This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജലചികിത്സ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജലചികിത്സ

ജലത്തിന്റെ ബാഹ്യോപയോഗം കൊണ്ടു നടത്തുന്ന രോഗചികിത്സ. സൗന്ദര്യസംരക്ഷണത്തിന്റെ ഭാഗമായും ജലചികിത്സ നടത്താറുണ്ട്.

ശരീരത്തിന്റെ വിവിധതരം പ്രവര്‍ത്തനങ്ങളെ സുഗമമാക്കുക, മറ്റു മാര്‍ഗങ്ങളിലൂടെ ശുദ്ധിയാക്കാന്‍ കഴിയാത്തതും വ്യാപകമായി ഏറ്റിട്ടുള്ളതുമായ ക്ഷതങ്ങള്‍, മുറിവുകള്‍ തുടങ്ങിയവ വൃത്തിയാക്കുക, വ്യായാമ ചികിത്സയ്ക്കുള്ള മാധ്യമമാക്കുക തുടങ്ങി പലതും ജലചികിത്സയുടെ പരിധിയില്‍പ്പെടുന്നു. താപചാലകത, ശുദ്ധീകരണശേഷി, ഉത്പ്ലാവകത (buoyancy) എന്നീ ഗുണങ്ങളാണ് ജലത്തെ വിശിഷ്ടമായ ചികിത്സാമാധ്യമമാക്കുന്നത്. ജലചികിത്സയ്ക്ക് ചൂടുവെള്ളവും തണുത്തവെള്ളവും നീരാവിയും ഉപയോഗപ്പെടുത്തുന്നു. ആധുനിക വൈദ്യശാസ്ത്രം, ആയുര്‍വേദം, പ്രകൃതിചികിത്സ തുടങ്ങിയ വിവിധ ചികിത്സാ പദ്ധതികളില്‍ ജലചികിത്സയ്ക്കു പ്രാധാന്യമുണ്ട്.

ചൂടുവെള്ളത്തിന്റെയും ആവിയുടെയും പ്രയോഗം വേദന ശമിപ്പിക്കുന്നതിനും രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും പേശികളുടെ ഞെരുക്കം കുറയ്ക്കുന്നതിനും ഫലപ്രദമാണ്. ചൂടുവെള്ളത്തിലുള്ള കുളി, ചൂടുവെള്ളത്തില്‍ തുണിമുക്കിപ്പിഴിഞ്ഞുള്ള ആവിപിടിത്തം എന്നിവ ചികിത്സാ മാര്‍ഗത്തില്‍പ്പെട്ടത് മേല്പറഞ്ഞ കാരണങ്ങള്‍ കൊണ്ടാണ്.

ജലം അതിശക്തമായി ഇളക്കിമറിക്കാന്‍ തക്ക യന്ത്രസംവിധാനങ്ങള്‍ ഉറപ്പിച്ച നീര്‍ച്ചുഴികള്‍ (ഉദാ. ഹബ്ബാര്‍ ടാങ്ക്) ഇന്ന് ലഭ്യമാണ്. താപജലചികിത്സയോടൊപ്പം ശുദ്ധീകരണവും മൃദുവായ തോതില്‍ തിരുമ്മലും ഇത്തരം നീര്‍ച്ചുഴികളിലെ കുളിയിലൂടെ നേടാം.

ശീതചികിത്സാവിധികളില്‍ പെട്ടതാണ് തണുപ്പേല്പിക്കല്‍, ഐസുവയ്ക്കല്‍, ജലധാരാസ്നാനം എന്നിവ. ഊഷ്മാവ്, നീര്‍വീക്കം, രക്തപ്രവാഹം എന്നിവ കുറയ്ക്കുന്നതിന് തണുത്ത ജലത്തിലുള്ള കുളി ഫലപ്രദമാണ്. ചെറിയ തോതിലുള്ള ശീതജലപ്രയോഗം നാഡിമിടിപ്പും ശ്വസനനിരക്കും കൂട്ടുകയും രക്തമര്‍ദത്തില്‍ വര്‍ധനവുണ്ടാക്കുകയും ചെയ്യും. ശീതജലത്തില്‍ നിന്നു ചൂടുള്ള ചുറ്റുപാടുകളിലേക്കു മാറുമ്പോള്‍ ശരീരത്തിന് ഉന്മേഷം അനുഭവപ്പെടുന്നു.

ഉത്പ്ലാവകത, ശ്യാനത തുടങ്ങിയ ഗുണങ്ങള്‍ ജലത്തിനുള്ളതിനാല്‍ വ്യായാമത്തിന് അനുയോജ്യമായ ഒരു മാധ്യമം കൂടിയാണ് ജലം. സന്ധികളില്‍ ഭാരം താങ്ങാന്‍ കഴിയാത്ത രോഗികള്‍ക്ക് ജലത്തിനടിയിലുള്ള വ്യായാമം ഗുണം ചെയ്യുന്നു. ജലത്തിന്റെ ഉത്പ്ലാവക സ്വഭാവം രോഗിയുടെ ഏതു ചലനവും സുസാധ്യമാക്കുന്നു. ശരീരപീഡ ഒട്ടുമില്ലാതെ തന്നെ പേശികള്‍ പൂര്‍ണമായും ചലിപ്പിക്കാനവര്‍ക്കു കഴിയുന്നു. സന്ധിശോഥമുള്ള രോഗികള്‍ക്ക് ഈ ചികിത്സ വളരെ ഫലപ്രദമാണ്. ജലത്തിനടിയില്‍ വ്യായാമം നടത്തുമ്പോള്‍ ഒട്ടും ശ്രമം കൂടാതെ ശരീരം ചലിപ്പിക്കാനാവുന്നു എന്നത് രോഗിക്കു മാനസികമായ ഉത്തേജനവും നല്കുന്നു. വെള്ളത്തിനടിയില്‍വച്ച് പ്രസവം നടത്തിക്കുന്നതും അപൂര്‍വമല്ല.

ജലധാരയിലൂടെയോ പീച്ചാങ്കുഴലിലൂടെയോ ശരീരത്തില്‍ മര്‍ദത്തോടെ ജലം പായിക്കുന്ന ചികിത്സാ രീതിയുമുണ്ട്. ഉദാ. ഡൂഷ് (Douche); ഇത് തിരുമ്മലിന്റെ ഫലവും ചെയ്യും. ശരീരത്തെ ഉത്തേജിപ്പിക്കാനും വൃത്തിയാക്കാനും ഡൂഷ്ചെയ്യാം. നോ. കുളി; പ്രകൃതിചികിത്സ.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍