This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജലച്ചായ ചിത്രങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജലച്ചായ ചിത്രങ്ങള്‍

ജലമാധ്യത്തില്‍ ചായങ്ങള്‍ ചാലിച്ചു കടലാസില്‍ ചിത്രങ്ങള്‍ വരയ്ക്കുന്ന സമ്പ്രദായം. ചിത്രരചനാ മാധ്യമങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണിത്. ജലച്ചായം ആദ്യമായി ഉപയോഗിച്ചത് എന്നാണെന്ന് കൃത്യമായി അറിവായിട്ടില്ല. ഇന്ത്യ, ചൈന, ജപ്പാന്‍ എന്നിവിടങ്ങളില്‍ ജലച്ചായ ചിത്രരചന വളരെ മുമ്പു തന്നെ പ്രചരിച്ചിരുന്നു. ഭാരതത്തില്‍ ബൗദ്ധകലയുടെ വികാസത്തോടൊപ്പം വികസ്വരമായിക്കൊണ്ടിരുന്ന ഹൈന്ദവ കലയിലും ജലച്ചായത്തിന്റെ വിനിയോഗം കാണാം. രാജകൊട്ടാരങ്ങള്‍, പ്രദര്‍ശനശാലകള്‍, കൊട്ടാരഭിത്തികള്‍ എന്നിവ അലങ്കരിക്കാന്‍ ജലച്ചായചിത്രങ്ങള്‍ വരച്ചിരുന്നു. മുഗള ചിത്രകലയില്‍ ജലച്ചായ രചനകള്‍ വളരെയുണ്ട്. മാധവമേനോന്‍ തുടങ്ങിയ പ്രശസ്ത ജലച്ചായ ചിത്രകാരന്മാര്‍ കേരളത്തിന്റെ സംഭാവനയാണ്.

ബഹാമാസിലെ കൊടുങ്കാറ്റ്. വിന്‍സ്ലോഹോമെറുടെ ജലച്ചായ രചന

ജലച്ചായം ഒരംഗീകൃത മാധ്യമമായിത്തീര്‍ന്നത് 18-ാം ശ.-ന്റെ അവസാന പാദത്തിലാണ്. ചിത്രമെഴുതുന്നവര്‍ക്കുവേണ്ട ചായങ്ങള്‍, കടലാസുകള്‍ എന്നിവ നിര്‍മിക്കുന്ന വിദഗ്ധ സ്ഥാപനങ്ങള്‍ ആദ്യമായി ഉണ്ടായത് ബ്രിട്ടനിലാണ്. ആദ്യകാല ജലച്ചായ ചിത്രകാരന്മാര്‍ അധികവും ഇംഗ്ലീഷുകാരായിരുന്നു. ഫ്രഞ്ച് ചിത്രകാരന്മാരും കുറവല്ല. ഇംഗ്ലീഷ് ജലച്ചായ ചിത്രകാരന്മാരായ മലോര്‍ഡ്, ടേണര്‍, കോണ്‍സ്റ്റബിള്‍, ബോണിങ്ടണ്‍ എന്നിവരാണ് ആദ്യകാലത്ത് ശ്രദ്ധേയമായ സംഭാവനകള്‍ കാഴ്ചവച്ചിട്ടുള്ളത്. ജലച്ചായത്തില്‍ തനിമയുള്ള സൃഷ്ടികള്‍ നടത്തിയ ദെ ലാക്രേ ഒരു ജലച്ചായ രചനാസിദ്ധാന്തത്തിനുവരെ രൂപംകൊടുത്തു. 17-ഉം 18-ഉം ശ.-ല്‍ ലോകത്തു പറയത്തക്ക വലിയ ജലച്ചായ രചനകള്‍ ഉണ്ടായില്ല. 20-ാം ശതകാരംഭം മുതല്‍ യൂറോപ്പിലെങ്ങും പ്രചാരത്തിലെത്തിയ ജലച്ചായചിത്രരചന ജപ്പാനിലും ചൈനയിലും ഏറെ പ്രചാരം നേടി. 20-ാം ശ.-ന്റെ രണ്ടാം പകുതിയായപ്പോഴേക്കും ജലച്ചായചിത്രരചനയ്ക്കു ഗണ്യമായ മാറ്റമുണ്ടായി. ജലച്ചായത്തോടൊപ്പം ക്രയോണും ഗുവാഷും, മഷിയും ചാര്‍ക്കോളും കൂടി വിനിയോഗിക്കുവാന്‍ തുടങ്ങിയതാണ് ഇതിന്റെ മുഖ്യകാരണം. ഇന്നു സുതാര്യമായ ജലച്ചായവും ഗുവാഷും ചേര്‍ന്നൊരു മിശ്രമാധ്യമമാണ് ഉപയോഗിക്കുന്നത്.

ഫ്രാന്‍സില്‍ യൂജിന്‍ ലാമി, കോണ്‍സ്റ്റാന്റിഗീസ്, ദോമിയെ എന്നിവര്‍ ജലച്ചായത്തില്‍ വിദഗ്ധമായി രചന നടത്തി. തിയോഡോര്‍ റൂസ്സോ, ബോദാങ്, മാനെ എന്നിവരുടെ മനോഹരമായ പ്രകൃതിദൃശ്യചിത്രങ്ങള്‍ എല്ലാം ജലച്ചായത്തിലാണ്. റെനെ ജലച്ചായത്തില്‍ ഒരു വലിയ മാസ്റ്ററായിരുന്നു. ഇറ്റാലിയന്‍ ഡൊമനിക്കോ റാന്‍സൊണി, ഗയവന്നി ബോള്‍ഡിനി എന്നിവരും ഡച്ചുകാരനായ ജോങ്കൈന്റും ജലച്ചായത്തില്‍ പ്രകൃതിയുടെ വിക്ഷോഭങ്ങള്‍, അപൂര്‍വമായ ചാരുതകള്‍ എല്ലാം ചിത്രീകരിച്ചവരാണ്. അപൂര്‍വമായ അന്തരീക്ഷ പ്രതിഭാസങ്ങള്‍ നേരിയ അമൂര്‍ത്തതയിലൂടെ പകര്‍ത്തുന്നതില്‍ അദ്ഭുതം സൃഷ്ടിച്ച ബ്രിട്ടീഷ് ചിത്രകാരന്‍ ടേര്‍ണറുടെ അനുയായികളിലൊരാളായിരുന്നു ബുഡാപെസ്റ്റിലെ ബാര്‍ബറാസ്. ക്രമേണ ബ്രിട്ടനില്‍ ഉരുത്തിരിഞ്ഞുവന്ന അക്കാദമിക് ക്ലാസ്സിക് ജലച്ചായ ചിത്രരചനാ പാരമ്പര്യത്തിന്റെ തുടര്‍ച്ചക്കാരാവാന്‍ 20-ാം ശ.-ന്റെ രണ്ടാം പകുതിയില്‍ യൂറോപ്പിലും ഇംഗ്ലണ്ടിലും അധികം പ്രതിഭകള്‍ ഇല്ലാതായി. 20-ശ.-ന്റെ ആദ്യ ദശകങ്ങളില്‍ ബ്രാബഡോണ്‍ ജലച്ചായത്തില്‍ മനോഹരമായി അനേകം പ്രകൃതിദൃശ്യങ്ങള്‍ രചിച്ചു. ഫ്രഞ്ച് ഇംപ്രഷനിസ്റ്റുകള്‍ ജലച്ചായത്തില്‍ മികച്ചു നിന്നു. ബ്രിട്ടീഷ് ചിത്രകാരന്‍ വില്യം ഓര്‍പറുടെ പ്രിയപ്പെട്ടവിഷയം സ്ത്രീയുടെ നഗ്ന സൗന്ദര്യമായിരുന്നു. ജോണ്‍ സിംഗര്‍ സാര്‍ജന്റും (1856-1925) വളരെ ശ്രദ്ധേയനായ ഒരു ജലച്ചായ ചിത്രകാരനായിരുന്നു.

അമേരിക്കന്‍ ചിത്രകാരന്മാരില്‍ വിന്‍സ്ലോ ഹോമെറി (1836-1910)ന്റെ പേര് അവിസ്മരണീയമാണ്. അമേരിക്കയുടെ വന്യമായ പ്രകൃതിസൗന്ദര്യവും ഫ്ളോറിഡ, ബഹാമാസ്, ക്യൂബ എന്നിവിടങ്ങളിലെ പ്രകൃതിയുടെ അകൃത്രിമ ഭംഗിയും ഹോമര്‍ ജലച്ചായത്തില്‍ പകര്‍ത്തി. നിരവധി അനുയായികള്‍ ഹോമറിനുണ്ടായി. യഥാതഥ ശൈലിയും കാല്പനികതയും കൊണ്ട് ആന്തരികാനുഭൂതികള്‍ പകര്‍ത്താന്‍ ശ്രമിച്ച ഗസ്താവ്മോറെ (1826-98)/യ്ക്ക് പില്ക്കാലത്ത് അതികായന്മാരായ ജലച്ചായ ചിത്രകാരന്മാരും പ്രസ്ഥാനങ്ങളുടെ പ്രയുക്താക്കളുമായ ഹെന്റിമാത്തീസിനും റോനാള്‍ട്ടിനും ഫാവിസ്റ്റ് ചിത്രകാരനായ മാരക്വെറ്റിനും മാര്‍ഗദര്‍ശനം ചെയ്യാന്‍ കഴിഞ്ഞു. മോറെയുടെ 'ദ ടെംപ്റ്റേഷന്‍ ഒഫ് സെന്റ് ആന്റണി' വിശ്വപ്രസിദ്ധമാണ്. ഗോയയെ അനുസ്മരിപ്പിക്കുന്ന ചിത്രകാരനായ ഓദിലോങ് റെഡാങ് തീവ്രമായ പ്രകാശവും ദീപ്തിയും നിറഞ്ഞ ജലച്ചായ ചിത്രങ്ങള്‍ രചിച്ചു. ജലച്ചായത്തിന്റെ അനന്തമായ സാധ്യതകള്‍ കണ്ടെത്തിയ പ്രതിഭകളായിരുന്നു മോറെയും റൊദാങ്ങും.

എടുത്തുപറയത്തക്ക ജലച്ചായ ചിത്രകാരന്മാരാണ് കോളോമണ്‍ മോസറും ആല്‍ഫ്രഡ് കൂബിനും. ജലച്ചായത്തില്‍ വിസ്മയകരമായ വിജയം വരിച്ച അതികായന്മാരാണ് പോള്‍ഗോഗും വിന്‍സെന്റ് വാന്‍ഗോഗും. ആധുനിക ചിത്രകലയുടെ ജനയിതാവ് എന്ന് വിശേഷിപ്പിക്കാവുന്ന സെസാനും (1839-1906) ശില്പിയായ റൊദാങ്ങും ജലച്ചായത്തില്‍ വിദഗ്ധരായിരുന്നു. പിക്കാസോയുടെ പ്രിയപ്പെട്ട മാധ്യമമായിരുന്നു ജലച്ചായം. സ്വന്തം മാതാവിന്റെ ചിത്രമാണ് പിക്കാസോ ജലച്ചായത്തില്‍ ആദ്യം വരച്ചത്. പേരെടുത്തു പറയാവുന്ന ജലച്ചായ ചിത്രകാരന്മാരാണ് വ്ലാലിങ്ക് (1876-1958), ഡുഫി (1877-1953), റൊനാള്‍ഡ് (1887-1958), പാസ്ക്കില്‍ (1885-1930) എന്നിവര്‍. ജലച്ചായത്തോടൊപ്പം ചാര്‍ക്കോളും മഷിയും ഉപയോഗിച്ച ചിത്രകാരന്മാരാണ് ശില്പിയായ ബ്രാങ്കുസി (1876-1957), എഡ്വേര്‍ഡ് മുഞ്ച് (1863-1944), കേര്‍ച്ചനര്‍ (1880-1938), ഹെക്കന്‍, മ്യുള്ളര്‍, ഫ്രാങ്ക്മാര്‍ക്ക് (1880-1916), ആഗസ്റ്റ്മാക്ക് (1887-1914), ഫെയിനിഗര്‍ (1871-1956), ലൂയി കോറിന്ത് (1858-1925), മാക്സ് ഏണ്‍സ്റ്റ് (1891-1976), ക്ലിമ്റ്റ് (1862-1918), കൊക്കൊസ്കാ (1886-1980) എന്നിവര്‍. യുജിന്‍ സ്കീലെയുടൈ ചിത്രങ്ങളില്‍ ലൈംഗികതയും അന്യവത്കരണവും പ്രധാന വിഷയങ്ങളാണ്. എമിനോള്‍ഡ് (1867-1956) ജ്വലിക്കുന്ന വര്‍ണങ്ങള്‍കൊണ്ടു രചന നടത്തിയ ജലച്ചായ ചിത്രകാരനാണ്. നോള്‍ഡിന്റെ അര്‍ധ അമൂര്‍ത്ത ചിത്രങ്ങള്‍ വിശേഷിച്ചും 'കെമിലിയോണ്‍', 'ലാന്‍ഡ്സ്കേപ് വിത്മില്‍', 'ഫ്ളഡ്, റിഫ്ളെക്ഷന്‍സ്', 'ബ്ളൂബെല്‍സ്' എന്നിവ അവിസ്മരണീയങ്ങളാണ്. ജുവാന്‍ഗ്രീസ് (1887-1927), ബ്രാക്ക് (1882-1963), ലെഗര്‍ (1881-1955) എന്നിവരും ജലച്ചായ ചിത്രരചനയില്‍ വിദഗ്ധരായിരുന്നു.

പിക്കാസോ ഒഴികെ മറ്റു ക്യൂബിസ്റ്റ് ചിത്രകാരന്മാരാരും തന്നെ ജലച്ചായത്തിന്റെ വികാസത്തിനു കാര്യമായ സംഭാവനകള്‍ നല്കിയിട്ടില്ല. സെസാന്റെ ജലച്ചായചിത്രങ്ങളിലെ മനോഹരമായ സുതാര്യതയും അടിസ്ഥാന രൂപം, ആകൃതി എന്നിവയില്‍ അടങ്ങിയിരിക്കുന്ന ജ്യാമിതീയ ഘടനകളും ക്യൂബിസ്റ്റുകളെ ശക്തമായി സ്വാധീനിച്ചു. ഫ്യൂച്ചറിസ്റ്റുകളില്‍ പ്രധാനിയായ അംബര്‍ടോ ബോച്ചിയോണി (1882-1916) ജലച്ചായം ഭംഗിയായി പ്രയോഗിച്ച ചിത്രകാരനാണ്.

ജലച്ചായ രചനയ്ക്കു നിശ്ചിത നിയമങ്ങള്‍ ഉണ്ട്. നല്ല 'ഗ്രെയിന്‍സു'ള്ള കടലാസും മേല്‍ത്തരം ബ്രഷും ഉപയോഗിച്ചാണ് രചന നടത്തേണ്ടത്. ചിത്രമെഴുതുംമുമ്പ് കടലാസ് ഒന്നിലധികം വട്ടം നനയ്ക്കണം. നനവുമാറിക്കഴിയുമ്പോള്‍ പെന്‍സില്‍കൊണ്ട് സ്കെച്ച് ചെയ്യാം. ശരാശരി 6-ാം നമ്പര്‍ ബ്രഷ് മുതല്‍ ഉപയോഗിക്കണം. സൂക്ഷ്മമായി വിശദാംശങ്ങള്‍ എഴുതുമ്പോഴും വലിയ പ്രതലമായിരിക്കുമ്പോഴും ബ്രഷ് നിറയെ ചായം എടുത്തുവേണം 'വാഷ്' ചെയ്യുവാന്‍. വാഷുകള്‍ വേഗത്തിലും വ്യാപ്തിയിലും ചെയ്യണം. ട്യൂബുകളെക്കാള്‍ 'പാല്‍' ആണ് നന്ന്. കൂടുതല്‍ കുഴിവുള്ള പാലറ്റില്‍ വേണം ചായം ചാലിക്കുവാന്‍. രചനയ്ക്ക് 5 ബ്രഷുകളുണ്ടാവണം. ഒന്ന് മഞ്ഞ, ഓറഞ്ച്, കാഡ്മിയം, റെഡ് എന്നീ നിറങ്ങള്‍ക്കും, മറ്റൊന്ന് അലിസ്സാറില്‍ ചുവപ്പ് മുതല്‍ വയലറ്റുവരെയുള്ള നിറങ്ങള്‍ക്കും, മൂന്നാമത്തേത് പച്ച മുതല്‍ നീലവരെയുള്ള നിറങ്ങള്‍ക്കും, നാലാമത്തേത് ഗ്രേക്കും, അഞ്ചാമത്തേത് ബ്രൌണിനും മാറ്റിവയ്ക്കണം. ആദ്യപടിയായ രചനയ്ക്കുശേഷം ചായം കടലാസില്‍ പിടിച്ചു കിട്ടാനായി ചെറിയ ജലസ്പ്രേ ചെയ്യണം. ഇതു സൂക്ഷിച്ചു ചെയ്യാത്തപക്ഷം ചിത്രം ചീത്തയാകാനിടയുണ്ട്. രചനയുടെ വ്യക്തമായ ഫലം അറിയുന്നത് ക്രമേണ മാത്രമാണ്. അതിനാല്‍ എവിടെയെല്ലാം നിറങ്ങള്‍ക്ക് ആഴം കൂട്ടണമെന്ന് പിന്നീടാണറിയുക. രണ്ടു മൂന്നുവട്ടം നിറങ്ങള്‍ ഒന്നിനു പുറത്ത് ഒന്നായി എഴുതേണ്ടിവരും. ഒരു തുണ്ടു കടലാസില്‍ പുരട്ടി ആവശ്യമായ ഛവി(ടോണ്‍)യാണോ എന്ന് പരിശോധിക്കാവുന്നതാണ്.

ജലച്ചായം സുതാര്യമായതിനാല്‍ ചായത്തിന്റെ അടിയിലുള്ള കടലാസ് കാണാന്‍ കഴിയും. അതു പൂര്‍ണമായി മറയ്ക്കാന്‍ സുതാര്യമല്ലാത്ത (Opaque) ചായം ചേര്‍ക്കുന്നതും വളരെ കട്ടിയില്‍ ജലച്ചായം പുരട്ടുന്നതും നന്നല്ല; വെള്ളനിറം ഒരിക്കലും നേരിട്ട് പ്രയോഗിക്കരുത്. കടലാസിന്റെ പ്രതലത്തിലെ വെണ്‍മയെ ഫലപ്രദമായി പ്രയോജനപ്പെടുത്തണം. പ്രകൃതിയുടെ വിവിധ മുഖഛായകള്‍ പകര്‍ത്താന്‍ ജലച്ചായം ആണ് ഏറ്റവും പറ്റിയ മാധ്യമം.

(പ്രൊഫ. എം. ഭാസ്കരപ്രസാദ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍