This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജരായുജപ്രത്യുത്പാദനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജരായുജപ്രത്യുത്പാദനം

Vivipary

ഫലങ്ങള്‍ മാതൃസസ്യത്തില്‍നിന്നു കൊഴിഞ്ഞു വീഴുന്നതിനു മുമ്പുതന്നെ വിത്തുകള്‍ മുളച്ച് വളര്‍ച്ചയാരംഭിക്കുന്ന പ്രക്രിയ. ഉപ്പത്ത (Avicinnia), ബ്രൂഗീറാ (Bruguiera), കാന്‍ഡീലിയ (Kandelia), റൈസോഫോറ (Rhizophora) തുടങ്ങിയ കണ്ടല്‍ വൃക്ഷങ്ങളില്‍ പ്രത്യുത്പാദന പ്രക്രിയ വിജയകരമാകുന്നത് ഈ പ്രത്യേക മാര്‍ഗത്തിലൂടെയാണ്.

റൈസോഫോറയിലെ ജരായുജ പ്രത്യുത്പാദനം

റൈസോഫോറയുടെ ഫലങ്ങള്‍ വൃക്ഷങ്ങളില്‍ നിന്നു കൊഴിയുന്നതിന് ഏതാനും ദിവസങ്ങള്‍ക്കു മുമ്പേ ബീജകവചം പൊട്ടി ബീജമൂലം പുറത്തേക്കു വന്ന് ഒരു ദണ്ഡുപോലെ താഴോട്ടു വളരുന്നു. ഇതേസമയം ബീജശീര്‍ഷം വളര്‍ന്ന് രണ്ട് ആദിപത്രങ്ങളോടും കൂടിത്തന്നെ വിത്തിനുള്ളില്‍ സ്ഥിതിചെയ്യുന്നു. ദണ്ഡാകൃതിയില്‍ വളര്‍ന്നിരിക്കുന്ന ബീജമൂലത്തിന്റെ പ്രത്യേകതമൂലം ഫലങ്ങള്‍ കൊഴിയുമ്പോള്‍ ബീജമൂലം കീഴോട്ടു മാത്രമായിരിക്കും ജലത്തിലോ മണ്ണിലോ പതിക്കുന്നത്. അതിനാല്‍ മൃദുവായ ബീജശീര്‍ഷം ഉപ്പുരസം കലര്‍ന്ന ജലത്തിലും ചതുപ്പുനിലങ്ങളിലും താഴ്ന്നുപോവാതെ സംരക്ഷിക്കപ്പെടുന്നു. ബീജമൂലത്തില്‍ നിന്ന് വേരുകളുണ്ടാവുകയും ബീജശീര്‍ഷം വളര്‍ന്ന് ഇലകളുണ്ടാവുകയും ചെയ്യുന്നു. ജലത്തില്‍ പതിക്കുന്ന ഫലങ്ങള്‍ ബീജമൂലത്തിന്റെ പ്രത്യേകത കാരണം ആദിപത്രങ്ങളോടുകൂടിയ ബീജശീര്‍ഷം അന്തരീക്ഷത്തിലേക്കുയര്‍ന്ന് ലംബമായി ഒഴുകുന്നു. ഫലങ്ങളിലും വിത്തുകളിലും തൈകളിലുമുള്ള വായു അറകളും ഇവയെ ജലത്തില്‍ ലംബമായി ഒഴുകാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്. ഈ ഫലങ്ങള്‍ കരയില്‍ അടിയുമ്പോള്‍ വേരുകളുണ്ടായി മണ്ണില്‍ ഉറച്ചുവളരുന്നു.

എജിസെറാസി(Aegiceras) ല്‍ ഭ്രൂണം വിത്തിനുവെളിയില്‍ വരുന്നുണ്ടെങ്കിലും ഫലകഞ്ചുകത്തില്‍ത്തന്നെ സ്ഥിതിചെയ്യുന്നു. ഉപ്പത്തയില്‍ ഭ്രൂണത്തോടൊപ്പംതന്നെ ബീജാന്നവും (endosperm) കൂടി വിത്തിനുവെളിയിലേക്ക് വരാറുണ്ട്. ഇങ്ങനെ പ്രത്യുത്പാദനം നടക്കുന്നതിനാല്‍ കണ്ടല്‍ വൃക്ഷങ്ങള്‍ക്ക് വംശനാശം സംഭവിക്കുന്നില്ല. നോ. കണ്ടല്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍