This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജലതരംഗം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:00, 10 ഫെബ്രുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ജലതരംഗം

ഒരു വാദ്യോപകരണം. നിര്‍ദിഷ്ട അളവുകളുള്ള കളിമണ്‍ കോപ്പകളില്‍ നിശ്ചിത അളവില്‍ വെള്ളം നിറച്ച്, ആ കോപ്പകള്‍ക്ക് മുകളില്‍ രണ്ടു ചെറിയ മുളങ്കമ്പുകള്‍ കൊണ്ട് തട്ടിയാണ് ജലതരംഗം വായിക്കുന്നത്. കോപ്പകളുടെ വലുപ്പവും അവയില്‍ നിറയ്ക്കുന്ന വെള്ളത്തിന്റെ അളവും ആവശ്യത്തിനനുസരിച്ച് ക്രമീകരിക്കാറുണ്ട്. 14 കോപ്പകള്‍ വരെ ഉപയോഗിക്കാറുണ്ട്. മുമ്പ് ലോഹക്കോപ്പകളാണ് ഉപയോഗിച്ചിരുന്നത്. ജലതരംഗത്തിന് പക്കവാദ്യമായി വയലിനും മൃദംഗവും ഉപയോഗിക്കുന്നു. ജലത്തില്‍ ഉണ്ടാക്കുന്ന തരംഗമാണ് ജലതരംഗം. ചതുഷ്ഷഷ്ടികലകളില്‍ ഈ വാദ്യത്തെക്കുറിച്ചു പ്രതിപാദിച്ചിട്ടുണ്ട്. അലക്സാണ്ടര്‍ ചക്രവര്‍ത്തി ഇന്ത്യയില്‍ നിന്നും അനേകം സംഗീതജ്ഞന്മാരെ ഗ്രീസില്‍ ജലതരംഗം അവതരിപ്പിക്കാനായി കൊണ്ടുപോയിരുന്നു. ജലതരംഗത്തിന് ഉദകവാദ്യം എന്നും പേരുണ്ട്. ഉദകം എന്ന വാക്കിന് ജലം എന്നാണ് അര്‍ഥം. ശബ്ദതരംഗങ്ങള്‍ പ്രസരിപ്പിക്കാന്‍ കളിമണ്‍കോപ്പയ്ക്കുള്ള കഴിവ് നാം മനസ്സിലാക്കിയത് ചൈനക്കാരില്‍ നിന്നുമാണ്.

ജലതരംഗം വാദകന്റെ മുമ്പിലായി അര്‍ധവൃത്താകൃതിയില്‍ 14 കോപ്പകള്‍ അടുക്കി വയ്ക്കുന്നു. വെള്ളം നിറച്ച് കോപ്പകള്‍ നിലത്തു വയ്ക്കുന്നതിനു മുന്‍പായി നിലത്ത് അര്‍ധവൃത്താകൃതിയില്‍ 2 സെ.മീ. കനത്തില്‍ മണല്‍ വിരിക്കും. അതിനു മുകളില്‍ വിരിപ്പ് വിരിച്ച്, അതിനും മുകളിലാണ് കോപ്പകള്‍ നിരത്തുന്നത്. വാദകന്റെ ഇടത്തു നിന്നും വലത്തേക്ക് ശ്രുതികൂടി വരുന്ന രീതിയില്‍ കോപ്പകള്‍ നിരത്തി വയ്ക്കുന്നു. വലിയ കോപ്പയില്‍ നിന്നും പുറപ്പെടുന്ന ശ്രുതിയെക്കാള്‍ കൂടുതലായിരിക്കും ചെറിയ കോപ്പയ്ക്ക്. കനം കുറഞ്ഞ രണ്ടു മുളങ്കമ്പുകള്‍ കൊണ്ട് വെള്ളം നിറച്ച കോപ്പകള്‍ക്കു മീതെ തട്ടിയാണ് ഈ വാദ്യം വായിക്കുന്നത്. ഓരോ കോപ്പയില്‍ നിന്നും കേള്‍ക്കുന്നത് ഓരോ സ്വരമായിരിക്കും. കോപ്പകളില്‍ വെള്ളം നിറച്ച് ശ്രുതി ചേര്‍ക്കാന്‍ 15 മുതല്‍ 20 വരെ മിനിറ്റ് എടുക്കാറുണ്ട്. സമ്പൂര്‍ണ രാഗമാണ് വായിക്കേണ്ടതെങ്കില്‍ കോപ്പകളുടെ എണ്ണം 16 ആയിരിക്കും. ഷാഡവരാഗമാണ് വായിക്കുന്നതെങ്കില്‍ കോപ്പകളുടെ എണ്ണം കുറയ്ക്കും. മുളങ്കമ്പ് കോപ്പകളുടെ വശങ്ങളിലൂടെ വേഗതയില്‍ ഓടിക്കുമ്പോള്‍ (ഇടത്തുനിന്നും വലത്തേക്ക്) ആരോഹണ ഗമകവും മറിച്ചായാല്‍ അവരോഹണഗമകവും കേള്‍ക്കാന്‍ കഴിയുന്നു. വാദകന് നല്ല ശ്രുതിജ്ഞാനവും നിരന്തരമായ സാധകവും ആവശ്യമാണ്. നല്ല സാധകം ഉള്ളവര്‍ക്ക് മധ്യമകാലത്തിലുള്ള കൃതികള്‍ ഈ വാദ്യത്തില്‍ അനായാസമായി വായിക്കുവാന്‍ കഴിയും. വാദ്യോപകരണങ്ങളില്‍ പുല്ലാങ്കുഴല്‍ കഴിഞ്ഞാല്‍ വില കുറഞ്ഞതാണ് ജലതരംഗം. സുബ്ബയ്യര്‍, രാമറാവു എന്നിവര്‍ ജലതരംഗവാദനത്തില്‍ സമര്‍ഥരായിരുന്നു. 'ജലതരംഗിണി' എന്നും ഈ വാദ്യത്തിനു പേരുണ്ട്.

(പ്രൊഫ. എം.കെ. മോഹനചന്ദ്രന്‍ നായര്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9C%E0%B4%B2%E0%B4%A4%E0%B4%B0%E0%B4%82%E0%B4%97%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍