This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജയപാലപ്പണിക്കര്‍, കെ. (1937 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജയപാലപ്പണിക്കര്‍, കെ. (1937 - )

കെ.ജയപാലപ്പണിക്കര്‍

കേരള ചിത്രകാരനും ശില്പിയും. 1937 ന. 2-നു കൊല്ലത്ത് (അഞ്ചാലുംമൂട്) ജനിച്ചു. മദ്രാസിലെ ആര്‍ട്ട്സ് & ക്രാഫ്റ്റ്സ് കോളജില്‍ നിന്നും ചിത്രകലയില്‍ ഡിപ്ളോമ നേടി. മദ്രാസിലെ ചോഴമണ്ഡല്‍ ആര്‍ട്ടിസ്റ്റ് വില്ലേജ് സ്ഥാപിക്കുവാനുള്ള കെ.സി.എസ്. പണിക്കരുടെ ശ്രമത്തില്‍ സജീവമായി സഹകരിക്കുകയുണ്ടായി. സംസ്ഥാന ദേശീയ-അന്തര്‍ദേശീയ തലത്തില്‍ ചിത്രപ്രദര്‍ശനങ്ങള്‍ നടത്തുകയും നിരവധി അവാര്‍ഡുകള്‍ നേടുകയും ചെയ്തിട്ടുള്ള ജയപാലപ്പണിക്കര്‍ തനതായ രചനാ ശൈലിയും സര്‍ഗസമ്പത്തുമുള്ള കലാകാരനാണ്. ദേശീയതലത്തിലും അന്തര്‍ ദേശീയതലത്തിലുമുള്ള നിരവധി മേളകളില്‍ ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

മദ്രാസ് ലളിതകലാ അക്കാദമി (1965), ഹൈദരാബാദ് ആര്‍ട്സ് സൊസൈറ്റി (1965), കേരള ലളിതകലാ അക്കാദമി (1974, 1983, 1989) കല്‍ക്കത്ത ഫൈന്‍ ആര്‍ട്സ് അക്കാദമി (1967, 68) എന്നീ സമിതികളുടെ അവാര്‍ഡുകള്‍ ജയപാലപ്പണിക്കര്‍ക്കു ലഭിച്ചിട്ടുണ്ട്. 1989-ല്‍ കേന്ദ്ര ലളിതകലാ അക്കാദമി അവാര്‍ഡും കേന്ദ്ര സര്‍ക്കാര്‍ ഫെലോഷിപ്പും ലഭിച്ചു. ജയപാലപ്പണിക്കരുടെ ചിത്രങ്ങളെ ഏതെങ്കിലും ഒരു വകുപ്പില്‍പ്പെടുത്താനാവില്ല. ക്രമാനുഗതമായി വളരുകയും വികസിക്കുകയും സ്വയം പരിണാമ വിധേയമാവുകയും ചെയ്യുന്ന ഒന്നാണ് പണിക്കരുടെ ശൈലി. പ്രാരംഭത്തില്‍ ഒരു പ്രത്യേക ശൈലിയില്‍ നിശ്ചല ദൃശ്യങ്ങള്‍ ആലേഖനം ചെയ്തുകൊണ്ടാരംഭിച്ച പണിക്കര്‍ ആര്‍ക്കേക് മെമ്മറീസ്, ബീജാഗ്നി-ജീവാഗ്നി തുടങ്ങിയ പരമ്പരകളിലെത്തുമ്പോള്‍ തനിമയുള്ള അമൂര്‍ത്തകലയുടെ വക്താവായിത്തീരുന്നു. ടെമ്പറയില്‍ രചിച്ച (ല)യത്രയമെന്ന പരമ്പരയിലാവട്ടെ പണിക്കരുടെ ഗഹനതയുള്ള മൂര്‍ത്തകല ഒരു അഭൗമതലം കൈവരിക്കുന്നു. ഒരു പടവുകൂടി കടക്കുകയാണ് മെഷര്‍ പരമ്പരയിലെ രചനകള്‍. അടുത്ത കാലത്തായി ഇദ്ദേഹത്തിന്റെ രചനകളില്‍ ആലങ്കാരികശൈലിയിലേക്കുള്ള പരിണാമം ദൃശ്യമാണ്.

ആദ്യകാല ആര്‍ക്കേക് മെമ്മറി ചിത്രങ്ങളില്‍ പഴമയുടെ മണവും അന്തരീക്ഷവും അനുഭവപ്പെടുന്നു. അമൂര്‍ത്ത സ്വപ്നങ്ങളുടെ അവികലമായ ആവര്‍ത്തനമാണ് ബീജാഗ്നി-ജീവാഗ്നി പരമ്പര. താന്ത്രിക് രീതിയില്‍ മിത്തുകള്‍ മെനഞ്ഞെടുത്ത് അവയ്ക്ക് ദൃശ്യപരമായ ശാശ്വതത്വം നല്കാനുള്ള പണിക്കരുടെ കഴിവ് ശ്രദ്ധേയമാണ്.

ഹോളോഗ്രാഫിക് സങ്കേതത്തില്‍ ഇദ്ദേഹം നിരവധി ചിത്രങ്ങള്‍ രചിച്ചിട്ടുണ്ട്. എണ്ണച്ചായങ്ങളെക്കാള്‍ ടെമ്പറ, അക്രിലിക്, മഷി എന്നീ മാധ്യമങ്ങളാണ് പണിക്കര്‍ അധികം ഉപയോഗിച്ചിട്ടുള്ളത്. ജ്യാമിതീയ രൂപങ്ങള്‍, കളങ്ങള്‍, വര്‍ണ സഞ്ചയങ്ങള്‍, പൊതുവിലുള്ള സുതാര്യത, 'സ്പേസ് വിതിന്‍ ദ് സ്പേസ്'-സ്വഭാവം എന്നിവ ജയപാലപ്പണിക്കരുടെ ചിത്രങ്ങളുടെ സവിശേഷതയാണ്. ബാത്തിക് കലാരംഗത്തും ജയപാലപ്പണിക്കര്‍ മികവ് തെളിയിച്ചിട്ടുണ്ട്.

ഡല്‍ഹി, കല്‍ക്കത്ത, ചെന്നൈ, മുംബൈ, ബാംഗ്ളൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളിലെ ആര്‍ട്ട് ഗ്യാലറികളില്‍ ജയപാലപ്പണിക്കരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

(പ്രൊഫ. എം. ഭാസ്കരപ്രസാദ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍