This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജലദവിജ്ഞാനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:01, 10 ഫെബ്രുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജലദവിജ്ഞാനം

Nephology

മേഘങ്ങളുടെ ഉരുത്തിരിയല്‍, രൂപാന്തരണം, ദ്രവീഭവനം, ശോഷണം എന്നിങ്ങനെയുള്ള വികാസപരിണാമങ്ങളെക്കുറിച്ചും മേഘാച്ഛന്നത(cloudiness)യുടെ ഫലവ്യാപ്തിയെ സംബന്ധിച്ചും വിശകലനാത്മകമായ പഠനം നടത്തുന്ന വിജ്ഞാനശാഖ. അന്തരീക്ഷ വിജ്ഞാനീയത്തിന്റെ ഒരു ഉപശാഖയാണ് ജലദവിജ്ഞാനം.

അന്തരീക്ഷ ജലത്തിന്റെ ദ്രവരൂപത്തിലോ ഹിമരൂപത്തിലോ രണ്ടും കലര്‍ന്നതോ ഉള്ള അതിസൂക്ഷ്മ കണങ്ങളുടെ, വായുവില്‍ പ്ലവം ചെയ്യുന്ന നയനഗോചരമായ സമുച്ചയത്തെയാണ് മേഘം എന്നു വിവക്ഷിക്കുന്നത്. ആകാരത്തില്‍ നിതരാം ഉണ്ടാകുന്ന വ്യതിയാനങ്ങളും രൂപഭാവങ്ങളിലെ നാനാത്വവും മേഘങ്ങളുടെ അടിസ്ഥാന സവിശേഷതകളാണ്. തന്നിമിത്തം ഇവയുടെ കൃത്യമായ വര്‍ഗീകരണം ദുസ്സാധ്യമായിരിക്കുന്നു. ലുക്ക് ഹോവാഡ് (1803) എന്ന വിജ്ഞാനി മേഘങ്ങളുടെ ആകാരപ്രകാരങ്ങളെ അടിസ്ഥാനമാക്കി അവയെ സ്റ്റ്രാറ്റസ് (stratus), ക്യുമുലസ് (cumulus), സീറസ് (Cirrus) എന്നീ മൂന്നു വിഭാഗങ്ങളായി വര്‍ഗീകരിച്ചു. അന്തരീക്ഷ നിരീക്ഷണ ലോകസംഘടന (World Meteorological Organization) 1956-ല്‍ പ്രസിദ്ധീകരിച്ച മേഘ-അറ്റ്ലസ് (Cloud Atlas) ആണ് മേഘ വര്‍ഗീകരണത്തിന്റെ ആധാരരേഖയായി അംഗീകരിക്കപ്പെട്ടിട്ടുള്ളത്. ഈ അറ്റലസില്‍ മേഘങ്ങളെ പത്തു ജീനസുകളായി തിരിച്ച് അവയ്ക്ക് ഉപവിഭാഗങ്ങളും നിര്‍ദേശിച്ചിരിക്കുന്നു.

പടലങ്ങളായോ (stratiform), കുമിഞ്ഞുകൂടിയ നിലയിലോ, (cumiliform), തന്തുരൂപത്തിലോ (ciriform) ആണ് മേഘങ്ങള്‍ പൊതുവെ ദൃശ്യമാവുന്നത് എന്നതിനാല്‍ സാധാരണ വിശകലനത്തിന് ഹോവാഡിന്റെ ത്രിതല വര്‍ഗീകരണം പ്രയോഗക്ഷമമാണ്.

ഒറ്റനോട്ടത്തില്‍ വായുവില്‍ ഒഴുകിനടക്കുന്ന ഒരു വസ്തുവാണു മേഘം എന്നു തോന്നാം; എന്നാല്‍ സൂക്ഷ്മ നിരീക്ഷണത്തില്‍ അന്തരീക്ഷത്തിലെ ഭൗതിക പ്രക്രമങ്ങളുടെ ദൃശ്യവ്യഞ്ജനമാണ് അനുഭവപ്പെടുന്നത്. സംഘനനത്തിനും ശോഷണത്തിനും ഉതകുന്ന പ്രക്രിയകള്‍ ഒപ്പത്തിനൊപ്പം തുടര്‍ന്നു പോരുന്ന അവസ്ഥയാണ് മേഘപടലങ്ങള്‍ക്കിടയില്‍ കാണപ്പെടുക. വികസന പ്രക്രിയകള്‍ക്കു മുന്‍തൂക്കമുള്ളപ്പോള്‍ മേഘങ്ങള്‍ പടര്‍ന്നു വളരുന്നു; മറിച്ച് ശോഷണ പ്രക്രിയകള്‍ക്കാണ് പ്രാമുഖ്യമെങ്കില്‍ ചിതറി, ശകലീകൃതങ്ങളായി മറയുകയും ചെയ്യുന്നു.

അന്തരീക്ഷത്തിലെ ഏതെങ്കിലും ഒരു ഭാഗം തുഷാരാങ്കത്തിനു താഴെയുള്ള താപനിലയെ പ്രാപിക്കുമ്പോള്‍ മേഘങ്ങള്‍ ഉരുത്തിരിയുന്നതിനുള്ള അടിസ്ഥാന സാഹചര്യം ഉണ്ടാകുന്നു. പ്രസക്തഭാഗം പൂരിതമാവുന്നതിനു വേണ്ടതിലും അധികം നീരാവി നിലവിലുള്ള പക്ഷം, ആ നീരാവി അന്തരീക്ഷത്തിലെ അതിസൂക്ഷ്മകണിക(aerosol)കളെ കേന്ദ്രീകരിച്ച് സംഘനനവിധേയമായിത്തീരുന്നു (നോ. അന്തരീക്ഷ ജലകണം). ഇങ്ങനെയുണ്ടാകുന്ന ജല/ഹിമകണങ്ങള്‍ സഞ്ചിതാവസ്ഥയില്‍ വിവിധയിനം മേഘങ്ങളായി മാറുന്നു. രുദ്ധോഷ്മവികാസം (adiabatic expansion), തണുത്ത പ്രതലങ്ങളുമായുള്ള (ഉദാ. തുഷാരാങ്കത്തിലും താണ താപനിലയിലുള്ള ഭൂതലം) സമ്പര്‍ക്കം, വ്യത്യസ്ത ഊഷ്മാവിലും പൂരിതാവസ്ഥയിലുമുള്ള വായുപിണ്ഡങ്ങളുടെ പരസ്പരമിശ്രണം എന്നീ അവസ്ഥാ വിശേഷങ്ങളാണ് സംഘനനത്തിന് ആക്കം കൂട്ടുന്നത്. രുദ്ധോഷ്മവികാസം ഉയര്‍ന്ന തലങ്ങളിലും പ്രാവര്‍ത്തികമാവുകയാല്‍ മേഘരൂപീകരണത്തിനു പൊതുവേ ഹേതുവുമായിരിക്കുന്നു. തണുത്തുറഞ്ഞ ഭൂമിയുമായുള്ള സമ്പര്‍ക്കംമൂലം അന്തരീക്ഷത്തിലെ കീഴ്ത്തലങ്ങളില്‍ ചെറിയതോതില്‍ മേഘങ്ങള്‍ ഉണ്ടാകാം.

മേഘങ്ങള്‍ക്കുള്ളിലെ ഹിമ/ജലകണങ്ങള്‍ തന്മാത്രാകര്‍ഷണത്താലോ താദൃശ്യമായ മറ്റു കാരണങ്ങളാലോ സംയോജിച്ച് മുഴുത്ത പരലു/കണങ്ങളായി മാറുന്നു. വലുപ്പം ഏറുന്തോറും ബാഷ്പീകരണത്തിനുള്ള സാധ്യതയും വര്‍ധിക്കുന്നു. ഭാരക്കൂടുതലുണ്ടായി താഴോട്ടു പതിക്കുമ്പോള്‍ രുദ്ധോഷ്മസമ്മര്‍ദനം നേരിടുന്നത് ബാഷ്പീകരണത്തെ ത്വരിതപ്പെടുത്തുന്നു. വര്‍ഷണം ആരംഭിക്കുന്നതോടെ നീരാവിശോഷണം വന്‍തോതിലായിത്തീരും. തുടര്‍ന്ന് പ്രസക്തമേഘത്തിനു രൂപാന്തരണമോ വിനാശമോ സംഭവിക്കുന്നു.

മേഘങ്ങളുടെ വികാസപരിണാമങ്ങള്‍ ആഗോളതലത്തില്‍ അനുസ്യൂതം അരങ്ങേറുന്ന ഒരു അന്തരീക്ഷപ്രക്രിയയാണ്. ഒരു മേഖലയിലെ മേഘാച്ഛന്നതയുടെ ഏറ്റക്കുറച്ചില്‍ അവിടത്തെ ആര്‍ദ്രോഷ്ണാവസ്ഥ (weather)യെയും കാലാവസ്ഥ(climate) യെയും സ്വാധീനിക്കുന്ന മുഖ്യഘടകങ്ങളിലൊന്നാണ്. നോ. അന്തരീക്ഷം; ആഗോളവാതസഞ്ചരണം; മേഘങ്ങള്‍

(എന്‍.ജെ.കെ. നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍