This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജയശങ്കര്‍, തിരുവിഴ (1937 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജയശങ്കര്‍, തിരുവിഴ (1937 - )

തിരുവിഴ ജയശങ്കര്‍

നാഗസ്വര വിദ്വാന്‍. ആലപ്പുഴ ജില്ലയിലെ തിരുവിഴാ ഗ്രാമത്തില്‍ തിരുവിഴാ രാഘവപ്പണിക്കരുടെയും കമലമ്മയുടെയും പുത്രനായി 1937-ല്‍ ജയശങ്കര്‍ ജനിച്ചു. അച്ഛന്‍ കേരള സംഗീത നാടക അക്കാദമിയുടെ അവാര്‍ഡ് നേടിയ പ്രസിദ്ധ നാഗസ്വര വിദ്വാനായിരുന്നു. അദ്ദേഹം തന്നെയാണ് ജയശങ്കറിന്റെ ഗുരു. 15-ാമത്തെ വയസ്സില്‍ കായംകുളം, പത്തിയൂര്‍ ദേവീക്ഷേത്രത്തില്‍ വച്ച് അരങ്ങേറ്റം നടന്നു. 1956-ല്‍ ബി.എ.-ക്ക് (സംഗീതമായിരുന്നു ഐച്ഛിക വിഷയം) പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ ആകാശവാണി നടത്തിയ സംഗീത മത്സരത്തില്‍ രാഷ്ട്രപതിയുടെ അവാര്‍ഡ് നേടി. 1958-ല്‍ നാഗസ്വരത്തില്‍ ഉപരിപഠനത്തിനുള്ള ഗവ. സ്കോളര്‍ഷിപ്പ് കിട്ടിയെങ്കിലും ബിരുദധാരിയായ ഒരു നാഗസ്വരവിദ്വാനാകണം എന്ന് ആഗ്രഹിച്ചതുകൊണ്ട് ഉപരിപഠനം വേണ്ടെന്ന് വച്ചു. 1962-ല്‍ സംഗീതത്തില്‍ ബി.എ.ഡിഗ്രി നേടി. പിന്നീട് തിരുവനന്തപുരം സംഗീതകോളജില്‍ ചേര്‍ന്ന് ഗാനപ്രവീണ പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ളോമ കരസ്ഥമാക്കി. 1956-ല്‍ തിരുവനന്തപുരം ആകാശവാണിയില്‍ സ്റ്റാഫ് ആര്‍ട്ടിസ്റ്റായി ജോലിയില്‍ പ്രവേശിച്ചു. 1996-ല്‍ സര്‍വീസില്‍ നിന്നും പിരിഞ്ഞു. ചെമ്പൈ വൈദ്യനാഥ ഭാഗവതരില്‍ നിന്ന് 'സുനാദ ഭൂഷണ', തമിഴ് നാട്ടില്‍ നിന്നു 'നാഗസ്വര ഈശൈമണി', 'നാദഗാന ഇശൈ അരശ്' ആന്ധ്രയില്‍ നിന്നു 'നാഗസ്വര രത്ന', എറണാകുളം ഫൈന്‍ ആര്‍ട്ട്സ് സൊസൈറ്റിയുടെ 'നാഗസ്വര പ്രവീണ' എന്നിവ ഉള്‍പ്പെടെ പല ബഹുമതികളും ലഭിച്ചിട്ടുണ്ട്. 1976 മുതല്‍ 79 വരെ കേരള സംഗീത നാടക അക്കാദമി അംഗമായിരുന്നു. 1982-ല്‍ കേരള സംഗീത-നാടക അക്കാദമി അവാര്‍ഡ് ലഭിച്ചു. 1985-ല്‍ ഫെസ്റ്റിവല്‍ ഒഫ് ഇന്ത്യയില്‍ പാരിസിലും ജര്‍മനിയിലെ പല നഗരങ്ങളിലും നാഗസ്വരക്കച്ചേരികള്‍ നടത്തി. ആകാശവാണി, ദൂരദര്‍ശന്‍ എന്നിവയുടെ ദേശീയ ശൃംഖലയില്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. കൊളംബിയയുടെ എല്‍.പി.റിക്കാര്‍ഡുകളും അനേകം കാസ്റ്റുകളും ജയശങ്കറിന്റേതായുണ്ട്.

(പ്രൊഫ. എം.കെ. മോഹനചന്ദ്രന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍