This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജമാല്‍-അല്‍-ദീന്‍-അല്‍-അഫ്ഗാനി (1838/39 - 97)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജമാല്‍-അല്‍-ദീന്‍-അല്‍-അഫ്ഗാനി (1838/39 - 97)

Jamal-al-Din-al-Afghani

ഇസ്ലാമിക തത്ത്വചിന്തകന്‍. 19-ാം ശ.-ല്‍ ഉദയം ചെയ്ത സാര്‍വലൌകിക ഇസ്ലാമികത്വത്തിന്റെ വക്താവായ ഇദ്ദേഹം രാഷ്ട്രീയ പ്രക്ഷോഭകാരി, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളിലും പ്രശസ്തനാണ്. 1838(39)ല്‍ പേര്‍ഷ്യയിലെ അസദാബാദില്‍ ജനിച്ചു. മാതാപിതാക്കളെക്കുറിച്ചും ബാല്യകാല ജീവിതത്തെക്കുറിച്ചും വ്യക്തമായ രേഖകള്‍ ലഭ്യമല്ല. അഫ്ഗാനി എന്ന പേര്‍ പില്ക്കാലത്തു സ്വീകരിച്ചതാണെന്നും യഥാര്‍ഥത്തില്‍ ഇദ്ദേഹം പേര്‍ഷ്യയിലെ ഷിയാവിഭാഗക്കാരനാണെന്നും ചില പണ്ഡിതന്മാര്‍ വിശ്വസിക്കുന്നു.

ദൈവശാസ്ത്രം, തത്ത്വശാസ്ത്രം എന്നീ വിഷയങ്ങളില്‍ പാണ്ഡിത്യം ആര്‍ജിക്കുക എന്ന ലക്ഷ്യത്തോടെ യൗവനത്തില്‍, ദക്ഷിണ മെസെപ്പൊട്ടേമിയയിലെ ഷിയാ കേന്ദ്രങ്ങളായ കര്‍ബല, അല്‍-മജാഫ് എന്നിവിടങ്ങളിലും ഇന്ത്യ, ഇസ്താംബൂള്‍ എന്നിവിടങ്ങളിലും ചുറ്റി സഞ്ചരിച്ചു. 1866-ല്‍ അഫ്ഗാനിസ്താനില്‍ എത്തിയതു മുതലാണ് ഇദ്ദേഹത്തെക്കുറിച്ച് കൂടുതലായറിയാന്‍ തുടങ്ങിയത്. അഫ്ഗാനിസ്താനിലെ ദോസ്ത് മുഹമ്മദ്ഖാന്റെ മരണ(1863)ശേഷം പുത്രന്മാരായ ഷേര്‍അലിഖാനും മുഹമ്മദ് അസംഖാനും തമ്മില്‍ അധികാര വടംവലിയുണ്ടായി. 1867-ല്‍ അസംഖാന്‍ വിജയിച്ചു. ജമാല്‍ അല്‍-അഫ്ഗാനി ആയിരുന്നു അസംഖാന്റെ വിശ്വസ്ത ഉപദേശകന്‍. അടുത്തവര്‍ഷം അധികാരം തിരിച്ചുപിടിച്ച ഷേര്‍അലി ഇദ്ദേഹത്തെ അഫ്ഗാനിസ്താനില്‍ നിന്നു പുറത്താക്കി.

1870-ല്‍ ഇസ്താംബൂളിലെത്തിയ അഫ്ഗാനി അവിടത്തെ സര്‍വകലാശാലയില്‍ അധ്യാപനവൃത്തിയിലേര്‍പ്പെട്ടു. സര്‍വകലാശാല അധികൃതരുമായുണ്ടായ അഭിപ്രായ വ്യത്യാസംമൂലം തുര്‍ക്കിയില്‍ നിന്നും അഫ്ഗാനിയെ പുറത്താക്കി. 1871-ല്‍ ഇദ്ദേഹം കെയ്റോവിലേക്കു പോയി. അവിടെയും യാഥാസ്ഥിതിക മതനിന്ദയും അവിശ്വാസവും ഇദ്ദേഹത്തില്‍ അടിച്ചേല്പിക്കപ്പെട്ടു. ഈജിപ്തില്‍ നിന്നും അഫ്ഗാനിയെ 1879-ല്‍ നാടുകടത്തി. ഇന്ത്യയിലെത്തിയ അഫ്ഗാനി ഹൈദരാബാദിലേക്കു പോയി. 1883-ല്‍ കല്‍ക്കത്ത വഴി പാരിസിലെത്തി. അവിടത്തെ താമസം ഇദ്ദേഹത്തെ ഇസ്ലാമിക പരിഷ്കര്‍ത്താവും യൂറോപ്യന്‍ ആധിപത്യത്തിനെതിരായി പടപൊരുതുന്ന ഇസ്ലാമിക വിപ്ളവകാരിയുമാക്കി മാറ്റി. അവിടെവച്ച് അല്‍-ഉര്‍വത് അല്‍-വുസ്ക്വാ എന്ന പത്രികയുടെ പ്രസിദ്ധീകരണത്തിലേര്‍പ്പെട്ടു. മുസ്ലിം രാജ്യങ്ങളുടെ മേലുള്ള ബ്രിട്ടീഷ് നയത്തെ വിമര്‍ശിക്കുന്നതിനുള്ള ഒരു ഉപകരണമായി അദ്ദേഹം അതിനെ ഉപയോഗപ്പെടുത്തി. പ്രസിദ്ധ ഫ്രഞ്ച് തത്ത്വചിന്തകനായ ഏണസ്റ്റ്റെനുമായി, ശാസ്ത്രത്തിനെതിരെയുള്ള ഇസ്ലാമിക വീക്ഷണത്തെ സംബന്ധിച്ചു തര്‍ക്കത്തിലേര്‍പ്പെട്ടു. 1887-89 കാലഘട്ടത്തില്‍ ഇദ്ദേഹം റഷ്യ സന്ദര്‍ശിച്ചു.

അഫ്ഗാനിയെ പിന്നീടു കാണുന്നത് ഇറാനിലാണ്. അവിടെ ഷായുടെ ഉപദേശകനായി ഒരു രാഷ്ട്രീയ സ്ഥാനം വഹിക്കാന്‍ ശ്രമിച്ചു. നാസറുദ്ദീന്‍ ഷാ ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ സംശയിക്കുകയും 1892-ല്‍ രാജ്യത്തുനിന്ന് പുറത്താക്കുകയും ചെയ്തു. എന്നാല്‍ അഫ്ഗാനി ശക്തമായി തിരിച്ചടിച്ചു, അത് ഷായുടെ വധത്തില്‍ (1896) കലാശിച്ചു.

ഇറാനില്‍ നിന്ന് അഫ്ഗാനി ലണ്ടനിലേക്കു പോയി. അവിടെയുണ്ടായിരുന്ന ചെറിയ കാലയളവില്‍, ഷായും ബ്രിട്ടീഷുകാരുമായുള്ള സാമ്പത്തിക ബന്ധങ്ങളെ ആക്രമിച്ചുകൊണ്ട് പത്രമിറക്കി. സുല്‍ത്താന്റെ ഏജന്റിന്റെ ക്ഷണമനുസരിച്ച് ഇസ്താംബൂളിലേക്കുപോയി. സാര്‍വലൌകിക ഇസ്ലാമിക വീക്ഷണത്തിന്റെ പ്രചരണത്തിനായി ഇദ്ദേഹത്തെ ഉപയോഗിക്കാമെന്ന് സുല്‍ത്താന്‍ പ്രതീക്ഷിച്ചുവെങ്കിലും അതു ഫലവത്തായില്ല. ലണ്ടന്‍, ഇസ്താംബൂള്‍ എന്നിവിടങ്ങളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടര്‍ന്നു. ഇദ്ദേഹം 1897 മാ. 9-ന് ഇസ്താംബൂളില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍