This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജമീന്ദാര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജമീന്ദാര്‍

ഉത്തേരന്ത്യയിലെ പരമ്പരാഗത ഭൂപ്രഭു. 14-ാം ശ.-ന്റെ മധ്യത്തോടെയാണ് ഉത്തരേന്ത്യന്‍ കാര്‍ഷിക സമൂഹം കര്‍ഷകരും ജമീന്ദാര്‍മാരും എന്ന രണ്ടു വിഭാഗങ്ങളായി വേര്‍തിരിയുന്നത്. കാര്‍ഷിക മേഖലയില്‍ രാഷ്ട്രീയ സാമ്പത്തിക ആധിപത്യമുള്ള ഭൂപ്രഭു വിഭാഗങ്ങളുടെ പ്രതിനിധി എന്ന അര്‍ഥത്തിലാണ് 'ജമീന്ദാര്‍' എന്ന പദം സാധാരണയായി വ്യവഹരിക്കപ്പെടുന്നത്. ബംഗാളിനു മേല്‍ അധിനിവേശമുറപ്പിച്ച മുഗള്‍ ഭരണാധികാരിയായിരുന്ന ഫിറോഷ് തുഗ്ളക്ക് 1353-ല്‍ പുറപ്പെടുവിച്ച ഒരു വിളംബരത്തില്‍, മുഖദംസ്, മഫ്രോസീസ്, മാലിക് എന്നീ വിഭാഗങ്ങളെയാണ് ജമീന്ദാര്‍ എന്നതുകൊണ്ടര്‍ഥമാക്കുന്നതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. മുഗള്‍ഭരണാധികാരികള്‍ക്കുവേണ്ടി ഭൂനികുതി പിരിക്കാന്‍ അധികാരപ്പെടുത്തിയിട്ടുള്ള പരമ്പരാഗത ഗ്രാമീണ വരേണ്യ വിഭാഗങ്ങളാണ് പ്രാദേശിക ഭേദങ്ങളനുസരിച്ച് മുഖദംസ്, മഫ്രോസീസ്, മാലിക് എന്നൊക്കെ അറിയപ്പെട്ടിരുന്നത്. കാര്‍ഷികമിച്ചം സംഭരിക്കുന്നതിനുവേണ്ടി മുഗള്‍ ഭരണകൂടം ആവിഷ്കരിച്ച നയങ്ങളുടെ ഉത്പന്നമാണ് 'ജമീന്ദാര്‍' എന്ന ഭൂപ്രഭുവിഭാഗം. നികുതി ഭരണകൂടത്തിന്റെ പ്രധാന വരുമാന സ്രോതസ്സായതോടെയാണ് ജമീന്ദാര്‍മാര്‍ രാഷ്ട്രീയ-സാമ്പത്തിക ആധിപത്യം നേടുന്നത്. ഗ്രാമീണ കര്‍ഷകജനവിഭാഗങ്ങളെ ഞെക്കിപ്പിഴിഞ്ഞ്, പ്രാദേശികമായ സ്വന്തം അധികാരകേന്ദ്രങ്ങള്‍ സ്ഥാപിച്ച ജമീന്ദാര്‍മാരുടെ വികാസമാണ് 1793-ലെ 'പെര്‍മനന്റ് സെറ്റില്‍മെന്റ് ആക്റ്റി'നു പശ്ചാത്തലമൊരുക്കിയത്.

ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ ഏറ്റവും പ്രധാനപ്പെട്ട വരുമാനമാര്‍ഗമായി അവര്‍ കണ്ടത് ഭൂനികുതിയായിരുന്നു. ബിഹാര്‍, ബംഗാള്‍, ഒറീസ, ഉത്തര്‍പ്രദേശ് തുടങ്ങിയ പ്രവിശ്യകളില്‍നിന്നും പരമാവധി വരുമാനം ഉണ്ടാക്കുന്നതിനുള്ള പരിശ്രമം കൂടിയായിരുന്നു, 1793-ലെ നിയമം. പരമ്പരാഗത ജമീന്ദാര്‍മാര്‍ക്ക് ഭൂമിയുടെ മേല്‍ ഉടമസ്ഥാവകാശം ലഭിച്ചു എന്നതാണ് ഈ നിയമത്തിന്റെ സവിശേഷത. പെര്‍മനന്റ് സെറ്റില്‍മെന്റ് ആക്റ്റിനെ ഇന്ത്യന്‍ ഫ്യൂഡലിസത്തിന്റെ ചരിത്രത്തിലെ ഒരു വഴിത്തിരിവായി ചരിത്രകാരന്മാര്‍ വിശേഷിപ്പിക്കുന്നത് അതുകൊണ്ടാണ്. 1793-നു മുമ്പു വരെ ഭൂസ്വത്തവകാശം ഉണ്ടായിരുന്നില്ല. ഭൂമിയില്‍ നിന്നുള്ള ഉത്പന്നത്തിനു മേല്‍ മാത്രമേ ജമീന്ദാര്‍മാര്‍ക്ക് അവകാശമുണ്ടായിരുന്നുള്ളൂ. എന്നാല്‍ 1793-ലെ നിയമം പരമ്പരാഗത ജമീന്ദാര്‍മാരെ 'മണ്ണിന്റെ ഉടമകളാ'യി പ്രതിഷ്ഠിക്കുക മാത്രമല്ല അവര്‍ ഭരണകൂടത്തിനു നല്കേണ്ട നികുതി കുടിശ്ശിക ക്ലിപ്തപ്പെടുത്തുകയും ചെയ്തു. വ്യവസായ നിക്ഷേപത്തിനാവശ്യമായ മൂലധനം സമാഹരിക്കുക എന്നതായിരുന്നു ഗവര്‍ണര്‍ ജനറല്‍ കോണ്‍വാലീസ് പ്രഭുവിന്റെ ലക്ഷ്യം. ഭൂമിക്കുമേലുള്ള പരമ്പരാഗത അവകാശത്തിന്റെ അടിസ്ഥാനത്തില്‍ ജമീന്ദാര്‍മാരെ 'പ്രാഥമിക ജമീന്ദാര്‍' എന്നും 'ദ്വിതീയ (ഇടത്തട്ട്) ജമീന്ദാര്‍' എന്നും രണ്ടായി വിഭജിക്കാറുണ്ട്. പ്രാഥമിക ജമീന്ദാര്‍ക്ക് ഭൂവുടമസ്ഥാവകാശം മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കില്‍ ദ്വിതീയര്‍ക്ക് നികുതി പിരിക്കാനും അവകാശമുണ്ടായിരുന്നു. കാര്‍ഷികമേഖലയില്‍ വാണിജ്യവത്കരണവും പണസമ്പദ്ഘടനയും വികസിക്കാന്‍ തുടങ്ങിയതിന്റെ ഫലമായി ഇടത്തട്ടുകാരായ ജമീന്ദാര്‍മാര്‍ കൂടുതല്‍ ശക്തരായി. 1793 വരെ ഭൂനികുതിയില്‍ കുടിശ്ശിക വരുത്തുന്ന ജമീന്ദാര്‍മാരെ ശിക്ഷിക്കുകയായിരുന്നു പതിവ്. എന്നാല്‍ പുതിയ നിയമം നിലവില്‍ വന്നതോടെ കുടിശ്ശികക്കാരുടെ ഭൂസ്വത്തുക്കള്‍ കണ്ടുകെട്ടാനും ലേലം ചെയ്തു വില്‍ക്കാനും തുടങ്ങി. ഭൂമിയുടെ ക്രയവിക്രയം വളരുകയും ക്രമേണ ഒരു ഭൂവിപണി രൂപവത്കൃതമാവുകയും ചെയ്തു. പരമ്പരാഗത ജമീന്ദാര്‍മാരില്‍ ഗണ്യമായ ഒരു വിഭാഗം ക്ഷയിക്കാനും ഭൂമിയില്‍ വന്‍തോതില്‍ നിക്ഷേപം നടത്തിയ പണമിടപാടുകാരും വ്യാപാരികളുമടങ്ങുന്ന ഒരു പുത്തന്‍ ജമീന്ദാരിവിഭാഗം ആവിര്‍ഭവിക്കാനും ഇതു കാരണമായിട്ടുണ്ട്.

1920-കളില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആവിഷ്കരിച്ച പ്രക്ഷോഭങ്ങളുടെ ഫലമായി, ജമീന്ദാരി സമ്പ്രദായത്തിനെതിരായ ചിന്താഗതി ശക്തമായി. 'നികുതിയില്ല, വരുമാനവുമില്ല' (No rent. No revenue) എന്ന പേരില്‍ പ്രസിദ്ധമായ പ്രക്ഷോഭങ്ങള്‍, ജമീന്ദാരി സമ്പ്രദായത്തിനെതിരായ നടപടികള്‍ സ്വീകരിക്കാന്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിനെ നിര്‍ബന്ധിതമാക്കുകയും ചെയ്തു. സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം, ജമീന്ദാരി സമ്പ്രദായം നിരോധിച്ചു കൊണ്ടുള്ള നിയമം 1951-ല്‍ പാസ്സാക്കുകയുണ്ടായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍