This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജയഭാദുരി (1949 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജയഭാദുരി (1949 - )

ഹിന്ദിചലച്ചിത്രനടിയും സാമൂഹ്യ പ്രവര്‍ത്തകയും. പ്രസിദ്ധ പത്രപ്രവര്‍ത്തകനായ തരുണ്‍കുമാര്‍ ഭാദുരിയുടെ പുത്രിയായി 1949-ല്‍ ഭോപാലില്‍ ജനിച്ചു.

ജയഭാദുരി

ഭോപാലിലെ സെന്റ് ജോസഫ് കോണ്‍വെന്റില്‍ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ഡി.എ.വി. കോളജില്‍ ചേര്‍ന്നു. കോളജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതിനു മുമ്പുതന്നെ പൂണെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശനം ലഭിച്ച ജയഭാദുരി അവിടെ നിന്ന് അഭിനയത്തില്‍ ഡിപ്ളോമ നേടി. പിന്നീട് അഞ്ചു വര്‍ഷത്തോളം ഇവര്‍ ഭരതനാട്യം അഭ്യസിച്ചു.

തികച്ചും ആകസ്മികമായിട്ടായിരുന്നു ഇവര്‍ സിനിമയില്‍ എത്തിയത്. കോണ്‍വെന്റില്‍ പഠിക്കുമ്പോള്‍ പുരിയില്‍ വച്ച് ഷര്‍മിള ടാഗോറുമായി പരിചയപ്പെടാനിടയായി. അവിടെ വച്ച് ഷര്‍മിള തന്നെ ജയഭാദുരിക്ക് സത്യജിത്റേയെ പരിചയപ്പെടുത്തിക്കൊടുത്തു. മഹാനഗര്‍ എന്ന സിനിമ നിര്‍മിക്കുന്നതിന്റെ തിരക്കിലായിരുന്നു അപ്പോള്‍ റേ. മഹാനഗറില്‍ അഭിനയിക്കാന്‍ ജയഭാദുരിക്ക് അവസരം കൊടുക്കണമെന്ന ഷര്‍മിളയുടെ അഭ്യര്‍ഥന അദ്ദേഹം സ്വീകരിക്കുകയും നായികയുടെ സഹോദരിയുടെ ഭാഗം ജയയ്ക്കു നല്കുകയും ചെയ്തു (1962).

സജ്ജീര്‍, അഭിമാന്‍, കോശിശ്, ശോലെ, വിലി, കോരാകാഗസ് എന്നീ ചിത്രങ്ങള്‍ ജയയുടെ അഭിനയ വൈഭവം വെളിവാക്കുന്നു. ബാസു ചാറ്റര്‍ജിയുടെ സാരാ ആകാശ്, ഋഷികേശ് മുഖര്‍ജിയുടെ ഗുഡ്ഡി എന്നീ ചിത്രങ്ങളിലെ അഭിനയവും പ്രശംസിക്കപ്പെട്ടു.

1973-ല്‍ അമിതാഭ്ബച്ചനും ജയയും വിവാഹിതരായി. വിവാഹശേഷം ചലച്ചിത്രാഭിനയത്തില്‍ നിന്നും വിരമിച്ചു. അമിതാഭിന്റെ കൂടെ സാമൂഹ്യപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്ന ജയ കുട്ടികള്‍ക്കും ചെറുപ്പക്കാര്‍ക്കുമുള്ള സിനിമയുടെ ദേശീയ കേന്ദ്രവുമായി സഹകരിക്കുന്നുണ്ട്. തിരുവനന്തപുരത്തു നടന്ന കുട്ടികളുടെ സിനിമകളുടെ അന്തര്‍ദേശീയ മേളയില്‍ ഇവര്‍ നേതൃത്വം വഹിച്ചു. ഒന്നര ദശാബ്ദത്തിന്റെ മൗനത്തിനുശേഷം ഇവര്‍ ഗോവിന്ദ് നിഹലാനിയുടെ ഹസാര്‍ ചൌരാസി കിമായില്‍ അഭിനയിക്കുകയുണ്ടായി.

ജയാബച്ചന്‍ ദമ്പതികള്‍ക്ക് രണ്ട് കുട്ടികളുണ്ട്-അഭിഷേക്, ശ്വേത. അഭിഷേക് ബച്ചന്‍ ഹിന്ദി ചലച്ചിത്രങ്ങളില്‍ അഭിനയിക്കുന്നുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍