This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജമദഗ്നി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജമദഗ്നി

പുരാണപ്രസിദ്ധനായ മഹര്‍ഷി, പരശുരാമന്റെ പിതാവ്. ജനനകഥ ഇങ്ങനെയാണ്: ഗാനിയുടെ മകളായ സത്യവതിയെ ഋചീകമുനി വിവാഹം കഴിച്ചു. തനിക്കും തന്റെ അമ്മയ്ക്കും ഋചീകനില്‍ നിന്ന് ഓരോ സന്താനത്തെ ലഭിക്കണമെന്ന് സത്യവതി ആവശ്യപ്പെട്ടു. ഋചീകന്‍ ബ്രഹ്മതേജസ്സും ക്ഷാത്രതേജസ്സും അന്നരൂപത്തിലാക്കി നിറച്ച രണ്ടുപാത്രങ്ങള്‍ അവര്‍ക്കു നല്കി. അദ്ദേഹം നിര്‍ദേശിച്ചതിനു വിപരീതമായി അമ്മ ബ്രഹ്മതേജസ്സിന്റെയും മകള്‍ ക്ഷാത്രതേജസ്സിന്റെയും അന്നം ഭുജിച്ചു. സത്യവതിക്ക് ജമദഗ്നിയും അമ്മയ്ക്ക് വിശ്വാമിത്രനും പുത്രനായി ജനിച്ചു.

ജമദഗ്നി ഭൂപ്രദക്ഷിണം നടത്തി എല്ലാ തീര്‍ഥങ്ങളും സന്ദര്‍ശിച്ച ശേഷം ഇക്ഷ്വാകു വംശത്തിലെ പ്രസേനജിത്തിന്റെ മകള്‍ രേണുകയെ വേട്ടു. നര്‍മദാതീരത്തില്‍ വസിച്ച അവര്‍ക്ക് ഋമണ്വന്‍, സുഹോത്രന്‍, വസു, വിശ്വവസു എന്നിങ്ങനെ നാലു പുത്രന്മാരുണ്ടായി. ദുഷ്ടനിഗ്രഹാര്‍ഥം മഹാവിഷ്ണു ജമദഗ്നിപുത്രനായി രേണുകയില്‍ അവതരിച്ചുവെന്നാണ് പരശുരാമന്റെ ജനനകഥ.

മഹാവിഷ്ണുവാണോ ശിവനാണോ ശക്തിമാന്‍ എന്നറിയാനായി ദേവകള്‍ നടത്തിയ പരീക്ഷണത്തില്‍ വിജയിച്ചപ്പോള്‍ ആ ആഹ്ളാദം കൊണ്ട് വിഷ്ണു തന്റെ ഭക്തനായ ഋചീകന് വൈഷ്ണവ ചാപം നല്കി. അത് പില്ക്കാലത്ത് ജമദഗ്നിക്കു ലഭിച്ചു.

ഒരിക്കല്‍ ചിത്രരഥന്‍ എന്ന സുന്ദരനായ രാജകുമാരന്റെ നീരാട്ടു കണ്ടു നിന്നതിനാല്‍ നര്‍മദയില്‍ വെള്ളമെടുക്കാന്‍ പോയ രേണുക ആശ്രമത്തിലേക്കു വരാന്‍ വൈകി. അതില്‍ കുപിതനായ ജമദഗ്നി മക്കളോട് മാതാവിനെ വധിക്കാനാവശ്യപ്പെട്ടു. ആദ്യത്തെ നാലുപേര്‍ നിരസിച്ചപ്പോള്‍, പരശുരാമന്‍ സംവിച്ഛേദനാസ്ത്രം കൊണ്ട് അതു നിര്‍വഹിച്ചു. പകരം എന്തുവരം വേണമെന്ന ജമദഗ്നിയുടെ ചോദ്യത്തിന് 'അമ്മയുടെ പുനര്‍ജീവിതം' എന്ന് പരശുരാമന്‍ അറിയിച്ചു. അങ്ങനെ ജമദഗ്നി രേണുകയെ പുനര്‍ജീവിപ്പിച്ചു.

ജമദഗ്നിക്ക് സൂര്യദേവന്‍ കുടയും ചെരിപ്പും നല്കി. ഇദ്ദേഹത്തിന്റെ ആശ്രമത്തില്‍ സുശീല എന്ന ദേവസുരഭിയായ ഒരു പശു ഉണ്ടായിരുന്നു. കാര്‍ത്തവീര്യാര്‍ജുനന്‍ ഒരിക്കല്‍ അതിനെ ബലാത്കാരമായി പിടിച്ചുകൊണ്ടു പോയി. അതിനെ അന്വേഷിച്ചു ചെന്ന ജമദഗ്നി കൊല്ലപ്പെട്ടു. ചോരയില്‍ കുളിച്ചുകിടക്കുന്ന ജമദഗ്നിയെക്കണ്ട രേണുക 21 പ്രാവശ്യം മാറത്തടിച്ചു കരഞ്ഞപ്പോള്‍ പരശുരാമന്‍, 21 പ്രാവശ്യം ഭൂപ്രദക്ഷിണം ചെയ്ത് സകല ക്ഷത്രിയരെയും കൊന്നൊടുക്കുമെന്ന് ശപഥം ചെയ്തു. പിന്നീട് മൃതശരീരം ചിതയില്‍ വയ്ക്കവേ, അവിടെയെത്തിയ ശുക്രമുനി ജമദഗ്നിക്കു പുനര്‍ജന്മം നല്കി. സുശീലയും കിടാവും ഉടനെ അവിടെ എത്തിച്ചേരുകയും ചെയ്തു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9C%E0%B4%AE%E0%B4%A6%E0%B4%97%E0%B5%8D%E0%B4%A8%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍