This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജയില്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജയില്‍

Prison

തടവുശിക്ഷ വിധിക്കപ്പെട്ടവരെയോ കുറ്റം ആരോപിക്കപ്പെട്ടവരെയോ തടങ്കലില്‍ പാര്‍പ്പിക്കുന്ന സ്ഥലം. കാരാഗൃഹം, തടവറ എന്നീ പദങ്ങളും ഉപയോഗിച്ചു വരുന്നു. മൃഗക്കൂട് എന്നര്‍ഥമുള്ള 'കാവിയ' (cavea). 'ഗാബിയോളോ' (gabiola) എന്നീ ലത്തീന്‍ പദങ്ങളില്‍ നിന്നു തടവറ എന്നര്‍ഥമുള്ള ഗവോള്‍ (gaol), ജയില്‍ (Jail) എന്നീ ഇംഗ്ലീഷ് സംജ്ഞകളും തടവറ എന്നു തന്നെ അര്‍ഥമുള്ള പ്രീന്‍സിയോ (prensio) എന്ന ലത്തീന്‍ പദത്തില്‍ നിന്ന് പ്രിസണ്‍ (prison) എന്ന ഇംഗ്ലീഷ് സംജ്ഞയും നിഷ്പന്നമായി. ജയില്‍, പ്രിസണ്‍ എന്നീ സംജ്ഞകള്‍ പര്യായങ്ങളായി ഉപയോഗിച്ചു വരുന്നു. ഇപ്പോള്‍ കാരാഗൃഹം, തടവറ എന്നീ സംജ്ഞകള്‍ പ്രയോഗത്തിലില്ലെന്നു തന്നെ പറയാം. ജയില്‍ എന്ന ഇംഗ്ലീഷ് പദം മലയാള ഭാഷ കടം കൊള്ളുകയും അതിന് സാര്‍വജനീനമായ അംഗീകാരം ലഭിക്കുകയും ചെയ്തിട്ടുണ്ട്.

ക്രിമിനല്‍ കുറ്റങ്ങള്‍ക്കു തടവുശിക്ഷ വിധിക്കപ്പെട്ടവര്‍, കുറ്റം ആരോപിക്കപ്പെട്ട് വിചാരണ പൂര്‍ത്തിയാകാത്തവര്‍, സിവില്‍ കേസുകളില്‍ തടവുശിക്ഷ വിധിക്കപ്പെട്ടവര്‍ എന്നിവരെ ജയിലുകളില്‍ പാര്‍പ്പിക്കുന്നു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ജയിലുകളുണ്ട്. ബാലകുറ്റവാളികളെ പാര്‍പ്പിക്കുന്നത് ദുര്‍ഗുണപരിഹാര പാഠശാല(Borstal school)യോടനുബന്ധിച്ചുള്ള ജയിലുകളിലാണ്.

ചരിത്രം. റോമന്‍ നിയമപ്രകാരം എ.ഡി. 3-ാം ശ.-ല്‍ തന്നെ ജയില്‍ശിക്ഷ നിരോധിച്ചിരുന്നു. കുറ്റവാളികളെ കാരാഗൃഹത്തില്‍ വയ്ക്കുക, കാല്‍വിലങ്ങുപയോഗിക്കുക, കാലുകെട്ടിയിടുക എന്നിവ റോമന്‍ ഭരണാധികാരികള്‍ നിയമവിരുദ്ധമായി കണക്കാക്കിയിരുന്നു. എന്നാല്‍ കുറ്റം ആരോപിക്കപ്പെട്ട വ്യക്തികളെ താത്കാലികമായി പാര്‍പ്പിക്കുന്ന സ്ഥലം ജയില്‍ എന്നു തന്നെയാണ് അറിയപ്പെട്ടിരുന്നതെന്ന് ജസ്റ്റീനിയന്‍ നിയമസംഹിതയില്‍ നിന്നു വ്യക്തമാകുന്നു. കുറ്റകൃത്യം ചെയ്തവരെ ശിക്ഷയ്ക്കായി ജയിലില്‍ പാര്‍പ്പിക്കുന്നതും റോമന്‍ നിയമപ്രകാരം നിരോധിച്ചിരുന്നു. കുറ്റം ആരോപിക്കപ്പെട്ടവരെ ശിക്ഷിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കുന്നതുവരെ സൂക്ഷിക്കുന്ന ഇടമാണ് ജയില്‍ എന്ന് ഹെന്റി III (1207-72) പ്രസ്താവിച്ചിട്ടുണ്ട്.

തിരുവനന്തപുരം സെന്‍ട്രല്‍ ജയില്‍

റോമന്‍ നിയമപ്രകാരം ബലാല്‍സംഗ കുറ്റത്തിന് 1275-ല്‍ ഒരു വ്യക്തി രണ്ടുവര്‍ഷം ശിക്ഷിക്കപ്പെട്ടതായി രേഖകള്‍ സൂചിപ്പിക്കുന്നു. ഗ്രഷാം അഭിമാര്‍ഖം കേസില്‍ ശിക്ഷിക്കപ്പെട്ടവരെ (1595) സുരക്ഷിതമായി പാര്‍പ്പിക്കണമെന്നും അവരെ മതപരിവര്‍ത്തനത്തിനു വിധയരാക്കണമെന്നും രാജസദസ്സ് നിഷ്കര്‍ഷിച്ചിരുന്നു. അവരെ പാര്‍പ്പിക്കാന്‍ ഉപയോഗിച്ചിരുന്ന സ്ഥലം ജയിലെന്നും അറിയപ്പെട്ടു. ഹെന്റി VIII-ന്റെ (1491-1549) കാലത്ത് പാസ്സാക്കിയ ഒരു നിയമപ്രകാരം യാചകരെയും അലഞ്ഞു തിരിയുന്നവരെയും പാര്‍പ്പിക്കുന്നതിനു വേണ്ടി ഒരിടം തെരഞ്ഞെടുക്കുകയും അതിനെ കാലാന്തരത്തില്‍ ജയിലെന്നു നാമകരണം ചെയ്യുകയും ചെയ്തു. ഷണ്ഡന്മാര്‍, വൃദ്ധര്‍, അനാഥര്‍ എന്നിവരെ സംരക്ഷിക്കുന്നതിനുള്ള നിയമം നടപ്പില്‍ വന്നെങ്കിലും (1572) ഇവരെയും ശിക്ഷയ്ക്കു വിധേയരാക്കിയിരുന്നു. ഇവര്‍ക്കു നല്‍കിയിരുന്ന ചാട്ടവാര്‍ കൊണ്ടുള്ള അടിശിക്ഷ ജയിലില്‍ തന്നെ നടപ്പാക്കിയിരുന്നു.

ബ്രിട്ടീഷ് ചക്രവര്‍ത്തി എഡ്വഡ് VI (1537-53) തന്റെ കൊട്ടാരം അനാഥരെയും യാചകരെയും പാര്‍പ്പിക്കുന്നതിനു വേണ്ടി സംഭാവന ചെയ്തു. ഇത് 'ബ്രൈഡ്വെല്‍' (Bride Well) എന്നറിയപ്പെട്ടു. ഇപ്രകാരം ഇംഗ്ലണ്ടില്‍ പല ഭാഗങ്ങളിലും ജയിലുകള്‍ സ്ഥാപിതമായി. എന്നാല്‍ പ്രായപൂര്‍ത്തിയായ സ്ത്രീകളെയും പുരുഷന്മാരെയും കുട്ടികളെയും ഒരേ ജയിലില്‍ തന്നെ ഒരുമിച്ച് പാര്‍പ്പിച്ചിരുന്നു. ഈ ജയിലുകള്‍ ആരുടെയും മേല്‍നോട്ടത്തിലായിരുന്നില്ല. കുറ്റകൃത്യങ്ങള്‍ക്ക് അനുകൂലമായ സാഹചര്യം നിലനിന്നിരുന്നുവെന്നതിനാല്‍ മോഷണം, ദേഹോപദ്രവം, മാനസികപീഡനം എന്നിവയുടെ ഒരു കേളീരംഗമായിത്തീര്‍ന്നു ജയിലുകള്‍.

കുറ്റവാളികളെന്നു ബോധ്യമായ കുട്ടികളെ മാനസിക പരിവര്‍ത്തനത്തിനു വിധേയരാക്കാന്‍ ക്ലമന്റ് XI മാര്‍പ്പാപ്പാ റോമില്‍ ഒരു ദുര്‍ഗുണപരിഹാര പാഠശാല സ്ഥാപിച്ചു. ക്ലമന്റ് XII ഘെന്റ് (Ghent) എന്ന സ്ഥലത്ത് പെണ്‍കുട്ടികള്‍ക്കു മാത്രമായി ഒരു ദുര്‍ഗപണപരിഹാര പാഠശാല (House of correction) തുറന്നു (1735). യൂറോപ്പിലുടനീളമുള്ള ശോചനീയാവസ്ഥ പഠിച്ചതിനുശേഷം ജോണ്‍ ഹോവാര്‍ഡ് ബെഡ്ഫോര്‍ഡ്ഷയറില്‍ റോമിന്റെ മാതൃകയില്‍ ദുര്‍ഗുണപരിഹാര പാഠശാലകള്‍ ആരംഭിച്ചു. എലിസബത്ത് ഫ്രൈ (1780-1846) സ്ത്രീകള്‍ക്കു മാത്രമായി ജയിലുകള്‍ ആരംഭിക്കുകയും ഇവയുടെ പ്രവര്‍ത്തനത്തിനു നേതൃത്വം നല്കുകയും ചെയ്തു.

കുറ്റവാളികളെ പാര്‍പ്പിക്കുന്നതിന് യു.എസ്സില്‍ പ്രത്യേകിച്ച് ഒരിടം ഇല്ലായിരുന്നു. നാടുകടത്തല്‍, വധശിക്ഷ, ചാട്ടവാറു കൊണ്ടുള്ള അടി, അവയവഛേദനം എന്നീ ശിക്ഷകള്‍ അപ്പോഴപ്പോള്‍ നടപ്പാക്കിയിരുന്നു. എന്നാല്‍ പെന്‍സില്‍വാനിയ, ന്യൂജഴ്സി എന്നിവിടങ്ങളില്‍ മാനസിക പരിവര്‍ത്തനത്തിനാണ് ഊന്നല്‍ നല്‍കിയത്. ശാരീരിക പീഡകള്‍ ഏല്പിക്കാതെ കഠിനാധ്വാനം ചെയ്യിച്ചും ധ്യാനത്തിലൂടെയും കുറ്റവാളികളെ പരിവര്‍ത്തനം ചെയ്യാമെന്നവര്‍ മനസ്സിലാക്കി.

1718-ല്‍ ഇംഗ്ലീഷ് ക്രിമിനല്‍ കോഡ് അതേപടി യു.എസ്സില്‍ നടപ്പാക്കി. കുറ്റവാളികളെ ഉന്മൂലനം ചെയ്യുകയല്ല. മാനസിക പരിവര്‍ത്തനത്തിലൂടെ രക്ഷിക്കുകയാണു വേണ്ടതെന്ന് ജോണ്‍ ഹോവാര്‍ഡ് അഭിപ്രായപ്പെട്ടു. കുറ്റവാളികളെക്കൊണ്ട് കഠിനാധ്വാനം ചെയ്യിച്ച് ഏകാന്ത തടവുമുറികളില്‍ പാര്‍പ്പിക്കാനുള്ള നടപടികളാരംഭിച്ചു. ജയിലിന്റെ മധ്യഭാഗത്ത് ഒരു ഗോപുരവും അവിടെ നിന്നും ഉദ്യോഗസ്ഥന്മാര്‍ക്ക് നിരീക്ഷിക്കത്തക്ക വിധമുള്ള ഒറ്റമുറികളും ഉള്ള ജയിലുകള്‍ നിര്‍മിക്കപ്പെട്ടു. ഇത് പനോപ്റ്റികന്‍ സിസ്റ്റം (Panopticon) എന്നറിയപ്പെട്ടു. എന്നാല്‍ പല്ലിനു പല്ല് കണ്ണിനു കണ്ണ് എന്ന വിധം കുറ്റകൃത്യത്തിന് തത്തുല്യമായ ശിക്ഷ നല്‍കുന്നതിനെ ജെറെമി ബെന്താം (1748-1832) വിമര്‍ശിച്ചു. കുറ്റവാളികളെ ഏകാന്തത്തടവില്‍ പാര്‍പ്പിക്കുന്നത് ചെലവേറിയതാണെന്നും ജയിലില്‍ നിന്നും മോചിതരാകുന്നവരെ സമൂഹത്തില്‍ പുനരധിവസിപ്പിക്കണമെന്നും അഭിപ്രായമുണ്ടായി. ജയില്‍ ശിക്ഷ തെറ്റു തിരുത്തലുകളിലൂടെയും മാനസികപരിവര്‍ത്തനത്തിലൂടെയും അച്ചടക്ക പരിപാലനത്തിലൂടെയും ആയിരിക്കണമെന്നും നിര്‍ദേശമുണ്ടായി. തുടര്‍ന്ന് ജയിലുകളില്‍ ഇത് പ്രാവര്‍ത്തികമാക്കി. അമേരിക്കന്‍ വിപ്ലവത്തോടെ ഡോ. ബെഞ്ചമിന്‍ റഷിന്റെ നേതൃത്വത്തില്‍ തടവുകാരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഉറപ്പുവരുത്താന്‍ ശ്രമം തുടങ്ങി (1787). ഇതിലേക്കായി രൂപീകരിക്കപ്പെട്ട സ്ഥാപനം പില്‍ക്കാലത്ത് പെന്‍സില്‍വാനിയ പ്രിസണ്‍ സൊസൈറ്റി എന്ന് അറിയപ്പെട്ടു. ഇതിന്‍പ്രകാരം അമേരിക്കയിലെ ആദ്യത്തെ ജയിലായ 'വാല്‍നട്ട് സ്റ്റ്രീറ്റ് ജയില്‍' (Walnut Street Jail) നവീകരിക്കപ്പെട്ടു. തുടര്‍ന്ന് ശാരീരിക പീഡനങ്ങള്‍ ഒഴിവാക്കി, ജയില്‍ വളപ്പില്‍ തടവുകാരെക്കൊണ്ട് കഠിനാധ്വാനം ചെയ്യിച്ച് അവര്‍ക്ക് വേതനം നല്‍കാന്‍ തുടങ്ങി. എന്നാല്‍ തടവുകാര്‍ ആശയവിനിമയം നടത്താന്‍ പാടില്ലായിരുന്നു. ജോണ്‍ ഹവിലാന്‍ഡ്, ഔബണ്‍ എന്ന സ്ഥലത്ത് തടവുകാര്‍ക്ക് ഒരുമിച്ച് ജോലി ചെയ്യത്തക്ക രീതിയിലുള്ള ഒരു ജയില്‍ വിഭാവനം ചെയ്തു (1820). മധ്യത്തായി ഒരു ഗോപുരവും അതിനു ചുറ്റും ഒറ്റമുറികളുള്ള ഏഴു കെട്ടിടനിരകളും ഉള്ള ഒരു ജയില്‍ സ്ഥാപിച്ചു. ഇത് കോണ്‍ഗ്രിഗേഷന്‍ സിസ്റ്റം എന്നറിയപ്പെട്ടു. തടവുകാര്‍ അന്യോന്യം ഇടപഴകുന്നതും ആശയ വിനിമയം നടത്തുന്നതും കര്‍ശനമായി നിരോധിച്ചിരുന്നു. ഏതെങ്കിലും കാരണവശാല്‍ ഒരു തടവുകാരന്‍ മറ്റൊരു തടവുകാരനുമായി സംസാരിച്ചാല്‍ ക്രൂരമായ മര്‍ദനമുറകല്‍ക്ക് വിധേയനാക്കിയിരുന്നു. തത്ഫലമായി തടവുകാരില്‍ മാനസികരോഗം വര്‍ധിച്ചു. അമേരിക്കയില്‍ ഔബണ്‍ രീതിയും യൂറോപ്പില്‍ പെന്‍സില്‍വാനിയന്‍ രീതിയും അനുകരിച്ചു പോന്നു. വധശിക്ഷ താരതമ്യേന കുറവായിരുന്നു. ജയിലുകളില്‍ കുറ്റവാളികളുടെ ബാഹുല്യം അനുഭവപ്പെട്ടിരുന്നതിനാല്‍ നാടുകടത്തല്‍ ശിക്ഷയ്ക്ക് പ്രാധാന്യം വര്‍ധിച്ചു. മതപണ്ഡിതന്മാരുടെ പ്രേരണകാരണം ഈ രീതിക്കും മാറ്റം വന്നു. തടവുകാരുടെ ക്ഷേമപ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിദ്യാഭ്യാസം, ജോലി, വേതനവ്യവസ്ഥ ശാരീരികവും മാനസികവുമായ ഉല്ലാസം, ആധ്യാത്മിക നവീകരണം എന്നിവയ്ക്ക് ഊന്നല്‍ നല്കപ്പെട്ടു.

എല്‍മിറായില്‍ ഒരു പുനരധിവാസകേന്ദ്രം (Reformatory School) സ്ഥാപിക്കുകയും ബ്രോക്ക്വേ ഇതിന്റെ മേലധികാരിയായി നിയമിക്കപ്പെടുകയും ചെയ്തു (1876). ഈ സ്ഥാപനം 16 വയസ്സിനും 30 വയസ്സിനും മധ്യേ പ്രായമുള്ള തടവുകാരെ പാര്‍പ്പിക്കുന്നതിനുവേണ്ടി മാത്രമായിരുന്നു. ജയില്‍ ശിക്ഷയ്ക്കു വിധിക്കപ്പെട്ടവരെ മൂന്നു വിഭാഗമായി തിരിച്ചു പാര്‍പ്പിച്ചിരുന്നു. 7-16 വയസ് പ്രായമുള്ളവരെ കിശോരഭവനങ്ങളിലും (Juvenile home) 16-30 വയസ് വരെ പ്രായമുള്ളവരെ സദ്ഗുണ പാഠശാല(Reformatory School)കളിലും 30 വയസ്സിനു മുകളിലുള്ളവരെ ജയിലുകളിലും പാര്‍പ്പിച്ചിരുന്നു. മക്നാടണ്‍ (Macnanghton) നിയമപ്രകാരം 7 വയസ്സിനു താഴെ പ്രായമുള്ള കുട്ടികളെ ശിക്ഷിക്കാന്‍ പാടില്ല. ജയിലില്‍ ജോലിക്കു നിയോഗിക്കപ്പെട്ടിരുന്ന തടവുകാര്‍ക്കു വേതനം നല്കിയിരുന്നു. എന്നാല്‍ വേതനത്തിന്റെ ഒരു ഭാഗം ശിക്ഷാകാലാവധി പൂര്‍ത്തിയാക്കി ജയിലില്‍ നിന്നു പോകുമ്പോള്‍ മാത്രമേ നല്കിയിരുന്നുള്ളൂ. സര്‍ക്കാരിന്റെ ചെലവു ചുരുക്കല്‍ പരിപാടിയനുസരിച്ച് യുവാക്കളെ പാര്‍പ്പിച്ചിരുന്ന ജയിലിന്റെ മേല്‍നോട്ടം പുറത്തു നിന്നുള്ള ഏജന്‍സികളെ ഏല്പിച്ചിരുന്നു. ഇവരുടെ ശിക്ഷാകാലാവധി നിശ്ചിത പ്രായത്തിനുള്ളില്‍ പൂര്‍ത്തിയാകാത്ത പക്ഷം, മറ്റു ജയിലുകളിലേക്കു മാറ്റി പാര്‍പ്പിച്ചിരുന്നു. ചില പ്രത്യേക മാനദണ്ഡങ്ങളനുസരിച്ച് ശിക്ഷാകാലാവധിയില്‍ ഇളവും തടവുകാര്‍ക്കു റാങ്കും നല്കി തരംതിരിച്ചിരുന്നു. കായികവിദ്യാഭ്യാസം, മിലിട്ടറി ട്രെയിനിങ്, ഔപചാരിക വിദ്യാഭ്യാസം എന്നിവ ഇവര്‍ക്കു നല്കിയിരുന്നു. തടവുകാര്‍ക്ക് ഏതെങ്കിലും ഒരു തൊഴിലില്‍ പ്രാഗല്ഭ്യം നേടുന്നതിനുവേണ്ട പരിശീലനം നല്കാന്‍ 1930-ല്‍ തീരുമാനിക്കുകയുണ്ടായി. തുടര്‍ന്ന് സാമൂഹികവും മനഃശാസ്ത്രപരവുമായ പ്രശ്നങ്ങള്‍ക്ക് ഊന്നല്‍ നല്കി ഇവരെ പുനരധിവസിപ്പിക്കുവാനും തുടങ്ങി. ദരിദ്രരെയും യാചകരെയും പാര്‍പ്പിക്കാനുള്ള സങ്കേതം കൂടിയായി തീര്‍ന്നപ്പോള്‍ ജയിലുകള്‍ നിറഞ്ഞു കവിഞ്ഞു. ജയിലുകളില്‍ ഇവരുടെ വിദ്യാഭ്യാസം, ഭക്ഷണം, വസ്ത്രം എന്നിവയ്ക്കും വേണ്ട ഏര്‍പ്പാടുകളുണ്ടായിരുന്നു. ആരോപിക്കപ്പെട്ട കുറ്റകൃത്യങ്ങളെക്കുറിച്ച് കുറ്റവാളികള്‍ പശ്ചാത്തപിക്കാന്‍ തുടങ്ങിയതോടെ ജയിലുകള്‍ പെനിറ്റെന്‍ഷറി (Penitentiary) എന്നും അറിയപ്പെട്ടു. ഇതിന്റെ ആദ്യത്തെ സൂപ്രണ്ട് മേരി വീഡ് എന്ന വനിതയായിരുന്നു. അങ്ങനെ ജയില്‍ ജീവിതം സുരക്ഷിതത്വം, സംരക്ഷണം, മാനസികപരിവര്‍ത്തനം എന്നിവ പ്രദാനം ചെയ്തു തുടങ്ങി.

യാതൊരു മേല്‍നോട്ടത്തിനും വിധേയമാക്കാതെ സ്ത്രീകളെയും പുരുഷന്മാരെയും ഒരേ സ്ഥാപനത്തില്‍ താമസിപ്പിക്കുകയും ഒരുമിച്ച് ജോലി ചെയ്യിപ്പിക്കുകയും ചെയ്തിരുന്നുതുകൊണ്ട് 'കൈയൂക്കുള്ളവന്‍ കാര്യക്കാരന്‍' എന്ന നില സംജാതമായി. കുറ്റകൃത്യങ്ങള്‍ക്കു പുറമെ അഴിമതി, കുറ്റകരമായ ലൈംഗിക ബന്ധങ്ങള്‍ എന്നിവ നടമാടുകയും കുറ്റകൃത്യങ്ങള്‍ പെരുകി വരികയും ചെയ്തു. പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും യുവാക്കളെയും പ്രത്യേകം പ്രത്യേകം താമസിപ്പിക്കണമെന്ന് ജയില്‍ പരിഷ്കരണ സമിതിക്കു ബോധ്യമായതോടെ ജയിലിന്റെ പ്രവര്‍ത്തന രീതികളില്‍ മാറ്റങ്ങളുണ്ടായി. നിരനിരയായുള്ള ചെറിയ മുറികളില്‍ (cells) തടവുകാരെ പാര്‍പ്പിക്കാന്‍ തുടങ്ങി. സ്വഭാവ ദൂഷ്യങ്ങളാല്‍ അന്യോന്യം കളങ്കപ്പെടാതിരിക്കുവാന്‍ ഇവര്‍ മുറിവിട്ടുപോകുന്നത് വിലക്കിയിരുന്നു. പെന്‍സില്‍വാനിയ വ്യവസ്ഥ അപ്രായോഗികമായി തീരുകയും തടവുകാരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയും ചെലവു കൂടുകയും ചെയ്തു.

19-ാം ശ.-ല്‍ ജയില്‍ വ്യവസ്ഥിതികളില്‍ പരിഷ്കാരങ്ങള്‍ നിലവില്‍ വന്നു. തടവുകാര്‍ക്ക് അന്യോന്യം ഇടപഴകാനും ഒരുമിച്ച് ജോലി ചെയ്യാനും മാനസിക പരിവര്‍ത്തനത്തിന് ഉതകുന്ന സാഹചര്യം സൃഷ്ടിക്കാനും ഇതുമൂലം സാധിച്ചു.

ഇന്ത്യ. ബ്രിട്ടീഷ് ഭരണാധികാരികളുടെ മേല്‍ക്കോയ്മയില്‍ ബ്രിട്ടനില്‍ നിലനിന്നിരുന്ന ശിക്ഷാ രീതികള്‍ ഇന്ത്യയിലും തുടര്‍ന്നു. രാജഭരണ കാലത്തും ഇതേ ശിക്ഷാ രീതികള്‍ അനുവര്‍ത്തിച്ചു പോന്നു. ഇംഗ്ലണ്ടില്‍ കുട്ടികള്‍ക്കായി സദ്ഗുണപാഠശാലാ നിയമം (Reformatory School Act) പ്രാബല്യത്തില്‍ വന്നതോടെ (1870) ഇന്ത്യയിലും ഇതു പ്രാവര്‍ത്തികമായി. മുഗള്‍ഭരണകാലത്ത് മതസംഗ്രഹങ്ങളും സദാചാരസംഹിതകളും അനുസരിച്ച് ശിക്ഷിക്കുകയും ശാരീരിരക ദണ്ഡനം, നാടുകടത്തല്‍, വധശിക്ഷ എന്നിവ നടപ്പാക്കുകയും ചെയ്തിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയില്‍ അപ്രന്റീസ് ആക്റ്റ്, സദ്ഗുണപാഠശാലാ നിയമം എന്നീ ബ്രിട്ടീഷ് നിയമങ്ങളും പ്രാവര്‍ത്തികമാക്കിയിരുന്നു. ജയിലുകളുടെ നടത്തിപ്പിനും തടവുകാരുടെ സംരക്ഷണത്തിനും വേണ്ടി 1894-ലും 1900-ത്തിലും പ്രിസണ്‍സ് ആക്റ്റ് പാസ്സാക്കുകയുണ്ടായി. ഈ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാക്കിയ ചട്ടങ്ങളനുസരിച്ചാണ് സ്വതന്ത്ര ഇന്ത്യയില്‍ ജയിലുകളുടെ ഭരണം നിര്‍വഹിക്കുന്നത്. ഈ ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലും യൂണിയന്‍ ഭരണപ്രദേശങ്ങളിലും പ്രിസണ്‍ മാനുവലുകള്‍ തയ്യാറാക്കിയിട്ടുള്ളത്. ഇന്ത്യയിലെ ജയിലുകളില്‍ സ്ത്രീപുരുഷഭേദമന്യേ കുട്ടികളെയും ചെറുപ്പക്കാരെയും പ്രായപൂര്‍ത്തിയായവരെയും മാനസിക രോഗികളെയും ഒരേ ജയിലില്‍ ഒരുമിച്ച് പാര്‍പ്പിച്ചിരുന്നു. വേതനമില്ലാതെ തടവുകാരെ ജോലി ചെയ്യിച്ചിരുന്നു. തടവുകാരുടെ പ്രശ്നങ്ങള്‍ പഠിക്കാനായി രൂപീകരിച്ച (1919-20) ജയില്‍ കമ്മിറ്റി തടവുകാരുടെ പുനരധിവാസത്തിനും സ്വഭാവ രൂപീകരണത്തിനു തൊഴില്‍ പരിശീലനത്തിനും പ്രാധാന്യം നല്കി. ഇതിലേക്കായി അനുബന്ധ ഉദ്യോഗസ്ഥരെ നിയമിക്കാനും കുട്ടികള്‍, യുവാക്കള്‍, സ്ത്രീകള്‍ എന്നിവര്‍ പ്രത്യേകം പ്രത്യേകം ജയിലുകള്‍ ഏര്‍പ്പെടുത്താനും നിര്‍ദേശിച്ചു. ഇന്ത്യയില്‍ ആദ്യമായി മദ്രാസ് ചില്‍ഡ്രന്‍സ് ആക്റ്റ് പാസ്സാക്കി (1920). തുടര്‍ന്ന് ബോംബെയിലും (1922) കല്‍ക്കട്ടാ പ്രസിഡന്‍സിയിലും (1924) നിയമങ്ങള്‍ നടപ്പിലാക്കി.

ഇന്ത്യയിലെ മിക്ക ജയിലുകളും ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മിച്ചവയാണ്. ജയിലില്‍ സേവനം അനുഷ്ഠിച്ചിരുന്ന ഡോക്ടറന്മാരാണ് ജയിലിന്റെ മേല്‍നോട്ടം വഹിച്ചിരുന്നത്. ആയതിനാല്‍ തടവുകാരുടെ ആരോഗ്യപരമായ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിച്ചിരുന്നു. കുറ്റവാളികളെ കൂടാതെ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തവരെയും ജയിലുകളില്‍ പാര്‍പ്പിച്ചിരുന്നു.

ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലെയും ജയില്‍ ജീവിതം ക്ളേശകരമാണെന്നു ബോധ്യപ്പെട്ടതോടെ ജയില്‍ കമ്മിറ്റികള്‍ രൂപീകരിച്ചു തുടങ്ങി. ജയിലുകളിലെ ദുഃസ്ഥിതികള്‍ പരിഹൃതമാകുന്നതിലേക്കായി രാഷ്ട്രീയ നേതാക്കന്മാരുടെ ഇടപെടലുകളുമുണ്ടായി. ഇന്ത്യാ ഗവണ്‍മെന്റ് ആക്റ്റ് (1935) പ്രകാരം സ്വയം ഭരണ പ്രവിശ്യകളിലെ ജയില്‍ കൈമാറ്റം ചെയ്യാവുന്നതാക്കുകയും തുടര്‍ന്ന് പ്രൊബേഷന്‍ ഒഫ് ഒഫന്‍ഡേഴ്സ് ആക്റ്റ് (1958) പാസ്സാകുകയും ചെയ്തു. ആദ്യമായി ആരോപിക്കപ്പെടുന്ന കുറ്റം ഹീനകൃത്യം അല്ലാത്തപക്ഷം കുറ്റവാളികളെ നല്ലനടപ്പ് ജാമ്യത്തില്‍ വിടുന്നതിനുള്ള വ്യവസ്ഥ അംഗീകരിക്കലായിരുന്നു ഈ നിയമത്തിന്റെ പ്രധാന ഉദ്ദേശ്യം. ക്രിമിനല്‍ നടപടി നിയമം (Criminal Procedure Code) ഭേദഗതി ചെയ്തതോടെ (1973) ചില കുറ്റങ്ങള്‍ക്ക് ശിക്ഷ നല്കുന്നതിനു പകരം നല്ലനടപ്പ് ജാമ്യത്തില്‍ (probation) വിടാന്‍ വ്യവസ്ഥയുണ്ടായി.

സ്വാതന്ത്ര്യലബ്ധിക്കുശേഷം ജയിലുകള്‍, സദ്ഗുണ പാഠശാലകള്‍, ബോര്‍സ്റ്റല്‍ സ്കൂളുകള്‍ എന്നിവ ഭരണഘടനയുടെ ഏഴാം ഭാഗത്തില്‍ ഉള്‍ക്കൊള്ളിച്ചു. തടവുകാരെ സംസ്ഥാനങ്ങളുടെ ജയിലുകളിലേക്ക് മാറ്റുന്നതിനുള്ള നിയമം (Transfer of Prisoners Act) 1950-ല്‍ പാസ്സാക്കി. ഐക്യരാഷ്ട്ര സംഘടനയുടെ സഹായത്തോടെ ജയില്‍ നിയമം പരിഷ്കരിക്കുന്നതിന് റെക്ലസ് വാള്‍ട്ടറിന്റെ സേവനം ലഭ്യമാക്കി. കുട്ടികളെയും പ്രായമായവരെയും പ്രത്യേകം പാര്‍പ്പിക്കാനും നല്ല സ്വഭാവമുള്ളവരെ കാലാവധിക്കു മുമ്പ് മോചിപ്പിക്കുന്നതിനും വ്യവസ്ഥയുണ്ടായി. പുതിയ ജയിലുകള്‍, നിയമാവലികള്‍, ഉദ്യോഗസ്ഥര്‍ക്കു പരിശീലനം, കേസുകള്‍ക്ക് വേഗം തീര്‍പ്പു കല്പിക്കല്‍ എന്നിവയും വ്യവസ്ഥ ചെയ്യപ്പെട്ടു. തടവുകാരെ ചൂഷണത്തില്‍ നിന്നു മോചിപ്പിക്കാനും നല്ലവരാക്കാനും വേണ്ടി 1958-ല്‍ ജയിലുകളില്‍ വെല്‍ഫയര്‍ ആഫീസറന്മാരുടെ സേവനം ലഭ്യമാക്കി. കുറ്റ നിവാരണത്തിനും കുറ്റവാളിയെ ബോധവത്കരിക്കുന്നതിനും വേണ്ടിയുള്ള യു.എന്‍. സമിതി ജനീവയില്‍ സമ്മേളിച്ച് മാതൃകാനിയമങ്ങള്‍ പാസ്സാക്കി. തടവുകാരുടെ പൂര്‍വകാലചരിത്രം, വൈദ്യപരിശോധന, ആഹാരം, വസ്ത്രം, തൊഴില്‍ പരിശീലനം, വേതനവ്യവസ്ഥ, സാംസ്കാരികവും വിനോദകരവുമായ പ്രവര്‍ത്തനങ്ങളുടെ പ്രോത്സാഹനം, ശിക്ഷ ഇളവ്, സ്വഭാവ രീപകരണം, വ്യക്തിഗത പുരോഗതി, തടവുകാരുടെ കൂടിക്കാഴ്ച, പുനരധിവാസം, കത്തിടപാടുകള്‍ നടത്താനുള്ള അനുവാദം ഉത്തമപൗരനായി ജീവിക്കാനുള്ള സാഹചര്യം, ശിക്ഷാകാലാവധിക്കു മുമ്പ് മോചിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ ഉപദേശകസമിതി ആദിയായവയാണ് ഈ നിയമത്തിലെ പ്രസക്ത ഭാഗങ്ങള്‍. ഇന്ത്യ ഉള്‍പ്പെടെ പല രാജ്യങ്ങളും ഈ നിയമങ്ങളില്‍ ചില അനുബന്ധങ്ങള്‍ ചേര്‍ക്കുകയും നിലവിലുള്ളവ പരിഷ്കരിക്കുകയും ചെയ്തു. തത്ഫലമായി ഒരു ഇന്ത്യന്‍ ജയില്‍ മാനുവല്‍ കമ്മിറ്റി രൂപീകൃതമാകുകയും (1957) ഒരു മാതൃകാ ജയില്‍ ഗ്രന്ഥം തയ്യാറാക്കി സംസ്ഥാനങ്ങള്‍ക്കു നല്കുകയും ചെയ്തു (1959). ഇതിന്റെ സുഗമമായ നടത്തിപ്പിനു വേണ്ടി സെന്‍ട്രല്‍ ബ്യൂറോ ഒഫ് കറക്ഷണല്‍ സര്‍വീസ് എന്ന വകുപ്പ് രൂപീകരിച്ചു. ഇത് ഇപ്പോള്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സോഷ്യല്‍ ഡിഫന്‍സ് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്നു. 1969-ല്‍ ഒരു കേന്ദ്ര ഉപദേശക ബോര്‍ഡ് രൂപീകരിക്കുകയും കുറ്റനിവാരണ മാര്‍ഗങ്ങള്‍, സാമൂഹ്യവത്കരണം, പുനരുദ്ധാരണം, കോടതി, ജയില്‍, പൊലീസ് എന്നിവയുടെ കൂട്ടായ പ്രവര്‍ത്തനം, പുനരുദ്ധാരണ മാര്‍ഗങ്ങളില്‍ അവലംബിക്കേണ്ട കാര്യങ്ങള്‍ എന്നിവയില്‍ കാലാകാലങ്ങളില്‍ കേന്ദ്രത്തെയും സംസ്ഥാനങ്ങളെയും ഉപദേശിക്കാനും അത് പ്രാവര്‍ത്തികമാക്കാനും വ്യവസ്ഥ ചെയ്തു. അഞ്ചാം പഞ്ചവത്സരപദ്ധതി മുതല്‍ ജയില്‍ സ്ഥാപനങ്ങള്‍ നവീകരിക്കാനും പ്രഗല്ഭരായ ഉദ്യഗോസ്ഥന്മാരെ നിയമിച്ച് അവര്‍ക്ക് പരിശീലനം നല്കാനും തീരുമാനിച്ചു.

ജയില്‍ ഭരണം നവീകരിക്കുന്നതിനു വേണ്ടിയുള്ള ഒരു പദ്ധതി കേന്ദ്ര ഗവണ്‍മെന്റ് ആവിഷ്കരിച്ചിട്ടുണ്ട്. ഈ പദ്ധതിയുടെ ആദ്യഘട്ടം 1987-ല്‍ തുടങ്ങി. 1992 വരെ വിവിധ സംസ്ഥാനങ്ങളിലെ ജയിലുകള്‍ പരിഷ്കരിക്കുന്നതിനു വേണ്ടി 45.08 കോടി രൂപ ചെലവഴിച്ചു. എട്ടാം പഞ്ചവത്സര പദ്ധതിക്കാലത്ത് (1993-97) ജയിലുകളിലെ സുരക്ഷിത-വാര്‍ത്താവിനിമയ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ചെലവിന്റെ 75 ശ.മാ. കേന്ദ്രഗവണ്‍മെന്റ് വഹിക്കുന്നു. പഴയ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍, വൈദ്യസൗകര്യങ്ങള്‍, തൊഴില്‍ പരിശീലനം, ജയില്‍ വ്യവസായങ്ങളുടെ ആധുനികീകരണം, വനിതാ കുറ്റവാളികള്‍ക്കു വേണ്ട സൗകര്യങ്ങള്‍, ബോര്‍സ്റ്റല്‍ സ്കൂളുകളുടെ വികസനം, ഉദ്യോഗസ്ഥ പരിശീലനം എന്നിവയ്ക്കു വേണ്ട ചെലവിന്റെ 50 ശ.മാ.-വും കേന്ദ്രം വഹിക്കുന്നു. വെല്ലൂര്‍, ചണ്ഡിഗഢ് എന്നിവിടങ്ങളിലെ കറക്ഷണല്‍ അഡ്മിനിസ്റ്റ്രേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ വികസനത്തിനുവേണ്ട ചെലവിന്റെ 100 ശ.മാ.-വും കേന്ദ്രഗവണ്‍മെന്റു വഹിക്കുന്നു. 1993 മുതല്‍ 1996 വരെയുള്ള കാലത്ത് വിവിധ സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കും പ്രാദേശിക കറക്ഷണല്‍ അഡ്മിനിസ്റ്റ്രേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ക്കും വേണ്ടി 32.50 കോടി രൂപ കേന്ദ്രം ഗ്രാന്റായി നല്‍കി. ജയില്‍ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കും മറ്റു വേണ്ടി 41.44 കോടി രൂപയും ജയിലുകളിലെ മെഡിക്കല്‍ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനു വേണ്ടി 24.87 ലക്ഷം രൂപയും പത്താം ധനകാര്യ കമ്മിഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

ഇന്ത്യയില്‍ 86 സെന്‍ട്രല്‍ ജയിലുകളും 252 ജില്ലാ ജയിലുകളും 718 സബ് ജയിലുകളും 3 മോഡല്‍ ജയിലുകളും 16 സ്പെഷ്യല്‍ ജയിലുകളും 9 ബോര്‍സ്റ്റല്‍ സ്കൂളുകളും 6 വനിതാ ജയിലുകളും 18 തുറന്ന ജയിലുകളും ഉണ്ട്. ആറുമാസത്തെ തടവുശിക്ഷ മുതല്‍ വധശിക്ഷവരെ വിധിക്കപ്പെടുന്ന കുറ്റവാളികളെ സെന്‍ട്രല്‍ ജയിലുകളിലും 3-6 മാസം തടവുശിക്ഷയ്ക്കു വിധിക്കപ്പെടുന്നവരെ ജില്ലാ ജയിലുകളിലും 3 മാസത്തിനു താഴെ തടവുശിക്ഷ വിധിക്കപ്പെട്ട വരെ സ്പെഷ്യല്‍ സബ്ജയിലുകളിലും പാര്‍പ്പിക്കുന്നു. കുറ്റവാളികളെ മാതൃകാപരമായ പരിവര്‍ത്തനത്തിനു വിധേയരാക്കാനുള്ള ഉദ്ദേശ്യത്തില്‍ സെന്‍ട്രല്‍ ജയില്‍ മാതൃകയില്‍ വിഭാവനം ചെയ്തിട്ടുള്ളവയാണ് മോഡല്‍ ജയിലുകള്‍. 16 വയസ്സിനും 21 വയസ്സിനു മധ്യേ പ്രായമുള്ള ആണ്‍കുട്ടികളായ കുറ്റവാളികളെയും 18 വയസ്സിനും 21 വയസ്സിനും മധ്യേ പ്രായമുള്ള പെണ്‍കുട്ടികളായ കുറ്റവാളികളെയും ബോര്‍സ്റ്റല്‍ സ്കൂളില്‍ സൂക്ഷിക്കുന്നു. എല്ലാത്തരം സ്ത്രീകുറ്റവാളികയളെയും പാര്‍പ്പിക്കാന്‍ വേണ്ടിയുള്ളവയാണ് വനിതാ ജയിലുകള്‍. മതില്‍ക്കെട്ടുകളിലാത്ത ജയിലുകളാണ് തുറന്ന ജയിലുകള്‍. ഏഴു കൊല്ലത്തിനു മേല്‍ തടവുശിക്ഷ വിധിക്കപ്പട്ട കുറ്റവാളികളില്‍ 1/3 ശിക്ഷാ കാലാവധി പൂര്‍ത്തിയക്കിയവരും സത്സ്വഭാവികളും ആരോഗ്യവാന്മാരും ജോലി ചെയ്യാന്‍ സന്നദ്ധരുമായവരെ തുറന്ന ജയിലുകളിലേക്കു തെരഞ്ഞെടുക്കുന്നു. ഇത്തരക്കാരുടെ മേല്‍ ജയിലുദ്യോഗസ്ഥര്‍ കര്‍ശനമായ നിരീക്ഷണം നടത്താറില്ല. വ്യവസ്ഥാപിതമായ പ്രവര്‍ത്തനശൈലിയോ മേല്‍നോട്ടമോ ഇല്ലാത്ത ഈ ജയിലുകളിലെ കുറ്റവാളികളെ ജയിലിനു വെളിയില്‍ ഗവണ്‍മെന്റ് ഏജന്‍സികള്‍ വഴി പൊതു പ്രവര്‍ത്തനത്തിന് വിനിയോഗിച്ചിരുന്നു. വളരെ വിസ്തൃതമായ സ്ഥലങ്ങളിലാണ് തുറന്ന ജയിലുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ആന്ധ്രപ്രദേശിലെ തുറന്ന ജയിലിനു 1427 ഏക്കറും കേരളത്തിലേതിനു 400 ഏക്കറുമാണ് വിസ്തൃതി. ഷെഡ്ഡുകളിലോ ടെന്റുകളിലോ ആണ് കുറ്റവാളികള്‍ താമസിക്കുന്നത്. എല്ലാ പ്രാഥമിക സൗകര്യങ്ങളും ഉറപ്പുവരുത്തിയിട്ടുള്ള ഈ ജയിലുകള്‍ നഗരത്തില്‍ നിന്നു വളരെ ദൂരത്തിലാണ് സ്ഥിതി ചെയ്യുന്നത്. കുറ്റം ആരോപിക്കപ്പെട്ടവരെ തടങ്കലില്‍ വയ്ക്കുക, കുറ്റവാളികളുടെ സ്വഭാവരൂപീകരണം, തൊഴില്‍ പരിശീലനം, പുനരധിവാസം എന്നിവയാണ് ജയിലുകളുടെ പ്രധാന ഉദ്ദേശ്യം. എന്നാല്‍ ജയിലില്‍ നിന്നു മോചിതരായവരെ പുനരധിവസിപ്പിക്കാനുള്ള സംവിധാനങ്ങള്‍ ഒരു സംസ്ഥാനവും നടപ്പിലാക്കിയിട്ടില്ല.

കേരളത്തില്‍. കേരളത്തില്‍ 3 സെന്‍ട്രല്‍ ജയില്‍, ഒരു തുറന്ന ജയില്‍, 2 ബോര്‍സ്റ്റല്‍ സ്കൂള്‍, ഒരു ജില്ലാ ജയില്‍, ഒരു സ്പെഷ്യല്‍ ജയില്‍, ഒരു വനിതാ ജിയില്‍, 32 സബ് ജയില്‍, 6 സ്പെഷ്യല്‍ സ്കൂള്‍, 6 ഒബ്സര്‍വേഷന്‍ ഹോം എന്നിവയുണ്ട്. കുറ്റവാളികളും അലഞ്ഞു തിരിഞ്ഞു നടക്കുന്നവരും മാതാപിതാക്കളുടെ നിയന്ത്രണത്തിനു വിധേയരല്ലാത്തവരുമായ കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള സ്ഥാപനങ്ങളും കേരളത്തില്‍ ഉണ്ട്. ഇവ ബാലഭവന്‍ എന്ന പേരില്‍ അറിയപ്പെടുന്നു. തിരുവനന്തപുരം, വിയ്യൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് സെന്‍ട്രല്‍ ജയിലുകള്‍. തിരുവനന്തപുരത്തും പ്രാന്തപ്രദേശങ്ങളിലുമുള്ള എല്ലാ വിചാരണ തടവുകാരെയും തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളില്‍ ഒരു മാസത്തിനുമേല്‍ തടവുശിക്ഷ വിധിക്കപ്പെടുന്ന തടവുകാരെയും കേരളത്തിലുടനീളമുള്ള കോഫെപോസ (cofe posa) കരുതല്‍ തടവുകാരെയും തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിക്കുന്നു. കണ്ണൂര്‍ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും ഉള്ള വിചാരണ തടവുകാര്‍, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കാസര്‍കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഒരു മാസത്തിനുമേല്‍ തടവുശിക്ഷ വിധിക്കപ്പെട്ട തടവുകാര്‍ എന്നിവരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിക്കുന്നു. കേരളത്തിലുള്ള ഏതു കോടതിയും ഒന്നില്‍ കൂടുതല്‍ തവണ ശിക്ഷിക്കുന്ന തടവുകാരെ (ഇവരെ നന്നാക്കാന്‍ സാധിക്കില്ല എന്നു കരുതുന്നു) വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിക്കുന്നു. തിരുവനന്തപുരത്ത് നെയ്യാറ്റിന്‍കരയില്‍ നെട്ടുകാല്‍ത്തേരി എന്ന സ്ഥലത്താണ് തുറന്ന ജയില്‍. ഈ ജയിലിലെ നിയമം ലംഘിക്കുന്ന തടവുകാരെയും രോഗബാധിതരെയും അതാതു സെന്‍ട്രല്‍ ജയിലുകളിലേക്കു മടക്കി അയയ്ക്കുന്നു. കേരളത്തിലെ ഏക ജില്ലാജയില്‍ കോഴിക്കോട് ആണ്. കേരളത്തിലെ കോടതികളില്‍ നിന്ന് 3-6 മാസം തടവുശിക്ഷ വിധിക്കപ്പെടുന്ന തടവുകാരെയാണ് ഇവിടെ പാര്‍പ്പിക്കുന്നത്. കോഴിക്കോട്, പാലക്കാട്, മലപ്പുറം, തൃശൂര്‍ എന്നിവിടങ്ങളിലെ കോടതികള്‍ ശിക്ഷിക്കുന്ന മേല്‍ത്തരം തടവുകാരെയും കോഴിക്കോട് നഗരത്തിലെയും പ്രാന്തപ്രദേശങ്ങളിലെയും എല്ലാ വിചാരണ തടവുകാരെയും ഇവിടെ പാര്‍പ്പിക്കുന്നു. വിയ്യൂരിലെ സ്പെഷ്യല്‍ സബ് ജയിലില്‍ മൂന്നു മാസം വരെ തടവുശിക്ഷ വിധിക്കപ്പെടുന്ന തടവുകാരെ പാര്‍പ്പിക്കണമെന്നാണ് വ്യവസ്ഥ. തൃശൂര്‍ നഗരത്തിലെ എല്ലാ വിചാരണ തടവുകാരെയും ജില്ലയിലെ മേല്ത്തരം തടവുകാരെയും ഇവിടെ പാര്‍പ്പിക്കുന്നു.

വിചാരണ തടവുകാരെ പാര്‍പ്പിക്കുവാനുള്ളതാണ് സബ് ജയിലുകള്‍. എന്നാല്‍ ഒരു ദിവസം മുതല്‍ ഒരു മാസം വരെ ശിക്ഷിക്കപ്പെട്ട തടവുകാരെയും സബ് ജയിലുകളിലാണ് പാര്‍പ്പിക്കുന്നത്. മോഷണം, കളവുമുതല്‍ വാങ്ങുക, വില്‍ക്കുക, ചതി തുടങ്ങിയ കുറ്റങ്ങള്‍ ചെയ്ത കുറ്റവാളികളുടെ ശിക്ഷയുടെ കാലാവധി തീരുന്നതിന് ഒരു മാസം മുമ്പ് പ്രസ്തുത കുറ്റവാളിയുടെ വീട്ടിനടുത്തുള്ള സബ് ജയിലില്‍ കൊണ്ടുവന്നു പാര്‍പ്പിക്കണമെന്നും ശിക്ഷ തീരുമ്പോള്‍ അവിടെയുള്ള പൊലീസ് സ്റ്റേഷനില്‍ ഏല്പിച്ചു മാത്രമേ വിടാവൂ എന്നും വ്യവസ്ഥയുണ്ട്. ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്കു കൊണ്ടുപോകുന്ന തടവുകാരെ യാത്രയ്ക്കിടയില്‍ താത്കാലികമായി ഏറ്റവും അടുത്തുള്ള സബ് ജയിലില്‍ പാര്‍പ്പിക്കുന്നു. കോഴിക്കോട് പെണ്‍കുട്ടികളെയും തൃക്കാക്കരയില്‍ ആണ്‍കുട്ടികളെയും പാര്‍പ്പിക്കുന്ന ഓരോ ബോര്‍സ്റ്റല്‍ സ്കൂളുണ്ട്. 18 വയസ്സിനും 21 വയസ്സിനും ഇടയ്ക്കുള്ള ആണ്‍കുട്ടികളെയും, 16 വയസ്സിനും 21 വയസ്സിനും ഇടയ്ക്കുള്ള പെണ്‍കുട്ടികളെയുമാണ് ഇവിടെ താമസിപ്പിക്കുന്നത്. ഗവണ്‍മെന്റിനും ജയില്‍ മേലധികാരിക്കും കോടതിക്കും ഈ പ്രായത്തിലുള്ള തടവുകാരെ മറ്റു ജയിലുകളില്‍ നിന്നു ബോര്‍സ്റ്റല്‍ സ്കൂളിലേക്കു മാറ്റാവുന്നതാണ്. കുറ്റവാളികളുടെ ആരോഗ്യം, കേസിനാസ്പദമായ കാരണങ്ങള്‍, അവരുടെ ഭാവി എന്നിവ പരിഗണിക്കപ്പെടുന്നു. ബോര്‍സ്റ്റല്‍ സ്കൂളിലേക്ക് അയയ്ക്കുമ്പോള്‍ പൊലീസ് റിപ്പോര്‍ട്ട്, പ്രൊബേഷന്‍ ആഫീസറുടെ റിപ്പോര്‍ട്ട് എന്നിവ പരിഗണിക്കപ്പെടുന്നു.

ജയില്‍ ഉദ്യോഗസ്ഥര്‍. ജയില്‍ വകുപ്പിന്റെ മൊത്തത്തിലുള്ള ചുമതല ഐ.പി.എസ്. റാങ്കിലുള്ള ഒരു സീനിയര്‍ ആഫീസറില്‍ (ഐ.ജി./ഡി.ജി.പി.) നിക്ഷിപ്തമാണ്. അദ്ദേഹത്തെ സഹായിക്കാനായി ഒരു ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ഒഫ് പൊലീസ് (ഡി.ഐ.ജി.) ഉണ്ട്. കോഴിക്കോട്, വിയ്യൂര്‍ എന്നിവിടങ്ങളില്‍ ഓരോ അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ ജനറലും (എ.ഐ.ജി.) സേവനം അനുഷ്ഠിക്കുന്നു. ഓരോ ജയിലിലും മേലധികാരിയായി ഓരോ സൂപ്രണ്ട് ഉണ്ട്. ഓരോ സെന്‍ട്രല്‍ ജയിലിലും തുറന്ന ജയിലിലും വനിതാ ജയിലിലും ഡിസ്ട്രിക്റ്റ് ജയിലിലും സൂപ്രണ്ടിന്റെ കീഴുദ്യോഗസ്ഥന്മാരായി ജയിലര്‍, ഡെപ്യൂട്ടി ജയിലര്‍, അസിസ്റ്റന്റ് ജയിലര്‍, ഹെഡ് വാര്‍ഡര്‍മാര്‍, വാര്‍ഡര്‍മാര്‍ എന്നീ ഉദ്യോഗസ്ഥന്മാരുണ്ട്. തടവുകാരുടെ ക്ഷേമം, പുനരധിവാസം, മാനസിക പരിവര്‍ത്തനം എന്നിവ ലക്ഷ്യമാക്കി വെല്‍ഫെയര്‍ ആഫീസറന്മാരുമുണ്ട്.

ജയില്‍ കുറ്റങ്ങളും ഔദ്യോഗിക കൃത്യനിര്‍വഹണവും. തടവുകാരെ ശിക്ഷിക്കുക, ഭയപ്പെടുത്തുക, അക്രമാസക്തരാക്കുക, അശ്ലീല ഭാഷ ഉപയോഗിക്കുക, ഭരണകാര്യങ്ങള്‍ തടവുകാരുമായി ചര്‍ച്ച ചെയ്യുക, തടവുകാരുമായോ അവരുടെ ബന്ധുക്കളുമായോ കത്തിടപാടുകളോ പണമിടപാടുകളോ നടത്തുക, തടവുകാരന്റെ സാധനങ്ങള്‍ ഉപയോഗിക്കുക, മദ്യപിച്ചു ഡ്യൂട്ടിയില്‍ ഹാജരാകുക, ഡ്യൂട്ടി സമയത്ത് ഉറങ്ങുക, അനുവാദം ഇല്ലാതെ പുരുഷന്മാരായ ഉദ്യോഗസ്ഥര്‍ സ്ത്രീകളുടെ വാര്‍ഡില്‍ പ്രവേശിക്കുക, ജയില്‍ ഭരണത്തിനെതിരായി പ്രവര്‍ത്തിക്കുക, മേലുദ്യോഗസ്ഥന്മാരോട് അനുസരണയില്ലാതെ പെരുമാറുക, ജയില്‍ കോണ്‍ട്രാക്ടന്മാരില്‍ നിന്നു പാരിതോഷികങ്ങള്‍ വാങ്ങുക എന്നിവ കുറ്റകരമാണ് (വകുപ്പ് 65-107)

കുറ്റവാളികളെ സാധാരണക്കാര്‍ (casual), പതിവുകുറ്റക്കാര്‍ (Habituals) എന്നിങ്ങനെ കോടതി രണ്ടായി തരംതിരിച്ചിരിക്കുന്നു. ഇന്ത്യന്‍ ശിക്ഷാനിയമം 16, 17,18 എന്നീ അധ്യായങ്ങളില്‍ പറയുന്ന കുറ്റങ്ങള്‍ക്ക് ഒന്നിലധികം പ്രാവശ്യം ശിക്ഷിക്കപ്പെട്ടവരെയും ക്രിമിനല്‍ നടപടി നിയമം 110 എ മുതല്‍ 110 ഇ വരെയുള്ള വകുപ്പുകള്‍ പ്രകാരം ശിക്ഷിക്കപ്പെട്ടവരെയും പതിവുശിക്ഷക്കാരായി പരിഗണിക്കുന്നു. ഇവരെ പ്രത്യേകമായോ പ്രത്യേക ജയിലിലോ പാര്‍പ്പിക്കുന്നു (വകുപ്പ് 197-202). സത്സ്വഭാവം, സ്തുത്യര്‍ഹമായ പ്രവര്‍ത്തികള്‍ എന്നിവ കണക്കിലെടുത്തു കുറ്റവാളികളെ ജയില്‍ മേധാവിയുടെയോ കോടതിയുടെയോ നിര്‍ദേശമനുസരിച്ച് സ്പെഷ്യല്‍ ക്ലാസായി പരിഗണിച്ച് പ്രത്യേക പരിഗണന നല്കി ഇവരെ മറ്റു തടവുകാരില്‍ നിന്നു മാറ്റി പാര്‍പ്പിക്കുന്നു. ഒരു തടവുകാരനെ ജയിലില്‍ പ്രവേശിപ്പിക്കുന്നത് അധികാരപ്പെട്ട കോടതിയുടെ വാറണ്ടോടുകൂടിയും ജയിലുദ്യോഗസ്ഥര്‍ സൂക്ഷ്മപരിശോധന നടത്തി വസ്തുതകള്‍ ശരിയാണെന്ന് ബോധ്യപ്പെട്ടതിനു ശേഷവുമാണ്. അവധി ദിവസങ്ങളില്‍ ജയില്‍ മേലധികാരിയുടെയോ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റിന്റെയോ രേഖാമൂലമുള്ള അനുവാദമുണ്ടെങ്കില്‍ മാത്രമേ ജയിലില്‍ പുതിയ തടവുകാരനെ പ്രവേശിപ്പിക്കാവൂ. എന്നാല്‍ സിവില്‍ തടവുകാരെ സംബന്ധിച്ചിടത്തോളം ഇങ്ങനെ വ്യവസ്ഥയില്ല. തടവുകാരെ ജയിലില്‍ പ്രവേശിപ്പിക്കുമ്പോള്‍ അവരുടെ കൈവശമുള്ള സാധനങ്ങളുടെ (കെട്ടുതാലിയും പൂണൂലും ഒഴിച്ചുള്ള) വിവരങ്ങള്‍ ഒരു രജിസ്റ്ററില്‍ രേഖപ്പെടുത്തി അവരുടെ ഒപ്പ് വാങ്ങണം. പുതുതായി പ്രവേശിപ്പിക്കുന്ന തടവുകാരെ പ്രത്യേകമായി ഒരു ബ്ളോക്കില്‍ താമസിപ്പിക്കണമെന്നുണ്ട് (വകുപ്പ് 210-246). പുതിയ തടവുകാര്‍ മറ്റു തടവുകാരുമായി ഇടപഴകാതിരിക്കാനും അവര്‍ക്ക് പകര്‍ച്ചവ്യാധികള്‍ ഇല്ലെന്ന് ഉറപ്പു വരുത്താനുമാണിത്. ഇതു 'ക്വാറന്റയിന്‍' എന്നറിയപ്പെടുന്നു.

തടവുകാരെ സംബന്ധിച്ച എല്ലാ വിവരങ്ങളും ഒരു രജിസ്റ്ററില്‍ (കണ്‍വിക്റ്റ് രജിസ്റ്റര്‍) രേഖപ്പെടുത്തുന്നു. ഇവര്‍ക്ക് പ്രത്യേകം നമ്പറുകളും (കണ്‍വിക്റ്റ് നമ്പര്‍) നല്കാറുണ്ട്. തടവുകാരുടെ ദിവസം രാവിലെ 5.30-ന് ആരംഭിച്ച് വിവിധ ദിനചര്യകളോടെ വൈകുന്നേരം 5.30-ന് അവസാനിക്കുന്നു. ശേഷിച്ച സമയം ഇവര്‍ തടവറകള്‍ക്കുള്ളില്‍ ചെലവഴിക്കുന്നു. സബ്ജയിലുകളില്‍ പ്രാഥമിക കര്‍മങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം തടവുകാരെ തടവറയ്ക്കുള്ളില്‍ തന്നെ സൂക്ഷിക്കുന്നു.

വസ്ത്രവും കിടക്കയും. പുരുഷന്മാര്‍ക്ക് അരക്കൈയുള്ള വെള്ള ഷര്‍ട്ടും വെള്ള ഒറ്റ മുണ്ടുമാണ് വേഷം. സ്ത്രീകള്‍ക്ക് വെള്ള മുണ്ടും ബസും തോര്‍ത്തും; മുസ്ലിം സ്ത്രീകള്‍ക്ക് കവിണിയും ലഭ്യമാണ്. വിചാരണ തടവുകാര്‍ക്ക് സ്വന്തം വസ്ത്രം ധരിക്കാം. വസ്ത്രങ്ങള്‍ കാലാകാലങ്ങളില്‍ മാറ്റിക്കൊടുക്കുന്നു. കിടക്കാനായി ഒരു പായും ചൗക്കാളയും നല്കുന്നു. ജയില്‍ വിമോചിതരാകുമ്പോള്‍ വസ്ത്രവും കിടക്കയും തിരിച്ചു നല്കേണ്ടതുണ്ട്. ഉപയോഗയോഗ്യമായവ വൃത്തിയാക്കി പിന്നീടു വരുന്ന തടവുകാര്‍ക്കു നല്കുന്നു.

ആഹാരം ഓരോ തടവുകാരനും പ്രതിദിനം 290 ഗ്രാം ഗോതമ്പും 465 ഗ്രാം അരിയും എന്ന കണക്കിനാണ് ആഹാരം. മതപരിഗണനയില്ലാതെ മിക്ക വിശേഷ ദിവസങ്ങളിലും തടവുകാര്‍ക്ക് സദ്യ നല്കാറുണ്ട്. സിവില്‍ തടവുകാര്‍ക്കും രാഷ്ട്രീയ തടവുകാര്‍ക്കും സ്വന്തമായി ആഹാരം പാകംചെയ്തു കഴിക്കാന്‍ വ്യവസ്ഥയുണ്ട്. ജയിലിനുള്ളില്‍ ആഹാരം പാകം ചെയ്യാന്‍ തടവുകാരില്‍ നിന്ന് ആളുകളെ തെരഞ്ഞെടുക്കുന്നു. സസ്യഭുക്കുകള്‍ക്ക് സസ്യാഹാരവും രോഗികള്‍ക്ക് ഗവണ്‍മെന്റ് ആശുപത്രിയിലേതുപോലുള്ള ആഹാരവും നല്കുന്നു. ജയിലില്‍ ജാതിമതഭേദമെന്യേ വിവിധ മതാചാര്യന്മാരുടെ സേവനം ലഭ്യമാണ്.

ജയിലുകളില്‍ തടവുകാരെക്കൊണ്ട് ജോലി ചെയ്യിക്കാനും അവര്‍ക്ക് വേതനം നല്കാനുമുള്ള വ്യവസ്ഥയുണ്ട്. മാസവേതനത്തിന്റെ മൂന്നില്‍ ഒരു ഭാഗം സ്വന്തം ചെലവിലേക്കും ബാക്കി ബന്ധുക്കള്‍ക്കയച്ചു കൊടുക്കാനോ മോചിതരാകുന്ന സമയത്ത് ഉപയോഗിക്കാനോ ഉപകരിക്കുന്നു. ജയിലുകളിലെ പ്രധാന ജോലി നെയ്ത്ത്, മരപ്പണി, തുന്നല്‍, കൃഷി എന്നിവയാണ്.

തടവുകാരുടെ ശിക്ഷ കണക്കാക്കുമ്പോള്‍ ഒരു മാസം 30 ദിവസമായി പരിഗണിക്കുന്നു. ജയില്‍ നിയമങ്ങള്‍ അനുസരിക്കുകയും ജോലിയില്‍ കൃത്യനിഷ്ഠ പാലിക്കുകയും ചെയ്താല്‍ മാസത്തില്‍ രണ്ടു ദിവസം വീതം ശിക്ഷ ഇളവു കിട്ടും. കൂടാതെ ജയിലുകളില്‍ ജോലി ചെയ്തു കിട്ടുന്ന വേതനം കൊണ്ട് ഒരു ദിവസത്തിന് 50 പൈസ എന്ന നിരക്കില്‍ 6 ദിവസവും വിലയ്ക്കു വാങ്ങാവുന്നതാണ്. ഇപ്രകാരം 3 മാസത്തിനു മേല്‍ ശിക്ഷിക്കപ്പെട്ട തടവുകാര്‍ക്ക് മാസത്തില്‍ പരമാവധി 10 ദിവസം ശിക്ഷ ഇളവു ലഭിക്കുന്നു. ജയില്‍വാസ സമയത്ത് സ്തുത്യര്‍ഹമായ സേവനമനുഷ്ഠിക്കുന്നവര്‍ക്ക് ഒരു വര്‍ഷത്തില്‍ 60 ദിവസം വരെ ഇളവ് നല്കാന്‍ ജയില്‍ മേലധികാരിക്കോ ഗവണ്‍മെന്റിനോ അധികാരമുണ്ട്. മൊത്തം ഇളവ് ശിക്ഷയുടെ കാലാവധിയുടെ മൂന്നിലൊന്ന് കവിയാന്‍ പാടില്ല. സര്‍ക്കാരിന്റെ വിവേചനാധികാരം ഉപയോഗിച്ച് ശിക്ഷാകാലാവധിയില്‍ എത്ര ഇളവ് വേണമെങ്കിലും അനുവദിക്കാം. ശിക്ഷാകാലാവധി മൊത്തമായോ ഭാഗികമായോ റദ്ദു ചെയ്യാനും സര്‍ക്കാരിന് അധികാരമുണ്ട്.

ആറു മാസത്തിനുമേല്‍ ശിക്ഷിക്കപ്പെട്ട എല്ലാ തടവുകാര്‍ക്കും ഏതെങ്കിലും ഒരു ജോലിയില്‍ പരിശീലനം നല്കേണ്ടതാണ്.

തടവുകാരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ശിക്ഷയില്‍ ഇളവു ലഭിക്കുന്നവരെ മൂന്നായി തിരിച്ചിരിക്കുന്നു. ഒരു ദിവസം മുതല്‍ 25 ദിവസം വരെ ശിക്ഷ ഇളവു ലഭിച്ചവരെ മൂന്നാം ക്ലാസായും 26 മുതല്‍ 45 ദിവസം വരെ ഇളവു ലഭിച്ചവരെ രണ്ടാം ക്ലാസായും 46 മുതല്‍ 60 ദിവസം വരെ ശിക്ഷ ഇളവു ലഭിച്ചവരെ ഒന്നാം ക്ലാസായും കണക്കാക്കുന്നു.

തടവുകാര്‍ക്ക് ബന്ധുക്കള്‍, സുഹൃത്തുക്കള്‍, അഭിഭാഷകര്‍ എന്നിവരുമായി കൂടിക്കാഴ്ചയും കത്തിടപാടുകളും നടത്താം. ആഴ്ചയില്‍ ഒരു കത്ത് അയയ്ക്കാനും ഒരു കൂടിക്കാഴ്ച നടത്താനും ഉള്ള അനുവാദമുണ്ട്. തടവുകാര്‍ക്ക് കത്തുകള്‍ എത്രവേണമെങ്കിലും സ്വീകരിക്കാം. എല്ലാ ദിവസവും രാവിലെ 12-നും 1-നും ഇടയ്ക്കും വൈകുന്നേരം 4-നും 5-നും ഇടയ്ക്കുമാണ് കൂടിക്കാഴ്ചയ്ക്ക് അനുവദിച്ചിട്ടുള്ള സമയം. സൂപ്രണ്ടിനു യുക്തമെന്നു തോന്നുന്ന പക്ഷം കൂടിക്കാഴ്ചകളുടെ എണ്ണം വര്‍ധിപ്പിക്കാം. കൂടിക്കാഴ്ചകള്‍ സബ്ജയിലുകളിലൊഴികെ വെല്‍ഫെയര്‍ ആഫീസറന്മാരുടെ സാന്നിധ്യത്തില്‍ നടത്തുന്നു. കൂടിക്കാഴ്ചാവേളയിലെ സംഭാഷണം മാനസിക പരിവര്‍ത്തനത്തിനും കുടുംബവുമായി നല്ല ബന്ധം പുലര്‍ത്തുന്നതിനും ഉതകുന്നുണ്ടോ എന്നും തടവുകാര്‍ അയയ്ക്കുന്ന കത്തുകളും അവര്‍ക്കു ലഭിക്കുന്ന കത്തുകളും ഇതിനു സഹായകമാകുന്നുണ്ടോ എന്നും വെല്‍ഫയര്‍ ആഫീസര്‍മാര്‍ ഉറപ്പുവരുത്തുന്നു. സബ്ജയിലുകളില്‍ സൂപ്രണ്ടുമാരാണ് ഈ ചുമതല നിര്‍വഹിക്കുന്നത്.

തടവുകാര്‍ക്ക് രണ്ടു തരത്തിലുള്ള അവധി അനുവദനീയമാണ്. കുടുംബാംഗങ്ങളുടെ മരണം, മൂര്‍ച്ഛിച്ച രോഗം എന്നിവയ്ക്ക് 5 മുതല്‍ 10 വരെ ദിവസം അടിയന്തിര സ്വഭാവമുള്ള അവധി അനുവദിക്കുന്നു. സൂപ്രണ്ടോ ജയില്‍ വകുപ്പു മേധാവിയോ സര്‍ക്കാരോ ആണ് ഈ അവധി അനുവദിക്കുന്നത്. മരണ കാരണത്താല്‍ അനുവദിക്കപ്പെടുന്ന അവധി തടവുകാരന്റെ സ്വന്തം ജാമ്യത്തിലും സ്ഥലം പൊലീസ് ആഫീസര്‍, പഞ്ചായത്ത് എക്സിക്യൂട്ടീവ് ആഫീസര്‍, എം.എല്‍.എ., എം.പി. എന്നിവരുടെ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലുമാണ്. കുടുംബാംഗങ്ങളുടെ രോഗകാരണത്താല്‍ അവധി അനുവദിക്കാന്‍ സിവില്‍ സര്‍ജന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. സാധാരണ അവധി (20 ദിവസം വരെ) അനുവദിക്കുന്നത് ജയില്‍ മേലധികാരിയും 30 ദിവസം വരെ സര്‍ക്കാരുമാണ്. ചില പ്രത്യേക സാഹചര്യത്തില്‍ ജാമ്യമില്ലാതെയോ ജാമ്യവ്യവസ്ഥയിലോ സര്‍ക്കാര്‍ അവധി അനുവദിക്കും.

ബന്ധുക്കളോ കൂട്ടുകാരോ സഹായിക്കാനില്ലാത്ത തടവുകാര്‍ക്ക് ജയിലില്‍ നിന്ന് ശിക്ഷയുടെ മേല്‍ അപ്പീലോ റിവിഷനോ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. സര്‍ക്കാര്‍ തടങ്കലില്‍ വച്ചിട്ടുള്ളവരെയും വധശിക്ഷയ്ക്കു വിധിച്ചവരെയും കോടതികളില്‍ ഹാജരാക്കാന്‍ സര്‍ക്കാരിന്റെയോ ഹൈക്കോടതിയുടെയോ പ്രത്യേക നിര്‍ദേശം ആവശ്യമാണ്.

തടവുകാരുടെ ക്ഷേമപ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിദ്യാഭ്യാസം ഇല്ലാത്തവര്‍ക്കു പ്രാഥമിക വിദ്യാഭ്യാസം നല്കാനും ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ക്ക് അതു നേടാനുമുള്ള സാഹചര്യം ലഭ്യമാണ്.

സബ് ജയിലുകളൊഴികെ മറ്റെല്ലാ ജയിലുകളിലും ലൈബ്രറികളുണ്ട്. ജയിലില്‍ നിന്നു ലഭിക്കുന്ന ദിനപത്രങ്ങള്‍, മാസികകള്‍ എന്നിവ കൂടാതെ സ്വന്തമായി വാങ്ങാനും അനുവാദമുണ്ട്. തടവുകാരുടെ കായികശേഷി വര്‍ധിപ്പിക്കാനും മത്സരങ്ങള്‍ നടത്തി പ്രോത്സാഹിപ്പിക്കാനും ജയിലില്‍ വ്യവസ്ഥയുണ്ട്.

തടവുകാര്‍ക്ക് ജയിലുകളില്‍ ആധുനിക വൈദ്യശാസ്ത്രം, ആയുര്‍വേദം, ഹോമിയോ ചികിത്സകള്‍ ലഭ്യമാണ്. വിദഗ്ധ ചികിത്സയ്ക്കായി ഏറ്റവും അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രികളിലോ മെഡിക്കല്‍ കോളജിലോ തടവുകാരെ കൊണ്ടുപോയി പരിശോധന നടത്തുന്നു.

തടവുകാര്‍ ഉറക്കെ സംസാരിക്കുകയോ ബഹളം കൂട്ടുകയോ ചെയ്യുക, ഉദ്യോഗസ്ഥരോട് അനാദരം കാട്ടുക, അവരെ ആക്രമിക്കുക, ആഹാരം ബഹിഷ്കരിക്കുക, സഹതടവുകാരെ ഉപദ്രവിക്കുക, നിരോധിച്ച വസ്തുക്കള്‍ കൈവശം വയ്ക്കുക എന്നിവ കുറ്റകരമാണ്. താക്കീതു നല്കുക, മൂന്നു ദിവസത്തില്‍ കവിയാതുള്ള ശിക്ഷ ഇളവുകള്‍ റദ്ദാക്കുക, ആനുകൂല്യങ്ങള്‍ റദ്ദാക്കുക, താത്കാലികമായി തരം താഴ്ത്തുക, ഒറ്റ മുറിയില്‍ പൂട്ടുക എന്നിവ ജയിലധികൃതര്‍ നല്കുന്ന ലഘു ശിക്ഷകളാണ്. തടവുകാരക്കൊണ്ടു കഠിന ജോലി ചെയ്യിക്കുക, സ്ഥിരമായി തരം താഴ്ത്തുക, കൈപുറകില്‍ വച്ച് കൈയാമം വയ്ക്കുക തുടങ്ങിയവ ജയിലധികൃതര്‍ നല്കുന്ന കഠിന ശിക്ഷകളുമാണ്.

തടവുകാരെ മോചിപ്പിക്കുന്നതിനായി സെന്‍ട്രല്‍ ജയിലുകളിലും തുറന്ന ജയിലിലും ആറുമാസത്തിലൊരിക്കല്‍ ഉപദേശക ബോര്‍ഡ് കൂടണമെന്നുണ്ട്. 65 വയസ്സു കഴിഞ്ഞ പുരുഷന്മാരുടെയും 55 വയസ്സു കഴിഞ്ഞ സ്ത്രീകളുടെയും കേസുകളും ശിക്ഷയുടെ മൂന്നില്‍ രണ്ടുഭാഗം പൂര്‍ത്തിയാക്കിയ തടവുകാരുടെ കേസുകളും ഈ ബോര്‍ഡ് പരിഗണിക്കുന്നു. ജയില്‍ വകുപ്പു മേധാവി അധ്യക്ഷനും ജയില്‍ സൂപ്രണ്ട് സെക്രട്ടറിയുമായുള്ള ഉപദേശക ബോര്‍ഡിന്റെ കാലാവധി രണ്ടു വര്‍ഷമാണ്. ജില്ലാ കളക്ടര്‍, സെഷന്‍സ് ജഡ്ജി, പൊലീസ് സൂപ്രണ്ട് എന്നിവര്‍ക്കു പുറമെ മൂന്ന് അനൗദ്യോഗികാംഗങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ജയില്‍ ഉപദേശക ബോര്‍ഡ്.

തടവുകാരനെ മോചിപ്പിക്കുന്ന ദിവസം നേരത്തെ അറിയിച്ചിരിക്കേണ്ടതാണ്. ജയിലില്‍ നിന്നു നല്കിയ കിടക്ക, വസ്ത്രം എന്നിവ മോചിപ്പിക്കുന്ന സമയത്ത് തടവുകാരന്‍ തിരിച്ചു നല്കേണ്ടതാണ്. അതുപോലെതന്നെ തടവുകാരന് അവകാശപ്പെട്ട യാത്രക്കൂലി, ശമ്പളം, ഗ്രാറ്റ്വിറ്റി എന്നിവ നല്കി ജയിലിലെ കണക്ക് തീര്‍ക്കേണ്ടതുമാണ്.

ജയിലില്‍ എന്തെങ്കിലും അത്യാഹിതമുണ്ടായാല്‍ ജില്ലാ മജിസ്ട്രേറ്റ്, ആര്‍.ഡി.ഒ., ജയില്‍ വകുപ്പു മേലധികാരി എന്നിവരെയും അടുത്ത പൊലീസ് സ്റ്റേഷനിലും വിവരം ധരിപ്പിക്കേണ്ടതാണ്.

സാധാരണ തടവുകാരുടെ ദിനചര്യകള്‍ സിവില്‍ തടവുകാര്‍ക്ക് ബാധകമല്ല. ഇവരുടെ സമ്മതം കൂടാതെ ഇവരെക്കൊണ്ട് ജയിലില്‍ ജോലി ചെയ്യിക്കാനും പാടില്ല. ജയിലിനുള്ളിലായിരിക്കുമ്പോള്‍ ഇവരുടെ ചെലവ് അന്യായക്കാരന്‍ വഹിക്കേണ്ടതാണ്. തടവുകാരനെ ജയിലില്‍ പ്രവേശിപ്പിച്ച് ഏഴു ദിവസത്തിനകം അന്യായക്കാരന്‍ ചെലവിനുള്ള തുക അടയ്ക്കാത്ത പക്ഷം അവരെ ജയിലില്‍ നിന്നു മോചിപ്പിക്കും. ഇവരെ കൈയാമം വയ്ക്കാന്‍ പാടില്ല. കോടതിയിലെ ജമേദാരാണ് ഇവരെ ജയിലില്‍ കൊണ്ടു വരുന്നതും കൊണ്ടു പോകുന്നതും.

മജിസ്ട്രേറ്റിന്റെ അനുവാദത്തോടുകൂടി വിചാരണത്തടവുകാരെ സ്പെഷ്യല്‍, ഓര്‍ഡിനറി എന്നിങ്ങനെ രണ്ടായി തരം തിരിച്ചിരിക്കുന്നു. ആരോഗ്യവാന്മാരായ വിചാരണത്തടവുകാര്‍ക്ക് ജയിലില്‍ ജോലി നല്കാവുന്നതും ശമ്പളം നല്കേണ്ടതുമാണ്. ഇവരുടെ കേസുകള്‍ തീര്‍പ്പു കല്പിക്കാന്‍ താമസം നേരിടുന്നതായി തോന്നിയാല്‍ വിവരം ജില്ലാ ജഡ്ജിയെയോ ജില്ലാ മജിസ്ട്രേറ്റിനെയോ അറിയിച്ച് വേഗം തീര്‍പ്പു കല്പിക്കേണ്ടതാണ്. പിഴ അടയ്ക്കാന്‍ വിധിക്കപ്പെട്ട തടവുകാര്‍ പണം കോടതിയിലോ ട്രഷറിയിലോ ഒടുക്കിയിട്ട് വിവരം പ്രസ്തുത കോടതിയെ അറിയിക്കണം. പിഴ കോടതി സ്വീകരിച്ചാല്‍ തടവുകാരനെ മോചിപ്പിക്കാന്‍ കോടതി നിര്‍ദേശം നല്‍കും.

സമൂഹത്തില്‍ ഉന്നതരായ വ്യക്തികളില്‍ കൊലപാതകം, ബലാത്സംഗം, തീവയ്പ്പ്, കോഫെ പോസ എന്നീ കുറ്റങ്ങള്‍ ആരോപിക്കപ്പെട്ടിട്ടില്ലാത്ത പക്ഷം ഇവരെ കോടതി നിര്‍ദേശപ്രകാരം സ്പെഷ്യല്‍ ക്ലാസ് തടവുകാരായി പരിഗണിക്കുന്നു. എം.പി., എം.എല്‍.എ. എന്നിവരെ ജയിലില്‍ പ്രവേശിപ്പിച്ചാലുടന്‍ വിവരം സ്പീക്കറെ അറിയിക്കേണ്ടതാണ്.

ഏകാന്ത തടവിന് ശിക്ഷിച്ചിട്ടുള്ള തടവുകാരെ എല്ലാവരില്‍ നിന്നും അകറ്റി വെളിച്ചവും ശബ്ദവും കടക്കാത്ത മുറിയില്‍ സൂക്ഷിക്കേണ്ടതാണ്. ഒരു കുറ്റവാളിയെ മൂന്നു മാസത്തെ ഏകാന്ത തടവിനു ശിക്ഷിക്കുമെങ്കിലും ഇന്ത്യന്‍ ശിക്ഷാനിയമമനുസരിച്ച് 84 ദിവസത്തില്‍ കൂടുതല്‍ ഏകാന്ത തടങ്കലില്‍ വയ്ക്കാന്‍ പാടില്ല.

വധശിക്ഷയ്ക്കു വിധിക്കപ്പെട്ട തടവുകാരെ ജയിലില്‍ കൊണ്ടുവന്നാലുടന്‍ ദേഹപരിശോധന നടത്തി പാര്‍പ്പിക്കേണ്ട മുറികള്‍ക്ക് പ്രത്യേക സുരക്ഷിതത്വം ഉറപ്പുവരുത്തി ലോക്കപ്പു ചെയ്യണം. ആത്മഹത്യ ചെയ്യാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുമാണ്. സൂപ്രണ്ട്, മെഡിക്കല്‍ ആഫീസര്‍, വെല്‍ഫെയര്‍ ആഫീസര്‍മാര്‍, ജയിലര്‍ എന്നിവരൊഴികെ മറ്റാരും ഇവരെ സന്ദര്‍ശിക്കാന്‍ പാടില്ല. വധശിക്ഷ നടപ്പാക്കിയാല്‍ ശവശരീരം ബന്ധുക്കള്‍ക്കോ കൂട്ടുകാര്‍ക്കോ വിട്ടുകൊടുക്കാം. പൊതുജനങ്ങളുടെ മുമ്പില്‍ മൃതദേഹം വയ്ക്കാന്‍ പാടില്ലെന്നുണ്ട്. അവകാശികളില്ലാത്ത പക്ഷം മൃതദേഹം ജയിലില്‍ സംസ്കരിക്കും.

ജയിലുകളില്‍ വിചാരണത്തടവുകാരെ ശിക്ഷിക്കപ്പെട്ടവരില്‍ നിന്നു വേര്‍തിരിക്കുന്നു. പ്രായം കുറഞ്ഞവരെ പ്രായം കൂടിയവരില്‍ നിന്നും ആദ്യ കുറ്റവാളികളെ സ്ഥിരം കുറ്റവാളികളില്‍ നിന്നും മാറ്റി താമസിപ്പിക്കണമെന്നുണ്ട്. സ്ത്രീ കുറ്റവാളികള്‍ക്ക് പ്രത്യേക ബ്ളോക്കുകളുണ്ട്. വേശ്യാവൃത്തിക്ക് ശിക്ഷിക്കപ്പെട്ടവരെ മറ്റു സ്ത്രീ തടവുകാരില്‍ നിന്നും മാറ്റി പാര്‍പ്പിക്കണം. സ്ത്രീ തടവുകാരെ ബ്ളോക്കിനു വെളിയില്‍ കൊണ്ടുപോകുമ്പോള്‍ സ്ത്രീ വാര്‍ഡര്‍മാര്‍ അവരെ അനുഗമിക്കണം. പുരുഷന്മാരായ ഉദ്യോഗസ്ഥന്മാര്‍ക്ക് സ്ത്രീ വാര്‍ഡര്‍മാരോടൊപ്പം വനിതാ ബ്ലോക്കില്‍ പോകാവുന്നതാണ്. എന്നാല്‍ രാത്രികാലങ്ങളിലും അടിയന്തിര ഘട്ടങ്ങളിലും പോയാല്‍ വിവരം റിപ്പോര്‍ട്ടു ബുക്കില്‍ രേഖപ്പെടുത്തണം. സ്ത്രീ തടവുകാരെ മോചിപ്പിക്കുന്നതിനു മുമ്പ് അവരുടെ ബന്ധുക്കളെ വിവരം ധരിപ്പിക്കേണ്ടതുണ്ട്. സ്ത്രീ തടവുകാരുടെ 5 വയസ്സുവരെയുള്ള സ്വന്തം കുട്ടികളെ ജയിലില്‍ അവരോടൊപ്പം പാര്‍പ്പിക്കണം. മൂന്നു മാസത്തില്‍ കൂടുതല്‍ ശിക്ഷിക്കപ്പെട്ട സ്ത്രീകള്‍ക്ക് അക്ഷരാഭ്യാസവും തൊഴില്‍ പരിശീലനവും നല്‍കേണ്ടതാണ്. 21 വയസ്സിനു താഴെ പ്രായമുള്ള പെണ്‍കുട്ടികളെ ബോര്‍സ്റ്റല്‍ സ്കൂളിലേക്ക് മാറ്റാന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ അനുവാദം ആവശ്യമാണ്.

ഭ്രാന്തുണ്ടെന്ന നഗമനത്തില്‍ സൂക്ഷ്മ നിരീക്ഷണത്തിന് വിധേയരാക്കിയിട്ടുള്ള തടവുകാരെ സിവില്‍ മനോരോഗിയെന്നു വിളിക്കുന്നു. ജയിലില്‍ വച്ച് മാനസികരോഗം പിടിപെട്ടവരും കുറ്റം ചെയ്തപ്പോള്‍ സ്വബുദ്ധിയില്ലായിരുന്നുവെന്ന് തെളിഞ്ഞ കേസില്‍ ശിക്ഷിക്കപ്പെട്ടവരും സുഖം പ്രാപിച്ച മനോരോഗികളും ക്രിമിനല്‍ മനോരോഗികള്‍ എന്നറിയപ്പെടുന്നു.

പകര്‍ച്ചവ്യാധി ബാധിച്ച തടവുകാരെ ഡോക്ടറുടെ നിര്‍ദേശ പ്രകാരം പ്രത്യേക ആശുപത്രികളിലേക്കു മാറ്റുന്നു.

സബ്ജയിലുകളിലും സ്പെഷ്യല്‍ സബ്ജയില്‍ ഒഴിച്ച് മറ്റെല്ലാ ജയിലുകളിലും വെല്‍ഫയര്‍ ആഫീസര്‍മാര്‍ ഉണ്ട്. തടവുകാരുടെ സ്വഭാവരൂപീകരണം, അച്ചടക്കം, കുടുംബ പ്രശ്നങ്ങള്‍ക്കു പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിക്കല്‍ എന്നിവ വെല്‍ഫെയര്‍ ആഫീസര്‍മാരുടെ ചുമതലയാണ്. തടവുകാരുടെ പൂര്‍വകാല ജീവിത ചരിത്രം തയ്യാറാക്കി ഇവര്‍ സൂക്ഷിക്കേണ്ടതുണ്ട്. കോടതി, പ്രൊബേഷന്‍ ആഫീസറന്മാര്‍ എന്നിവരുമായി ബന്ധപ്പെട്ട് തടവുകാരുടെ നിവേദനങ്ങള്‍ക്ക് പരിഹാരം കാണേണ്ടത് വെല്‍ഫെയര്‍ ആഫീസര്‍മാരാണ്. ഗവണ്‍മെന്റ് അംഗീകരിച്ചതും ജയില്‍ നിയമത്തിലുള്ളതുമായ എല്ലാ കാര്യങ്ങളും പ്രാവര്‍ത്തികമാക്കുന്നതിനും തടവുകാരെ മറ്റ് ഉദ്യോഗസ്ഥര്‍ ചൂഷണം ചെയ്യാതിരിക്കുന്നതിനും വെല്‍ഫയര്‍ ആഫീസര്‍മാര്‍ ശ്രദ്ധിക്കുന്നു.

(ഡോ. റ്റി.വി. പിള്ള)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9C%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍