ഇവയുടെ രൂപീകരണത്തിനു സഹായകമായ മറ്റൊരു ഘടകമാണ്. ഇങ്ങനെ സംഭവിക്കുമ്പോള്‍ സ്വാഭാവികമായി സാന്ദ്രത കുറഞ്ഞ ശിലാപാളി വര്‍ധിച്ച അപരദനത്തിനു വിധേയമാകുന്നു. ഇതിന്റെ ഫലമായി ഇവിടത്തെ ചരിവ് കൂടുന്നത് നദിയുടെ അപരദനശക്തിയെയും ഛേദനശക്തിയെയും വര്‍ധിപ്പിക്കുവാന്‍ ഇടയാക്കുന്നു. തെക്കന്‍ അപ്പലേച്ചീയനിലും ആഡറോണ്ഡാക്ക് മലനിരകളിലുമുള്ള ജലപാതങ്ങള്‍ ഇതിനുദാഹരണങ്ങളാണ്.

സാധാരണ ജലപാതങ്ങളുടെ അടിഭാഗത്തുള്ള സാന്ദ്രതകുറഞ്ഞ ശിലയുടെ അപരദനം സാന്ദ്രതകൂടിയ ശിലാപാളിയുടെ ക്രമേണയുള്ള ഛേദനത്തിനു കാരണമാകാറുണ്ട്. സാന്ദ്രത കുറഞ്ഞ ശിലാപടലങ്ങള്‍ അപരദനഫലമായി ഇല്ലാതാകുമ്പോള്‍ സാന്ദ്രതകൂടിയ ശില അട്ടിയട്ടിയായി അടര്‍ന്നു വീഴുന്നു. ജലപാതം സാവധാനത്തില്‍ ഒഴുക്കിനെതിരെ കടന്നുകയറുന്നതിന് ഇതിടയാക്കുന്നു.

ബാഹ്യശക്തിയുടെ പ്രവര്‍ത്തനഫലമായ ജലപാതങ്ങള്‍ മിക്കതും നദിയുടെ ജലനിര്‍ഗമന മാര്‍ഗത്തിലനുഭവമാകുന്ന താഴ്ചയുടെ ഫലമായാണുണ്ടാകുന്നത്. പ്രധാന നദിയുടെ കൂടിയ തോതിലുള്ള അപരദനക്രിയയും താഴോട്ടുള്ള ഛേദനവുംമൂലം പോഷക നദികള്‍ 'തൂക്കു താഴ്വരകള്‍'ക്കു (hanging valleys) ജന്മം നല്കുന്നു. വലിയ നദികള്‍ ചെറു നദീതടങ്ങള്‍ കൈയേറുന്നതും പ്രകൃതിയിലെ ഒരു പ്രതിഭാസമാണ്. ഹിമാനികളുടെ പ്രവര്‍ത്തനഫലമായി താഴ്വരകള്‍ക്കിടയില്‍ അകല്‍ച്ച ഉണ്ടാകുന്നു. തീരപ്രദേശങ്ങളില്‍ തിരകളുടെ അപരദന പ്രക്രിയമൂലവും 'തൂക്കു താഴ്വരകള്‍' ഉണ്ടാകുന്നുണ്ട്. വാര്‍ധക്യാവസ്ഥയിലെത്തിയ നദിയുടെ തടത്തില്‍ ഭ്രംശനംമൂലം അവനമനമുണ്ടാകുന്നു. ഇവയെല്ലാം തന്നെ മേല്പറഞ്ഞ തരത്തിലുള്ള ജലപാതങ്ങളുടെ രൂപീകരണത്തിനുപോദ്ബലകമായ ഘടകങ്ങളാണ്.

നദീഗമനം ചില താത്കാലിക തടസ്സങ്ങളാല്‍ ഭഞ്ജിക്കപ്പെടുമ്പോഴും ജലപാതങ്ങളുണ്ടാകാറുണ്ട്. ഉരുള്‍പൊട്ടല്‍, അഗ്നിപര്‍വതസ്ഫോടനഫലമായുണ്ടാകുന്ന ലാവാ അണക്കെട്ട്, ഹിമാനികളുടെ അപരദന ഫലമായുണ്ടായി അടിഞ്ഞുകൂടുന്ന ചെറുപാറക്കഷ്ണങ്ങളും മറ്റും (moraines) എന്നിവയാണ് സാധാരണ താത്കാലിക തടസ്സങ്ങള്‍ സൃഷ്ടിക്കുന്ന മുഖ്യ ബാഹ്യഘടകങ്ങള്‍. നദിയുടെ ഒഴുക്കിന്റെ ദിശയെ മാറ്റി ഒരു പുതിയസ്ഥാനത്തെത്തിക്കുന്ന ഹിമാനികളുടെ പ്രവര്‍ത്തനം ചിലപ്പോള്‍ നദിയെ അതിന്റെ യഥാര്‍ഥ തടത്തിനും ഉയരത്തില്‍ എത്തിക്കാറുണ്ട്. 'ഡോം' അഥവാ ഖണ്ഡപര്‍വതങ്ങളുണ്ടാകുമ്പോള്‍ പലപ്പോഴും നദീതടത്തിന് ഉന്നമനം സംഭവിക്കുന്നു. ഇവയും ഇവ ഒന്നുചേര്‍ന്ന സമ്മിശ്രഘടകങ്ങളും കൂടി പലപ്പോഴും നദിയെ അതിന്റെ പഴയ തടമുപേക്ഷിച്ചു പുതിയ തടം സ്വീകരിക്കുവാന്‍ നിര്‍ബന്ധിക്കുന്നു. ഇതിന്റെ ഫലമായുണ്ടാകുന്ന ഉയരവ്യത്യാസം ജലപാതരൂപീകരണത്തിനു കാരണമാകും.

ജലപാതങ്ങളുടെയും റാപ്പിഡുകളുടെയും ഘടനയും സ്വഭാവവും പ്രധാനമായി അതിനിടയിലുള്ള പാറകളുടെ ഉയരത്തെ ആശ്രയിച്ചിരിക്കുന്നു. സമാന്തര ശിലാഫലകങ്ങള്‍ക്കുമേല്‍ ജന്മമെടുക്കുന്ന ജലപാതങ്ങള്‍ക്കു നദിയുടെ ഒഴുക്കിനെതിര്‍ദിശയിലേക്കു സ്ഥാനചലനം സംഭവിക്കുന്നതിനു പുറമെ ഇവയുടെ ഉയരവും ക്രമേണ കുറഞ്ഞുവരുന്നു. എന്നാല്‍ ലംബശിലാപടലങ്ങള്‍ക്കുമേല്‍ രൂപമെടുക്കുന്ന ജലപാതങ്ങളുടെ ഉയരത്തിനു മാത്രമേ വ്യത്യാസം വരുന്നുള്ളു; ഇവയ്ക്കു സ്ഥാനചലനം സംഭവിക്കാറില്ല. നദിയുടെ ജലനിര്‍ഗമന പാതയ്ക്കുണ്ടാകുന്ന താഴ്ചയുടെ ഫലമായി രൂപമെടുക്കുന്നവയ്ക്ക് ശിലാഘടനയുമായി ബന്ധം കുറവാണ്; ഇവയ്ക്കും ക്രമേണ നദിക്കെതിരായുള്ള ദിശയില്‍ സ്ഥാനചലനം സംഭവിക്കുന്നു.

കിഴക്കന്‍ ആഫ്രിക്കയിലെ ഭ്രംശമേഖലയിലുള്ള നദികളിലെ ജലപാതങ്ങള്‍ ഭൂമിശാസ്ത്രജ്ഞരുടെ പ്രത്യേക താത്പര്യമര്‍ഹിക്കുന്നു. പ്ലേറ്റ് ടെക്റ്റോണിക പ്രക്രിയയുമായുള്ള ഇവയുടെ ബന്ധമാണ് ഇതിനു കാരണം. ഇന്ത്യയിലെ പ്രധാന ജലപാതങ്ങളെല്ലാം തന്നെ വിനോദസഞ്ചാരത്തിനു പേരുകേട്ടതാണ്. ഉദാ. ജോഗ് വെള്ളച്ചാട്ടം. കേരളത്തിലെ അതിമനോഹരങ്ങളായ ജലപാതങ്ങളില്‍ ആതിരപ്പള്ളി, വാഴച്ചല്‍, പാലരുവി എന്നിവ സുപ്രധാന സ്ഥാനമര്‍ഹിക്കുന്നു.

അതിദ്രുത ജലപാതങ്ങള്‍ (Rapids). അതിവേഗത്തിലൊഴുകിക്കൊണ്ടിരിക്കുന്ന നദിയുടെ ദിശയില്‍ നദീതടത്തിനോ ഒഴുക്കിനോ വിഘ്നമുണ്ടാക്കാതെ രൂപമെടുക്കുന്ന ചെറുജലപാതങ്ങള്‍. പാറകള്‍ സമൃദ്ധമായുള്ള തടങ്ങളിലൂടെ കുത്തിയൊലിച്ചു പായുന്ന കാട്ടരുവികള്‍ ഇതിനുദാഹരണങ്ങളാണ്. ശരിയായ രീതിയിലുള്ള വെള്ളച്ചാട്ടത്തെക്കാള്‍ വലുപ്പം ഇവയ്ക്കു കുറവാണെന്നതു ശ്രദ്ധേയമാകുന്നു.

ചെറിയ നീര്‍ച്ചാട്ടങ്ങള്‍ (Cascades). ചെറിയ വെള്ളച്ചാട്ടങ്ങളുടെ ഒരു ശ്രേണി. പാറകള്‍ക്കു മുകളിലൂടെയുള്ള നദിയുടെ ഒഴുക്കിനിടയ്ക്കാണ് സാധാരണയായി ഇവ രൂപമെടുക്കുന്നത്. റാപ്പിഡുകളിലെതിനെക്കാള്‍ ഒഴുക്കിന്റെ വേഗം കുറവായിരിക്കുമെന്നതാണ് ഇവയുടെ പ്രത്യേകത. കൃത്രിമോദ്യാനങ്ങളുടെ നിര്‍മാണത്തിലും ഇവ ധാരാളമായി ഉപയോഗിക്കപ്പെടുന്നു. നോ. താഴ്വര

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9C%E0%B4%B2%E0%B4%AA%E0%B4%BE%E0%B4%A4%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍