This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജയകാന്തന്‍ (1934 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

16:04, 27 ഫെബ്രുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജയകാന്തന്‍ (1934 - )

ജയകാന്തന്‍

തമിഴ് നോവലിസ്റ്റും കഥാകൃത്തും. ദണ്ഡപാണിരപ്പിള്ളയുടെയും മഹാലക്ഷ്മിയുടെയും പുത്രനായി 1934 ഏ. 24-ന് ഗൂഡല്ലൂരില്‍ ജനിച്ചു. ഔപചാരിക വിദ്യാഭ്യാസം നേടാന്‍ കഴിയാത്ത ജയകാന്തന്‍ കൗമാരത്തില്‍ പുസ്തകങ്ങള്‍ വായിച്ചു പഠിച്ചു. പാശ്ചാത്യ നോവല്‍-കഥാസാഹിത്യങ്ങളോടായിരുന്നു ഏറെ പ്രിയം. വായനയോടൊപ്പം സാമൂഹ്യ-സാംസ്കാരിക പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടു. കമ്യൂണിസ്റ്റു പാര്‍ട്ടിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തിലെ നിന്ദിതരുടെയും പീഡിതരുടെയും ദുരിതപൂര്‍ണമായ ജീവിതത്തെ അടുത്തറിയുവാന്‍ ജയകാന്തന് കഴിഞ്ഞു. തന്റെയും തന്റെ ചുറ്റുപാടുകളിലെയും വിഷാദങ്ങള്‍ക്കും പ്രത്യാശകള്‍ക്കും ജയകാന്തന്‍ നല്കിയ പരുഷമായ അക്ഷരരൂപമാണ് ഓരോ രചനയും.

തെരുക്കൂത്തു കളിക്കുന്ന അരങ്ങുകള്‍ക്കു മുന്നില്‍ നിന്ന് കലയുടെ ബാലപാഠങ്ങള്‍ കണ്ടെറിഞ്ഞ ഇദ്ദേഹം ആദ്യം നാടക-ചലച്ചിത്രരംഗത്തേക്കായിരുന്നു കാല്‍ വച്ചത്. അരങ്ങിന്റെയും വെള്ളിത്തിരയുടെയും വിപണന താത്പര്യങ്ങള്‍ തന്റെ വിട്ടുവീഴ്ചകള്‍ക്കു മുതിരാത്ത സര്‍ഗശേഷിക്ക് തികച്ചും പ്രതികൂലമാണെന്ന് തിരിച്ചറിഞ്ഞ ഇദ്ദേഹം ചെറുകഥയും നോവലും മുഖ്യമാധ്യമങ്ങളാക്കി. അത് അമ്പതുകളിലെ തമിഴ്കഥാ സാഹിത്യത്തില്‍ ശക്തമായ സ്വാധീനം ചെലുത്തുകയും ചെയ്തു.

ആണുംപെണ്ണും (1953) ആണ് ആദ്യകഥ. പിന്നീട് ശക്തവും പുരോഗമനപരവും അങ്ങേയറ്റം കലാത്മകവുമായ ചെറുകഥകള്‍ എഴുതിക്കൊണ്ട് ഇദ്ദേഹം തമിഴ് കഥാസാഹിത്യത്തിലെ മുന്‍നിരക്കാരനായി. ആദ്യകാലകഥകളില്‍ ലൈംഗികത യഥാതഥമായി ആവിഷ്കരിച്ചത് വിവാദങ്ങള്‍ക്കു തിരികൊളുത്തിയിരുന്നു. എന്നാല്‍ അതീവ സ്വകാര്യങ്ങളായ മാനുഷികവ്യാപാരങ്ങളെപ്പോലും സൂക്ഷ്മമായും ഗഹനമായും അവതരിപ്പിക്കുന്ന ഇദ്ദേഹത്തിന്റെ ആഖ്യാനശൈലി വളരെ വേഗം ആസ്വാദക പ്രശംസ പിടിച്ചുപറ്റി. നിസീമമായ കാരുണ്യത്തിന്റെ കഥകളാണ് ഇദ്ദേഹത്തിന്റെ രചനകളെല്ലാം. ഏറെ ശ്രദ്ധിക്കപ്പെട്ട നാന്‍ ഇരുക്കിറേന്‍ എന്ന കഥ ഈ സവിശേഷതകളെല്ലാം ഉള്‍ക്കൊള്ളുന്നു. ഒരു കുഷ്ഠരോഗിയായ യാചകന്റെ മനസ്സിന്റെ ആഴങ്ങളിലേക്കാണ് ഇതിലൂടെ കഥാകാരന്‍ ഇറങ്ങിച്ചെല്ലുന്നത്. 1973-ല്‍ ജയകാന്തന്‍ ചിറുകതൈകള്‍ എന്ന സമാഹാരം പ്രസിദ്ധീകരിക്കപ്പെട്ടു.

ആദ്യനോവല്‍ വാഴൈക അഴൈക്കിറത് (1957) ആണ്. നോവലുകള്‍ അധികവും ചുരുങ്ങിയ കാലം കൊണ്ട് നിരവധി പതിപ്പുകള്‍ വിറ്റഴിക്കപ്പെട്ടു. പലതും നിരവധി യൂറോപ്യന്‍ ഭാഷകളില്‍ തര്‍ജുമ ചെയ്തിട്ടുമുണ്ട്. ഒരു നാടിഗൈ നാടകം പാര്‍ക്കിറാള്‍ എന്ന നോവല്‍ യഥാതഥമായ ലോകവീക്ഷണം വച്ചുപുലര്‍ത്തുന്ന ഒരു സ്ത്രീയുടെയും കാല്പനിക മനസ്സുള്ള ഒരു പുരുഷന്റെയും തെറ്റിപ്പിരിയലിന്റെ കഥയാണ്. പാരീസിക്കു പാ യാഥാസ്ഥിതികനായ ഒരു പിതാവും പാശ്ചാത്യസംഗീതത്തില്‍ പ്രാവീണ്യം നേടിയ പരിഷ്കൃതചിത്തനായ മകനും തമ്മിലുള്ള സംഘര്‍ഷമാണ് ആവിഷ്കരിക്കുന്നത്. ചില നേരങ്കളില്‍ ചില മനിതര്‍കള്‍ എന്ന നോവലില്‍ പഴക്കമുള്ള വഴക്കങ്ങളെയും മാമൂലുകളെയും ചോദ്യം ചെയ്യുന്ന ഗംഗ എന്ന സ്ത്രീയുടെ കഥയാണുള്ളത്. ഒരു മനിതന്‍; ഒരു വീട്, ഒരു ഉലകം, സുന്ദരകാണ്ഡം, ജയജയശങ്കര, യാരുക്കാക അഴുതാന്‍, ഉന്നൈപ്പോല്‍ ഒരുവന്‍, യുഗസന്ധി എന്നിവയാണ് മറ്റു നോവലുകള്‍.

ഇദ്ദേഹത്തിന്റെ ആത്മകഥയാണ് ഒരു ഇലക്കിയവാദിയിന്‍ കലിയുഗ അനുപവങ്കള്‍ (1980).

സാഹിത്യ അക്കാദമി അവാര്‍ഡും (1972) തമിഴ് യൂണിവേഴ്സിറ്റി ഏര്‍പ്പെടുത്തിയ രാജരാജചോള പുരസ്കാരവും (1985) ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍