This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജന്‍കേസി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

14:34, 28 ഫെബ്രുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജന്‍കേസി

Juncaceae

ഏകബീജപത്രികളില്‍പ്പെടുന്ന സസ്യകുടുംബം. എട്ടു ജീനസുകളും 315-ലധികം സ്പീഷീസും ഇതില്‍ ഉള്‍പ്പെടുന്നു. ഇവ പ്രധാനമായും വളരുന്നത് ദക്ഷിണാര്‍ധഗോളത്തിലെ ശീതോഷ്ണ മേഖലാ പ്രദേശങ്ങളിലാണ്. ഉഷ്ണമേഖലാപ്രദേശങ്ങില്‍ വളരെ അപൂര്‍വമായേ ഇവ കാണാറുള്ളൂ. 225-ലധികം സ്പീഷീസുകളുള്ള ജന്‍കസ് (Juncus) ആണ് ലോകമെമ്പാടും വളരുന്നത്. എണ്‍പതോളം സ്പീഷീസുള്ള ലൂസ്യൂല (Luzula) ഉത്തരാര്‍ധ മേഖലയില്‍ ധാരാളമായി വളരുന്നുണ്ട്.

ജന്‍കസ് ആല്‍പ്പിനോ ആര്‍ക്കുലേറ്റസ്

ചിരസ്ഥായിയായ പുല്ലുപോലുള്ള ഓഷധികളും വളരെ അപൂര്‍വമായ ചില കുറ്റിച്ചെടികളും ഈ കുടുംബത്തിലുള്‍പ്പെടുന്നു. പ്രകന്ദത്തില്‍ തലമുടിപോലെയുള്ള അനേകം നാരുവേരുകളുണ്ട്. കാണ്ഡം ചെറുതാണ്. കാണ്ഡത്തിന്റെ ചുവടുഭാഗത്ത് നിന്ന് ഉദ്ഭവിക്കുന്ന ഇലകള്‍ കാണ്ഡാഗ്രത്തില്‍ ഒരു കൂട്ടമായി കാണപ്പെടുന്നു. പുല്ലിന്റെ ഇലകളോട് വളരെ സാമ്യമുള്ള നീണ്ടു മെലിഞ്ഞ ഇലകളാണിവയ്ക്കും ഉള്ളത്. ഇലകളുടെ ചുവടുഭാഗം പോള പോലെയായിത്തീര്‍ന്നിരിക്കുന്നു.

പുഷ്പമഞ്ജരി പാനിക്കിളോ കോറിംബോ ഹെഡോ ആയിരിക്കും. ചിലപ്പോള്‍ ഒറ്റയായും പുഷ്പങ്ങളുണ്ടാകാറുണ്ട്. ദ്വിലിംഗിയോ ഏകലിംഗാശ്രയിയോ ആയ പുഷ്പങ്ങളുടെ പരിദളപുടം ഗ്ളൂമുകളായിട്ടാണുണ്ടാവുക. മൂന്നെണ്ണം വീതമുള്ള രണ്ടു നിരകളിലായി പച്ചയോ മറ്റു നിറമുള്ളതോ ആയ ആറു പരിദളപുടങ്ങള്‍ കാണപ്പെടുന്നു. ഓരോ പരിദളപുടത്തിനും എതിര്‍വശത്തായി മൂന്നോ ആറോ കേസരങ്ങള്‍ കാണും. രണ്ടു കോശങ്ങളുള്ള കേസരം ലംബത്തില്‍ പിളര്‍ന്ന് പൊട്ടുന്നു. പരാഗരേണുക്കള്‍ ടെട്രാഡുകളായിട്ടാണ് കാണപ്പെടുന്നത്. ഒരു അറ മാത്രമുള്ള ജനിക്ക് ചിലപ്പോള്‍ മൂന്നു ലോക്യൂളുകള്‍ കാണപ്പെടുന്നു. വര്‍ത്തിക വളരെ ചെറുതായിരിക്കും. ചിലപ്പോള്‍ മൂന്നെണ്ണം കാണപ്പെടാറുണ്ട്. വര്‍ത്തികാഗ്രം രേഖീയമോ കുന്താകാരമോ ആയിരിക്കും. ഒന്നോ മൂന്നോ കോശങ്ങളുള്ള ഫലം കോഷ്ഠവിദാരകസംപുടഫലം(loculicidal) ആണ്. വിത്തുകള്‍ വളരെ ചെറിയതാണ്; ബീജാന്നം മാംസളവും.

ടെര്‍ഷ്യറി, ക്രിട്ടേഷ്യസ് കാലഘട്ടങ്ങളില്‍പ്പോലും ജന്‍കേസിയിലെ അംഗങ്ങള്‍ വളര്‍ന്നിരുന്നു. ഇതിലെ അംഗങ്ങളുടെ പരിണാമത്തെപ്പറ്റി ഇപ്പോഴും വിവിധ അഭിപ്രായങ്ങള്‍ നിലവിലുണ്ട്. ലില്ലിയേസി കുടുംബത്തിലെ അംഗങ്ങളോട് ഏറെ സാദൃശ്യം കാണിക്കുന്ന ഇവ ലില്ലിയേസിയിലെ അംഗങ്ങളില്‍നിന്ന് പരിണമിച്ചവയാണെന്ന് കരുതപ്പെടുന്നു. കാര്യമായ സാമ്പത്തിക പ്രാധാന്യമൊന്നും ഈ കുടുംബത്തിലെ ചെടികള്‍ക്കില്ല. ചിലയിനങ്ങള്‍ പൂന്തോട്ടങ്ങളില്‍ നട്ടുവളര്‍ത്തുന്നുണ്ട്. പുല്‍ച്ചൂലുകളും പായകളും നിര്‍മിക്കുന്നതിനും തൊപ്പികളും കസേരകളും മെടയുന്നതിനും ഇവ ഉപയോഗിക്കുന്നുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍