This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജയശങ്കര്‍ പ്രസാദ് (1889 - 1937)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:13, 10 ഫെബ്രുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജയശങ്കര്‍ പ്രസാദ് (1889 - 1937)

ഹിന്ദി കവിയും നാടകകൃത്തും. 1889 ജനു.-ല്‍ വാരണാസിയിലെ 'സുംഖനിസാഹു' എന്ന വൈശ്യ കുടുംബത്തില്‍ ജനിച്ചു. ചെറുപ്പത്തിലേ രക്ഷാകര്‍ത്താക്കള്‍ അന്തരിച്ചു. ഇത് പഠനം നിര്‍ത്തുന്നതിനു കാരണമായി. ജിജ്ഞാസുവായിരുന്ന ഇദ്ദേഹം വീട്ടിലിരുന്ന് ക്ലാസ്സിക് സാഹിത്യത്തിലും തത്ത്വശാസ്ത്രത്തിലും അവഗാഹം നേടി. ഹിന്ദി, ഉര്‍ദു, സംസ്കൃതം, ഇംഗ്ലീഷ് എന്നീ ഭാഷകള്‍ പഠിച്ചു.

കുട്ടിക്കാലത്തു തന്നെ നിരവധി കവികളുമായി സമ്പര്‍ക്കത്തിലായി. സമസ്യാപൂരണങ്ങളിലൂടെ ആരംഭിച്ച കാവ്യരചനാശ്രമം സ്വതന്ത്ര കാവ്യരചനയിലേക്കു വളര്‍ന്നെത്താന്‍ അധികകാലം വേണ്ടിവന്നില്ല. സഹോദരീ പുത്രനായ അംബികാ പ്രസാദ് ഗുപ്തയുടെ ഇന്ദു എന്ന മാസികയിലൂടെയാണ് ആദ്യകാല രചനകള്‍ പുറത്തുവന്നത്. അവ 'കലാധര്‍' എന്ന തൂലികാനാമത്തില്‍, ബ്രജഭാഷയില്‍ എഴുതിയവ ആയിരുന്നു. ക്രമേണ ആധുനിക ഹിന്ദിയില്‍ എഴുതിത്തുടങ്ങി. 1913 വരെ രചിച്ച ഗദ്യപദ്യകൃതികള്‍ സമാഹരിച്ച ചിത്രാധര്‍ ആണ് ആദ്യകൃതി. ഇതിനു ശേഷം കാനന കുസുമ്, കരുണാലയ് എന്നീ നാടകങ്ങള്‍ രചിച്ചു.

ഹിന്ദി കാവ്യലോകത്ത് പുതിയ ദിശാമാറ്റം ഉണ്ടായ കാലത്താണ് പ്രസാദ് കാവ്യരചന ആരംഭിച്ചത്. മഹാറാണാ കാ മഹത്വ, പ്രേമപഥിക് എന്നീ രചനകളില്‍ നിരവധി പുതിയ ഹിന്ദി വൃത്തങ്ങള്‍ സന്നിവേശിപ്പിച്ചുകൊണ്ട് ഇദ്ദേഹവും ആ മാറ്റങ്ങളില്‍ പങ്കാളിയായി. 'ഝര്‍ന', 'ലഹര്‍' എന്നീ കവിതകളിലൂടെ നവീന ഹിന്ദി കവിതയിലെ കാല്പനിക യുഗത്തിനു തുടക്കം കുറിച്ചു. അതിന്റെ വികാസമാണ് ഛായാവാദം എന്ന ഹിന്ദി കാല്പനിക പ്രസ്ഥാനം. കാമായനിയാണ് (1925) ഏറ്റവും മഹത്തായ കാവ്യം. വൈവസ്വത മനുവിന്റെയും ശ്രദ്ധയുടെയും കഥയിലൂടെ മനുഷ്യമനസ്സിന്റെയും മാനവരാശിയുടെയും വികാസ പരിണാമങ്ങള്‍ പ്രതിരൂപാത്മകമായി ആവിഷ്കരിക്കുന്ന ഈ ആഖ്യാനകാവ്യം ക്ലാസ്സിക് ആയി. ആംസൂ ആണ് മറ്റൊരു മുഖ്യ കാവ്യകൃതി.

തനത് ഹിന്ദി നാടകവേദിക്കുവേണ്ടിയുള്ള അന്വേഷണം ഉടനീളം പുലര്‍ത്തിയിരുന്ന നാടകകൃത്താണ് ഇദ്ദേഹം. ചരിത്രനാടകങ്ങളാണ് അധികവും. ചന്ദ്രഗുപ്ത, സ്കന്ദഗുപ്ത എന്നിവയാണ് അവയില്‍ പ്രധാനം. കാമായനിയിലൂടെ രൂപപ്പെട്ട ജയശങ്കറിന്റെ സവിശേഷ ദര്‍ശനം എല്ലാ നാടകങ്ങളെയും ദീപ്തമാക്കിയിട്ടുണ്ട്. സ്നേഹവും കടപ്പാടും തമ്മിലുള്ളതും, വൈയക്തികേച്ഛയും സാമൂഹിക താത്പര്യങ്ങളും തമ്മിലുള്ളതുമായ സംഘര്‍ഷങ്ങളാണ് ഇവയിലെല്ലാമുള്ള ഇതിവൃത്തത്തിന്റെ കാതല്‍. നായികാ നായകന്മാരാകട്ടെ, മൂല്യങ്ങള്‍ക്കുവേണ്ടി കര്‍ക്കശമായ നിലപാടെടുക്കുന്നവരും ത്യാഗികളും ദേശസ്നേഹികളുമാണ്. അന്നു പ്രചാരത്തിലിരുന്ന പാഴ്സി ശൈലിയിലുള്ള മെലോഡ്രാമയും തരംതാണ ഭാഷയും ഒഴിവാക്കിയതുകൊണ്ട് നാടകങ്ങള്‍ രംഗ പ്രയോഗക്ഷമമല്ല എന്ന ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ പല നാടകങ്ങളും നല്ല രീതിയില്‍ രംഗത്തവതരിപ്പിച്ചു വിജയിച്ചിട്ടുണ്ട്. സജ്ജന്‍ ആണ് ആദ്യനാടകം. കല്യാണീപരിണയ്, വിശാഖ്, അജാതശത്രു, പ്രായശ്ചിത്ത്, ധ്രുവസ്വാമിനി, ജനമേജയ് കാ നാഗയജ്ഞ് എന്നിവയാണ് ഇതര നാടകങ്ങള്‍.

പാശ്ചാത്യ സാഹിത്യ സിദ്ധാന്തങ്ങളില്‍ അറിവുണ്ടായിരുന്ന നല്ലൊരു സൈദ്ധാന്തികന്‍ കൂടിയായിരുന്നു ഇദ്ദേഹം. 'ആത്മാവിന്റെ അനുഭവമാണു കവിത' എന്നു വിശ്വസിച്ചിരുന്ന ഇദ്ദേഹത്തിന് കലയെക്കുറിച്ചും സൗന്ദര്യത്തെക്കുറിച്ചും മൗലിക സങ്കല്പങ്ങളുണ്ട്. ഇന്ത്യന്‍ സാഹിത്യ സമീപനത്തെക്കുറിച്ചുള്ള തന്റെ നിരീക്ഷണങ്ങളും അപഗ്രഥനവും ഇദ്ദേഹം ശക്തമായ ഭാഷയില്‍ ആവിഷ്കരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സാഹിത്യ തത്ത്വചിന്താപരമായ ലേഖനങ്ങളുടെ സമാഹാരമാണ് കാവ്യ ഔര്‍ കലാ തഥാ അന്യ നിബന്ധ.

കങ്കാള്‍, തിതലി എന്നീ നോവലുകളും 5 കഥാസമാഹാരങ്ങളും പ്രസാദ് രചിച്ചിട്ടുണ്ട്. കാമായനിക്ക് 1937-ലെ അഖില ഭാരതീയ ഹിന്ദി സാഹിത്യ സമ്മേളനത്തില്‍ വച്ച് പരമോന്നത ബഹുമതിയായ 'മംഗളാ പ്രസാദ്' പാരിതോഷികം ലഭിച്ചു. 1937-ല്‍ ജയശങ്കര്‍ പ്രസാദ് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍