This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജബല്‍പൂര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജബല്‍പൂര്‍

Jabalpur

ഇന്ത്യയിലെ മധ്യപ്രദേശ് സംസ്ഥാനത്തിന്റെ വടക്കു കിഴക്കന്‍ ഭാഗത്തുള്ള ഒരു നഗരവും ജില്ലയും പ്രവിശ്യയും. നര്‍മദാ നദിക്കരയിലുള്ള ഈ പട്ടണം മുംബൈ, കല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്ന് 850 കി.മീ. കിഴക്കും പടിഞ്ഞാറുമായും ഡല്‍ഹിയില്‍നിന്ന് 700 കി.മീ. തെക്കായും, അലഹബാദില്‍ നിന്ന് 20 കി.മീ. തെക്കു പടിഞ്ഞാറായും സ്ഥിതി ചെയ്യുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് യുദ്ധാവശ്യത്തിനുള്ള സാധനങ്ങളുടെ ഉത്പാദന-വിതരണകേന്ദ്രമായിരുന്ന ഈ പട്ടണത്തിന് ഇന്നും പൂര്‍വേന്ത്യയില്‍ സുപ്രധാനമായ ഒരു സ്ഥാനമാണുള്ളത്. കൊല്‍ക്കത്ത, മുംബൈ, ഡല്‍ഹി തുടങ്ങിയ പ്രധാന നഗരങ്ങളുടെ ഏതാണ്ട് മധ്യത്തായി വരുന്നതു കാരണം റെയില്‍-റോഡ് ഗതാഗതത്തിലും ഈ പട്ടണത്തിന് വളരെയേറെ പ്രാധാന്യമുണ്ടായിരിക്കുന്നു. മാത്രമല്ല, ഗംഗാതടങ്ങള്‍ക്കും മധ്യേന്ത്യയ്ക്കും ഇടയില്‍ തന്ത്രപ്രധാനമായ ഒരു സ്ഥാനവും ഈ പട്ടണത്തിനുണ്ട്. നര്‍മദയെ ചുറ്റിക്കാണുന്ന ഇടുങ്ങിയ മലയിടുക്കായ ഭേരാഘട്ട്, നഗരത്തിനു തെക്കു കിഴക്കായി സ്ഥിതി ചെയ്യുന്നു. വര്‍ണാലങ്കൃതമായ ഈ മാര്‍ബിള്‍ ക്ലിഫുകള്‍ പ്രസിദ്ധമാണ്. ജബല്‍പൂര്‍ വ്യാവസായിക പ്രാധാന്യമുള്ള ഒരു നഗരമാണ്. സിമന്റ്, വസ്ത്രങ്ങള്‍, യുദ്ധസാമഗ്രികള്‍ എന്നിവ ഇവിടത്തെ വ്യാവസായികോത്പന്നങ്ങളില്‍പ്പെടുന്നു. കൂടുതല്‍ പ്രാധാന്യം പരുത്തിവസ്ത്രങ്ങള്‍ക്കാണ്.

1957-ല്‍ സ്ഥാപിതമായ ജബല്‍പൂര്‍ സര്‍വകലാശാലയുടെ ആസ്ഥാനമാണ് ഈ പട്ടണം. 1964-ല്‍ സ്ഥാപിതമായ ജവഹര്‍ലാല്‍ നെഹ്റു കാര്‍ഷിക സര്‍വകലാശാല, 1957-ലെ റാണി ദുര്‍ഗാവതി സര്‍വകലാശാല എന്നിവയും ഇവിടത്തെ മുഖ്യസ്ഥാപനങ്ങളാണ്. ഹൈക്കോടതി ജബല്‍പൂര്‍ നഗരത്തില്‍ സ്ഥിതി ചെയ്യുന്നു.

ജബല്‍പൂര്‍ പ്രദേശം 210 12' - 23o 56' വ. അക്ഷാംശങ്ങള്‍ക്കും 76o 40'-81o 35' കി. രേഖാംശങ്ങള്‍ക്കുമിടയില്‍ സ്ഥിതിചെയ്യുന്നു. മധ്യപ്രദേശിലെ വലുപ്പവും ജനസാന്ദ്രതയും ഏറിയ പ്രവിശ്യകളിലൊന്നാണിത്. നര്‍മദാ നദിയാല്‍ ജലസേചിതമാണ് ഇവിടം.

ജബല്‍പൂര്‍ ജില്ലയുടെ അതിരുകള്‍: പ. ദാമോ, നരസിങ്പൂര്‍ ജില്ലകള്‍; കി. ഷാദോള്‍, മാണ്ഡ്ല ജില്ലകള്‍; തെ. സിയോണി ജില്ല; വ. പന്നാ, സ്തനാ ജില്ലകള്‍. തെ. പടിഞ്ഞാറുനിന്നും വ. കിഴക്കേ ദിശയിലേക്കു കിടക്കുന്ന ജില്ലയ്ക്ക് അവ്യക്തമായ ആകൃതിയാണുള്ളത്. നഗരത്തിന്റെ പുരാതന നാമമായിരുന്ന 'ജാവാലി പട്ടണ'ത്തില്‍നിന്നാണ് 'ജബല്‍പൂരി'ന്റെ ഉദ്ഭവം. ജില്ലയുടെ വിസ്തീര്‍ണം: 10,160 ച.കി.മീ.; ജനസംഖ്യ: 26,45,232 (1993).

അശോകചക്രവര്‍ത്തിയുടെ ശിലാലിഖിതമായ രൂപനാഥശാസനപ്രകാരം ജബല്‍പൂരിന്റെ ചരിത്രം ബി.സി. 272-ല്‍ ആരംഭിക്കുന്നു. സെന്‍ട്രല്‍ പ്രോവിന്‍സുകളില്‍ കണ്ടെത്തിയിട്ടുള്ള ലിഖിതങ്ങളില്‍ ഏറ്റവും പുരാതനമായാണ് ഇതു കരുതപ്പെടുന്നത്. അശോക ചക്രവര്‍ത്തിയുടെ സാമ്രാജ്യത്തിലെ ദക്ഷിണപ്രവിശ്യയില്‍ ജബല്‍പൂര്‍ ഉള്‍പ്പെട്ടിരുന്നതായി ശാസനം വ്യക്തമാക്കുന്നു. ഇതിനുശേഷം സമുദ്രഗുപ്തരാജാവിന്റെ കാലമായ എ.ഡി. 320 വരെ ജബല്‍പൂരിനെക്കുറിച്ച് യാതൊരു വിവരവും ലഭ്യമല്ല. 518-ല്‍ 'ദാഭല'യും (ജബല്‍പൂര്‍ രാജ്യത്തിന്റെ പഴയ പേര്) മറ്റു 18 കാട്ടുരാജ്യങ്ങളും ഭരിച്ചിരുന്ന 'പരിവ്രാജക' വംശത്തിലെ രാജാവായ സംക്ഷോഭനെക്കുറിച്ച് മാള്‍ഗൂസര്‍ ലിഖിതങ്ങളില്‍ പരാമര്‍ശമുണ്ട്. ഇതു കഴിഞ്ഞു വന്ന കല്‍ചൂരികള്‍, ഗോണ്ടുകള്‍ എന്നീ വംശങ്ങള്‍ക്കുശേഷം ബ്രിട്ടീഷധീനതയിലായ ജബല്‍പൂര്‍ ഒന്നാം സ്വാതന്ത്ര്യസമരം (1857) വരെ അങ്ങനെ തുടര്‍ന്നു. 1858-ന്റെ ആരംഭത്തില്‍ തന്നെ വീണ്ടും ബ്രിട്ടീഷ് അധീനതയിലായ ഈ പ്രദേശത്തിന്റെ അധികാരം ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ നിന്ന് ബ്രിട്ടീഷ് രാജ്ഞി അതേവര്‍ഷം തന്നെ ഏറ്റെടുത്തു. 1947-ല്‍ ഇന്ത്യ സ്വതന്ത്രമാകും വരെയും ഈ സ്ഥിതി തുടര്‍ന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍