This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജയവര്‍ധനെ, ജെ.ആര്‍. (1906 - 96)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജയവര്‍ധനെ, ജെ.ആര്‍. (1906 - 96)

ജെ.ആര്‍.ജയവര്‍ധനെ

ശ്രീലങ്കന്‍ രാഷ്ട്രീയനേതാവ്. മുന്‍പ്രധാനമന്ത്രിയും ആദ്യപ്രസിഡന്റും ആയിരുന്ന ഇദ്ദേഹത്തിന്റെ മുഴുവന്‍ പേര് ജൂനിയസ് റിച്ചാഡ് ജയവര്‍ധനെ. ജെ.ആര്‍. എന്ന ചുരുക്കപ്പേരിലും അറിയപ്പെട്ടിരുന്നു. സിലോണ്‍ സുപ്രീം കോടതി ജഡ്ജിയായിരുന്ന ഇ.കെ. ജയവര്‍ധനെയുടെ പുത്രനായി 1906 സെപ്. 17-ന് ഇദ്ദേഹം കൊളംബോയില്‍ ജനിച്ചു. ജയവര്‍ധനെയുടെ പൂര്‍വികര്‍ ഇന്ത്യയില്‍ നിന്നും കുടിയേറിയവരാണെന്നു കരുതപ്പെടുന്നു. കൊളംബോയിലെ റോയല്‍ കോളജ്, യൂണിവേഴ്സിറ്റി കോളജ്, ലാ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍തന്നെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നു. അക്കാലത്ത് ഇദ്ദേഹം മഹാത്മാഗാന്ധിയുടെ പ്രവര്‍ത്തനങ്ങളോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്നു. നിയമപഠനം പൂര്‍ത്തിയാക്കിയശേഷം മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായി. സിലോണ്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുന്നതില്‍ ഇദ്ദേഹം സുപ്രധാന പങ്കു വഹിച്ചിരുന്നു.

1943-ല്‍ ജയവര്‍ധനെ പാര്‍ലമെന്റംഗമായി. യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിയുടെ (യു.എന്‍.പി.) തുടക്കം മുതല്‍ ഇദ്ദേഹം അതില്‍ പ്രവര്‍ത്തിച്ചിരുന്നു. പാര്‍ട്ടിയുടെ ട്രഷററും വൈസ് പ്രസിഡന്റുമായിരുന്ന ഇദ്ദേഹം പാര്‍ട്ടി അധികാരത്തില്‍ വന്നപ്പോള്‍ മന്ത്രിയായി. ധനകാര്യവകുപ്പ് (1947-53), ഭക്ഷ്യ, കൃഷി വകുപ്പുകള്‍ (1953-56), ധനകാര്യം, വാര്‍ത്താവിതരണം, തദ്ദേശഭരണം എന്നീ വകുപ്പുകള്‍ (1960 മാ.- ജൂല.) ഇദ്ദേഹം വഹിച്ചിരുന്നു. 1960 ജൂല. മുതല്‍ 65 വരെ ഇദ്ദേഹം പ്രതിപക്ഷ ഉപനേതാവായിരുന്നു. 1965 മുതല്‍ 70 വരെ ജയവര്‍ധനെ വീണ്ടും മന്ത്രിയായി. 1970 മുതല്‍ 77 വരെ ഇദ്ദേഹം പ്രതിപക്ഷ നേതാവായിരുന്നു. 1973-ല്‍ ഇദ്ദേഹം പാര്‍ട്ടിയുടെ പരമോന്നത നേതാവായി.

1977 ജൂല.-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ യു.എന്‍.പിക്ക് ഭൂരിപക്ഷം ലഭിച്ചതോടെ ജയവര്‍ധനെ പ്രധാനമന്ത്രിയായി. 1977 ഒ.-ലെ ഭരണഘടനാ ഭേദഗതിയിലൂടെ രാജ്യത്ത് പ്രസിഡന്‍ഷ്യല്‍ ഭരണ സമ്പ്രദായം നടപ്പിലാക്കിയ ജയവര്‍ധനെ 1978 ഫെ.-ല്‍ ശ്രീലങ്കയുടെ ആദ്യത്തെ എക്സിക്യൂട്ടീവ് പ്രസിഡന്റായി അധികാരമേറ്റു. 1982 ഒ.-ല്‍ പ്രസിഡന്റായി ഇദ്ദേഹം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

ശ്രീലങ്കയിലെ വംശീയ പ്രശ്നങ്ങള്‍ക്കു പരിഹാരമുണ്ടാക്കാന്‍ ഇദ്ദേഹം നടപടിയെടുത്തിരുന്നു. തമിഴ് വിമോചന പുലികള്‍ പോരാട്ടം ശക്തിപ്പെടുത്തിയതോടെ സങ്കീര്‍ണമായ പ്രശ്നം പരിഹരിക്കാന്‍ ജയവര്‍ധനെ 1985-ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുമായി ചര്‍ച്ച നടത്തുകയും 1987 ജൂല. 29-ന് ഇന്ത്യയുമായി കരാര്‍ ഒപ്പു വയ്ക്കുകയും ചെയ്തു. 1987 ആഗ. 18-ന് ജയവര്‍ധനെക്കുനേരെ വധശ്രമമുണ്ടായി. 1989 ജനു. വരെ ഇദ്ദേഹം ശ്രീലങ്കയുടെ പ്രസിഡന്റായി തുടര്‍ന്നു. 1989-ല്‍ രാഷ്ട്രീയത്തില്‍ നിന്നും വിരമിച്ച ജയവര്‍ധനെ 1996 ന. 1-ന് കൊളംബോയില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍