This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജപമാല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജപമാല

ആവര്‍ത്തിച്ച് ഉരുവിടുന്ന ജപങ്ങള്‍ (മന്ത്രങ്ങള്‍) എണ്ണുന്നതിനുപയോഗിക്കുന്ന മാല. നിശ്ചിത എണ്ണം മുത്തുകള്‍ കോര്‍ത്തോ കെട്ടുകളിട്ടോ ഉണ്ടാക്കുന്നു. കൈവിരലുകള്‍ കൊണ്ട് ഓരോ ജപത്തിനും ഒന്നെന്ന കണക്കിന് മുത്തോ കെട്ടോ നീക്കിയാണ് എണ്ണുന്നത്. ജപമാല പ്രാചീനകാലം മുതല്ക്കേ നിലനിന്നിരുന്നുവെന്ന് അനുമാനിക്കപ്പെടുന്നു. ക്രിസ്തുമതത്തില്‍ 3-ാം ശതകത്തോടെ ഇതുപയോഗിച്ചു തുടങ്ങിയെങ്കിലും 13-ാം ശ.-ല്‍ വിശുദ്ധ ഡൊമിനിക്കില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണ് അതു വ്യാപകമായത്. 1520-ല്‍ പോപ് ലിയോ X ഇതിന് ഔദ്യോഗികാംഗീകാരം നല്കി.

പാശ്ചാത്യ രാജ്യങ്ങളില്‍ ക്രിസ്തുമത വിശ്വാസികള്‍ രണ്ടു തരത്തിലുള്ള ജപമാലകള്‍ ഉപയോഗിച്ചു വരുന്നു. കന്യകാമറിയത്തെ ഉദ്ദേശിച്ചുള്ള മാലയില്‍ 15 ദശകങ്ങളാണുള്ളത് (10 മുത്തുകള്‍ ചേര്‍ന്നാണ് ഒരു ദശകം). ഓരോ ദശകവും താരതമ്യേന വലിയ മുത്തുകള്‍കൊണ്ട് വേര്‍തിരിച്ചിരിക്കും. പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും ഉദ്ദേശിച്ചുള്ള മാലയില്‍ 5 ദശകങ്ങള്‍ വീതമുള്ള 3 ഭാഗങ്ങളുണ്ടായിരിക്കും. മാലയുടെ രണ്ടറ്റവും ചേരുന്നിടത്ത് ക്രൂശിതരൂപവും അഞ്ചുമുത്തുകളും (2 വലുതും 3 ചെറുതും) ഞാത്തിയിട്ടിട്ടുമുണ്ടാകും. കൊന്ത എന്നും ഇതിനു പേരുണ്ട്. ജപമാല ഉപയോഗിച്ച് തുടര്‍ച്ചയായി പ്രാര്‍ഥിക്കുന്ന ദിവസമാണ് ക്രൈസ്തവരുടെ റോസറി സണ്‍ഡേ (ഒക്ടോബറിലെ ആദ്യത്തെ ഞായറാഴ്ച). 1571-ല്‍ ലെപാന്റോയില്‍വച്ച് ക്രൈസ്തവ സൈന്യം തുര്‍ക്കികളെ പരാജയപ്പെടുത്തിയത് ഈ ദിവസമായിരുന്നു. ഈ വിജയത്തിന് ക്രൈസ്തവ പക്ഷത്തിന്റെ ജപമാലാനുധ്യാനം സഹായകമായിരുന്നുവെന്ന് കരുതപ്പെടുന്നു.

ക്രിസ്തുമതത്തിനു പുറമെ ഹിന്ദുമതം, ഇസ്ലാം മതം തുടങ്ങിയ മറ്റുമതങ്ങളിലും വ്യത്യസ്തതകളോടെയാണെങ്കിലും ജപമാല ഉപയോഗിച്ചു ധ്യാനിക്കുന്ന രീതി നിലവിലുണ്ട്. ഹൈന്ദവ ജപമാല പൊതുവേ രുദ്രാക്ഷം കൊണ്ടാണ് ഉണ്ടാക്കുന്നത്. 108 രുദ്രാക്ഷമുള്ള ജപമാല സാധാരണമാണ്. ഇസ്ലാം മതത്തില്‍ 33 മുത്തുകളുള്ളതും 99 മുത്തുകളുള്ളതുമായ ജപമാല(തസ്ബി) യാണുള്ളത്. 99 മുത്തുള്ളത് 33 എണ്ണം വീതമുള്ള മൂന്നു ഭാഗങ്ങളായി വേര്‍തിരിച്ചിട്ടുണ്ടാകും. ഗ്രീസിലും തുര്‍ക്കിയിലുമുള്ള ജപമാലയില്‍ ഒരേ വലുപ്പമുള്ള 100 മുത്തുകളാണുള്ളത്. റഷ്യന്‍ ഓര്‍ത്തഡോക്സ് ജപമാലയില്‍ 103 മുത്തുകളുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9C%E0%B4%AA%E0%B4%AE%E0%B4%BE%E0%B4%B2" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍