This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജന്തുഭൂമിശാസ്ത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

ജന്തുഭൂമിശാസ്ത്രം

Zoogeography

ഭൂമണ്ഡലത്തിലെ ജന്തുവിന്യാസം സംബന്ധിച്ച പഠനം. ഭൂമിയുടെ വിവിധമേഖലകളില്‍ ഏതേതു ജന്തുക്കളാണുള്ളത് അവ ഓരോന്നും അവിടെ എങ്ങനെയെത്തി, ഭൂമിശാസ്ത്രപരമായ ജന്തുവിന്യാസമാതൃകകള്‍ എങ്ങനെ എന്തുകൊണ്ട് ഉണ്ടായി, ഓരോ മാതൃകാരൂപവും എന്താണര്‍ഥമാക്കുന്നത് എന്നിവയെ സംബന്ധിച്ച വിവരങ്ങളാണ് ഈ ശാസ്ത്രശാഖയുടെ അടിസ്ഥാനം. ഭൂമി, ജലം എന്നിവയുടെ വിന്യാസത്തിലേക്കു വെളിച്ചം വീശുന്ന പല അടിസ്ഥാനധാരണകളെക്കുറിച്ചും ലക്ഷക്കണക്കിനു വര്‍ഷംമുമ്പു ഭൂമുഖത്തു നിലനിന്നിരുന്ന കാലാവസ്ഥയെക്കുറിച്ചുമൊക്കെ സൂചന നല്കാന്‍ ജന്തുവിന്യാസപഠനം സഹായകമാണ്.

ജന്തുഭൂമിശാസ്ത്രം ബൃഹത്തായ ഭൂമിശാസ്ത്രമാതൃകകളുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ജന്തുവിന്യാസത്തിന്റെ ഭൗമശാസ്ത്ര-പാരിസ്ഥിതിക സമീപനങ്ങളെക്കുറിച്ച് വ്യക്തത ഉണ്ടാക്കേണ്ടതുണ്ട്. ജന്തുവിന്യാസത്തിന്റെ പ്രാദേശിക വിശദാംശങ്ങള്‍, ജീവികളും പരിസ്ഥിതിയും തമ്മിലുള്ള ബന്ധം എന്നിവയെ പരിസ്ഥിതി വിജ്ഞാനം (Ecology) സൂചിപ്പിക്കുന്നു. പുല്ലു തിന്നുന്ന സസ്തനികളെ മറ്റിടങ്ങളിലുള്ളതുപോലെ ഇന്ത്യയിലും ആഫ്രിക്കയിലും ആസ്റ്റ്രേലിയയിലും കാണാം. ഇത്തരം ഒരു ഭക്ഷണക്രമത്തിന് അവ എപ്രകാരം അനുയോജ്യമാക്കപ്പെട്ടിരിക്കുന്നു, ഓരോ പ്രദേശത്തെയും സസ്യഭുക്കുകളുടെ വിന്യാസം സസ്യങ്ങളുടെ വിതരണത്തിനനുസൃതമായി എങ്ങനെ പരിമിതപ്പെടുത്തിയിരിക്കുന്നു തുടങ്ങിയ കാര്യങ്ങള്‍ പരിസ്ഥിതി വിജ്ഞാനത്തിന്റെ പരിധിയില്‍പ്പെടും. പുല്ലു തിന്നുന്ന ഇന്ത്യന്‍ ജന്തുക്കള്‍ കാട്ടുപോത്തും പുള്ളിമാനും മ്ളാവുമൊക്കെയാണെങ്കില്‍ ആഫ്രിക്കയിലെ സീബ്രയുടെയും ആസ്റ്റ്രേലിയയിലെ കങ്ഗാരുവിന്റെയും ഭക്ഷണവും പുല്ലുതന്നെയാണ്. ഇത്തരം വസ്തുതകളും അവയുടെ ശാസ്ത്രീയ വിശദീകരണവും ജന്തുഭൂമിശാസ്ത്രത്തിന്റെ പരിധിയില്‍പ്പെട്ട വിഷയങ്ങളാണ്. ജന്തുഭൂമിശാസ്ത്രത്തിന്റെ പ്രധാനഭാഗമാണ് പരിസ്ഥിതി വിശകലനം. വ്യത്യസ്ത കാലാവസ്ഥാമേഖലകള്‍, വനങ്ങള്‍, മരുഭൂമികള്‍ എന്നിവയുടെ പഠനത്തിനു പുറമേ സൂക്ഷ്മ കാലാവസ്ഥ, പ്രാദേശിക ഘടകങ്ങള്‍ എന്നിവയിലും പരിസ്ഥിതി ശാസ്ത്രകാരന്മാര്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കുന്നു.

ചരിത്രം

മനുഷ്യന്‍ വേട്ടയാടുന്നതോ ഭയക്കുന്നതോ ആയ ജന്തുക്കളുടെ വിന്യാസത്തെക്കുറിച്ചറിയാന്‍ അവന്‍ എല്ലായ്പ്പോഴും താത്പര്യം കാണിച്ചിരുന്നു. ചാള്‍സ് ഡാര്‍വിന്‍ പരിണാമസിദ്ധാന്തം ആവിഷ്കരിക്കുന്നതുവരെ (ഒറിജിന്‍ ഒഫ് സ്പീഷീസ്, 1859) ജന്തുവിന്യാസത്തിന്റെ സമ്പൂര്‍ണമായ വിശദീകരണം സാധ്യമായിരുന്നില്ല. പി.എല്‍. സ്ക്ളേറ്റര്‍ 1858-ല്‍ പക്ഷിവിന്യാസം വിശകലനം ചെയ്തു. ഭൂലോകത്തെ വ്യത്യസ്ത ജന്തുമേഖലകളായി ആദ്യം വിഭജിച്ചത് ഇദ്ദേഹമാണ്. ഈ മേഖലകള്‍ പ്രത്യേക ഉത്പത്തി കേന്ദ്രങ്ങളെ (centre of creation) പ്രതിനിധാനം ചെയ്യുന്നതായാണ് ഇദ്ദേഹം ചിന്തിച്ചിരുന്നത്. ചാള്‍സ് ഡാര്‍വിന്‍ അവയ്ക്ക് വസ്തുനിഷ്ഠവും ശാസ്ത്രീയവുമായ വിശദീകരണം നല്കി. ബീഗിള്‍ എന്ന കപ്പലിലെ സഞ്ചാരത്തിനിടയില്‍ (1831-36) വ്യത്യസ്ത ആവാസകേന്ദ്രങ്ങളില്‍ ജീവിക്കുന്നവയും അടിസ്ഥാനപരമായി സാമ്യമുള്ളവയുമായ ചില വര്‍ഗങ്ങളില്‍പ്പെട്ട ജന്തുക്കളെ തെക്കേ അമേരിക്കയുടെ വിവിധപ്രദേശങ്ങളില്‍ ചാള്‍സ് ഡാര്‍വിന്‍ കണ്ടെത്തി. ഇവയോടു സാമ്യമുള്ള വ്യത്യസ്ത വര്‍ഗങ്ങളെ തെക്കേ അമേരിക്കയുടെ പശ്ചിമതീരത്തുനിന്ന് സു. 960 കി.മീ. അകലെ പസിഫിക് മഹാസമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ഗാലപ്പഗോസ് (Galapagos) ദ്വീപുകളിലും ഡാര്‍വിന്‍ കണ്ടെത്തി. തെക്കേ അമേരിക്കയിലെ മുന്‍ഗാമികള്‍ പരിണമിച്ചാണ് ഗാലപ്പഗോസ് വംശജര്‍ ഉണ്ടായതെന്നു ഡാര്‍വിന്‍ സ്വാഭാവികമായും സംശയിച്ചു. ഗാലപ്പഗോസ് ദ്വീപുകളില്‍ത്തന്നെ ചെറിയ വ്യത്യാസങ്ങളുള്ള ചില വര്‍ഗങ്ങളെയും കണ്ടെത്തുകയുണ്ടായി. ജന്തുവര്‍ഗ പരിണാമത്തെപ്പറ്റി ഡാര്‍വിന് ആദ്യ ഉള്‍വെളിച്ചം നല്കാന്‍ ഈ നിരീക്ഷണങ്ങള്‍ സഹായകമായി.

ജന്തുവിന്യാസ മാതൃകകളുടെ അടിസ്ഥാനത്തില്‍ പരിണാമസിദ്ധാന്തം ഭാഗികമായി തെളിയിക്കപ്പെട്ടപ്പോള്‍ ഡാര്‍വിന് ആ മാതൃകകള്‍ ലളിതമായി വിശദീകരിക്കാന്‍ കഴിഞ്ഞു. വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന വ്യത്യസ്ത ജന്തുക്കളുടെ പരിണാമപ്രക്രിയ പല നൂതന വിന്യാസ മാതൃകകള്‍ക്കും കാരണമാകുന്നുണ്ടെന്ന് ഡാര്‍വിന്‍ വിശദീകരിച്ചു. എന്നാല്‍ പരിണാമം പ്രാപിക്കുന്ന ജന്തുക്കള്‍ അവയുടെ ഉദ്ഭവസ്ഥാനത്തുനിന്ന് ലോകത്തിന്റെ ഇതരഭാഗങ്ങളിലേക്കു വ്യാപിക്കാറുണ്ട്. ജന്തുക്കളുടെ ഭൂവിന്യാസ(geographical distribution)ത്തെപ്പറ്റി ഒറിജിന്‍ ഒഫ് സ്പീഷീസിലെ രണ്ടധ്യായങ്ങള്‍ക്ക് ഇന്നും പ്രസക്തിയുണ്ട്. പ്രകൃതി നിര്‍ധാരണ (natural seslection)ത്തിലൂടെ പരിണാമം നടക്കുന്നുണ്ടെന്ന് കണ്ടെത്തുമ്പോള്‍ ഡാര്‍വിന്റെ സമകാലികനായിരുന്ന ആല്‍ഫ്രഡ് റസ്സല്‍ വാലസും മലയന്‍ ദ്വീപസമൂഹങ്ങളില്‍ കണ്ടെത്തിയ ജന്തുവിന്യാസത്തിന്റെ അടിസ്ഥാനത്തില്‍ പരിണാമസിദ്ധാന്തത്തെക്കുറിച്ച് ചില അനുമാനങ്ങള്‍ നടത്തിയിട്ടുണ്ട്. ഒരു മികച്ച ജന്തുഭൗമശാസ്ത്രകാരനായാണ് വാലസ് അറിയപ്പെടുന്നത്. ഇദ്ദേഹത്തിന്റെ ദ് ജിയോഗ്രഫിക്കല്‍ ഡിസ്ട്രിബൂഷന്‍ ഒഫ് ആനിമല്‍സ് (1876) എന്ന ഗ്രന്ഥം പ്രശസ്തമാണ്.

കശേരുകികളുടെ പഠനവുമായി ബന്ധപ്പെട്ടാണ് ജന്തുഭൂമിശാസ്ത്രശാഖ പ്രധാനമായും നിലനില്ക്കുന്നത്. മിക്ക കശേരുകികളും ജൈവാവശിഷ്ടങ്ങള്‍ (fossils) അവശേഷിപ്പിച്ചിട്ടുള്ളതിനാല്‍ ഇവ ശേഷിപ്പിച്ചിരിക്കുന്ന തെളിവിന്റെ അടിസ്ഥാനത്തിലാണ് ജന്തുഭൂമിശാസ്ത്ര സിദ്ധാന്തങ്ങള്‍ രൂപപ്പെടുത്തിയിട്ടുള്ളത്. പ്രസ്തുത തത്ത്വങ്ങള്‍ കൃത്യതയോടുകൂടിയല്ലെങ്കിലും അകശേരുകികള്‍ക്കു കൂടി ബാധകമാകത്തക്ക രീതിയില്‍ വിശദീകരിക്കുവാന്‍ കഴിയും. ശുദ്ധജല മത്സ്യങ്ങള്‍, ഉഭയജീവികള്‍, സസ്തനികള്‍ തുടങ്ങിയവയ്ക്ക് നിര്‍ദിഷ്ട വിന്യാസ മാതൃകകളുള്ളതിനാല്‍ ഈ കശേരുകികള്‍ക്ക് പ്രത്യേക പ്രാധാന്യമുണ്ട്.

മത്സ്യങ്ങള്‍, ഉഭയ ജീവികള്‍, ഉരഗങ്ങള്‍ തുടങ്ങിയവയുടെ വ്യാപനം സംബന്ധിച്ച പഠനത്തിന് ഭൗമ ജന്തുശാസ്ത്രം (Geographical Zoology) എന്നാണ് വാലസ് നാമകരണം ചെയ്തിട്ടുള്ളത്. ഇതില്‍നിന്ന് വ്യത്യസ്തമായി ജന്തുവിന്യാസ മാതൃകകളെ ആസ്പദമാക്കി ഭൂമിയെ വിവിധ മേഖലകളായി വിഭജിച്ച് ഓരോ മേഖലയും പഠനവിധേയമാക്കുന്നതിനെ വാലസ് ജന്തുഭൂമിശാസ്ത്രം (Zoological Geography) എന്നു പേരു നല്കി. ഭൂമിയെ വിവിധ ജന്തുമേഖലകളായി വിഭജിച്ചശേഷം പ്രാദേശിക ജന്തുവൈവിധ്യത്തിന്റെ ഘടനയും ചരിത്രവും പഠനവിധേയമാക്കുന്ന രീതിയാണ് (ജന്തുഭൂമിശാസ്ത്രം) കൂടുതല്‍ അനുയോജ്യം.

ജന്തുഗണങ്ങളുടെ വിന്യാസം

ശുദ്ധജല മത്സ്യങ്ങള്‍

ജന്തുഭൂമിശാസ്ത്രാവശ്യങ്ങള്‍ക്കായി ശുദ്ധജല മത്സ്യങ്ങളെ പ്രാഥമികം, ദ്വിതീയം, ഉപരിപ്ലവം (peripheral) എന്നിങ്ങനെ വിഭജിച്ചിരിക്കുന്നതായി ജി.എസ്. മിയേഴ്സ് രേഖപ്പെടുത്തിയിട്ടുണ്ട്. ശുദ്ധജലത്തില്‍ മാത്രം ജീവിക്കുന്ന മത്സ്യകുടുംബങ്ങളോ മത്സ്യഗണങ്ങളോ മാത്രം ഉള്‍പ്പെട്ടതാണ് പ്രാഥമിക വിഭാഗം. ഇവയ്ക്ക് സമുദ്രജലത്തില്‍ പ്രവേശിക്കാന്‍ ആവില്ല; ഇവയുടെ വ്യാപനം നടക്കുന്നത് ശുദ്ധജലത്തിലൂടെ മാത്രമാണുതാനും. എന്നാല്‍ ദ്വിതീയ വിഭാഗത്തില്‍പ്പെട്ട മത്സ്യഗണങ്ങളും കുടുംബങ്ങളും പ്രധാനമായും ശുദ്ധജലത്തിലാണ് ജീവിക്കുന്നതെങ്കിലും അവ യഥേഷ്ടം സമുദ്രജലത്തില്‍ പ്രവേശിക്കുകയും ഹ്രസ്വകാലയളവില്‍ അവിടെ ജീവിക്കുകയും ചെയ്യും. തീരപ്രദേശം, കടലിടുക്കുകള്‍ എന്നിവയിലൂടെയാണ് ദ്വിതീയ വിഭാഗമത്സ്യങ്ങളുടെ വിതരണം ഭാഗികമായി നടക്കുന്നത്. ശുദ്ധജലത്തില്‍ കാണപ്പെടുന്നുണ്ടെങ്കിലും സ്വതന്ത്രമായി സമുദ്രത്തില്‍ പ്രവേശിക്കാന്‍ കഴിയുന്നവയോ സമീപകാലത്ത് സമുദ്രജല വാസികളില്‍ നിന്ന് ഉദ്ഭവിച്ചവയോ ആയ മത്സ്യകുടുംബങ്ങളെയും ഗണങ്ങളെയുമാണ് ഉപരിപ്ലവ (പ്രാന്തപ്രദേശ) വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇവയുടെ വ്യാപനം പ്രധാനമായും സമുദ്രജലത്തിലൂടെ മാത്രമായിരിക്കും. പ്രാഥമിക വിഭാഗത്തിലെ ശുദ്ധജലമത്സ്യങ്ങള്‍ ഭൂപ്രദേശങ്ങള്‍ക്കുള്ളില്‍ മാത്രമായി പരിമിതപ്പെട്ടിരിക്കുന്നതിനാല്‍ ജന്തുഭൂമിശാസ്ത്രം ഇവയ്ക്ക് സുപ്രധാനമായ ഒരു സ്ഥാനമാണ് കല്പിച്ചിട്ടുള്ളത്.

പ്രാഥമിക വിഭാഗത്തില്‍പ്പെട്ട മത്സ്യങ്ങള്‍ ആണ് പൊളിപ്റ്റെറിഡേ (Polypteridae) കുടുംബത്തില്‍പ്പെട്ട ആഫ്രിക്കന്‍ ബിച്ചിര്‍ (Bichir), ചൈനയിലും വടക്കേ അമേരിക്കയുടെ കിഴക്കന്‍ പ്രദേശങ്ങളിലും കാണുന്ന പോളിയോഡോന്റിഡേ (Polyodontidae) കുടുംബത്തില്‍പ്പെട്ട തുഴ മത്സ്യം (Paddle fish), അമൈഡേ (Paddle fish) വര്‍ഗത്തില്‍പ്പെട്ട ബൌഫിന്‍ (Bowfin), സെറാറ്റോഡോന്റിഡേ (Ceratodontidae) കുടുംബത്തില്‍പ്പെട്ട ആസ്റ്റ്രേലിയന്‍ ശ്വാസകോശ മത്സ്യം (Lung fish), ആഫ്രിക്കയിലും തെക്കേ അമേരിക്കയിലും കാണപ്പെടുന്ന ലെപ്പിഡോസിറിനിഡേ (Lepidosirenidae)വര്‍ഗത്തില്‍പ്പെട്ട ശ്വാസകോശമത്സ്യങ്ങള്‍ തുടങ്ങിയവ. ഇവയെല്ലാം അസ്ഥികളില്ലാത്ത പുരാതന മത്സ്യവിഭാഗങ്ങളുടെ അവശിഷ്ടങ്ങള്‍ (relics) മാത്രമാണ്. ഇവയ്ക്കു പുറമേ, ആഫ്രിക്കയിലെ ഐസോപൊണ്‍ഡിലി (Isopondyli) വിഭാഗത്തില്‍പ്പെട്ട ആറു കുടുംബങ്ങള്‍, വടക്കേ അമേരിക്കയുടെ കിഴക്കന്‍ പ്രദേശത്തു കാണപ്പെടുന്ന ഹിയോഡോന്റിഡേ (Hyodontidae) കുടുംബത്തില്‍പ്പെട്ട മൂണ്‍ ഐ (Moon eye), ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ വ്യാപകമായി കാണപ്പെടുന്ന ഒസ്റ്റിയോഗ്ലോസിഡേ (Ostioglosidae), ആസ്റ്റ്രേലിയ ഒഴിച്ചുള്ള വന്‍കരകളിലെല്ലാം പ്രബലരായി കാണപ്പെടുന്ന ഒസ്റ്റാരിയോഫൈസി (Ostariophysi), യൂറോപ്പിന്റെയും ഏഷ്യയുടെയും സമശീതോഷ്ണപ്രദേശങ്ങളിലും വടക്കേ അമേരിക്കയിലും കാണപ്പെടുന്ന അംബ്രിഡേ (Umbridae) കുടുംബത്തില്‍പ്പെട്ട മഡ് മിന്നോ (Mud minnow), ഡാലിഡേ (Dalliidae) കുടുംബത്തിലെ കറുത്ത മത്സ്യം (Black fish), ഐസോഡിഡേ (Isodidae) കുടുംബത്തില്‍പ്പെട്ട പൈക്കും പിക്കെറലും (Pike, picheral), വടക്കേ അമേരിക്കയില്‍ കാണുന്ന പെര്‍ക്കോപ്സിഡേ (Percopsidae) കുടുംബത്തില്‍പ്പെട്ട ട്രൌട്ട്പെര്‍ച്, അഫ്രിഡോഡെറിഡേ (Aphredo deridae) വര്‍ഗത്തില്‍പ്പെട്ട നരഭോജി പെര്‍ച് (Pirate perch), വടക്കേ അമേരിക്കയിലെ സെന്‍ട്രാര്‍ച്ചിഡേ (Centrarchidae) കുടുംബത്തില്‍പ്പെട്ട ശുദ്ധജല ബാസ് (Fresh water bass), യൂറോപ്പിലെയും ഏഷ്യയിലെയും സമശീതോഷ്ണമേഖലകളിലും വടക്കേ അമേരിക്കയിലും കാണപ്പെടുന്ന പെര്‍സിഡേ (Percidae) കുടുംബത്തില്‍പ്പെട്ട പെര്‍ച് (Perch), ഉഷ്ണമേഖലാ പ്രദേശത്ത് വ്യാപകമായി കാണപ്പെടുന്ന നാന്‍ഡിഡേ (Nandidae) കുടുംബാംഗങ്ങള്‍, ഏഷ്യയുടെ ഉഷ്ണമേഖലാപ്രദേശത്ത് കാണപ്പെടുന്ന പ്രിസ്റ്റോലെപിഡേ (Pristole-pidae), ഏഷ്യയിലും ആഫ്രിക്കയിലും കാണപ്പെടുന്ന അനബാന്റോയിഡിയ (Anabantoidia) വര്‍ഗത്തില്‍പ്പെട്ട മൂന്നുതരം ലാബറിന്ത് മത്സ്യങ്ങള്‍, മസ്റ്റാസെംബലിഡേ (Mastacembelidae) കുടുംബത്തില്‍പ്പെട്ട മുള്ളന്‍ വ്ളാങ്കുകള്‍ (Spiny eels) എന്നിവ ശുദ്ധജലത്തില്‍ മാത്രം ജീവിക്കുന്ന പ്രാഥമിക വിഭാഗമത്സ്യങ്ങളാണ്.

വടക്കേ അമേരിക്കയുടെ കിഴക്കന്‍ പ്രദേശങ്ങളിലും മധ്യ അമേരിക്കയിലും കാണപ്പെടുന്ന ഗാര്‍പൈക്കുകള്‍ (Garpikes), യൂറോപ്പിലെയും ഏഷ്യയിലെയും ഉഷ്ണമേഖലാ പ്രദേശങ്ങളിലും ആഫ്രിക്കയിലും കാണപ്പെടുന്ന സൈപ്രിനോഡോന്റിസ് (Cyprinodontes) വിഭാഗത്തിലെ വിവിധ കുടുംബത്തില്‍പ്പെടുന്ന ടോപ്പ്മിനോ (Topminnow), പ്രസവിക്കുന്ന മിനോ, ആഫ്രിക്കയിലെയും ഇന്ത്യയിലെയും സിക്ലിഡേ (Cychlidae) കുടുംബാംഗങ്ങള്‍ തുടങ്ങിയവ ദ്വിതീയ വിഭാഗമത്സ്യങ്ങളാണ്.

ഉപരിപ്ലവ ശുദ്ധജല മത്സ്യങ്ങളില്‍പ്പെടുന്നവയാണ് പെട്രോ മൈസോണിഡേ കുടുംബത്തില്‍പ്പെട്ട ലാംപ്രേ (Lamprey), അസിപെന്‍സ റിഡേ കുടുംബത്തില്‍പ്പെട്ട സ്റ്റര്‍ജിയന്‍ (Sturgeon), സാല്‍മണിഡേ കുടുംബത്തിലെ സാല്‍മണ്‍, ട്രൌട്ട്, ആംഗ്യുല്ലിഡേ കുടുംബത്തില്‍പ്പെട്ട സ്റ്റിക്കിള്‍ ബാക്ക് തുടങ്ങിയവ. യൂറോപ്പിലും ഏഷ്യയിലും വടക്കേ അമേരിക്കയിലും മറ്റുചില പ്രദേശങ്ങളിലും ഇവയെ കണ്ടുവരുന്നുണ്ട്.

പ്രാഥമിക വിഭാഗ ശുദ്ധജലമത്സ്യങ്ങളെ വന്‍കരകള്‍ക്കുള്ളിലാണ് സാധാരണ കണ്ടുവരുന്നത്. എന്നാല്‍ സമീപകാലം വരെ വന്‍കരകളുമായി ബന്ധപ്പെട്ടിരുന്ന ദ്വീപുകളിലും ഇവയെ കണ്ടിരുന്നു. ഇവ വളരെ വിരളമായി വിദൂരസ്ഥ ദ്വീപുകളില്‍ എത്തുകയോ തീരെ എത്താതിരിക്കുകയോ ചെയ്യാറുണ്ട്. ക്യുന്‍സ്ലാന്‍ഡിന്റെ തെക്കന്‍ ഭാഗങ്ങളില്‍ പ്രാദേശികമായി കണ്ടുവരുന്ന ഒരുതരം ശ്വാസകോശ മത്സ്യമുണ്ട്. പുരാതന ഗണത്തില്‍പ്പെട്ട ഏതോ ഒരിനം മത്സ്യത്തിന്റെ ശിഷ്ടവംശജരായ ഇവയുടെ അജ്ഞാതരായ മുന്‍ഗാമികള്‍ സമുദ്രത്തിലൂടെ ഭൂഖണ്ഡദ്വീപായ ആസ്റ്റ്രേലിയയില്‍ എത്തിയതാകാം. പ്രാഥമിക ഗണത്തില്‍പ്പെട്ട ഒരു ആസ്റ്റ്രേലിയന്‍ ഓസ്റ്റിയോഗ്ലോസിഡ് (Osteoglossid) മത്സ്യമുണ്ട്. സമീപകാലത്ത് സമുദ്രത്തിലൂടെ ആസ്റ്റ്രേലിയയില്‍ എത്തിയ ലവണ സഹിഷ്ണുത(Salt tolerant)യുള്ള ഏതോ ഒരു മുന്‍ഗാമിയില്‍നിന്ന് ഉടലെടുത്തതാവാം ഈ മത്സ്യമെന്നു കരുതപ്പെടുന്നു.

പ്രാഥമിക വിഭാഗമത്സ്യഗണങ്ങളുടെ ഭൂമിശാസ്ത്രാതിര്‍ത്തികള്‍ കൃത്യമായി നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. ഏഷ്യന്‍ പ്രദേശത്തെ മിക്ക പ്രാഥമിക വിഭാഗമത്സ്യങ്ങളും സുമാത്രാ, ജാവാ, ബോര്‍ണിയോ എന്നിവിടങ്ങളിലേക്ക് വ്യാപിച്ചിട്ടുള്ളതായി കാണാം. ഭൂവിജ്ഞാനീയമാന (Geological time) പ്രകാരം സമീപകാലം വരെ ഈ പ്രദേശങ്ങള്‍ ഏഷ്യയുമായി ബന്ധപ്പെട്ടു കിടന്നിരുന്നതിനാലാകാം ഇങ്ങനെ സംഭവിച്ചത്. എന്നാല്‍ മനുഷ്യന്‍ കൊണ്ടെത്തിച്ച രണ്ടോ മൂന്നോ ഇനങ്ങള്‍ ഒഴികെ മറ്റുള്ളവയൊന്നും മക്കാസര്‍ കടലിടുക്ക് കടന്ന് സെലിബിസി (Celebes)ല്‍ എത്തിയിട്ടില്ല. അതുപോലെ തന്നെ ലവണ സഹിഷ്ണുതയുള്ള ചില ചെറിയ ഇനങ്ങള്‍ ഒഴികെ മറ്റുള്ളവ 'ജാവ'യ്ക്ക് കിഴക്കോട്ടോ ബോര്‍ണിയ കടന്നു തെക്കന്‍ ഫിലിപ്പീന്‍സിലേക്കോ എത്തിയിട്ടില്ല. പക്ഷേ മിക്ക പ്രഥമ വിഭാഗമത്സ്യങ്ങളും ഇന്ത്യ, ശ്രീലങ്ക, ഫോര്‍മോസ, ജപ്പാന്‍, തെക്കേ അമേരിക്കയുടെ തെക്കു കിഴക്കന്‍ തീരത്തുള്ള ട്രിനിഡാഡ് എന്നിവിടങ്ങളിലേക്കു വ്യാപിച്ചിട്ടുണ്ട്. ഇവയെല്ലാം തന്നെ സമീപ ഭൂഖണ്ഡങ്ങളില്‍ നിന്ന് ഏകദേശം പതിനായിരം വര്‍ഷങ്ങള്‍ക്കുള്ളില്‍ വേര്‍തിരിക്കപ്പെട്ട വന്‍കരാ ദ്വീപുകളാണ് (Continental Islands).

പ്രാഥമിക വിഭാഗ മത്സ്യങ്ങളെ ആഫ്രിക്കയില്‍ ധാരാളമായി കാണാമെങ്കിലും മഡഗാസ്കറില്‍ ഇവയെ കാണാനാകില്ല. അതുപോലെ തന്നെ വടക്കേ അമേരിക്കയിലും തെക്കേ അമേരിക്കയിലും ഇവയെ ധാരാളമായി കാണാമെങ്കിലും വെസ്റ്റ് ഇന്‍ഡീസില്‍ ഇവയെ കാണാനില്ല (ജന്തു ഭൗമശാസ്ത്രപരമായി ട്രിനിഡാഡ് തെക്കേ അമേരിക്കയുടെ ഭാഗമാണ്, വെസ്റ്റ് ഇന്‍ഡീസിന്റെ ഭാഗമല്ല). ഇന്നു നിലനില്ക്കുന്ന പ്രഥമ വിഭാഗമത്സ്യങ്ങളുടെ വിന്യാസകാലത്ത് മഡഗാസ്കറും വെസ്റ്റ് ഇന്‍ഡീസും സെലിബിസ് മുതല്‍ ആസ്റ്റ്രേലിയ വരെയുള്ള ദ്വീപുകളും മഹാ ഉപഭൂഖണ്ഡങ്ങളുമായി ബന്ധപ്പെട്ടല്ല സ്ഥിതി ചെയ്തിരുന്നതെന്നും വ്യക്തമാണ്.

ലവണസഹിഷ്ണുതയുള്ള ദ്വിതീയ വിഭാഗങ്ങള്‍ നേര്‍ത്ത കടലിടുക്കുകള്‍ കടന്ന് മഡഗാസ്കറിലും ചില വെസ്റ്റ് ഇന്‍ഡീസ് ദ്വീപുകളിലും സെലിബിസിലുമൊക്കെ എത്തപ്പെട്ടു. മധ്യ അമേരിക്കയില്‍ ദ്വിതീയ വിഭാഗം മത്സ്യങ്ങള്‍ കൂടുതലും പ്രാഥമിക വിഭാഗം മത്സ്യങ്ങള്‍ വളരെ കുറവുമാണ്. ശുദ്ധജല മത്സ്യങ്ങള്‍ക്ക് എത്തിപ്പെടാന്‍ പ്രയാസമായ ഒരു ദ്വീപോ ഉപഭൂഖണ്ഡമോ ആയിരുന്നു അക്കാലത്തു മധ്യ അമേരിക്ക എന്നാണ് ഈ വസ്തുതകള്‍ സൂചിപ്പിക്കുന്നത്.

യഥാര്‍ഥ ശുദ്ധജല മത്സ്യങ്ങളുടെ ആത്യന്തിക വിന്യാസാതിര്‍ത്തി നിര്‍ണയിക്കുന്നത് ലവണജല സീമകളാണ്. പല വിഭാഗങ്ങള്‍ക്കും കാലാവസ്ഥ ഒരു നിര്‍ണായക ഘടകമാണ്. ചില പ്രധാന ശുദ്ധജല മത്സ്യവിഭാഗങ്ങളും സമുദ്രജല മത്സ്യവിഭാഗങ്ങളും ഉഷ്ണമേഖലാ പ്രദേശത്തു മാത്രമായി ഒതുങ്ങാനുള്ള കാരണം കാലാവസ്ഥാ മേഖലകളുടെ അന്തരമാണ്. മാംസഭോജികളായ പിരാനയും നിരവധി ചെറു അക്വേറിയം മത്സ്യങ്ങളും അടക്കമുള്ള പ്രഥമ വിഭാഗ ശുദ്ധജല മത്സ്യങ്ങളായ ചരാസിന്‍ (Characin) ആഫ്രിക്കയുടെ ഉഷ്ണമേഖലാ പ്രദേശത്തും തെക്കേ അമേരിക്കയിലും ധാരാളമായി കാണപ്പെടാനുള്ള കാരണവും ഇതുതന്നെയാണ്. അവ വളരെ വിരളമായേ ഉത്തരായനരേഖ (ട്രോപിക് ഒഫ് ക്യാന്‍സര്‍) കടക്കാറുള്ളൂ. ദക്ഷിണായന രേഖ (ട്രോപിക് ഒഫ് കാപ്രിക്കോണ്‍) പ്രദേശത്തേക്കുപോലും ഇവ എത്തുന്നതായി കാണുന്നില്ല. പ്രഥമവിഭാഗം മത്സ്യങ്ങളായ പൂച്ചമത്സ്യങ്ങളെ (Cat fish) ഏഷ്യ, ആഫ്രിക്ക, അമേരിക്ക എന്നീ വന്‍കരകളുടെ ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ ധാരാളമായി കാണാം. പക്ഷേ, സമശീതോഷ്ണ മേഖലാ പ്രദേശത്ത് ഇവ വിരളമാണ്. തെക്കേ അമേരിക്കയുടെ കിഴക്കന്‍ തീരത്ത് പൂച്ചമത്സ്യങ്ങളെ അപൂര്‍വമായി കാണാറുണ്ട്. ഇരുപതോളം ഇനങ്ങളെ മിസ്സിസ്സിപ്പി പ്രദേശത്തും കാണാം. ആമസോണ്‍ പ്രദേശത്ത് 450-ഓളം ഇനങ്ങള്‍ ഉള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. ചില ശുദ്ധജല മത്സ്യങ്ങളും സമുദ്രമത്സ്യങ്ങളും വടക്കന്‍ സമശീതോഷ്ണമേഖലയിലും പ്രാന്തപ്രദേശങ്ങളിലുമായി ഒതുങ്ങിയിരിക്കുന്നു. പൈക്കുകളും പിക്കെറലുകളും ശുദ്ധജല പെര്‍ച്ചുകളും തീര്‍ത്തും ശുദ്ധജല മത്സ്യകുടുംബങ്ങളാണ്. യൂറോപ്പിന്റെയും ഏഷ്യയുടെയും വടക്കേ അമേരിക്കയുടെയും സമശീതോഷ്ണമേഖലകളില്‍ വ്യാപകമായി കണ്ടുവരുന്ന ഇവ ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ പ്രവേശിക്കാറില്ല. സാല്‍മണുകളുടെയും ട്രൊട്ടുകളുടെയും വിന്യാസം കാലാവസ്ഥാമേഖലകളുടെ സ്വയം നിര്‍ണയശേഷിക്ക് ഉദാഹരണമാണ്. വടക്കന്‍ സമശീതോഷ്ണ മേഖലയിലെ തണുത്ത ശുദ്ധജലത്തില്‍ ധാരാളമായി കണ്ടുവരുന്ന സാല്‍മണുകള്‍ ആഫ്രിക്കയിലെ തെക്കന്‍ അതിര്‍ത്തിവരെയും മെക്സിക്കോയുടെ വടക്കു പടിഞ്ഞാറന്‍ കോണുവരെയും വ്യാപിക്കുന്നുണ്ടെങ്കിലും ഉഷ്ണമേഖലാ പ്രദേശത്ത് പ്രവേശിക്കുന്നില്ല. ഇത്തരം പ്രാന്തപ്രദേശ/ബാഹ്യമേഖലാ മത്സ്യങ്ങളില്‍ പലതും അവയുടെ ചില ജീവിത ദശകള്‍ കടലില്‍ കഴിച്ചുകൂട്ടുന്നു. എന്നാല്‍ ഭൗതിക പ്രതിബന്ധങ്ങളെക്കാള്‍ കാലാവസ്ഥാ വ്യതിയാനങ്ങളാണ് ഇവയുടെ വിന്യാസത്തില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തുന്നത്.

ശുദ്ധജല മത്സ്യങ്ങളുടെ വിന്യാസമാതൃകകളെ സ്വാധീനിക്കുന്ന മറ്റു ഘടകങ്ങളാണ് പ്രബല വര്‍ഗങ്ങളുടെ പരിണാമവും വ്യാപനവും. ഇന്നു നിലവിലുള്ള പ്രഥമ വിഭാഗ ശുദ്ധജല മത്സ്യങ്ങളുടെ എട്ടില്‍ ഏഴു ഭാഗവും ഒസ്റ്റാരിയോഫൈസി (Ostariophysi) എന്ന പ്രബല വര്‍ഗത്തില്‍പ്പെട്ടവയാണ്. ഈ വര്‍ഗം, പരല്‍മത്സ്യങ്ങള്‍ ഉള്‍പ്പെടുന്ന സിപ്രിനോയിഡിയ (Cyprinoidea) എന്നും പൂച്ചമത്സ്യങ്ങള്‍ ഉള്‍പ്പെടുന്ന സിലുറോയിഡിയ (Siluroidea) എന്നും രണ്ടു ഉപവര്‍ഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. സിപ്രിനോയിഡുകളെ രണ്ടു പ്രബല (super) കുടുംബങ്ങളായ ചരാസിഫോമിസ് (Characiformis -ചാരാസിനുകളും അവയുടെ ബന്ധുക്കളും) എന്നും സിപ്രിനിഫോര്‍മിസ് (സിപ്രിനിഡേ കുടുംബത്തില്‍പ്പെട്ട പരല്‍ മത്സ്യങ്ങളും ശുദ്ധജല മിനോകളും അനുബന്ധങ്ങളും) എന്നും വിഭജിച്ചിട്ടുണ്ട്.

ആസ്റ്റ്രേലിയ ഒഴികെയുള്ള വന്‍കരകളിലെ ശുദ്ധജലത്തില്‍ ഇപ്പോള്‍ മുന്നിട്ടുനില്ക്കുന്ന വിഭാഗമാണ് ഒസ്റ്റാരിയോഫൈസി. ആസ്റ്റ്രേലിയന്‍ നദികളില്‍ കാണുന്ന പൂച്ചമത്സ്യങ്ങള്‍ മിക്കവാറും കടലില്‍ നിന്നു കരയിലേക്കു പ്രവേശിച്ചവയാണ്. അവയില്‍ ചിലവയെ ഇന്നും കടലില്‍ കാണാം. ആസ്റ്റ്രേലിയയിലും മറ്റുചില വിദൂരസ്ഥ പ്രദേശങ്ങളിലെ ശുദ്ധജലത്തിലും ഇവ പുനഃപ്രവേശം നടത്തിയിരിക്കുന്നു. എന്നിരുന്നാലും വ്യത്യസ്ത വന്‍കരകളിലെ ഒസ്റ്റാരിയോഫൈസികള്‍ തികച്ചും വ്യത്യസ്തരാണ്. ഇവയുടെ പരിണാമത്തിന്റെയും വ്യാപനത്തിന്റെയും രണ്ടു പ്രധാന കാലഘട്ടങ്ങളെയാണ് ഈ വ്യത്യാസങ്ങള്‍ സൂചിപ്പിക്കുന്നത്. പ്രാചീന ലോകത്തിലെ ഉഷ്ണമേഖലയില്‍ ക്രിട്ടേഷ്യസ് യുഗത്തിലാണ് ഒസ്റ്റാരിയോഫൈസിയുടെ ഉത്പത്തി നടന്നതെന്നു സങ്കല്പിക്കേണ്ടിയിരിക്കുന്നു. ചരാസിനുകളും പൂച്ചമത്സ്യങ്ങളുമായ പ്രാകൃത ഒസ്റ്റാരിയോഫൈസികള്‍ ആസ്റ്റ്രേലിയ ഒഴികെയുള്ള വന്‍കരകളിലെ ഉയര്‍ന്ന താപമുള്ള ശുദ്ധജലാശയങ്ങള്‍ വഴി വ്യാപിച്ചിരിക്കാം. തെക്കേ അമേരിക്കയില്‍ എത്തിയവ അവിടെനിന്നും വീണ്ടും വ്യാപിക്കുകയാണുണ്ടായത്. ഇതിനുശേഷം മിക്കവാറും ക്രിട്ടേഷ്യസ് യുഗത്തില്‍ത്തന്നെ സിപ്രിനിഫോമുകള്‍ പരിണാമത്തിന്റെയും വ്യാപനത്തിന്റെയും രണ്ടാംഘട്ടം തുടങ്ങി. ഏഷ്യയുടെ ഉഷ്ണമേഖലാ പ്രദേശത്ത് മിക്കവാറും ചരാസിനുകളില്‍ നിന്ന് ഉദ്ഭവിച്ച അവ കരയുമായി ബന്ധപ്പെട്ടു കിടന്ന എല്ലാ ദിക്കുകളിലേക്കും വ്യാപിച്ചു. ഏഷ്യയിലെ ഉഷ്ണമേഖലാ പ്രദേശത്ത് വൈവിധ്യവത്കരിക്കപ്പെടുകയും പെരുകുകയും ചെയ്ത അവ, ഏഷ്യയുടെയും യൂറോപ്പിന്റെയും സമശീതോഷ്ണ പ്രദേശങ്ങളിലേക്കു ധാരാളമായി വ്യാപിച്ചു. ഇതുമൂലം ഈ പ്രദേശത്തെ പല മത്സ്യങ്ങളും സ്ഥാനഭ്രഷ്ടരാക്കപ്പെട്ടു. സിപ്രിനിഫോമുകള്‍ ആഫ്രിക്കയിലും വടക്കേ അമേരിക്കയിലും എത്തുകയും ക്രമാതീതമായി വര്‍ധിക്കുകയും ചെയ്തെങ്കിലും യൂറോപ്പില്‍ സംഭവിച്ചതുപോലെ അവ മറ്റു മത്സ്യങ്ങള്‍ക്കു പകരമായിത്തീര്‍ന്നില്ല. ഇത്തരം മത്സ്യങ്ങള്‍ തെക്കേ അമേരിക്കയില്‍ എത്താത്തതുകൊണ്ടാകാം അവിടെ ഇന്നും ചരാസിനുകളും പൂച്ചമത്സ്യങ്ങളും മുന്‍പന്തിയില്‍ നില്ക്കുന്നത്. മനുഷ്യന്‍ കൊണ്ടെത്തിച്ചവ ഒഴിച്ചാല്‍ ആസ്റ്റ്രേലിയയില്‍ സിപ്രിനിഫോമുകള്‍ ഇന്നും എത്തിയിട്ടില്ലെന്നു കാണാം.

ലോകത്തിലെ ശുദ്ധജല മത്സ്യങ്ങള്‍ ക്രമവിരുദ്ധ ഭൗമശാസ്ത്രമേഖലകളില്‍ സംകേന്ദ്ര മാതൃകകള്‍ (concentric models) സൃഷ്ടിക്കുന്നതായി കാണാം. എന്നാല്‍ യുറേഷ്യയെ സംബന്ധിച്ചിടത്തോളം ഇത്തരം മാതൃകകളുടെ കേന്ദ്രത്തില്‍ സിപ്രിനിഫോമുകള്‍ക്കു മുന്‍തൂക്കമുള്ള ഒരു മേഖലയുണ്ട്. എന്നാല്‍ ആഫ്രിക്കയിലും വടക്കേ അമേരിക്കയിലും ഇത്തരം കേന്ദ്രങ്ങള്‍ക്കു സമീപത്തായി സിപ്രിനിഫോമുകള്‍ക്കും ഇതര മത്സ്യങ്ങള്‍ക്കും സംയുക്തപ്രാമുഖ്യമുള്ള ഒരു മേഖലയും ഉള്ളതായി കാണാം. പക്ഷേ സിപ്രിനിഫോമുകള്‍ എത്തിയിട്ടില്ലാത്ത ഒരു വിദൂര മേഖലയും തെക്കേ അമേരിക്കയില്‍ കാണാനാകും. ഒസ്റ്റാരിയോഫൈസി വര്‍ഗത്തില്‍പ്പെട്ട മത്സ്യങ്ങളാണ് ഇവിടെ പ്രമുഖര്‍. ചുരുക്കിപ്പറഞ്ഞാല്‍ ആസ്റ്റ്രേലിയ, ന്യൂഗിനിയ, സെലിബിസ് അടക്കമുള്ള പടിഞ്ഞാറന്‍ ദ്വീപുകളും മഡഗാസ്കറും ട്രിനിഡാഡ് ഒഴികെയുള്ള വെസ്റ്റ് ഇന്‍ഡീസ് ദ്വീപുകളും പഴയതും വിദൂരസ്ഥങ്ങളുമായ മറ്റു ചില ദ്വീപുകളും ഈ മേഖലയില്‍ സ്ഥിതിചെയ്യുന്നു. ജന്തുവിന്യാസകേന്ദ്രത്തില്‍ നിന്നും തെക്കേ അമേരിക്കയെക്കാള്‍ അകലെയല്ലെങ്കിലും ശുദ്ധജല മത്സ്യങ്ങള്‍ക്ക് എത്താന്‍ കഴിയാത്ത വിധത്തില്‍ ലവണജല പ്രതിബന്ധങ്ങളാല്‍ ഈ പ്രദേശം വേര്‍തിരിക്കപ്പെട്ടിരിക്കുന്നു. ഈ മേഖലയിലെ പ്രമുഖ മത്സ്യങ്ങള്‍ ഉപരിപ്ലവ വിഭാഗത്തില്‍പ്പെടുന്നവയാണ്.

തെക്കേ അമേരിക്കയില്‍ കാണുന്ന ശ്വാസകോശ മത്സ്യങ്ങളെ ആഫ്രിക്കന്‍ ലങ് ഫിഷുകളുടെ കുടുംബത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. കാരണം, ഇവിടെ കാണുന്ന മറ്റു മിക്ക പ്രാഥമിക വിഭാഗമത്സ്യങ്ങളും ഇന്നുള്ള ആഫ്രിക്കന്‍ മത്സ്യങ്ങളുമായി ബന്ധപ്പെട്ടവയാണ്. എന്നാല്‍ ആസ്റ്റ്രേലിയന്‍ ശ്വാസകോശ മത്സ്യം വ്യത്യസ്തമായ ഒരു പുരാതന മത്സ്യകുടുംബത്തെ പ്രതിനിധീകരിക്കുന്നു. തെക്കേ അമേരിക്കയും ആഫ്രിക്കയും ഒരു കാലത്ത് തൊട്ടുതൊട്ടു സ്ഥിതി ചെയ്തിരുന്നതും പില്ക്കാലത്ത് വേര്‍പെട്ടു പോയതുമായ ഭൂവിഭാഗങ്ങളാണെന്നു സ്ഥാപിക്കുന്ന സൂചനയാണ് ഈ വസ്തുത. എന്നാല്‍ തെക്കേ അമേരിക്കന്‍ മത്സ്യങ്ങള്‍ ആഫ്രിക്കന്‍ മത്സ്യസമൂഹത്തെ മൊത്തമായോ ഭാഗികമായോ പ്രതിനിധീകരിക്കുന്നില്ലെന്നാണ് വിശദമായ ഒരു വിശകലനം സൂചിപ്പിക്കുന്നത്. അവ ഒരു പ്രത്യേക പുരാതനവിഭാഗത്തെ പ്രതിനിധീകരിക്കുന്നില്ല. എന്തുകൊണ്ടെന്നാല്‍ ഒരു തരം ശ്വാസകോശ മത്സ്യത്തെ തെക്കേ അമേരിക്കയില്‍ കാണാമെങ്കിലും പുരാതന ബിച്ചിറുകള്‍ (പൊളിപ്റ്റെറിഡുകള്‍), ചില പുരാതന ആഫ്രിക്കന്‍ മത്സ്യഗണങ്ങള്‍ എന്നിവ തെക്കേ അമേരിക്കയില്‍ കാണപ്പെടുന്നില്ല. വാസ്തവത്തില്‍ തെക്കേ അമേരിക്കന്‍ ശുദ്ധജല മത്സ്യഗണങ്ങള്‍ ആഫ്രിക്കന്‍ മത്സ്യഗണങ്ങളുടെ ഘടകങ്ങളെ പ്രതിനിധീകരിക്കുന്നവയും ഭൂവിജ്ഞാനീയ കാലഘട്ടങ്ങള്‍ക്കും പാരിസ്ഥിതികാവശ്യങ്ങള്‍ക്കുമനുസരിച്ച് വൈവിധ്യവത്കരിക്കപ്പെട്ടവയുമാണ്. തെക്കേ അമേരിക്കയും ആഫ്രിക്കയും ചേര്‍ന്നു കിടന്നിരുന്ന ഭൂവിഭാഗങ്ങളായിരുന്നെങ്കില്‍ ഇതല്ല ഉണ്ടാകേണ്ടത്. വ്യത്യസ്ത കാലഘട്ടങ്ങളില്‍ വിവിധ മാര്‍ഗങ്ങളിലൂടെ ഏതാനും മത്സ്യങ്ങള്‍ തെക്കേ അമേരിക്കയില്‍ എത്തിച്ചേര്‍ന്നിരുന്നെങ്കില്‍ അതിന്റെ പരിണതഫലം തികച്ചും വ്യത്യസ്തമാകുമായിരുന്നു. മറ്റൊരു ഭൂഭാഗത്തും ശുദ്ധജലമത്സ്യങ്ങളുടെ വിന്യാസം വന്‍കരകളുടെ സ്ഥാനചലനത്തെ സൂചിപ്പിക്കുന്നില്ല. ആഫ്രിക്കയിലെയും ആസ്റ്റ്രേലിയയിലെയും അല്ലെങ്കില്‍ തെക്കേ അമേരിക്കയിലെയും ആസ്റ്റ്രേലിയയിലെയും ശുദ്ധജലമത്സ്യങ്ങള്‍ തമ്മില്‍ യാതൊരു ബന്ധവുമില്ല. അതുപോലെ തന്നെ മഡഗാസ്കര്‍ ഏതെങ്കിലും വന്‍കരയുമായി ബന്ധപ്പെട്ടു കിടന്നിരുന്നതാണെന്ന് ഇവിടത്തെ മത്സ്യഗണങ്ങള്‍ സൂചിപ്പിക്കുന്നില്ല. 'ഗ്യാലക്സിഡേ' കുടുംബത്തില്‍പ്പെട്ട ചെറുമത്സ്യങ്ങള്‍ തെക്കേ അമേരിക്കയുടെ തെക്കന്‍ പ്രദേശങ്ങളിലും തെക്കേ ആസ്റ്റ്രേലിയയിലും ആഫ്രിക്കയുടെ തെക്കേ മുനമ്പിലും ന്യൂസിലന്‍ഡിലും മറ്റു ചില ദ്വീപുകളിലെ ശുദ്ധജലാശയങ്ങളിലും കാണപ്പെടുന്നുണ്ട്. ഇവയില്‍ ചിലത് കടല്‍ ജലത്തില്‍ പ്രവേശിക്കുകയോ പ്രത്യുത്പാദനം നടത്തുകയോ ചെയ്യുന്നുണ്ട്. ചിലപ്പോള്‍ ഇവയുടെ കുടുംബങ്ങള്‍ തന്നെ കടല്‍ ജലത്തിലൂടെ വിന്യസിക്കപ്പെടാറുണ്ട്. ശുദ്ധജലമത്സ്യങ്ങളുടെ വ്യാപനം വന്‍കര വിസ്ഥാപന (continental drift)ത്തോട് ഐകരൂപ്യം പുലര്‍ത്തുന്നില്ലെങ്കിലും മേല്‍ വിവരിച്ചപോലെ പുരാതനലോകത്തിന്റെ ഉഷ്ണമേഖലാ പ്രദേശത്തു നിന്നു തുടരെത്തുടരെ വന്നിരുന്ന പ്രമുഖ ഒസ്റ്റാരിയോഫൈസി മത്സ്യങ്ങളുടെ വിന്യാസ ചരിത്രത്തോട് ഐകരൂപ്യം പുലര്‍ത്തുന്നുണ്ട്.

ഉഭയജീവികള്‍

ഉഭയജീവികള്‍ (Amphibians). നിലവിലുള്ള ഉഭയജീവികള്‍ വളരെ പഴക്കമേറിയ മൂന്നു വര്‍ഗത്തില്‍പ്പെട്ടവയാണ്. മീസോസോയിക് (Mesozoic) കല്പത്തിന്റെ ആദ്യപാദമായ പ്രി മീസോസോയിക് കാലഘട്ടത്തിലാണ് ഇവയുടെ വികാസം നടന്നിട്ടുള്ളതെന്നു കരുതപ്പെടുന്നു. എന്നാല്‍ ഇന്നു കാണുന്ന ഉഭയജീവികളുടെ 'വ്യാപനം മിക്കവാറും ക്രിട്ടേഷ്യസ് യുഗത്തിന്റെ അവസാനപാദത്തിലോ ടെര്‍ഷ്യറി യുഗത്തിലോ ആണ് നടന്നിട്ടുള്ളത്. മണ്ണില്‍ മാളങ്ങള്‍ ഉണ്ടാക്കുന്നവയും എന്നാല്‍ ജലത്തില്‍ ജീവിക്കുന്നവയുമായ കൈകാലുകളില്ലാത്ത ഉഭയജീവികളായ സിസിലിയനുകളെ എപോഡ(Apoda) അഥവാ ജിംനോഫിയോന (Gymnophiona) എന്ന വര്‍ഗത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ആഫ്രിക്കയുടെ ഉഷ്ണമേഖലാ പ്രദേശങ്ങള്‍, ഇന്ത്യന്‍ മഹാസമുദ്രത്തിലെ സീഷെല്‍സ് ദ്വീപുകള്‍, ഏഷ്യയുടെ ഉഷ്ണമേഖലാ പ്രദേശങ്ങള്‍, സുമാത്ര, ജാവ, ബോര്‍ണിയോ, തെക്ക് ഫിലിപ്പീന്‍സ് എന്നീ പ്രദേശങ്ങള്‍, തെക്ക് മെക്സിക്കോ മുതല്‍ വടക്ക് അര്‍ജന്റീന എന്നിവിടങ്ങളില്‍ ഇവയെ കാണാം. എന്നാല്‍ മഡഗാസ്കറിലും ആസ്റ്റ്രേലിയന്‍ പ്രദേശത്തും ഇവയെ കാണാനാകില്ല. അവ്യക്തതകള്‍ നിലനില്ക്കുന്ന ഇവയുടെ ഭൂമിശാസ്ത്രചരിത്രം അജ്ഞാതമാണു താനും. യുറോഡില (Urodela) അഥവാ കാഡേറ്റ (Caudata) എന്ന വര്‍ഗത്തില്‍പ്പെട്ട ന്യൂട്ടുകളും സലമാണ്ടറുകളും പ്രധാനമായും കാണപ്പെടുന്നത് വടക്കന്‍ സമശീതോഷ്ണമേഖലയിലാണ്.

പ്ലിത്തോഡോന്റിഡേ (Plethodontidae) കുടുംബത്തില്‍പ്പെട്ട ഒരിനം ഉഭയജീവിയായ സലമാണ്ടര്‍ (Salamander) തെക്ക് കിഴക്കന്‍ ഏഷ്യയുടെ ഉഷ്ണമേഖലാ പ്രാന്തപ്രദേശങ്ങളിലും മധ്യ അമേരിക്കയിലൂടെ ആമസോണ്‍ പ്രദേശത്തിന്റെ തെക്കന്‍ ഭാഗം വരെയും വ്യാപിച്ചിരിക്കുന്നു. മറ്റ് ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ സലമാണ്ടറുകള്‍ ഇല്ലെന്നുതന്നെ പറയാം. അടുത്ത കാലത്തുണ്ടായ വന്‍കര ദ്വീപുകള്‍ ഒഴിച്ച് ദക്ഷിണാര്‍ധഗോളത്തിലോ ദ്വീപുകളിലോ സലമാണ്ടറുകള്‍ ഇല്ല. വടക്കന്‍ സമശീതോഷ്ണമേഖലയില്‍ ഇവയുടെ വിന്യാസത്തിന് യാതൊരു ഐകരൂപ്യവുമില്ല. മിക്കവയും നാലു പ്രധാന ഭാഗങ്ങളിലായി കേന്ദ്രീകരിച്ചിരിക്കുന്നു. അറ്റ്ലസ് മലനിരകള്‍ക്കു വടക്ക് ആഫ്രിക്കയോടു ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളും യൂറോപ്പും തെക്കന്‍ ഏഷ്യയും കിഴക്കന്‍ ഏഷ്യയും ജപ്പാനും; വടക്കേ അമേരിക്കയുടെ കിഴക്കുഭാഗം, പടിഞ്ഞാറുഭാഗം എന്നിവയാണ് ഈ പ്രദേശങ്ങള്‍. വിവിധ വര്‍ഗത്തില്‍പ്പെട്ട സലമാണ്ടറുകളുടെ ഭൗമശാസ്ത്രബന്ധങ്ങള്‍ സാധ്യമായ എല്ലാ ദിശകളിലേക്കും എത്തുന്നതായി ഈ നാലു പ്രദേശങ്ങളിലും കാണാം. ചിലത് യൂറോപ്പിലും കിഴക്കന്‍ ഏഷ്യയിലും കാണപ്പെടുമ്പോള്‍ ഹൈഡ്രോമാന്റസു(Hydromants)കള്‍ യൂറോപ്പിലും വടക്കന്‍ അമേരിക്കയുടെ പടിഞ്ഞാറുഭാഗത്തും കാണപ്പെടുന്നു. എന്നാല്‍ പ്രോട്ടിഡേ (Proteidae) കുടുംബത്തില്‍പ്പെട്ടവര്‍ യൂറോപ്പിലും വടക്കേ അമേരിക്കയുടെ കിഴക്കന്‍ ഭാഗങ്ങളിലുമാണ് കാണപ്പെടുന്നത്. ഒരു കൂട്ടം ട്രൈറ്റ്യൂറസു (Triturus)-കള്‍ കിഴക്കന്‍ ഏഷ്യ, ഇന്ത്യ, വടക്കേ അമേരിക്കയുടെ പടിഞ്ഞാറന്‍ പ്രദേശം എന്നിവിടങ്ങളില്‍ കാണപ്പെടുന്നു. എന്നാല്‍ ക്രിപ്റ്റോബ്രാന്‍ചിഡേ (Cryptobranchidae) കുടുംബം കിഴക്കന്‍ ഏഷ്യയിലും വടക്കേ അമേരിക്കയുടെ കിഴക്കന്‍ പ്രദേശത്തുമാണ് കാണപ്പെടുന്നത്. ആംഫിസ്റ്റോമ (Amphystoma), പ്ലിത്തോഡോന്റിഡേ (Plethodontidae) കുടുംബങ്ങളില്‍പ്പെട്ട ചില അംഗങ്ങളെ വടക്കേ അമേരിക്കയുടെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങളില്‍ കാണപ്പെടുന്നു. പുരാതനവും വൈവിധ്യവത്കൃതവും വ്യാപകവുമായ ഒരു ജന്തുസമൂഹത്തിന്റെ എണ്ണം കുറയുകയും അവ നിയന്ത്രിത മേഖലകളില്‍ മാത്രം നിലനില്ക്കുകയും ചെയ്യുമ്പോഴാണ് 'റെലിക് പാറ്റേണ്‍' എന്നറിയപ്പെടുന്ന ഭൂമിശാസ്ത്ര മാതൃകകള്‍ ഉണ്ടാകുന്നത്. ഇതിനു രണ്ടു പ്രധാന സ്വഭാവവിശേഷങ്ങളുണ്ടാകാം: (i) തുടര്‍ച്ചയില്ലായ്മ. പരസ്പര ബന്ധമുള്ളവ വിദൂരസ്ഥങ്ങളായി കാണപ്പെടുകയും അവയുടെ ജീവിത സീമകള്‍ക്കു പുറത്തു ഫോസിലുകള്‍ കാണപ്പെടുകയും ചെയ്യും. ഉദാ. സലമാണ്ടര്‍. (ii) ഭൗമശാസ്ത്രബന്ധങ്ങളുടെ നാനാത്വം. നിലവിലുള്ളവയുടെ ഭൗമശാസ്ത്ര കെട്ടുപാടുകളുടെ നാനാത്വം ചിന്താക്കുഴപ്പം ഉണ്ടാക്കുന്നു. വിന്യാസദിശകള്‍ സൂചിപ്പിക്കുന്നതിനൊപ്പം നിലനില്പും വംശനാശവും കൂടി പ്രതിബിംബിക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. സലമാണ്ടറുകളുടെ ഭൗമശാസ്ത്രചരിത്രം പൊതുവേ അജ്ഞാതമാണ്. എന്നാല്‍ അവ അധോഗതി പ്രാപിച്ചുകൊണ്ടിരിക്കുന്ന ഒരു വിഭാഗമാണെന്ന് അവയുടെ റെലിക് മാതൃകാ വിതരണം സൂചിപ്പിക്കുന്നുണ്ട്. ആധുനിക ഭൂമിശാസ്ത്രകാലഘട്ടത്തിലാണ് പ്ലിത്തോഡോന്റിഡുക-(Plethodotids)ളായ ഇവ മധ്യ അമേരിക്കയിലേക്കും തെക്കേ അമേരിക്കയിലേക്കും വ്യാപിച്ചത്.

എന്യൂറ (Anura) വര്‍ഗത്തില്‍പ്പെട്ട തവളകളും ചൊറിത്തവളകളുമാണ് ഉഭയജീവികളില്‍ പ്രമുഖം. ആര്‍ട്ടിക് പ്രദേശവും വിദൂരസ്ഥങ്ങളായ ദ്വീപുകളുമൊഴിച്ചാല്‍ ആഗോളാടിസ്ഥാനത്തില്‍ വ്യാപിച്ചിട്ടുള്ള ഒരു വിഭാഗമാണ് എന്യൂറ. ആസ്റ്റ്രേലിയയിലും സമീപസ്ഥങ്ങളായ പല ദ്വീപുകളിലും ഇവയെ കാണാം. താരതമ്യേന വീതി കുറഞ്ഞ ലവണ ജലാശയങ്ങള്‍ കടക്കാന്‍ ഇവയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് ഈ വസ്തുത സൂചിപ്പിക്കുന്നത്. വന്‍കര ദ്വീപുകളില്‍ മാത്രമല്ല, വെസ്റ്റ് ഇന്‍ഡീസ്, മഡഗാസ്കര്‍, സീഷെല്‍സ്, ഫിലിപ്പീന്‍സ് ഉള്‍പ്പെടെയുള്ള മലയന്‍ ദ്വീപസമുഹങ്ങള്‍, ന്യൂസിലന്‍ഡ്, ഫിജി എന്നിവിടങ്ങളിലെല്ലാം തവളകള്‍ ചെന്നെത്തിയിട്ടുണ്ട്.

തവളകളും ചൊറിത്തവളകളും ആഗോളാടിസ്ഥാനത്തില്‍ വ്യാപിച്ചിട്ടുണ്ടെങ്കിലും വ്യത്യസ്ത കുടുംബങ്ങളെ വളരെ പരിമിതമായേ കാണാനാകുന്നുള്ളൂ. വടക്കേ അമേരിക്കയുടെ വടക്കു പടിഞ്ഞാറു ഭാഗത്തെ തണുത്ത അരുവികളില്‍ കാണപ്പെടുന്ന അസ്കാഫസ് (Ascaphus) എന്ന വര്‍ഗവും ന്യൂസിലന്‍ഡില്‍ കാണപ്പെടുന്ന ലിയോപെല്‍മ (Leopelma) വിഭാഗത്തിലെ രണ്ടോ മൂന്നോ തരം തവളകളുമാണ് ഇന്നു കാണുന്നതില്‍ വച്ച് ഏറ്റവും പ്രാകൃതമായവ. ഒരു കാലത്തു വ്യാപകമായി കണ്ടിരുന്നതും ഇന്ന് അവശേഷിക്കുന്നതുമായ ഏറ്റവും പഴക്കം ചെന്ന രണ്ടു ജനുസുകളാണിവ.

യൂറോപ്പിലെയും കിഴക്കന്‍ ഏഷ്യയിലെയും ഡിസ്കോഗ്ളോസിഡേ (Discoglossidae) വര്‍ഗത്തില്‍പ്പെട്ട ഫയര്‍ ബെല്ലീട് (Fire bellied) ചൊറിത്തവളകള്‍, ആഫ്രിക്കയിലും തെക്കേ അമേരിക്കയിലും കാണപ്പെടുന്ന പൈപിഡേ (Pipedae) വര്‍ഗത്തില്‍പ്പെട്ട നഖമുള്ള ജലത്തവളകള്‍ (Aquatic clawed toads) തെക്കന്‍ മെക്സിക്കോയിലും മധ്യ അമേരിക്കയിലും കാണപ്പെടുന്ന റൈനോഫ്രിനസ് (Rhynophrenus ), പാലിയോബാറ്റിഡേ (Paleobatidae)യുടെ ചില ഉപകുടുംബങ്ങള്‍ എന്നിവ വളരെ പഴമയുള്ളവയാണ്.

തവളകളുടെ വിന്യാസം തികച്ചും പരസ്പരബന്ധിതമാണ്. കരയിലും വൃക്ഷത്തിലും ജീവിക്കുന്ന വിഭാഗങ്ങള്‍ വ്യത്യസ്ത ഗണങ്ങളാണ്. പ്രധാനമായും കരയില്‍ ജീവിക്കുന്നവയില്‍ ലെപ്റ്റോഡാക്റ്റിലിഡേ (Leptodactylidae) വിഭാഗത്തില്‍പ്പെട്ടവ കൂടുതലായി കാണപ്പെടുന്നത് ആസ്റ്റ്രേലിയയിലും അമേരിക്കയുടെ ഉഷ്ണമേഖലാ പ്രദേശത്തുമാണ്. എന്നാല്‍ ഇതിന്റെതന്നെ ജനുസ്സെന്നു സംശയിക്കപ്പെടുന്നവ തെക്കേ ആഫ്രിക്കയില്‍ കാണപ്പെടുന്നുണ്ടെങ്കിലും ഇന്ത്യയില്‍ ഈ കുടുംബത്തിന്റെ ഫോസിലുകളാണ് കാണപ്പെടുന്നത്. ഇന്ത്യ, ആഫ്രിക്ക, യുറേഷ്യയും സമീപ ദ്വീപുകളും, വടക്കേ അമേരിക്ക എന്നിവിടങ്ങളിലാണ് റാനിഡേ (Ranidae) വിഭാഗത്തില്‍പ്പെട്ടവ ധാരാളമായി കാണപ്പെടുന്നത്. ചില വര്‍ഗങ്ങളെ ന്യൂഗിനിയ, ആസ്റ്റ്രേലിയയുടെ തെക്കന്‍ പ്രദേശം, മധ്യ അമേരിക്ക, തെക്കേ അമേരിക്കയുടെ വടക്കന്‍ഭാഗം എന്നിവിടങ്ങളില്‍ വരെ കാണാനാകും. എന്നാല്‍ ഈ പ്രദേശങ്ങളില്‍ ഇവ ഇന്നും മുഖ്യവിഭാഗങ്ങളല്ല. ഒരു കാലത്ത് വ്യാപകമായി കണ്ടിരുന്ന ലെപ്റ്റോഡാക്റ്റിലിഡുകളുടെ സ്ഥാനം റാനിഡുകള്‍ അപഹരിക്കുകയും ലെപ്റ്റോഡാക്റ്റിലിഡുകളുടെ വിന്യാസം ആസ്റ്റ്രേലിയയിലും തെക്കേ അമേരിക്കയിലുമായി പരസ്പര ബന്ധിതമല്ലാതാകുകയും ചെയ്തു. മിക്ക റാനിഡുകളും പുരാതന ലോകത്തിന്റെ ഉഷ്ണമേഖലാ പ്രദേശത്തായി പരിമിതപ്പെടുത്തപ്പെട്ടു. എന്നാല്‍ 'റാന' എന്ന പ്രമുഖ ജനുസ് മിക്കവാറും ഈ പ്രദേശത്തു ജന്മംകൊണ്ടതാണ്. ഇന്ത്യയിലെയും ആഫ്രിക്കയിലെയും മുഴുവന്‍ പ്രദേശങ്ങളിലും വ്യാപിച്ച ഇവയെ യുറേഷ്യയുടെ ഉഷ്ണമേഖല, സമശീതോഷ്ണമേഖല, വടക്കേ അമേരിക്ക തുടങ്ങിയ പ്രദേശങ്ങളിലും കാണാനാകും.

ബ്രിവിസിപ്റ്റിഡേ (Breviciptidae) ജനുസില്‍പ്പെട്ടവ ഉഷ്ണമേഖലാ പ്രദേശത്ത് വ്യാപകമായി കാണപ്പെടുന്നുണ്ട്. സാധാരണയായി ഒളിഞ്ഞിരിക്കുന്ന ഇവ തുറന്ന മത്സരത്തില്‍ നിന്നു പിന്‍വലിയുന്നതാണോ എന്നു സംശയിച്ചുപോകും. ബ്യൂഫോ (Bufo) ജനുസില്‍പ്പെട്ട ചൊറിത്തവളകളെ ഇന്ത്യ, ആഫ്രിക്ക, യുറേഷ്യ, തെക്കേ അമേരിക്ക, വടക്കേ അമേരിക്ക എന്നിവിടങ്ങളില്‍ കാണാമെങ്കിലും ആസ്റ്റ്രേലിയയില്‍ കാണാനാകില്ല. ലെപ്റ്റോഡാക്റ്റിലുകളുടെയും റാനിഡുകളുടെയും മാതൃകകള്‍ കൂടുതല്‍ സങ്കീര്‍ണമാക്കി ഊട്ടിയുറപ്പിക്കാന്‍ ഈ കുടുംബങ്ങള്‍ സഹായകരമാണ്.

സാധാരണയായി കണ്ടുവരുന്ന മരത്തവളകള്‍ ഹൈലിഡേ (Hylidae), റാകോഫൊറിഡേ (Rhacophoridae) എന്നീ രണ്ടു കുടുംബങ്ങളില്‍പ്പെടുന്നവയാണ്. ഹൈല ജനുസില്‍പ്പെട്ട മരത്തവളകളെ ഭൂമധ്യരേഖാ പ്രദേശത്തു ധാരാളമായി കാണാമെങ്കിലും ചില വര്‍ഗങ്ങള്‍ ഏഷ്യയുടെയും യൂറോപ്പിന്റെയും സമശീതോഷ്ണ മേഖലയിലും വടക്കേ അമേരിക്കയുടെ തെക്കന്‍ പ്രദേശങ്ങളിലും തെക്കന്‍ അറേബ്യ, ഇന്തോചൈന, ന്യൂഗിനിയ, ആസ്റ്റ്രേലിയയുടെ ഉഷ്ണമേഖലാ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലും കാണപ്പെടുന്നുണ്ട്. സഹാറയ്ക്കു തെക്കുള്ള ആഫ്രിക്കന്‍ പ്രദേശം, ഏഷ്യയുടെ ഉഷ്ണമേഖലാ മലയന്‍ ദ്വീപസമൂഹങ്ങളുടെ പടിഞ്ഞാറുഭാഗം എന്നിവിടങ്ങളില്‍ ഹൈലിഡുകള്‍ വളരെ പരിമിതമാണ്. മരത്തവളകളുടെ മറ്റൊരു വിഭാഗമായ റാകോഫോറിഡുകളെ ഉഷ്ണമേഖലാ പ്രദേശത്തു വ്യാപകമായി കാണാം. ഹൈലിഡുകള്‍ ഇല്ലാത്ത പ്രദേശത്താണ് ഇവയെ ധാരാളമായി കാണുന്നത്. ഹൈലിഡുകളെ ഒരു കാലത്തു ലോകവ്യാപകമായി കാണപ്പെട്ടിരുന്നെങ്കിലും പില്ക്കാലത്ത് റാകോഫോറിഡുകള്‍ അവയുടെ സ്ഥാനം കൈയടക്കിയതിനാല്‍ ഹൈലിഡുകളുടെ വ്യാപനം പരസ്പരബന്ധിതമല്ലാതായി എന്നുമാണിതു സൂചിപ്പിക്കുന്നത്.

ആഫ്രിക്കയിലെയും തെക്കേ അമേരിക്കയിലെയും ശുദ്ധജല മത്സ്യങ്ങള്‍ തമ്മിലുള്ള ബന്ധം പൈപിഡേ (Pipedae) എന്ന തവള കുടുംബത്തില്‍ ആവര്‍ത്തിക്കപ്പെടുന്നു. പൈപിഡുകള്‍ക്ക് മത്സ്യങ്ങളുടേതിനു സമാനമായ ഭൂമിശാസ്ത്രചരിത്രമുണ്ട്. ലെപ്റ്റോഡാക്റ്റിലിഡുകളും ഹൈലിഡുകളും ഇപ്പോള്‍ പ്രധാനമായും തെക്കേ അമേരിക്കയിലും ആസ്റ്റ്രേലിയയിലുമാണ് കാണപ്പെടുന്നത്.

ഉരഗങ്ങള്‍

ഉരഗങ്ങള്‍ മുഖ്യമായും ഉഷ്ണമേഖലാവാസികളാണ്. സാധാരണയായി ഇവ ആര്‍ട്ടിക് പ്രദേശത്ത് എത്താറില്ല. ഒരു പ്രത്യേകയിനം ഗൌളിയും പാമ്പും മാത്രമാണ് ഉത്തരധ്രുവപ്രദേശത്തേക്കു കടന്നുവരുന്നത്. അതുകൊണ്ട് ധ്രുവപ്രദേശങ്ങള്‍ക്കടുത്തുള്ള സമശീതോഷ്ണ മേഖലയില്‍ അവ വളരെ വിരളമാണ്. ഭൂമധ്യരേഖയുടെ തെക്കുവശത്തും സ്ഥിതി വ്യത്യസ്തമല്ല. എന്നാല്‍ പറക്കാന്‍ കഴിയാത്ത മറ്റേതു കശേരുകികളെക്കാളും അധികം ഉരഗങ്ങള്‍ ദ്വീപുകളില്‍ വ്യാപകമായി കണ്ടുവരുന്നുണ്ട്.

പ്രധാന ഉരഗങ്ങളായ മുതലകളും ചീങ്കണ്ണികളും ഉഷ്ണമേഖലാവാസികളാണ്. എന്നാല്‍ അലിഗേറ്ററുകള്‍ (Alligators) സമശീതോഷ്ണമേഖലയില്‍ മാത്രം കാണപ്പെടുന്നവയാണ്. തെക്കേ അമേരിക്കയിലും ചൈനയിലുമാണ് ഇവയെ വ്യാപകമായി കണ്ടുവരുന്നത്. ഗാവിയാലിസ് ഗാന്‍ജെറ്റിക്കസ് (Gavialis gangeticus), ക്രോകൊഡിലസ് പോറൊസസ് (Crocodylus porosus), ക്രോക്കൊഡിലസ് പാലുസ്ട്രിസ് (Crocodylus palustris) എന്നിവ ഇന്ത്യയില്‍ കാണപ്പെടുന്ന ഇനങ്ങളാണ്.

കടലാമകളും ഉഷ്ണമേഖലയില്‍ ജീവിക്കുന്നവയാണ്. അവ സമശീതോഷ്ണ പ്രദേശത്തേക്കും വ്യാപിക്കാറുണ്ട്. വടക്കേ അമേരിക്കയുടെ കിഴക്കന്‍ പ്രദേശത്ത് ഇവയെ വ്യാപകമായി കാണാമെങ്കിലും ഉഷ്ണമേഖലയ്ക്ക് വടക്കുള്ള പ്രദേശങ്ങളില്‍ ഇവ വ്യാപകമല്ല. ഏഷ്യയുടെ ഉള്‍പ്രദേശങ്ങളിലും ബ്രിട്ടീഷ് ഉപദ്വീപുകളിലും ഇവയെ കാണാറില്ല. തെക്കന്‍ ആസ്റ്റ്രേലിയ വരെ ഇവ എത്തിയിട്ടുണ്ടെങ്കിലും ടാസ്മാനിയ, വടക്കന്‍ അര്‍ജന്റീന എന്നിവിടങ്ങളില്‍ ഇവ എത്തിയിട്ടില്ല.

ശുദ്ധജലവാസികളായ പാര്‍ശ്വകഴുത്തുള്ള (Side necked) ആമകള്‍ ആഫ്രിക്കയിലും തെക്കേ അമേരിക്കയിലും ആസ്റ്റ്രേലിയയിലും കാണപ്പെടുന്നു. എന്നാല്‍ 'ഇമിസേ' വര്‍ഗത്തില്‍പ്പെട്ട സാധാരണ ആമകള്‍ മിക്കവാറും യുറേഷ്യയിലും വടക്കേ അമേരിക്കയിലുമാണ് കാണപ്പെടുന്നത്. പാര്‍ശ്വകഴുത്തുള്ള വിഭാഗത്തിലെ ഒരിനമായ പിലോമെഡൂസിഡേകള്‍ (Pelomedusidae) ആഫ്രിക്ക, മഡഗാസ്കര്‍, തെക്കേ അമേരിക്ക എന്നിവിടങ്ങളിലായി പരിമിതപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇവയുടെ ഫോസിലുകള്‍ യുറേഷ്യയിലും വടക്കേ അമേരിക്കയിലും ലഭ്യമാണ്. സാധാരണ ആമകള്‍ ഇവയെ ഇവിടെനിന്ന് സ്ഥാനഭ്രഷ്ടരാക്കിയതിന്റെ തെളിവായി ഈ ജൈവാവശിഷ്ടങ്ങളെ കരുതാം. പിലോമെഡൂസിഡുകളിലെ ഒരു ജനുസായ പോഡോനിമിസ് (Podoenemis) ഇപ്പോള്‍ മഡഗാസ്കര്‍, തെക്കേ അമേരിക്ക എന്നീ പ്രദേശങ്ങളിലായി ഒതുങ്ങിയിരിക്കുന്നു. എന്നാല്‍ ആഫ്രിക്ക, യുറേഷ്യ, വടക്കേ അമേരിക്ക എന്നിവിടങ്ങളില്‍ ഇവയുടെ ഫോസിലുകള്‍ ഉണ്ട്. പാര്‍ശ്വകഴുത്തുള്ള മറ്റൊരു കുടുംബമായ ചെലിഡിഡേ (Chelydidae) തെക്കേ അമേരിക്ക, ആസ്റ്റ്രേലിയ എന്നിവിടങ്ങളില്‍ മാത്രമേ കാണാനാകൂ. ഇവയുടെ ഫോസിലുകള്‍ മറ്റു വിഭാഗങ്ങളില്‍ ലഭ്യമല്ല. കടലാമകള്‍ തെക്കേ അമേരിക്കയില്‍ എത്തിച്ചേര്‍ന്നതാകാം.

ടെസ്റ്റുഡിനിഡേ (Testudinedae) കുടുംബത്തില്‍പ്പെട്ട കരയാമകളാണ് ഇത്തരത്തിലുള്ള ഏകവിഭാഗം. മുഖ്യ ജനുസ് ടെസ്റ്റുഡോയും ടെര്‍ഷ്യറി യുഗത്തിന്റെ ആദ്യപാദത്തില്‍ തെക്കേ ഏഷ്യയിലാണ് ഇവ ജന്മമെടുത്തത്. ഇവിടെ നിന്ന് ആസ്റ്റ്രേലിയ ഒഴികെയുള്ള എല്ലാ വന്‍കരകളിലേക്കും ഇതു വ്യാപിക്കുകയും വടക്കേ അമേരിക്കയില്‍ ഇവ അപ്രത്യക്ഷമാകുകയും ചെയ്തു. ഇവയുടെ ഫോസിലുകള്‍ വടക്കേ അമേരിക്കയില്‍ ലഭ്യമാണ്. ആഫ്രിക്ക, മഡഗാസ്കര്‍, തെക്കന്‍ യുറേഷ്യയും സമീപസ്ഥ ദ്വീപുകളും തെക്കേ അമേരിക്ക മുതലായ സ്ഥലങ്ങളില്‍ ഇവ ഇന്നും നിലനില്ക്കുന്നു. മയോസിന്‍ യുഗത്തില്‍ ഭൂഖണ്ഡം വടക്കേ അമേരിക്കയില്‍ നിന്ന് വേര്‍പെട്ട സമയത്താണ് ഈ ജനുസ് തെക്കേ അമേരിക്കയിലെത്തിയതും മറ്റു ദ്വീപുകളിലേക്കു വ്യാപിച്ചതും. ഇന്ത്യന്‍ മഹാസമുദ്രത്തിലെ പല ദ്വീപുകളിലും ഗാലപ്പഗോസ് ദ്വീപുകളിലും ഭീമന്മാരായ ടെസ്റ്റുഡോകള്‍ (Testudos) ഇന്നും നിലനില്ക്കുന്നു. ഉദാ. സീഷെല്‍സ്. എന്നാല്‍ ചില വെസ്റ്റ് ഇന്‍ഡീസ് ദ്വീപുകളില്‍ ഇവയുടെ ഫോസിലുകള്‍ മാത്രമേ കാണപ്പെടുന്നുള്ളൂ. കരയില്‍ മാത്രം ജീവിക്കാന്‍ കഴിവുള്ള ഇവയില്‍ ചിലത് നൂറുകണക്കിനു കി.മീ. ദൈര്‍ഘ്യമുള്ള കടലുകള്‍ കടന്നിട്ടുള്ളതായി രേഖകളുണ്ട്.

വിദൂരസ്ഥമായ ന്യൂസിലന്‍ഡ് ദ്വീപില്‍ മാത്രം കാണുന്ന സ്ഫീനോഡണ്‍ (Sphenodon), ടുവറ്റാര (Tuatara), ലിസാര്‍ഡ്, റിംകോസെഫാലിയ (Rhyncocephalia) ഗണത്തില്‍പ്പെട്ട അവസാനത്തെ അംഗമാണ്. മിസോസോയിക് കല്പത്തിന്റെ ആദ്യപാദത്തിലും മധ്യപാദത്തിലും ഇവ വ്യാപകമായി വിന്യസിക്കപ്പെട്ടിരുന്നു.

ഉരഗങ്ങളുടെ വിന്യാസപരിധിക്കു പുറത്തുള്ള ദ്വീപുകളിലും ഗൌളികള്‍ എത്താറുണ്ട്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ മസ്കരിന്‍ ദ്വീപുകള്‍, പടിഞ്ഞാറേ ശാന്തസമുദ്രത്തിലെ ഫിജി, ടോംഗാസ്, ന്യൂകാലിഡോണിയ, ന്യൂസിലന്‍ഡ്, ഗാലപ്പഗോസ് ദ്വീപുകള്‍, വെസ്റ്റ് ഇന്‍ഡീസ് തുടങ്ങിയവ ഇതിനുദാഹരണങ്ങളാണ്. ഈ പരിധിക്കു പുറത്തുള്ള ചില വിദൂരസ്ഥ ദ്വീപുകളില്‍ കാണപ്പെടുന്ന ചെറിയ ഗൌളികളെ മനുഷ്യരായിരിക്കാം അവിടെയെത്തിച്ചതെന്നു കരുതേണ്ടിയിരിക്കുന്നു.

ജെക്കോണിഡേ (Geckonidae) കുടുംബത്തില്‍പ്പെട്ട ഗൌളികളെ ഇന്ത്യയിലും മറ്റ് ഉഷ്ണമേഖലാ പ്രദേശങ്ങളിലും ധാരാളമായി കാണാറുണ്ടെങ്കിലും സമശീതോഷ്ണമേഖലയിലേക്ക് അവ വ്യാപിച്ചിട്ടില്ല. ഇവയുടെ വ്യാപനത്തെ നിയന്ത്രിക്കുന്ന ഘടകം കാലാവസ്ഥ തന്നെയാണ്. സിന്‍സിഡ് (Scincid) ഗൌളികള്‍ മുഖ്യമായും ഉഷ്ണമേഖലയിലാണ് നിവസിച്ചിരുന്നത്. ഇവയുടെ പല ജനുസുകളും അമേരിക്കയുടെ വിവിധഭാഗങ്ങളിലേക്കു വ്യാപിച്ചിട്ടുണ്ട്. ഇഗ്വാനിഡേ (Igwanidae) കുടുംബത്തിലെ അംഗങ്ങളെ അമേരിക്കയില്‍ ധാരാളമായി കണ്ടുവരുന്നു. എന്നാല്‍ ഇതിന്റെ രണ്ടു ജനുസുകളെ മഡഗാസ്കറിലും ഒരെണ്ണത്തെ ഫിജി ദ്വീപിലും കാണാം. ഇവയുമായി ബന്ധമുള്ള എഗമിഡേ (Agamidae) വംശജരെ കാണപ്പെടുന്ന ഭാഗങ്ങളില്‍ ഇഗ്വാനിഡുകളെ കാണാനാവില്ല. ഒരു കാലത്ത് ആഗോളാടിസ്ഥാനത്തില്‍ കണ്ടിരുന്ന ഇഗ്വാനിഡുകളുടെ സ്ഥാനം പില്ക്കാലത്ത് എഗാമിഡുകള്‍ കൈയടക്കിയിരിക്കാം.

ഇന്നു കാണപ്പെടുന്ന മിക്ക പാമ്പുകളും കൊലുബ്രിഡേ (Colubridae) കുടുംബത്തില്‍പ്പെട്ടവയാണ്. സാധാരണ പാമ്പുകള്‍ എന്നറിയപ്പെടുന്ന ഇവയെ ആസ്റ്റ്രേലിയ ഒഴിച്ചുള്ള എല്ലാ ഭൂപ്രദേശങ്ങളിലും കാണാം. എന്നാല്‍ ഏഷ്യയില്‍ കാണുന്ന ചില കൊലുബ്രിഡുകള്‍ ആധുനിക ഭൌമശാസ്ത്രയുഗത്തില്‍ വടക്കേ ആസ്റ്റ്രേലിയയില്‍ എത്തിയിട്ടുണ്ട്. പക്ഷേ വളരെ പരിമിതമായതിനാല്‍ ആസ്റ്റ്രേലിയയുടെ മിക്ക ഭാഗത്തും ഇത്തരം പാമ്പുകളെ കാണാനാകില്ല. ഇലാപിഡേ (Elapidae) കുടുംബത്തില്‍പ്പെട്ട പാമ്പുകളാണ് ആസ്റ്റ്രേലിയയിലെ പ്രധാന പാമ്പുവര്‍ഗം. ഇവ വിഷപ്പാമ്പുകളാണെങ്കിലും വിഷമില്ലാത്ത ചില ചെറിയ വര്‍ഗങ്ങളും അപകടകാരികളായ ചില വലിയ ഇനങ്ങളും ഈ കൂട്ടത്തിലുണ്ട്. ആസ്റ്റ്രേലിയയ്ക്കു പുറത്ത് ഇലാപിഡുകളെ പ്രതിനിധീകരിക്കുന്നത് പവിഴപ്പാമ്പു(Coral Snake)കളും മൂര്‍ഖന്‍ പാമ്പുകളുമാണ്. കോലുബ്രിഡുകള്‍ ഇപ്പോള്‍ ആസ്റ്റ്രേലിയയെ കീഴടക്കിക്കൊണ്ടിരിക്കുകയാണെന്നും ഭാവിയില്‍ അവ ഇലാപിഡുകളെ സ്ഥാനഭ്രഷ്ടരാക്കുമെന്നുമാണ് ഈ ഭൌമമാതൃക സൂചിപ്പിക്കുന്നത്. ബോയിഡേ (Boidae) കുടുംബത്തില്‍പ്പെട്ട പല വലുപ്പത്തിലുള്ള പാമ്പുകളെ യു.എസ്സില്‍ കാണാമെങ്കിലും ബോയിനെ (Boinae) എന്ന ഉപകുടുംബം യു.എസ്സില്‍ മാത്രമായി പരിമിതപ്പെട്ടിരിക്കുന്നു. അതുപോലെ തന്നെ മഡഗാസ്കര്‍ ഒഴിച്ചുള്ള പഴയകാല വന്‍കരകളിലെല്ലാം പെരുമ്പാമ്പുകളെ കാണാം. മഡഗാസ്കറില്‍ കാണുന്ന പാമ്പുകള്‍ ബോയിഡേയോടു സാമ്യമുള്ളവയെങ്കിലും ബന്ധമില്ലാത്തവയാണ്. അതുകൊണ്ട് അവയെ സന്‍സിനിനേ (Sanziniinae) എന്ന പ്രത്യേക ഉപകുടുംബത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുളളത്.

വൈപറിഡേ കുടുംബത്തില്‍പ്പെട്ട അണലികള്‍ ഇന്ത്യ, ആഫ്രിക്ക, യുറേഷ്യ എന്നിവിടങ്ങളില്‍ വ്യാപകമാണ്. ക്രോട്ടാലിനേ കുടുംബത്തില്‍പ്പെട്ട പിറ്റ് വൈപ്പറുകള്‍ യഥാര്‍ഥ അണലികളില്‍ നിന്ന് ഉടലെടുത്തവയാണ്. ഇവ ഏഷ്യയില്‍ നിന്ന് യു.എസ്സിലേക്ക് വ്യാപിച്ചിരിക്കുന്നു. യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക എന്നീ പ്രദേശങ്ങളില്‍ നടന്ന പരിണാമവും അമേരിക്കയിലേക്കും ആസ്റ്റ്രേലിയയിലേക്കുമുള്ള കുടിയേറ്റവും ഇത്തരമൊരു ഉരഗവിന്യാസം സൃഷ്ടിക്കാന്‍ സഹായകമായി എന്നു കരുതാം.

വംശനാശം സംഭവിച്ച ഉരഗങ്ങളില്‍ ദിനോസറുകളായിരുന്നു ഏറ്റവും പ്രബലര്‍. മീസോസോയിക് കല്പത്തിന്റെ ആദ്യപാദത്തിലാണ് ഇവ ഉടലെടുത്തത്. സസ്യഭുക്കുകളും മാംസഭുക്കുകളുമായവ വളരെ വേഗത്തില്‍ തെക്കേ അമേരിക്കയും ആസ്റ്റ്രേലിയയും അടക്കമുള്ള വന്‍കരകളില്‍ എത്തി. ചിലവ മഡഗാസ്കറില്‍ എത്തിയെങ്കിലും ന്യൂസിലന്‍ഡിലും അന്റാര്‍ട്ടിക്കയിലും എത്തിയതായി രേഖകളില്ല. മീസോസോയിക് കല്പത്തിന്റെ അവസാനപാദമായ ക്രട്ടേഷ്യസ് യുഗത്തില്‍ സസ്യഭുക്കുകളായ ദിനോസറുകള്‍ ഒരു മേഖലാവിന്യാസമാതൃക സൃഷ്ടിച്ചു. മൃദുവായ ജലസസ്യങ്ങള്‍ മാത്രം ഭക്ഷിച്ചിരുന്ന ഉഭയജീവികളായ സോറോപോഡുകളെ (Sauropods) ഇന്നത്തെ ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ കാണുന്നുണ്ട്. കരയില്‍ ജീവിച്ചിരുന്ന ഓര്‍ണിതിഷ്യന്‍സ് (Ornithischians) കട്ടിയുള്ള കരസസ്യങ്ങളാണ് ഭക്ഷിച്ചിരിക്കുന്നത്. ഇവയെ ഉഷ്ണമേഖലാ പ്രദേശത്തിനു വടക്കുഭാഗത്താണ് കണ്ടിരുന്നത്. മീസോസോയിക് കല്പത്തില്‍ വാസയോഗ്യമായ എല്ലാ വന്‍കരകളിലേക്കും കടന്നുചെല്ലാന്‍ കഴിയുമായിരുന്നു എന്നാണ് ഈ വസ്തുതകള്‍ സൂചിപ്പിക്കുന്നത്. നോ. ഉരഗങ്ങള്‍, ചീങ്കണ്ണി, പാമ്പുകള്‍


പക്ഷികള്‍

ഉഷ്ണമേഖലാ പ്രദേശത്തും തണുത്തുറഞ്ഞ ആര്‍ട്ടിക് പ്രദേശത്തും ഒരുപോലെ കാണപ്പെടുന്ന ഉഷ്ണരക്തജീവികളായ പക്ഷികളുടെ ശരീരമാകെ തൂവല്‍കൊണ്ടു പൊതിഞ്ഞിരിക്കുന്നു. ചില പക്ഷികള്‍ അതിവിദൂരസ്ഥങ്ങളായ ദ്വീപുകളിലും എത്തിയിട്ടുണ്ടെങ്കിലും കാലാവസ്ഥയും ലവണജല പ്രതിബന്ധങ്ങളും പക്ഷിവിന്യാസത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണെന്ന് ഇവയുടെ വിന്യാസമാതൃകകള്‍ സൂചിപ്പിക്കുന്നു. പക്ഷേ, പക്ഷികളുടെ എണ്ണത്തിലും വൈവിധ്യത്തിലും ഉഷ്ണമേഖലാപ്രദേശമാണ് മുന്നില്‍ നില്ക്കുന്നത്. അതായത് 85 ശ.മാ. പക്ഷികളും ഉഷ്ണമേഖലാ പ്രദേശത്തോ സമശീതോഷ്ണമേഖലാ പ്രദേശത്തോ ആണ് അധിവസിക്കുന്നത്. വളരെയധികം പക്ഷി കുടുംബങ്ങളെ ഉഷ്ണമേഖലാ പ്രദേശത്തു കാണാമെങ്കിലും ചുരുക്കം കുടുംബങ്ങളാണ് വടക്കന്‍ സമശീതോഷ്ണ മേഖലയില്‍ കാണപ്പെടുന്നത്.

കരയില്‍ ജീവിക്കുന്ന പക്ഷികള്‍ ആര്‍ട്ടിക് പ്രദേശത്തു വിരളമാണെങ്കിലും 14 ഇനങ്ങള്‍ ഗ്രീന്‍ലന്‍ഡില്‍ വംശവര്‍ധന നടത്തുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനുപുറമേ പല പ്രവാസി ജലപക്ഷികളും വംശവര്‍ധനവിനായി ആര്‍ട്ടിക് പ്രദേശത്ത് എത്താറുണ്ട്. എന്നാല്‍ ദ്വീപുകളെ സംബന്ധിച്ചിടത്തോളം വന്‍കരകളില്‍ നിന്നുള്ള ദൂരം കൂടുന്നതനുസരിച്ച് കരപ്പക്ഷികളുടെ എണ്ണവും കുറയുന്നുണ്ട്. എന്നാല്‍ ചില ചെറിയ കരപ്പക്ഷികള്‍ ഹവായ് പോലുള്ള ചില വിദൂരദ്വീപുകളില്‍ എത്തിയിട്ടുള്ളതായി കാണാം. എന്നിരുന്നാലും താരതമ്യേന നേര്‍ത്ത ജലപ്രതിബന്ധങ്ങള്‍ ചില പ്രമുഖപക്ഷി കുടുംബങ്ങളെ വേര്‍തിരിച്ചിരിക്കുന്നതായും കാണാനാകും. എന്നാല്‍ മലയന്‍ ദ്വീപസമൂഹങ്ങളിലെ താരതമ്യേന നേര്‍ത്ത ജലപ്രതിബന്ധങ്ങള്‍ പല ജനുസുകളിലും വര്‍ഗത്തിലുംപെട്ട പക്ഷികളെ ഏഷ്യയില്‍ നിന്ന് ആസ്റ്റ്രേലിയയിലേക്കു കുടിയേറാനും സഹായിച്ചിട്ടുണ്ട്. പക്ഷേ തെക്കന്‍ ഏഷ്യ, ന്യൂഗിനിയ, ആസ്റ്റ്രേലിയ എന്നിവിടങ്ങളിലെ പക്ഷികള്‍ മൊത്തത്തില്‍ വളരെ വ്യത്യസ്തരാണ്.

തെക്കന്‍ ഏഷ്യയിലെ മിക്ക പക്ഷികുടുംബങ്ങളെയും ലോകത്തിന്റെ ഇതരഭാഗങ്ങളില്‍ വ്യാപകമായി കണ്ടുവരുന്നുണ്ട്. ഇവയില്‍ ചിലതിനെ ആസ്റ്റ്രേലിയയിലും കാണാമെങ്കിലും മരംകൊത്തികള്‍ പോലുള്ള മറ്റു ചിലതിനെ ഇവിടെ കാണാനാകില്ല. വളരെ വിരളമായി മാത്രം കാണപ്പെടുന്നതോ, മറ്റിടങ്ങളില്‍ കാണാനാകാത്തതോ ആയ ചില പക്ഷികുടുംബങ്ങള്‍ ന്യൂഗിനിയ, ആസ്റ്റ്രേലിയ എന്നിവിടങ്ങളില്‍ കാണപ്പെടുന്നുണ്ട്. ഉദാ. ന്യൂഗിനിയയിലെ കസോവരി (Cassowary), ആസ്റ്റ്രേലിയയിലെ എമു തുടങ്ങിയവ. ന്യൂഗിനിയ, ആസ്റ്റ്രേലിയ എന്നിവിടങ്ങളില്‍ തത്തകളും പ്രാവുകളും താരതമ്യേന കൂടുതലാണ്. ഇവയില്‍ മിക്ക വിഭാഗങ്ങളും ആസ്റ്റ്രേലിയയില്‍ പരിണാമം പ്രാപിച്ചതോ അവിടെ ഭാഗിക ഏകാന്തതയില്‍ അകപ്പെട്ടുപോയതോ ആണ്. ടെര്‍ഷ്യറി യുഗത്തില്‍ ഒരു ദ്വീപായിരുന്നെന്നു കരുതപ്പെടുന്ന തെക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ തദ്ദേശീയരും നാശോന്മുഖവുമായ നിരവധി പക്ഷികുടുംബങ്ങള്‍ ഇന്നും നിലനില്ക്കുന്നുണ്ട്.

വ്യത്യസ്ത വന്‍കരകളിലും ദ്വീപുകളിലും നിവസിക്കുന്ന പറക്കാന്‍ കഴിവില്ലാത്ത വിവിധ പക്ഷികളെ മുമ്പ് ററ്റൈറ്റേ (Ratitae) വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രാഥമികമായി പറക്കാന്‍ കഴിയാത്ത ഒരു വിഭാഗത്തെ പ്രതിനിധീകരിക്കുന്ന ഇവ പുരാതന ഭൌമബന്ധങ്ങളിലൂടെ വ്യാപിച്ചിരുന്നതായി കണക്കാക്കപ്പെട്ടിരിക്കുന്നു. സംവ്രജന പരിണാമത്തിന്റെ (Convergent evolution) ഉത്പന്നങ്ങളാണ് ഇത്തരം പക്ഷികളെന്നു പില്ക്കാല പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. ചിറകുകളുള്ള വ്യത്യസ്ത മുന്‍ഗാമികളില്‍ നിന്ന് ഉടലെടുത്ത അഞ്ചു വിവിധ ഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന ഇവ ഓരോന്നും സ്വതന്ത്രമായി പറക്കാന്‍ കഴിവില്ലാത്തവയും വലുപ്പമേറിയവയുമായി മാറി. തെക്കേ യുറേഷ്യയില്‍ ആഫ്രിക്കന്‍ ഒട്ടകപ്പക്ഷിയുടെ ഫോസിലുകള്‍ കാണപ്പെടുന്നു. മഡഗാസ്കറിലെ ആനപ്പക്ഷി (Elephant bird), ആസ്റ്റ്രേലിയ, ന്യൂഗിനിയ എന്നിവിടങ്ങളില്‍ കാണപ്പെടുന്ന എമു, കസോവരി എന്നിവയും അവയുടെ വംശനാശം സംഭവിച്ച ബന്ധുക്കളും വംശനാശം സംഭവിച്ച മോയസ്(Moas)കളും ന്യൂസിലന്‍ഡിലെ കിവിയും (Kiwis), തെക്കേ അമേരിക്കയിലെ റിയസുകളും ഈ വിഭാഗത്തില്‍പ്പെടുന്നു.

ഒട്ടകപ്പക്ഷിയുടേതാണെന്നു കരുതപ്പെടുന്ന ചിറകുകളുള്ള ഒരു മുന്‍ഗാമിയുടെ ജൈവാവശിഷ്ടം യൂറോപ്പില്‍ നിന്നു കണ്ടുകിട്ടുകയുണ്ടായി. മാത്രമല്ല, തെക്കേ അമേരിക്കയിലും മധ്യ അമേരിക്കയിലും കാണപ്പെടുന്ന ചിറകുകളുള്ള ടിനാമു (Tinamou), റീയ (Rhea) എന്നിവ മാതൃവിഭാഗങ്ങളെ പ്രതിനിധാനം ചെയ്യുന്നില്ലേ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. പറക്കുന്നവയില്‍ നിന്ന് ഉദ്ഭവിച്ച പറക്കാന്‍ കഴിയാത്ത നിരവധി ചെറുപക്ഷികളെ പല ദ്വീപുകളിലും കാണാമെങ്കിലും വന്‍കരയില്‍ ഇവയെ കാണാനാകില്ല. പറക്കാന്‍ കഴിവില്ലാത്ത പക്ഷികള്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്നത് ന്യൂസിലന്‍ഡിലാണ്. കിവി മാത്രമല്ല, ഇവിടെ കാണപ്പെടുന്ന ഒരു തരം തത്തയും കൊക്കുമെല്ലാം പറക്കാന്‍ കഴിവില്ലാത്തവയാണ്. വംശനാശം സംഭവിച്ച പക്ഷികള്‍ക്ക് പേരുകേട്ടവയാണ് മസ്കറിന്‍ ദ്വീപുകള്‍. മൌറീഷ്യസില്‍ സുപ്രസിദ്ധമായ ഡോഡോ ഉണ്ടായിരുന്നു. ദ്വീപുകളില്‍ എത്തിയശേഷം പറക്കാനുള്ള കഴിവു നഷ്ടപ്പെട്ടതും കരയില്‍ ഇരതേടിയിരുന്നതുമായ ഒരുതരം പ്രാവുകളില്‍ നിന്നാകാം ഡോഡോ ഉടലെടുത്തതെന്നു കരുതപ്പെടുന്നു. മസ്കറിന്‍ ദ്വീപുകളില്‍ ഓരോന്നിലും ഒന്നോ അതിലധികമോ പറക്കാന്‍ കഴിയാത്ത റെയില്‍ (Rail) പക്ഷികള്‍ ഉണ്ടായിരുന്നു. വിവിധ ദ്വീപുകളില്‍ ഉണ്ടായിരുന്ന ഉദ്ദേശം 30 ഇനം പക്ഷികള്‍ക്ക് അവയുടെ പറക്കല്‍ശേഷി നഷ്ടപ്പെട്ടതായി കരുതപ്പെടുന്നു. മുമ്പ് ററ്റൈറ്റേകള്‍ക്കു രൂപം നല്കിയതുപോലുള്ള ഒരുതരം ബഹുമുഖ സംവ്രജിത ചിറകുക്ഷയം (multiple convergent wing atrophy) വിവിധ പ്രദേശങ്ങളില്‍ കാണപ്പെടുന്ന ഇത്തരം പക്ഷികളില്‍ ദൃശ്യമാണ്.


സസ്തനികള്‍

സസ്തനികള്‍ ഉഷ്ണരക്ത ജീവികളാണെങ്കിലും ചിലതിന് ശൈത്യം അതിജീവിക്കാനുള്ള കഴിവുണ്ട്. എന്നാല്‍ കാലാവസ്ഥയിലെ മേഖലാ വ്യതിയാനം ഇവയുടെ വിന്യാസത്തെ ബാധിക്കുന്നു. ഉഷ്ണമേഖലാ പ്രദേശത്തെ സസ്തനികളാണ് എണ്ണത്തിലും വൈവിധ്യത്തിലും മുന്നില്‍ നില്ക്കുന്നതെങ്കിലും ഭൂമധ്യരേഖയില്‍ നിന്നും തെക്കോട്ടും വടക്കോട്ടും ചെല്ലുന്തോറും ഇവയുടെ എണ്ണം കുറയുന്നതായി കാണാം. ഏഷ്യയുടെ ഭൂമധ്യരേഖാ പ്രദേശത്തു 450-500 ഇനങ്ങളില്‍പ്പെട്ട കരജീവികളായ സസ്തനികളുണ്ട്. എന്നാല്‍ ഇതേ വിസ്തൃതി വരുന്ന ഏഷ്യയുടെ സമശീതോഷ്ണ പ്രദേശത്ത് 250-ഓളം സസ്തനികളാണുള്ളത്. എന്നാല്‍ ടൈമിര്‍ ഉപഭൂഖണ്ഡം (Taimyr Peninsula) എന്നറിയപ്പെടുന്ന ഏഷ്യയുടെ ആര്‍ട്ടിക് പ്രദേശത്ത് 8 ഇനം സസ്തനികള്‍ മാത്രമാണുള്ളത്. ഇതുപോലെതന്നെ അമേരിക്കയുടെ കാര്യത്തിലും ഭൂമധ്യരേഖാ പ്രദേശത്തുനിന്നു വടക്കോട്ടുപോകുന്തോറും സസ്തനികളുടെ എണ്ണം കുറയുന്നതായി കാണാം.

സമീപകാല വന്‍കര ദ്വീപുകളില്‍ സസ്തനികളെ ധാരാളമായി കാണാമെങ്കിലും വളരെ ചുരുക്കമായേ ഇവ വിദൂരസ്ഥങ്ങളായ പഴയ ദ്വീപുകളില്‍ എത്താറുള്ളൂ. കരജീവികളായ സസ്തനികളെ മഡഗാസ്കറില്‍ കാണാമെങ്കിലും നരിച്ചീറുകളും സര്‍വസാധാരണമാണ്. മസ്കറിന്‍ ദ്വീപുകള്‍, സീഷെല്‍സ് എന്നിവിടങ്ങളില്‍ തദ്ദേശീയമായി കാണപ്പെടുന്ന സസ്തനികള്‍ നരിച്ചീറുകള്‍ മാത്രമാണ്. ഏഷ്യയുടെ ഭൂമധ്യരേഖാ പ്രദേശത്തു കാണപ്പെടുന്ന സമൃദ്ധമായ സസ്തനി വിഭാഗങ്ങള്‍ സുമാത്ര, ജാവ, ബോര്‍ണിയോ എന്നീ പ്രദേശങ്ങള്‍ വരെ വ്യാപിക്കാറുണ്ട്. ഇവയുടെ ചില ഘടകങ്ങള്‍ ബാലി, സെലിബിസ്, തെക്കേ ഫിലിപ്പീന്‍സ് എന്നിവിടങ്ങളിലും എത്താറുണ്ടെങ്കിലും സെലിബിസിനും ആസ്റ്റ്രേലിയയ്ക്കും ഇടയിലുള്ള മിക്ക ദ്വീപുകളിലും കാണുന്ന പ്ളാസെന്റല്‍ സസ്തനികളെ അവിടെ എത്തിച്ചതു മനുഷ്യനാകാം എന്നാണ് കരുതപ്പെടുന്നത്. മോണോട്രീം (Monotreme) വര്‍ഗത്തില്‍പ്പെട്ട ഒരിനം, ഒന്നോ അതിലധികമോ സഞ്ചി സസ്തനികള്‍ (Marsupials), പലതരം മ്യൂറിഡ് കരണ്ടുതീനികള്‍, നരിച്ചീറുകള്‍ എന്നിവയെങ്കിലും ആസ്റ്റ്രേലിയയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. മ്യൂറിഡുകളും കരണ്ടുതീനികളുമൊഴികെയുള്ള പ്ളാസെന്റല്‍ സസ്തനികള്‍ ഇവിടെയില്ല. ഡിംഗോ, കാട്ടുപന്നി എന്നിവയെ അവിടെ എത്തിച്ചത് അപരിഷ്കൃതരായ മനുഷ്യരാകാം. വൃക്ഷവാസികളായ ഒരിനം സഞ്ചിമൃഗവും ഒരിനം കരണ്ടുതീനിയും സോളമന്‍ ദ്വീപില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ പടിഞ്ഞാറന്‍ ശാന്തസമുദ്രദ്വീപുകളിലെ മിക്കവാറും ഇനങ്ങള്‍ മനുഷ്യന്‍ കൊണ്ടെത്തിച്ചതാകാം. ഇവിടെ എലികള്‍ക്കു പുറമേ നരിച്ചീറുകളെയും കാണാം. ഒരു വിഭാഗം അമേരിക്കന്‍ എലികളും ഒരിനം നരിച്ചീറും ഗാലപ്പാഗോസ് ദ്വീപുകളിലെ തദ്ദേശവാസികളാണ്. രണ്ടുവിഭാഗം കീടഭോജികള്‍ (Marsupials), ഒന്നോ രണ്ടോതരം തേവാങ്കു(sloth)കള്‍. സംശയകരമായ ചരിത്രമുള്ള കരജീവികളായ മറ്റു ചില സസ്തനികള്‍, ചില കരണ്ടുതീനികള്‍, കുറേ നരിച്ചീറുകള്‍ എന്നിവയെ വെസ്റ്റ് ഇന്‍ഡീസില്‍ കാണാനാകും. എന്നാല്‍ ന്യൂസിലന്‍ഡ്, ഹവായന്‍ ദ്വീപുകള്‍ എന്നിങ്ങനെയുള്ള വിദൂരസ്ഥ ദ്വീപുകളില്‍ നരിച്ചീറുകള്‍ മാത്രമാണ് എത്തിയിട്ടുള്ളത്. വളരെ പ്രയാസപ്പെട്ടാണ് സസ്തനികള്‍ കടലിടുക്കുകള്‍ കടക്കുന്നതെങ്കിലും ചില കരണ്ടുതീനികള്‍ സസ്തനികളെക്കാള്‍ എളുപ്പത്തില്‍ ഈ പ്രദേശം കടക്കാറുണ്ട്. എന്നാല്‍ നരിച്ചീറുകള്‍ക്ക് എളുപ്പത്തില്‍ കടലിടുക്കുകള്‍ കടക്കാനാകും. പ്രധാന സസ്തനി വിഭാഗങ്ങളുടെ ഭൗമശാസ്ത്രചരിത്രവും വിന്യാസവും സംബന്ധിച്ച വിവരങ്ങള്‍ പട്ടികയില്‍ ചേര്‍ക്കുന്നു.

മുട്ടയിടുന്ന സസ്തനികളാണ് മോണോട്രീം (Monotreme). ടാസ്മാനിയ അടക്കമുള്ള കിഴക്കന്‍ പ്രദേശങ്ങളില്‍ പ്ളാറ്റിപ്പസിനെയും ആസ്റ്റ്രേലിയയിലും ന്യൂഗിനിയയിലും ഇക്കിഡ്നാ (Echidna)കളെയും കാണാം. പ്ലിസ്റ്റോസിന്‍ യുഗം മുതലാണ് ഇവയുടെ ഫോസിലുകള്‍ ആസ്റ്റ്രേലിയയില്‍ കാണപ്പെടുന്നത്. എന്നാല്‍ ആസ്റ്റ്രേലിയന്‍ പ്രദേശത്തിനു പുറത്ത് മോണോസ്ട്രീമുകളുടെ ഫോസിലുകള്‍ കണ്ടെത്തിയിട്ടുള്ളതായി രേഖകളില്ല. അതിനാല്‍ ഇവയുടെ ഭൌമശാസ്ത്രചരിത്രം അവ്യക്തമാണ്.

സഞ്ചി സസ്തനികള്‍ (Marsupials) ആസ്റ്റ്രേലിയന്‍ പ്രദേശത്തും തെക്കേ അമേരിക്കയിലും മധ്യ അമേരിക്കയിലും കാണപ്പെടുന്നുണ്ടെങ്കിലും ഒപ്പോസം (Opposum) ഇനത്തില്‍പ്പെട്ട ഒരെണ്ണം മാത്രമാണ് വടക്കേ അമേരിക്കയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ കാണുന്നത്. എന്നിരുന്നാലും എല്ലായിനം സഞ്ചിമൃഗങ്ങളുടെയും മുന്‍ഗാമികളെന്നു കരുതപ്പെടാവുന്ന അപരിഷ്കൃതമായ ചിലയിനങ്ങളുടെ ഫോസിലുകള്‍ ക്രിറ്റേഷസ് യുഗത്തിന്റെ അവസാന പാദത്തില്‍ യുറേഷ്യ, വടക്കേ അമേരിക്ക എന്നിവിടങ്ങളില്‍ നിന്നു കണ്ടെത്തിയിട്ടുണ്ട്. ഇവ യഥാക്രമം ഏഷ്യയില്‍ നിന്നും വടക്കേ അമേരിക്കയില്‍നിന്നും ആസ്റ്റ്രേലിയയിലും തെക്കേ അമേരിക്കയിലും എത്തി വ്യത്യസ്ത വന്‍കരകളില്‍ പ്രത്യേകം പ്രത്യേകമായി വികാസം പ്രാപിച്ചിരിക്കാം. ബാഹ്യമായ രൂപസാമ്യമുള്ള ചെന്നായ് പോലുള്ള ചില മാംസഭോജി സഞ്ചിമൃഗങ്ങള്‍ ഉണ്ടാകാന്‍ ഈ വിന്യാസം സഹായകമായി. ആസ്റ്റ്രേലിയയും തെക്കേ അമേരിക്കയും തമ്മിലുണ്ടായ ഭൌമബന്ധത്തിലൂടെ നടന്ന കൈമാറ്റത്തിനുപരിയായി സസ്തനി ദിശകളുടെ പരിണാമ സംവ്രജനനവും (evolutionary convergence) ഇത്തരം ജീവികളുടെ വികാസത്തിന് വഴിതെളിച്ചു. ഇതിന്റെ ഫലമാണ് മുന്‍പറഞ്ഞ ചെന്നായ് പോലുള്ള മാംസഭോജി സഞ്ചിമൃഗങ്ങളുടെ ആവിര്‍ഭാവം.

ക്രിട്ടേഷ്യസ് യുഗത്തിന്റെ ആദ്യപാദം മുതല്‍ ആഫ്രിക്ക, യുറേഷ്യ, വടക്കേ അമേരിക്ക എന്നിവിടങ്ങളില്‍ സങ്കീര്‍ണമായി വിന്യസിക്കപ്പെട്ടിട്ടുള്ള ഇവ ഒരിക്കലും ആസ്റ്റ്രേലിയയില്‍ എത്തിയിരുന്നില്ല. എന്നാല്‍ ഷ്റൂ വര്‍ഗത്തില്‍പ്പെട്ട ഒരിനം മാത്രമാണ് ആധുനിക ഭൌമകാലഘട്ടത്തില്‍ തെക്കേ അമേരിക്കയില്‍ എത്തിപ്പെട്ടത്. ഇന്നു നിലവിലുള്ള കീടഭോജികളില്‍ വെസ്റ്റിന്‍ഡീസില്‍ കാണപ്പെടുന്ന സൊലിന്നോഡോന്റിഡേ (Solenodontidae) കുടുംബവും പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ഓട്ടര്‍ ഷ്റൂകളും ഉള്‍പ്പെടുന്നു. ടെര്‍ഷ്യറി യുഗത്തിന്റെ ആദ്യപാദത്തില്‍ വ്യാപകമായി കണ്ടിരുന്ന ഒരു വിഭാഗത്തിലെ അവശേഷിക്കുന്ന ചില അംഗങ്ങള്‍ മാത്രമാണ് ഈ ജീവികള്‍. ആഫ്രിക്ക, യുറേഷ്യ, വടക്കേ അമേരിക്ക എന്നിവിടങ്ങളില്‍ ഷ്റൂകളെ കാണാമെങ്കിലും ചിലവ മധ്യ അമേരിക്കയിലും തെക്കേ അമേരിക്കയുടെ വടക്കന്‍ പ്രദേശത്തും കാണപ്പെടുന്നുണ്ട്. എന്നാല്‍ മോള്‍ (Mole) എന്ന വിഭാഗം യുറേഷ്യയുടെ സമശീതോഷ്ണ പ്രദേശത്തും വടക്കേ അമേരിക്കയിലുമായി പരിമിതപ്പെട്ടിരിക്കുന്നു. ആഫ്രിക്കയിലും യുറേഷ്യയിലുമാണ് മറ്റു ഷ്റൂകള്‍ കാണപ്പെടുന്നത്.

വൃക്ഷവാസികളായ ഷ്റൂകള്‍ പോലുള്ള ജീവികളില്‍ നിന്നാകാം പ്രൈമേറ്റുകള്‍ ആവിര്‍ഭവിച്ചത്. ആഫ്രിക്കയിലെ എലിഫന്റ് ഷ്റൂകള്‍ പ്രൈമേറ്റുകളുടെ മുന്‍ഗാമികളാണെന്നാണ് കരുതപ്പെടുന്നത്. അപരിഷ്കൃത പ്രൈമേറ്റുകളായ ലെമൂര്‍ (Lemur), ടാര്‍സിര്‍ (Tarsier) എന്നിവയെ ടെര്‍ഷ്യറി യുഗത്തിന്റെ തുടക്കത്തില്‍ യുറേഷ്യയിലും വടക്കേ അമേരിക്കയിലും ഫോസില്‍ രൂപത്തില്‍ കണ്ടെത്തിയിട്ടുണ്ട്. തെക്കേ അമേരിക്കയില്‍ എത്തിയ ഒരിനം ഇതര ഭാഗങ്ങളിലെ കുരങ്ങന്മാരുടെ പരിണാമത്തിനു സമാന്തരമായി അമേരിക്കന്‍ കുരങ്ങന്മാര്‍ക്കും രൂപം നല്കിയിരിക്കാം. അതല്ലെങ്കില്‍ കുരങ്ങിനെപ്പോലുള്ള ഏതോ പുരാതന മുന്‍ഗാമിയില്‍ നിന്നാകാം അമേരിക്കന്‍ കുരങ്ങന്മാരുടെ ആവിര്‍ഭാവം. ഇവര്‍ പുരാതന ലോകത്തു കണ്ടിരുന്ന കുരങ്ങന്മാരില്‍ നിന്ന് തികച്ചും വ്യത്യസ്തരാണ്. എന്നാലിവ ഭൗമശാസ്ത്രപരമായി ദീര്‍ഘകാലാടിസ്ഥാനത്തില്‍ മറ്റുള്ളവയില്‍ നിന്നും വേര്‍തിരിക്കപ്പെട്ടിരുന്നു. പുരാതനകാലത്തു ലെമൂര്‍ മഡഗാസ്കറിലെത്തി വികാസം പ്രാപിച്ച് പലതരം ലെമൂറുകള്‍ക്കും രൂപം നല്കിയിരിക്കാം. ഇവയില്‍ പലതിനെയും ഇന്നും മഡഗാസ്കറില്‍ കാണാം. എന്നാല്‍ മറ്റിടങ്ങളില്‍ അപരിഷ്കൃത പ്രൈമേറ്റുകള്‍ക്കു നാശം നേരിട്ടിരിക്കാം. വടക്കേ അമേരിക്കയില്‍ ഇവയ്ക്ക് ഇയോസിന്‍ യുഗം തരണം ചെയ്യാനായില്ല. എന്നാല്‍ ആഫ്രിക്കയിലെയും ഏഷ്യയിലെ ഉഷ്ണമേഖലയിലെയും നിയന്ത്രിത പ്രദേശങ്ങളില്‍ ചിലവ ഇന്നും നിലനില്ക്കുന്നുണ്ട്. ആഫ്രിക്കയിലും യുറേഷ്യയിലും ടെര്‍ഷ്യറി യുഗത്തിന്റെ മധ്യത്തിലും അന്ത്യത്തിലും കുരങ്ങന്മാര്‍, മനുഷ്യര്‍ തുടങ്ങിയവയെല്ലാം സങ്കീര്‍ണമായ രീതിയില്‍ വിന്യസിക്കപ്പെടുകയും പുനര്‍വിന്യസിക്കപ്പെടുകയും ചെയ്തു. ഇതു നടന്നത് മിക്കവാറും ഉഷ്ണമേഖലാ പ്രദേശത്തു തന്നെയാണ്. വടക്കു കിഴക്കന്‍ ഏഷ്യയും വടക്കേ അമേരിക്കയും തമ്മില്‍ ഒരു ഭൌമബന്ധം ടെര്‍ഷ്യറിയുഗത്തില്‍ നിലനിന്നിരുന്നതായി കരുതപ്പെടുന്നു. ഉയര്‍ന്ന പ്രൈമേറ്റുകള്‍ വടക്ക് സമശീതോഷ്ണ പ്രദേശത്തേക്കു മിക്കവാറും ഇതു വഴിയാകാം കടന്നിട്ടുള്ളത്. എന്നാല്‍ പ്ലിസ്റ്റോസീന്‍ യുഗത്തില്‍ മനുഷ്യന്‍ ഇതുവഴി കടന്നെത്തുന്നതുവരെ മറ്റാരും കടന്നിരുന്നില്ല. തെക്കേ അമേരിക്കയില്‍ മാത്രമായി പരിമിതപ്പെട്ടിരിക്കുന്ന ദന്തങ്ങളില്ലാത്ത സസ്തനികളായ ഇഡെന്റേറ്റു (Edentates)കളുടെ മുന്‍ഗാമികള്‍ മിക്കവാറും പാലിയോസിന്‍ യുഗത്തില്‍ വടക്കേ അമേരിക്കയില്‍ നിന്നും എത്തിയവരാണ്. ടെര്‍ഷ്യറി യുഗത്തില്‍ തെക്കേ അമേരിക്കയിലെ ഭീമാകാരന്മാരായ തേവാങ്കുകളും ഗ്ളിപ്റ്റോഡോണ്ടുകളും മറ്റു ചില വിഭാഗങ്ങളും ഉള്‍പ്പെടുന്ന ഒരു സുപ്രധാന വര്‍ഗമാണ് ഇഡെന്റേറ്റുകള്‍. ടെര്‍ഷ്യറി യുഗത്തിന്റെ അന്ത്യത്തില്‍ തെക്കന്‍ വടക്കന്‍ അമേരിക്കകള്‍ തമ്മില്‍ നിലനിന്നിരുന്ന ഭൌമബന്ധത്തിലൂടെ ഇവയ്ക്കൊപ്പം ഇത്തിള്‍പ്പന്നി (ആര്‍മഡില്ലോ -Armadillo)കളും വടക്കേ അമേരിക്കയിലേക്കു വ്യാപിച്ചു. എന്നാല്‍ മുന്‍പറഞ്ഞ രണ്ടിനങ്ങളും നാമാവശേഷമായി. ഇന്നു കാണുന്ന ഇഡെന്റെറ്റുകളായ ആര്‍മഡില്ലോ, ഉറുമ്പുതീനി, തേവാങ്ക് തുടങ്ങിയവ തെക്കേ അമേരിക്കയിലും മധ്യ അമേരിക്കയിലും ഏഷ്യയുടെ ചില ഭാഗങ്ങളിലുമായി പരിമിതപ്പെട്ടിരിക്കുന്നു. ഒരേയൊരിനം ആര്‍മഡില്ലോ മാത്രമാണ് തെക്കേ യു.എസ്സിന് വടക്കുവശം വരെ വ്യാപിച്ചിട്ടുള്ളത്.

ടെര്‍ഷ്യറി യുഗം മുതല്‍ സങ്കീര്‍ണമായ ഭൂമിശാസ്ത്രചരിത്രമുള്ള ഒരു വിഭാഗമാണ് മാംസഭോജികള്‍. എന്നാല്‍ മനുഷ്യന്‍ കൊണ്ടുവന്നതൊഴിച്ചാല്‍ മറ്റു മാംസഭോജികള്‍ ആസ്റ്റ്രേലിയയില്‍ എത്തിയിട്ടില്ല. മാത്രമല്ല, മയോസിന്‍ യുഗംവരെ ഇവ തെക്കേ അമേരിക്കയിലും എത്തിയിരുന്നില്ല. മുന്‍കാലങ്ങളില്‍ വ്യാപകമായി കണ്ടിരുന്ന ചില മാംസഭോജി വിഭാഗങ്ങള്‍ക്ക് ഇന്നു വംശനാശം സംഭവിച്ചിരിക്കുന്നു. എന്നാല്‍ കാനിഡുകളായ ചെന്നായ്, നായ്, കുറുക്കന്‍ എന്നിവ; മസ്റ്റെലിഡുകളായ ഓട്ടറുകള്‍; ഫെലിഡുകളായ പൂച്ച, സിംഹം, കടുവ എന്നിവ ഉള്‍പ്പെടുന്ന വിഭാഗങ്ങളെ ആസ്റ്റ്രേലിയ ഒഴിച്ചുള്ള മിക്ക ഭൂഖണ്ഡങ്ങളിലും കാണാം.

പട്ടിക 1


വിവെറിഡു(Viverrids)കളായ വെരുക്, കീരി എന്നിവയെ ആഫ്രിക്ക, ഇന്ത്യ, ഫിലിപ്പീന്‍സ്, യുറേഷ്യ എന്നിവിടങ്ങളിലാണ് കാണപ്പെടുന്നത്. ആസ്റ്റ്രേലിയയില്‍ ഇവയെ കാണാനാകില്ല. ഉഷ്ണമേഖലാ പ്രദേശത്തു കാണപ്പെടുന്ന ഇവ അമേരിക്കയില്‍ എത്തിയിട്ടില്ല. യുറേഷ്യയുടെ ഉഷ്ണമേഖലാ-സമശീതോഷ്ണമേഖലാ പ്രദേശങ്ങളിലും വടക്കും തെക്കും അമേരിക്കകളിലും കരടികളെ കാണാമെങ്കിലും ആഫ്രിക്ക, മധ്യ അമേരിക്ക എന്നിവിടങ്ങളില്‍ ഇവയെ കാണാനാകില്ല. മറ്റു മാംസഭോജി കുടുംബങ്ങളും വളരെ പരിമിതമായേ കാണപ്പെടാറുള്ളൂ. കുളമ്പുകളുള്ള സസ്തനികളായ അംഗുലേറ്റുകള്‍ക്ക് (Ungulates) സങ്കീര്‍ണവും സുദീര്‍ഘവുമായ ഒരു ഭൌമശാസ്ത്രചരിത്രമാണുള്ളത്. മാത്രമല്ല, ആസ്റ്റ്രേലിയ ഒഴിച്ചുള്ള മിക്ക വന്‍കരകളിലും ഇവയെ കാണാം. ടെര്‍ഷ്യറി യുഗത്തിന്റെ ആദ്യം ഇവയുടെ മുന്‍ഗാമികള്‍ വ്യാപകമായി വിന്യസിക്കപ്പെട്ടിരുന്നതായി കാണാനാകും. ഇവയില്‍ ഒന്നോ രണ്ടോ എണ്ണം തെക്കേ അമേരിക്കയില്‍ എത്തിയിരിക്കാന്‍ സാധ്യതയുണ്ട്. തെക്കേ അമേരിക്കയിലും ലോകത്തിന്റെ ഇതരഭാഗങ്ങളിലുമുള്ളവ ടെര്‍ഷ്യറി യുഗത്തിലാകാം പ്രത്യേകം പ്രത്യേകമായി പരിണാമം പ്രാപിച്ചത്.

ഇക്വിഡേ (Equidae) കുടുംബത്തില്‍പ്പെട്ട കുതിരകള്‍ക്കും അവയുടെ ബന്ധുക്കള്‍ക്കും ജന്മം നല്കിയ അപരിഷ്കൃതരായ മുന്‍ഗാമികളുടെ ജൈവാവശിഷ്ടങ്ങള്‍ ഇയോസീന്‍ യുഗത്തിന്റെ അവസാനത്തില്‍ യൂറോപ്പിലും വടക്കേ അമേരിക്കയിലും കണ്ടെത്തുകയുണ്ടായി. പില്ക്കാലത്തുള്ള ഇവയുടെ സങ്കീര്‍ണമായ പരിണാമം നടന്നത് തീര്‍ത്തും വടക്കേ അമേരിക്കയിലാകാം. ഇന്നു കാണുന്ന ഇക്വസ് ജനുസില്‍പ്പെട്ട ജന്തുക്കളെല്ലാം പ്ലിയോസീന്‍ യുഗത്തില്‍ വടക്കേ അമേരിക്കയില്‍ ഉദ്ഭവിച്ച് ഏഷ്യയിലേക്കും ആഫ്രിക്കയിലേക്കും യൂറോപ്പിലേക്കും തെക്കേ അമേരിക്കയിലേക്കും വ്യാപിച്ചവയാണ്. അമേരിക്കയില്‍ ഇവയ്ക്കു വംശനാശം സംഭവിച്ചെങ്കിലും യുറേഷ്യയിലെ സമശീതോഷ്ണ പ്രദേശത്തു കാണുന്ന വന്യങ്ങളായ കുതിരകള്‍, യുറേഷ്യയുടെ ഇതരഭാഗങ്ങളിലും ആഫ്രിക്കയിലും കാണുന്ന കഴുതകള്‍, ആഫ്രിക്കയിലെ സീബ്രകള്‍ എന്നിവ മാത്രമാണ് ഇന്ന് അവശേഷിച്ചിട്ടുള്ളത്.

ടെര്‍ഷ്യറി യുഗത്തില്‍ ഏഷ്യയിലും യൂറോപ്പിലും അമേരിക്കയിലും ടപീര്‍ (Tapir) നിലനിന്നിരുന്നു. എന്നാല്‍ പ്ലിസ്റ്റോസീന്‍ കാലഘട്ടത്തില്‍ അവ തെക്കേ അമേരിക്കയില്‍ എത്തിയിരുന്നെങ്കിലും ആഫ്രിക്കയില്‍ ഒരിക്കലും എത്തിയിരുന്നില്ല. എന്നാല്‍ പ്ലിസ്റ്റോസീന്‍ യുഗത്തില്‍ യൂറോപ്പ്, ഏഷ്യ, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളില്‍ നിലനിന്നിരുന്ന ഇവ താരതമ്യേന തണുത്ത കാലാവസ്ഥയുള്ള പ്രദേശങ്ങളിലേക്കും വ്യാപിച്ചു. പില്ക്കാലത്ത് മലയന്‍പ്രദേശത്ത് കേവലം ഒരിനമായും അമേരിക്കന്‍ മേഖലയില്‍ മൂന്നിനങ്ങളായും ഇവ ചുരുങ്ങുകയുണ്ടായി. ആഫ്രിക്ക, വടക്കേ അമേരിക്ക, യുറേഷ്യ എന്നീ പ്രദേശങ്ങളില്‍ കണ്ടിരുന്ന കാണ്ടാമൃഗത്തിന് സങ്കീര്‍ണമായ ഒരു ഭൌമവിന്യാസ ചരിത്രമുണ്ട്. എന്നാല്‍ അവ ഒരിക്കലും തെക്കേ അമേരിക്കയില്‍ എത്തിയിരുന്നില്ല. പക്ഷേ, പ്ലിസ്റ്റോസീന്‍ യുഗത്തില്‍ തണുത്ത വടക്കന്‍ മേഖലയിലും ഭൂമധ്യരേഖാ പ്രദേശത്തും അവയെ കണ്ടിരുന്നു. എന്നാല്‍ ഇന്നവ ആഫ്രിക്കയില്‍ കാണപ്പെടുന്ന രണ്ടു ജനുസുകളും ഏഷ്യയുടെ ഭൂമധ്യരേഖാപ്രദേശങ്ങളിലെ മറ്റു രണ്ടു ജനുസുകളുമായി ചുരുങ്ങിയിരിക്കുന്നു. സൂയിഡേ (Suidae) കുടുംബത്തില്‍പ്പെട്ട പന്നികള്‍ ആഫ്രിക്ക, യുറേഷ്യ, തെക്കു പടിഞ്ഞാറന്‍ ശാന്തസമുദ്രത്തിലെ ചില ദ്വീപുകള്‍ എന്നിവിടങ്ങളില്‍ മാത്രമായി പരിമിതപ്പെട്ടിരിക്കുന്നു. ആസ്റ്റ്രേലിയ, അമേരിക്ക എന്നീ പ്രദേശങ്ങളില്‍ ഇവയെ കാണാനാകില്ല. ആഫ്രിക്കയിലും ഏഷ്യയുടെ ചില ഭാഗങ്ങളിലും ഇന്നു കാണുന്ന നീര്‍ക്കുതിരകള്‍ അന്ത്രകോതിറോയിഡിയ (Anthracotheroidea) എന്ന സൂപ്പര്‍ കുടുംബത്തിലെ അവശേഷിക്കുന്ന അംഗങ്ങളാണ്. എന്നാല്‍ ടെര്‍ഷ്യറി യുഗത്തില്‍ ആഫ്രിക്ക, ഏഷ്യ, യൂറോപ്പിന്റെ ചില ഭാഗങ്ങള്‍, വടക്കേ അമേരിക്ക എന്നിവിടങ്ങളില്‍ ഇവയെ വ്യാപകമായി കണ്ടിരുന്നു. ഒട്ടകങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ അവ മിക്കവാറും വടക്കേ അമേരിക്കന്‍ വംശജരാണെന്ന് ബോധ്യമാകും. എന്നാല്‍ പ്ലിസ്റ്റോസീന്‍ കാലഘട്ടത്തില്‍ അവ യൂറോപ്പിലേക്കും ഏഷ്യയിലേക്കും തെക്കേ അമേരിക്കയിലേക്കും വ്യാപിക്കുകയും അനന്തരം വടക്കേ അമേരിക്കയില്‍ നിന്ന് അപ്രത്യക്ഷരാവുകയും ചെയ്തു. ഏഷ്യയിലെ ചില പ്രദേശങ്ങളിലും വടക്കേ ആഫ്രിക്കയിലും കാണുന്ന ഒട്ടകങ്ങളും തെക്കേ അമേരിക്കയിലെ ലാമകളും (Lamas) മാത്രമാണ് ഈ കുടുംബത്തിലെ അവശേഷിക്കുന്ന അംഗങ്ങള്‍. മധ്യമ ടെര്‍ഷ്യറിയുഗത്തില്‍ യുറേഷ്യയിലും ആഫ്രിക്കയിലും ധാരാളം ട്രാഗുലോയിഡുകള്‍ (Traguloids) ഉണ്ടായിരുന്നു. ഇവയുടെ ചില ബന്ധുക്കളെ വടക്കേ അമേരിക്കയിലും കണ്ടിരുന്നു. പശ്ചിമ ആഫ്രിക്കയിലെ ഹെമോസ്ചസ് (Hyemoschus), ഏഷ്യയുടെ, ഭൂമധ്യരേഖാപ്രദേശത്തു കാണപ്പെടുന്ന ട്രാഗുലസ് (Tragulus) എന്നിങ്ങനെ പില്ക്കാലത്ത് അവ ചുരുങ്ങി.

സെര്‍വിഡേ (Cervidae) കുടുംബത്തില്‍പ്പെട്ട മാനുകള്‍ക്ക് ഒലിഗോസീന്‍ യുഗത്തില്‍ യുറേഷ്യയില്‍ തുടങ്ങി പില്ക്കാലത്ത് വടക്കേ അമേരിക്ക വരെയെത്തിയ സങ്കീര്‍ണമായ ഒരു ഭൌമശാസ്ത്ര ചരിത്രമുണ്ട്. ആഫ്രിക്കയുടെ പ്രധാനഭാഗങ്ങളില്‍ എത്തിയിരുന്നില്ലെങ്കിലും പ്ലിസ്റ്റോസീന്‍ യുഗത്തില്‍ത്തന്നെ അവ തെക്കേ അമേരിക്കയില്‍ എത്തുകയുണ്ടായി. ഏഷ്യയുടെയും യൂറോപ്പിന്റെയും അമേരിക്കയുടെയും ഉഷ്ണമേഖലാ സമശീതോഷ്ണമേഖലാ പ്രദേശങ്ങളിലും ഇന്നും മാനുകളെ ധാരാളമായി കണ്ടുവരുന്നുണ്ട്. പുരാതന ലോകത്തിന്റെ ഉഷ്ണമേഖലാ പ്രദേശത്തു മാനുകള്‍ക്ക് സമാന്തരമായി ജിറാഫുകളെ കാണാമായിരുന്നു. ഒരു കാലത്ത് ഏഷ്യയിലും ആഫ്രിക്കയിലും ധാരാളമായി കണ്ടിരുന്ന ഇവയില്‍ പലതും പ്ലിസ്റ്റോസീന്‍ യുഗത്തിന്റെ അവസാനത്തോടെ കിഴക്കന്‍ യൂറോപ്പില്‍ എത്തി. പില്ക്കാലത്ത് അവ തുറന്ന ആഫ്രിക്കന്‍ കാടുകളിലെ ജിറാഫുകളായും പശ്ചിമ ആഫ്രിക്കയിലെ ഇടതൂര്‍ന്ന കാടുകളിലെ ഒകാപി(Okapi)കളായും ചുരുങ്ങി. വടക്കേ അമേരിക്കയുടെ പടിഞ്ഞാറന്‍ ഭാഗത്തുമാത്രം കാണപ്പെടുന്നവയും മിയോസീന്‍ യുഗത്തില്‍ ഉടലെടുത്തവയുമായ പ്രോങ്ഹോണ്‍ (Pronghorn) ഒരു കുടുംബത്തിലെ ശേഷിക്കുന്ന അവസാന അംഗമാണ്.

ആട്, ചെമ്മരിയാട്, കന്നുകാലികള്‍, ആന്റലോപ്പുകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന ബോവിഡേ (Bovidae) ആധുനിക കാലത്തു പരിണമിച്ചു വികാസം പ്രാപിച്ചവയാണ്. ആഫ്രിക്കയിലും ഏഷ്യയിലും യൂറോപ്പിലും ഇവയ്ക്ക് സങ്കീര്‍ണമായ ഒരു ഭൌമവിന്യാസ ചരിത്രമുണ്ട്. കാട്ടുപോത്തുകള്‍ കേരളത്തിലെ വനങ്ങളില്‍ സുലഭമാണെങ്കിലും വരയാടിനെ പ്രധാനമായും ഇരവികുളം പ്രദേശത്തു കാണാനാകും. കാട്ടുപോത്ത്, വരയാട്, ചെമ്മരിയാട് തുടങ്ങിയവ പ്ലിസ്റ്റോസീന്‍ കാലഘട്ടത്തിലോ അതിനുശേഷമോ വടക്കേ അമേരിക്കയില്‍ എത്തിയിരുന്നെങ്കിലും തെക്കേ അമേരിക്കയില്‍ ഇവ എത്തിയിട്ടില്ല.

ടെര്‍ഷ്യറി യുഗത്തില്‍ തെക്കേ അമേരിക്കയില്‍ കാണപ്പെട്ട ഒറ്റക്കുളമ്പുള്ള ജന്തുക്കള്‍ ലോകത്തിന്റെ ഇതരഭാഗങ്ങളിലുള്ളവയില്‍ നിന്നു വ്യത്യസ്തരായിരുന്നു. അഞ്ച് ഓര്‍ഡറുകളില്‍പ്പെട്ട ഇവയുടെ ഫോസിലുകള്‍ 18 കുടുംബങ്ങളിലായി 150-ഓളം ജനുസുകളില്‍പ്പെട്ടവയാണ്. വലുപ്പത്തിലും സ്വഭാവവിശേഷതയിലും വ്യത്യസ്തരായിരുന്ന ഇവയ്ക്ക് കരണ്ടുതീനി, കുതിര, ഒട്ടകം, കാണ്ടാമൃഗം, ആന എന്നിവയുമായി ചില സാമ്യമുണ്ടായിരുന്നെങ്കിലും ഇവയൊന്നുമായി നേരിട്ടു യാതൊരു ബന്ധവുമില്ല. അതുകൊണ്ടുതന്നെ ഇത്തരം താരതമ്യങ്ങള്‍ക്കു വലിയ പ്രസക്തിയില്ല. തെക്കേ അമേരിക്കയില്‍ മുമ്പുണ്ടായിരുന്ന ഒറ്റക്കുളമ്പന്‍ ജന്തുക്കള്‍ക്ക് ഇന്നുള്ളവയുമായി കാര്യമായ സാമ്യമില്ല. അവയില്‍ മിക്കവയ്ക്കും വംശനാശം സംഭവിച്ചുകഴിഞ്ഞു. മാത്രമല്ല പ്ലിയോസീന്‍, പ്ലിസ്റ്റോസീന്‍ യുഗങ്ങളില്‍ ലോകത്തിന്റെ ഇതരഭാഗങ്ങളില്‍ നിന്നെത്തിയ ഒറ്റക്കുളമ്പന്മാര്‍ പഴയവയെ സ്ഥാനഭ്രഷ്ടരാക്കുകയും ചെയ്തു.

ആനകളും അവയുമായി ബന്ധപ്പെട്ട ഫോസില്‍ ഗ്രൂപ്പുകളും ഉള്‍പ്പെടുന്നതാണ് പ്രൊബൊസിഡിയ (Proboscidea) കുടുംബം. ടെര്‍ഷ്യറി യുഗത്തിന്റെ ആദ്യപാദത്തില്‍ ആഫ്രിക്കയില്‍ ഉടലെടുത്ത ഇവയുടെ സങ്കീര്‍ണമായ പരിണാമപ്രക്രിയ പില്ക്കാലത്ത് ഏഷ്യയിലും യൂറോപ്പിന്റെ ചില പ്രദേശങ്ങളിലുമാണ് നടന്നിട്ടുള്ളത്. മിയോസീന്‍ മുതല്‍ പ്ലിസ്റ്റോസീന്‍ വരെയുള്ള കാലഘട്ടത്തില്‍ ഏഷ്യയില്‍ നിന്ന് പത്തിലധികം പ്രൊബൊസിഡിയനുകള്‍ വടക്കേ അമേരിക്കയിലെത്തി. മാത്രമല്ല മൂന്നോ നാലോ ഇനങ്ങള്‍ തെക്കേ അമേരിക്കയിലും എത്തി. പ്ലിസ്റ്റോസീന്‍ യുഗത്തില്‍ ആസ്റ്റ്രേലിയ ഒഴിച്ചുള്ള എല്ലാ വന്‍കരകളിലും ഇവയെ വ്യാപകമായി കണ്ടിരുന്നു. എന്നാല്‍ വളരെ ചുരുങ്ങിയ കാലയളവിനുള്ളില്‍ ആഫ്രിക്കയിലെയും ഏഷ്യയിലെയും രണ്ടിനം ആനകള്‍ മാത്രമായി ഇവ ചുരുങ്ങുകയുണ്ടായി.

കരണ്ടുതീനി സസ്തനികളായ മുയലുകളും അവയുടെ ബന്ധുക്കളും ലാഗോമോര്‍ഫ (Lagomorpha) വര്‍ഗത്തില്‍പ്പെട്ടവയാണ്. ടെര്‍ഷ്യറി യുഗത്തിന്റെ ആദ്യം മുതല്‍ തന്നെ ഇവ ആഫ്രിക്ക, യൂറോപ്പ്, ഏഷ്യ, വടക്കേ അമേരിക്ക എന്നിവിടങ്ങളില്‍ വ്യാപിച്ചു. കരണ്ടുതീനി സസ്തനികളുടെ ഭൌമശാസ്ത്രചരിത്രത്തിനു വ്യത്യസ്തമായ മൂന്നുവിഭാഗങ്ങളുണ്ട്. ടെര്‍ഷ്യറി യുഗത്തിന്റെ തുടക്കം മുതല്‍ തന്നെ പല കുടുംബങ്ങളും ആഫ്രിക്കയിലും യുറേഷ്യയിലും വടക്കേ അമേരിക്കയിലുമായി വിന്യസിക്കപ്പെടുകയും പുനര്‍വിന്യസിക്കപ്പെടുകയും ചെയ്തു. മറിഡേ (Muridae) കുടുംബത്തില്‍പ്പെട്ട അഞ്ചിനം ചുണ്ടെലികളും എലികളും ടെര്‍ഷ്യറി യുഗത്തിലും പ്ലിസ്റ്റോസീന്‍ യുഗത്തിലുമായി ആസ്റ്റ്രേലിയയില്‍ എത്തി ഇന്നു കാണുന്നവയ്ക്ക് രൂപം നല്കി. ഹിസ്ട്രികോമോര്‍ഫ (Histriocomorpha) എന്ന ഒരു ഉപവിഭാഗം ടെര്‍ഷ്യറി യുഗത്തില്‍ തെക്കേ അമേരിക്കയില്‍ പ്രത്യേകമായി ഉരുത്തിരിഞ്ഞുവന്നു.

ടെര്‍ഷ്യറി യുഗത്തിന്റെ അന്ത്യത്തിലും തെക്കും വടക്കും അമേരിക്കകള്‍ തമ്മില്‍ ഭൌമബന്ധം സ്ഥാപിതമായപ്പോള്‍ ചില തെക്കേ അമേരിക്കന്‍ ഇനങ്ങള്‍ വടക്കന്‍ മേഖലയില്‍ എത്തി. എന്നാല്‍ ഇന്നു നിലനില്ക്കുന്നത് ഒരേയൊരിനം മുള്ളന്‍പന്നി മാത്രമാണ്. ഈ മുള്ളന്‍പന്നിയുടെ മുന്‍ഗാമികള്‍ അമേരിക്കയുടെ ഭൂമധ്യരേഖാപ്രദേശത്തായിരുന്നെങ്കിലും വടക്കന്‍ കാടുകളില്‍ ഇവ ഒരു പ്രത്യേക ആവാസവ്യവസ്ഥ കണ്ടെത്തുകയുണ്ടായി. മുള്ളന്‍പന്നികള്‍ ഏഷ്യന്‍ പ്രദേശത്തു പ്രത്യേകിച്ച്, ഇന്ത്യയില്‍ വ്യാപകമായി കാണപ്പെടുന്നുണ്ട്. എന്നാല്‍ യുറേഷ്യയിലെയും വടക്കേ അമേരിക്കയിലെയും ചിലതരം എലികളും അണ്ണാനുകളും തെക്കേ അമേരിക്കയില്‍ കടന്നു മറ്റു ചിലവയെ സ്ഥാനഭ്രഷ്ടരാക്കി.

നരിച്ചീറുകള്‍ കൈറോപ്റ്റീറ (Chiroptera) കുടുംബത്തിലെ വമ്പന്മാരാണ്. ഒലിഗോസീന്‍ കാലഘട്ടം മുതല്‍ നിലനിന്നിരുന്ന ഇവയ്ക്ക് ആസ്റ്റ്രേലിയയിലും ഉഷ്ണമേഖലാ പ്രദേശത്തും സങ്കീര്‍ണമായ ഒരു ഭൌമശാസ്ത്രചരിത്രമുണ്ട്. മികച്ച വിന്യാസശക്തിയുടെ സഹായത്താല്‍ ഇവ ഇന്ത്യന്‍ മഹാസമുദ്രത്തിലെയും പടിഞ്ഞാറന്‍ ശാന്തസമുദ്രത്തിലെയും മിക്ക ദ്വീപുകളിലും എത്തിയിട്ടുണ്ടെങ്കിലും അമേരിക്കയില്‍ എത്തിയിട്ടില്ല. മറ്റു നരിച്ചീറുകള്‍ ലോകത്തിന്റെ ഇതരഭാഗങ്ങളില്‍ സങ്കീര്‍ണമായി വിന്യസിക്കപ്പെട്ടിട്ടുള്ളതായി കാണാം.

മാംസഭുക്കുകള്‍, കുളമ്പുള്ള സസ്തനികള്‍, കരണ്ടുതീനികള്‍, നരിച്ചീര്‍ തുടങ്ങി പല സുപ്രധാന സസ്തനി വിഭാഗങ്ങളും മിയോസീന്‍, അല്ലെങ്കില്‍ പ്ലിയോസീന്‍ യുഗങ്ങള്‍ മുതല്‍ കുറഞ്ഞുതുടങ്ങി. ലോകത്തിന്റെ പല ഭാഗങ്ങളിലും കണ്ടുവന്ന പല വലിയ സസ്തനികളും പ്ലിസ്റ്റോസീന്‍ യുഗം മുതല്‍ എണ്ണത്തില്‍ കുറയുകയോ അപ്രത്യക്ഷരാകുകയോ ചെയ്തു. ഒരു പരിധിവരെ മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ ഇതിനു വഴിതെളിച്ചു എന്നു പറയാം. നിലവിലുള്ള സസ്തനികളുടെ വിന്യാസം പരസ്പരബന്ധിതമല്ലാതാകാന്‍ കാരണം ഈ അപ്രത്യക്ഷമാകലുകളാണ്.

സസ്തനികളുടെ ഭൌമശാസ്ത്രചരിത്രം സങ്കീര്‍ണമാണെങ്കിലും ചില പ്രധാന വിന്യാസമാതൃകകള്‍ സുവ്യക്തമായി നിലനില്ക്കുന്നുണ്ട്. സസ്തനികള്‍ പ്രബലരായിരുന്ന ടെര്‍ഷ്യറി യുഗത്തിന്റെ ആരംഭത്തില്‍ പ്രസരണത്തിനായി ഒരുങ്ങി നിന്നിരുന്ന രണ്ടു പ്രധാന വിഭാഗങ്ങളാണ് പ്ളാസെന്റലുകളും സഞ്ചി സസ്തനികളും. ആസ്റ്റ്രേലിയയിലെ മോണോട്രീംസ് ഒഴികെയുള്ള എല്ലാ സസ്തനികളും ഈ രണ്ടു വിഭാഗങ്ങളില്‍ നിന്ന് ഉടലെടുത്തവയാണ്.

ടെര്‍ഷ്യറി യുഗത്തില്‍ മൂന്നു പ്രധാന മേഖലകളിലായി വ്യത്യസ്തരീതിയിലാണ് സസ്തനികള്‍ പരിണമിച്ചത്. ആദിമ കീടഭോജികള്‍ (Protoinsectivores)നാനാതരത്തിലുള്ള പ്ളാസെന്റല്‍ സസ്തനികള്‍ക്കു രൂപം നല്കുകയും അവ ആഫ്രിക്ക, യുറേഷ്യ, വടക്കേ അമേരിക്ക എന്നിവിടങ്ങളില്‍ വിന്യസിക്കപ്പെടുകയും ചെയ്തു. എന്നാല്‍ ആസ്റ്റ്രേലിയയില്‍ എത്തിയ സഞ്ചിമൃഗങ്ങള്‍ അവിടെ വ്യാപിക്കുകയുണ്ടായി. തെക്കേ അമേരിക്കയിലെത്തിയ സഞ്ചിമൃഗങ്ങളും ചില പ്രത്യേക പ്ളാസെന്റലുകളും അവിടെ വികാസം പ്രാപിച്ചു. ആസ്റ്റ്രേലിയയിലെയും തെക്കേ അമേരിക്കയിലെയും തദ്ദേശീയ സസ്തനികളെക്കുറിച്ച് ചില തെറ്റിദ്ധാരണകള്‍ നിലനിന്നിരുന്നു. മറ്റു പ്രദേശങ്ങളിലെ ജന്തുക്കളെക്കാള്‍ പഴക്കമേറിയവയാണ് ആസ്റ്റ്രേലിയന്‍ സഞ്ചിമൃഗങ്ങളെന്ന ധാരണ ശരിയല്ല. പ്ളാസെന്റലുകളുടെയും സഞ്ചിമൃഗങ്ങളുടെയും ഉദ്ഭവം ഏതാണ്ട് ഒരേ കാലയളവിലാണ്. വിവിധ ഭൂഖണ്ഡങ്ങളിലെ സസ്തനികള്‍ ഒരേ സമയത്ത്, എന്നാല്‍ വ്യത്യസ്ത സ്ഥലങ്ങളിലാണ് പരിണമിച്ചത്.

ആസ്റ്റ്രേലിയയിലും തെക്കേ അമേരിക്കയിലുമെത്തിയ പുരാതന സസ്തനികള്‍ ഭൌമബന്ധങ്ങള്‍ വഴി എത്തിയവയാണെന്നതാണ് അടുത്ത തെറ്റിദ്ധാരണ. ഇതു സംശയാസ്പദമാണ്. ആസ്റ്റ്രേലിയയിലെയും തെക്കേ അമേരിക്കയിലെയും സസ്തനികള്‍ ആഗോളാടിസ്ഥാനത്തില്‍ കാണപ്പെടുന്ന ഏതെങ്കിലും ജന്തുവിഭാഗങ്ങളില്‍ നിന്ന് ഉടലെടുത്തവയല്ല. എന്നാല്‍ ലോകത്തിന്റെ മറ്റു പ്രദേശങ്ങളില്‍ കാണപ്പെടുന്ന തൃതീയ ജന്തുവിഭാഗത്തിന്റെ ചെറിയ ഘടകങ്ങളില്‍ നിന്നാണ് ഇവ ആവിര്‍ഭവിച്ചത്. ഈ ഘടകങ്ങള്‍ വ്യത്യസ്ത വന്‍കരകളിലെത്തിയത് ജലപ്രതിബന്ധങ്ങള്‍ കടന്നാണെങ്കിലും മുഴുവന്‍ ജന്തുക്കള്‍ക്കും അവ കടക്കാനായെന്നു വരില്ല.

ആഗോള ജന്തുമേഖലകള്‍.

ഇന്നത്തെ ജന്തുവിന്യാസ മാതൃകകള്‍ക്കനുസരിച്ച് ഭൂഗോളത്തെ വ്യത്യസ്ത ഭൌമശാസ്ത്രമേഖലകളായി തിരിക്കാവുന്നതാണ്. ഈ മേഖലകള്‍ പല ജന്തുക്കളുടെയും വിന്യാസമാതൃകകളുമായി യോജിക്കുന്നതാകണമെന്നില്ല. മേല്‍ വിവരിച്ച രീതിയിലുള്ള ജന്തുക്കളുടെ വ്യത്യസ്ത വിഭാഗങ്ങള്‍ വിഭിന്ന രീതിയില്‍ വിന്യസിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ ഇത്തരം വിന്യാസങ്ങള്‍ ഒരുമിച്ചെടുത്താല്‍ ഒരു ശരാശരി മാതൃകയായി പരിഗണിക്കാം. ഇത്തരം പരിഗണനകളുടെ അടിസ്ഥാനത്തിലുള്ള ആഗോള ജന്തുമേഖലകളുടെ ചിത്രം ചേര്‍ക്കുന്നു.

ആഫ്രിക്ക, ഇന്ത്യ, ഏഷ്യയുടെയും യൂറോപ്പിന്റെയും സമശീതോഷ്ണപ്രദേശം, ഉഷ്ണമേഖലാ പ്രദേശം, വടക്കേ അമേരിക്ക എന്നിവിടങ്ങളിലാണ് പല ജന്തുവിഭാഗങ്ങളും വിന്യസിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ ഈ വിഭാഗങ്ങളെ തെക്കേ അമേരിക്കയിലോ ആസ്റ്റ്രേലിയയിലോ കാണാനാകില്ല. എന്നാല്‍ മിക്ക വന്‍കരകളിലും പ്രത്യേകതകളുള്ള പലതരം തനതു വിഭാഗങ്ങളെ കാണാം. അതുകൊണ്ട് ആഫ്രിക്ക, യുറേഷ്യ, വടക്കേ അമേരിക്ക എന്നിവയെ ഒരു പ്രത്യേക മേഖലയായും തെക്കേ അമേരിക്കയും സമീപദ്വീപുകളും മറ്റൊരു മേഖലയായും ആസ്റ്റ്രേലിയയെയും സമീപസ്ഥ ദ്വീപുകളെയും വേറൊരു മേഖലയായും പരിഗണിക്കപ്പെട്ടിരിക്കുന്നു.

ഏത്യോപ്യന്‍ മേഖല. സഹാറയ്ക്ക് തെക്കുള്ള ആഫ്രിക്കയും തെക്കേ അറേബ്യയുടെ ഭാഗങ്ങളുമടങ്ങിയ ഈ മേഖലയെ മെഗാജിയ (അര്‍റ്റോജിയ) എന്നു പറയുന്നു.

ഓറിയന്റല്‍ മേഖല. ഏഷ്യയുടെ ഭൂമധ്യരേഖാ പ്രദേശം. ഭൂഖണ്ഡദ്വീപുകളായ ശ്രീലങ്ക, സുമാത്രാ, ജാവ, ബോര്‍ണിയോ, ഫോര്‍മോസ എന്നിവയും ചില സമീപസ്ഥ ദ്വീപുകളും.

പാലിയാര്‍ട്ടിക് മേഖല. ഉഷ്ണമേഖലാ പ്രദേശത്തിനു വടക്കുവശമുള്ള യുറേഷ്യ, അറ്റ്ലസ് പര്‍വത നിരകള്‍ക്കു വടക്കുള്ള ആഫ്രിക്കയുടെ വടക്കന്‍ മേഖല.

നിയാര്‍ട്ടിക് മേഖല. മെക്സിക്കോയുടെ ഭൂമധ്യരേഖാ പ്രദേശം ഒഴികെയുള്ള വടക്കേ അമേരിക്ക, വടക്കന്‍ പ്രദേശങ്ങളായ പൗലിയാര്‍ട്ടിക്, നിയാര്‍ട്ടിക് മേഖലകളെ സംയോജിപ്പിച്ച് ഹൊളാര്‍ട്ടിക് (Holartic) മേഖലയെന്നും പറയപ്പെടാറുണ്ട്.

നിയോട്രോപ്പിക്കല്‍ മേഖല. തെക്കേ അമേരിക്കയും മധ്യ അമേരിക്കയും മെക്സിക്കോയുടെ ഭൂമധ്യരേഖാപ്രദേശവും. ഇതിനെ നിയോജിയ (Neogaea)) മേഖലയെന്നും പറയാറുണ്ട്.

ആസ്റ്റ്രേലിയന്‍ മേഖല. ആസ്റ്റ്രേലിയ, ന്യൂഗിനിയയും തൊട്ടടുത്തു കാണപ്പെടുന്ന ചെറുദ്വീപുകളുമടക്കമുള്ള ഈ പ്രദേശത്തെ നോട്ടോജിയ (Notogaea) മേഖല എന്നും അറിയപ്പെടാറുണ്ട്.

എത്യോപ്യന്‍ ഓറിയന്റല്‍ മേഖലകള്‍

പുരാതന ലോകത്തിന്റെ ഭൂമധ്യരേഖയുമായി ബന്ധപ്പെട്ട ഈ രണ്ടു മേഖലകളിലും സമൃദ്ധവും വൈവിധ്യമാര്‍ന്നതുമായ വിശേഷാല്‍ ജന്തുവിഭാഗങ്ങളുണ്ട്. മാത്രമല്ല, ഇവിടത്തെ ജന്തുക്കള്‍ക്ക് പല കാര്യങ്ങളിലും സമാനതകളുമുണ്ട്. പൂച്ചമത്സ്യങ്ങളെയും ലാബിരിന്ത് മത്സ്യങ്ങളെയും ഈ പ്രദേശത്തു കാണാം. എന്നാല്‍ എത്യോപ്യന്‍ പ്രദേശത്തു മാത്രമാണ് ബിച്ചിറുകളും ശ്വാസകോശമത്സ്യങ്ങളും മാംസഭോജി മത്സ്യങ്ങളായ ചരാസിനുകളുമുള്ളത്. ഓറിയന്റല്‍ പ്രദേശത്ത് സിപ്രിനിഫോം മത്സ്യങ്ങളാണ് കൂടുതലായി കാണപ്പെടുന്നത്. ആഫ്രിക്കന്‍ പ്രദേശത്ത് ഭൂമിശാസ്ത്രപരമായി പഴക്കംചെന്ന മത്സ്യസമ്പത്തുണ്ടെങ്കിലും ഓറിയന്റല്‍ പ്രദേശത്ത് ആധുനിക മത്സ്യങ്ങളാണ് കൂടുതലായി കാണുന്നത്. സിസിലിയനുകള്‍, റാക്കോഫോറിഡുകളടക്കമുള്ള വിവിധ തവള കുടുംബങ്ങള്‍ എന്നിവ ആഫ്രിക്കന്‍ ഓറിയന്റല്‍ മേഖലകളില്‍ കാണപ്പെടുന്നുണ്ട്. എന്നാല്‍ പൈപ്പിടുകളെ ആഫ്രിക്കന്‍ പ്രദേശത്തും പിലോബാറ്റിടുകളെ ഓറിയന്റല്‍ പ്രദേശത്തുമാണ് കാണുന്നത്. മുതല, കരയാമ, മൃദുലകവചിത ആമ എന്നിവയെ ഈ രണ്ടു പ്രദേശത്തും കാണാനാകും. അതുപോലെ തന്നെ ഒരേ കുടുംബത്തില്‍പ്പെട്ട പലതരം പല്ലികളെയും മലമ്പാമ്പ്, മൂര്‍ഖന്‍, അണലി തുടങ്ങിയ പാമ്പുകളെയും ഈ പ്രദേശത്തുകാണാം. എന്നാല്‍ ആഫ്രിക്കയില്‍ മാത്രമാണ് പാര്‍ശ്വകഴുത്തുള്ള ആമകളെ കാണാന്‍ കഴിയുന്നത്. കാമലിയോണ്‍, കോര്‍ഡിലിഡ് ലിസാര്‍ഡുകള്‍ തുടങ്ങിയവയെ ആഫ്രിക്കയിലും കൊലുബ്രിഡ് സര്‍പ്പങ്ങളുടെ ഉപകുടുംബങ്ങള്‍, പിറ്റ് വൈപ്പറുകള്‍ തുടങ്ങിയവയെ ഓറിയന്റല്‍ പ്രദേശത്തും കാണാം. ആഫ്രിക്കന്‍ പ്രദേശത്താണ് ലിസാര്‍ഡുകളെയും പാമ്പുകളെയും കൂടുതല്‍ കാണുന്നത്.

എത്യോപ്യന്‍ ഓറിയന്റല്‍ മേഖലകള്‍ പക്ഷികളാല്‍ സമൃദ്ധമാണ്. വിശാലമായി വിന്യസിക്കപ്പെട്ട പല പക്ഷികുടുംബങ്ങളും ഈ രണ്ടുപ്രദേശങ്ങളിലുമുണ്ടെങ്കിലും ചില അസമത്വങ്ങള്‍ നിലനില്ക്കുന്നുണ്ട്. ഉദാ. ആഫ്രിക്കയില്‍ കൂടുതല്‍ അടയ്ക്കാക്കുരുവികളും (sunbirds) ഹണിഗൈഡുകളുമാണ് കാണപ്പെടുന്നതെങ്കില്‍ ഓറിയന്റല്‍ പ്രദേശത്ത് തത്തകളെയും ഫിസെന്റുകളെയുമാണ് കൂടുതലായി കാണുന്നത്. എന്നാല്‍ ആഫ്രിക്കയില്‍ ഒട്ടകപ്പക്ഷി, ഗിനിക്കോഴി തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന ആറോളം തദ്ദേശീയ പക്ഷികുടുംബങ്ങള്‍ ഉണ്ട്. ഓറിയന്റല്‍ പ്രദേശത്ത് ഒരേയൊരുതരം ഫെയറി ബ്ളൂബേര്‍ഡുകളെ മാത്രമേ കാണാന്‍ കഴിഞ്ഞിട്ടുള്ളൂ. കുരങ്ങ്, ആന, കാണ്ടാമൃഗം, കാട്ടുപോത്ത്, മാന്‍, നരിച്ചീര്‍ തുടങ്ങിയവയെ ഈ രണ്ടു പ്രദേശത്തും ഒരുപോലെ കാണാനാകും. തനതായ ചില സസ്തനികളെയും ഇവിടെ കണ്ടുവരുന്നു. ഉദാ. ആഫ്രിക്കന്‍ പ്രദേശത്ത് സീബ്ര, സുവര്‍ണ മോളുകള്‍ (Golden moles), എലിഫന്റ് ഷ്രൂ, നീര്‍ക്കുതിര, ജിറാഫ് തുടങ്ങിയവ കാണപ്പെടുമ്പോള്‍ ഓറിയന്റല്‍ പ്രദേശത്ത് ട്രീ ഷ്രൂ (Tree Shrew), കരടി, മാന്‍, ടപ്പീര്‍ തുടങ്ങിയവയെ കാണാം.

പാലിയാര്‍ട്ടിക് നിയാര്‍ട്ടിക് മേഖലകള്‍

ഈ പ്രദേശങ്ങള്‍ മിക്കവാറും ഭൂമധ്യരേഖയ്ക്ക് വടക്കുവശത്തുള്ള യുറേഷ്യയ്ക്കും വടക്കേ അമേരിക്കയ്ക്കും സമാനമാണ്. മറ്റു പ്രദേശങ്ങളിലെ വ്യത്യസ്ത ജന്തുകുടുംബങ്ങളുടെ സമ്മിളിത രൂപമാണ് ഇവിടത്തെ ജന്തുക്കള്‍. മത്സ്യങ്ങളില്‍ ഇതു വളരെ പ്രകടമായി കാണാന്‍ കഴിയും. മറ്റു പ്രദേശങ്ങളില്‍ കാണപ്പെടാത്ത ചില പ്രാഥമിക വിഭാഗമത്സ്യകുടുംബങ്ങള്‍ ഇവിടെ നിലനില്ക്കുന്നുണ്ട്. ഉദാ. ഇസോസിഡേ (Esocidae), പെര്‍സിഡേ (Percidae) തുടങ്ങിയവയും പ്രാദേശികമായി കാണുന്ന പോലിയോഡോന്റിഡേ (തുഴ മത്സ്യങ്ങള്‍), അമ്പ്രിഡേ (മാഡ്മിനോകള്‍) എന്നിവ ഈ വിഭാഗത്തില്‍പ്പെടും. പ്രാന്തവിഭാഗ മത്സ്യങ്ങളായ സാല്‍മണുകളെയും റ്റ്രൌട്ടുകളെയും ഇവിടെ കാണാം. ഇതിനു പുറമേ, പരല്‍ കുടുംബത്തില്‍പ്പെട്ട നിരവധി സിപ്രിനിഡുകളെ പാലിയാര്‍ട്ടിക് മേഖലയില്‍ കാണാമെങ്കിലും മറ്റു പ്രാഥമിക വിഭാഗമത്സ്യങ്ങള്‍ വിരളമാണ്. നിയാര്‍ട്ടിക് പ്രദേശത്ത് സിപ്രിനിഡുകള്‍ കുറവാണെങ്കിലും റോക്കിഡ് പ്രദേശത്തിനു കിഴക്ക് പല പ്രധാനയിനങ്ങളെയും കാണാം. ഈ രണ്ടു പ്രദേശത്തും ഉഭയജീവികളായ സിസിലിയനുകളെ കാണാനാകില്ല. എന്നാല്‍ പല സലമാന്‍ഡറുകളെയും ഈ പ്രദേശത്തു കാണാന്‍ കഴിയും. റാന ജനുസില്‍പ്പെട്ട തവളകളെയും ബൂഫോ ജനുസില്‍പ്പെട്ട ചൊറിത്തവളകളെയും ഹൈല ജനുസില്‍പ്പെട്ട മരത്തവളകളെയും ഇവിടെ വ്യാപകമായി കാണാം. ഇവയ്ക്കു പുറമേ, സെലിയെന്‍ഷിയന്‍ കുടുംബത്തില്‍പ്പെട്ട മറ്റു ചില തവളകളെയും ഈ പ്രദേശങ്ങളില്‍ കാണാനാകും. മണ്‍കോരിക പോലുള്ള പാദങ്ങളുള്ള ചൊറിത്തവളകള്‍ (Spade foot toad) ഇവിടെ കാണപ്പെടുന്നു. വളരെ പരിമിതമായ തോതില്‍ മാത്രം കാണപ്പെടുന്ന പരസ്പരബന്ധമില്ലാതെ വിന്യസിപ്പിച്ചിട്ടുള്ള റെലിക്കുകളാണ് ഇവ. ഭൂമധ്യരേഖാ പ്രദേശത്തു കാണപ്പെടുന്ന ചില കുടുംബങ്ങളുടെ പ്രതിനിധികളായ ഇവ ഓറിയന്റല്‍ മേഖലയില്‍ നിന്ന് കിഴക്കന്‍ ഏഷ്യയിലേക്കും മധ്യ അമേരിക്കയില്‍ നിന്ന് വടക്കേ അമേരിക്കയുടെ തെക്കന്‍ പ്രദേശത്തേക്കും കടന്നിട്ടുള്ളതായി കരുതപ്പെടുന്നു. ഭൂമധ്യരേഖാപ്രദേശവുമായി തട്ടിച്ചുനോക്കിയാല്‍ പാലിയാര്‍ട്ടിക്-നിയാര്‍ട്ടിക് മേഖലകളിലെ ഉരഗങ്ങള്‍, പക്ഷികള്‍, സസ്തനികള്‍ എന്നിവയുടെ എണ്ണം വളരെ കുറവാണ്. ചില പക്ഷികുടുംബങ്ങളും ജനുസുകളും വര്‍ഗങ്ങളും തീര്‍ത്തും ഹൊളാര്‍ട്ടിക് പ്രദേശത്തുമാത്രം കാണപ്പെടുന്നവയാണ്. പാലിയാര്‍ട്ടിക് പ്രദേശത്തു കാണുന്ന പ്രൂണെല്ലിഡേ (Prunnelidae) കുടുംബത്തില്‍പ്പെട്ട പന്ത്രണ്ടുതരം കുരുവികള്‍ (Hedge sparrows), സെര്‍ത്തിഡേ(Certhiidae)) കുടുംബത്തില്‍പ്പെട്ട ആറുതരം ഇഴജന്തുക്കളും ടെട്രൗനിനെ, ബോംബിസിലിനേ എന്നീ ഉപകുടുംബങ്ങളും ഉള്‍പ്പെടും. മോളുകള്‍, പോംഹോണ്‍സ് എന്നിവയും ചെറിയ ചില കരണ്ടുതീനി കുടുംബങ്ങളുമാണ് വടക്കന്‍ സമശീതോഷ്ണമേഖലാ പ്രദേശത്തു കാണപ്പെടുന്ന സസ്തനികള്‍. ഈ പ്രദേശത്തുമാത്രം കാണപ്പെടുന്ന ഉരഗകുടുംബങ്ങള്‍ ഒന്നുംതന്നെയില്ല.

പാലിയാര്‍ട്ടിക് നിയാര്‍ട്ടിക് പ്രദേശത്തിനു തനതായുള്ള ചില ജന്തുകുടുംബങ്ങള്‍ ഉണ്ടെന്ന് പറയുന്നത് ശരിയല്ല. അതുകൊണ്ട് ഇവിടെ കാണപ്പെടാത്ത ജീവികള്‍ക്കാകണം മുന്‍തൂക്കം നല്കേണ്ടത്. പാലിയാര്‍ട്ടിക് നിയാര്‍ട്ടിക് പ്രദേശത്തെ ജന്തുക്കള്‍ പരമാവധി ക്ഷയിച്ചവയും വിദൂരസ്ഥ വടക്കന്‍ പ്രദേശത്തുള്ളവയോടു സമാനതയുള്ളവയുമാണെന്നു കാണാം. എന്നാല്‍ ഭൂമധ്യരേഖാ പ്രദേശത്തേക്കു വരുന്തോറും കൂടുതല്‍ സമ്പുഷ്ടവും വ്യത്യസ്തവുമായിട്ടാണ് ഇവ കാണപ്പെടുന്നത്. ചില മത്സ്യങ്ങള്‍, ഉഭയജീവികള്‍, ഗൌളികള്‍, ശലഭഭോജികളായ ചില പ്രവാസി പക്ഷികള്‍ എന്നിവയിലാണ് ഏറ്റവും വ്യത്യാസം കാണുന്നത്. പാലിയാര്‍ട്ടിക് ഇനങ്ങള്‍ ഭൂമധ്യരേഖാ പ്രദേശവാസികളായ കുടുംബങ്ങളും നിയാര്‍ട്ടിക് ഇനങ്ങള്‍ അമേരിക്കന്‍ ഉഷ്ണമേഖലാ പ്രദേശവാസികളുമാണ്.

നിയോട്രോപ്പിക്കല്‍ മേഖല

സമൃദ്ധവും അനന്യസാധാരണവുമായ കശേരുകികള്‍ കാണപ്പെടുന്ന പ്രദേശമാണിത്. ഇവയില്‍ പഴമയുള്ളവ വ്യത്യസ്തമായ ഭൗമശാസ്ത്രബന്ധങ്ങള്‍ കാണിക്കുന്നവയോ ലോകത്തിന്റെ ഇതരഭാഗങ്ങളിലുള്ളവയുമായി യാതൊരു ബന്ധവും കാണിക്കാത്തവയോ ആണ്. ഈ പ്രദേശത്തു കാണുന്ന മിക്ക മത്സ്യങ്ങളും ആഫ്രിക്കന്‍ വംശജരുമായി ബന്ധപ്പെട്ടവയാണ്. ചരാസിനുകളും പൂച്ചമത്സ്യങ്ങളും ഉള്‍പ്പെടുന്ന കുടുംബമാണ് ശുദ്ധജലമത്സ്യങ്ങളില്‍ പ്രമുഖം. ഒരു ശ്വാസകോശ മത്സ്യവും ഇതില്‍പ്പെടും. സിസിലിയനുകള്‍, സലമാന്‍ഡറുകള്‍, തവളകള്‍ എന്നിവയാണ് ഈ പ്രദേശത്തെ ഉഭയജീവികള്‍. തവളകളില്‍ മിക്കവയും ഇന്ന് ഇന്ത്യയിലും ആഫ്രിക്കയിലും വടക്കേ അമേരിക്കയിലും ആസ്റ്റ്രേലിയയിലും കാണപ്പെടുന്നവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉരഗങ്ങളുടെ കൂട്ടത്തില്‍ മുതല, കരയാമ, കടലാമ, ആസ്റ്റ്രേലിയയിലും വടക്കേ അമേരിക്കയിലും കാണുന്ന പാര്‍ശ്വകഴുത്തുള്ള ആമ എന്നിവയ്ക്കു പുറമേ, ഗൌളി കുടുംബത്തില്‍പ്പെട്ട ചിലയിനങ്ങളെയും പാമ്പുകളെയും ഈ പ്രദേശത്തുകാണാം. നിയോട്രോപ്പിക്കല്‍ മേഖലയിലെ പക്ഷികളില്‍ മിക്കവയും ഈ പ്രദേശത്തുമാത്രം കാണപ്പെടുന്നവയാണ്. സഞ്ചിമൃഗങ്ങളും ഇഡെന്റേറ്റുകളും കുരങ്ങന്മാരും കരണ്ടുതീനികളും ഉള്‍പ്പെടുന്ന തെക്കേ അമേരിക്കയില്‍ സസ്തനികളുടെയും വടക്കേ അമേരിക്കയില്‍ കാണപ്പെടുന്നവയുടെയും ഒരു മിശ്രിതമാണ് നിയോട്രോപ്പിക്കല്‍ സസ്തനികള്‍. ഈ മേഖലയിലെ കശേരുകികള്‍ പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത് തെക്കേ അമേരിക്കയിലാണ്. ഇവയില്‍ പലതും മധ്യ അമേരിക്കയിലൂടെ തെക്കന്‍ മെക്സിക്കോയിലേക്ക് വ്യാപിച്ചിട്ടുള്ളതിനാല്‍ നിയാര്‍ട്ടിക് മേഖലയിലെ ജന്തുക്കളുടെ ഒരു മിശ്രിതമാണ് ഇവിടെ കാണപ്പെടുന്നത്.

ആസ്റ്റ്രേലിയന്‍ മേഖല

ആധുനികകാലത്തുണ്ടായ ന്യൂഗിനിയ എന്ന ഭൂഖണ്ഡ ദ്വീപടക്കമുള്ള ഈ മേഖല നിയോട്രോപ്പിക്കല്‍ പ്രദേശംപോലെ കശേരുകി ജീവി സമൂഹത്താല്‍ സമൃദ്ധമല്ലെങ്കിലും തനിമയുള്ളതാണ്. വളരെ കുറച്ചുമാത്രം കാണപ്പെടുന്ന ഇവിടത്തെ ശുദ്ധജലമത്സ്യങ്ങളില്‍ മിക്കവയും സമുദ്രത്തില്‍ നിന്ന് ഉരുത്തിരിഞ്ഞവയാണ്. ഈ പ്രദേശത്തെ ഉഭയജീവികള്‍ തവളകള്‍ മാത്രമാണ്; അതും രണ്ടു കുടുംബത്തില്‍പ്പെട്ടവമാത്രം. അമേരിക്കയുടെ ഭൂമധ്യരേഖാപ്രദേശത്തും ഇവയെ കാണാനാകും. ന്യൂഗിനിയയില്‍ കാണപ്പെടുന്ന മറ്റു കുടുംബങ്ങള്‍ ഏഷ്യയില്‍നിന്നോ പുരാതന ലോകത്തിന്റെ ഉഷ്ണമേഖലാ പ്രദേശത്തു നിന്നോ എത്തിയവയാണ്. ഈ മേഖലയിലെ ഉരഗങ്ങളില്‍ മിക്കവയും ഇന്ത്യന്‍ വംശജരുമായി ബന്ധമുള്ളവയാണ്. എന്നാല്‍ ചുരുക്കം ചില ഇനങ്ങള്‍ക്ക് നിയോട്രോപ്പിക്കല്‍-എത്യോപ്യന്‍ മേഖലകളുമായി ബന്ധമുണ്ടെന്നും കരുതേണ്ടിയിരിക്കുന്നു.

വൈവിധ്യമുള്ള വളരെയധികം പക്ഷികളെ ഈ മേഖലയില്‍ കാണാം. ചിലയിനങ്ങള്‍ സവിശേഷമായ കുടുംബങ്ങളില്‍പ്പെട്ടവയും മറ്റു ചിലവ ഏഷ്യന്‍ വംശജരുമായി ബന്ധമുള്ളവയുമാണ്. എന്നാല്‍ ആഫ്രിക്കന്‍, തെക്കേ അമേരിക്കന്‍ എന്നീ പക്ഷി ക്കുടുംബങ്ങളുമായി നേരിട്ടു ബന്ധം സൂചിപ്പിക്കുന്ന പക്ഷികള്‍ വളരെ വിരളമാണ്. മോണോട്രീമുകള്‍, നിരവധി സഞ്ചിമൃഗങ്ങള്‍, കരണ്ടുതീനികള്‍, നരിച്ചീറുകള്‍ എന്നിവയാണ് ഈ മേഖലയിലെ സസ്തനികള്‍, ആസ്റ്റ്രേലിയന്‍ സഞ്ചിമൃഗങ്ങള്‍ അസാധാരണ പ്രസരണം നേടുകയും പ്ളാസെന്റല്‍ സസ്തനികള്‍ നിറഞ്ഞിരുന്ന മറ്റ് ആവാസകേന്ദ്രങ്ങളില്‍ കടന്നെത്തുകയും ചെയ്തു. ചെന്നായ്, ഉറുമ്പുതീനി, ഷ്റൂ, വീസെല്‍ (Weasel), മോള്‍ (Mole), മുയല്‍, എലി, അണ്ണാന്‍ എന്നിവയോട് സാമ്യമുള്ളവയാണ് വിവിധ ആസ്റ്റ്രേലിയന്‍ സഞ്ചിമൃഗങ്ങള്‍. വലിയ കരണ്ടുതീനികളെപ്പോലെയുള്ള വോംബാറ്റു(Wombat)കളെയും തേവാങ്കിനെപ്പോലുള്ള കോലാ(Koala)കളെയും ഇവിടെ കാണാം. പുല്ലും ഇലയും ഭക്ഷിക്കുന്ന നിസ്തുലമായ ആകാരമുള്ള കങ്ഗാരുകള്‍ മറ്റു പ്രദേശങ്ങളില്‍ കാണുന്ന കുളമ്പുള്ള സസ്തനികളുടെ സ്ഥാനം വഹിക്കുന്നു.

മാറ്റം സംഭവിക്കുന്ന പ്രദേശങ്ങള്‍ (Transitional areas)

വിവിധപ്രദേശങ്ങളിലെ ജന്തുസമൂഹങ്ങള്‍ ഒന്നിക്കുന്നിടത്ത് മാറ്റങ്ങള്‍ ദൃശ്യമാണ്. രണ്ടു പ്രദേശങ്ങളിലെ ജന്തുസമൂഹങ്ങള്‍ ഒരേകദേശ അതിര്‍ത്തിക്കുള്ളില്‍ നില്ക്കുന്നവയാണ്. എന്നാല്‍ ചിലത് അതിര്‍വരമ്പുകള്‍ കടന്ന് എതിര്‍ദിശയിലേക്ക് വ്യത്യസ്ത ദൂരത്തില്‍ സഞ്ചരിക്കുന്നുണ്ട്. ഉദാ. നിയാര്‍ട്ടിക് പ്രദേശത്തും നിയോട്രോപ്പിക്കല്‍ മേഖലയിലും മാത്രം കാണപ്പെടുന്ന ചിലയിനങ്ങള്‍ മെക്സിക്കന്‍ പീഠഭൂമിയും താഴ്ന്ന ഭൂമധ്യരേഖാ പ്രദേശവുമായി ബന്ധിക്കുന്നിടം വരെ മാത്രം എത്തിനില്ക്കുന്നു. എന്നാല്‍ ചില നിയാര്‍ട്ടിക് ജീവികള്‍ ഈ അതിര്‍ത്തി കടന്ന് മധ്യ അമേരിക്കയിലും വടക്കേ അമേരിക്കയുടെ തെക്കന്‍പ്രദേശം വരെയും എത്തുന്നു. ഇന്ത്യന്‍ പ്രദേശത്തു കാണുന്ന മിക്ക കശേരുകികളും ബാലിക്കും ലോംബെക്കിനും ബോര്‍ണിയോയ്ക്കും സിലിബിസിനും ഫിലിപ്പീന്‍സിനും മൊളുക്കസിനുമിടയിലുള്ള ഒരു പൊതുജലാതിര്‍ത്തിവരെ എത്തുന്നു. ഈ പൊതു അതിര്‍ത്തി വാലസ് രേഖ (Wallace line) എന്നാണറിയപ്പെടുന്നത്. ആസ്റ്റ്രേലിയന്‍-ഓറിയന്റല്‍ പ്രദേശങ്ങളെ വേര്‍തിരിക്കുന്നത് ഈ രേഖയാണെന്നാണ് വാലസ് കരുതിയിരിക്കുന്നത്. എന്നാല്‍ ഈ രേഖ പൂര്‍ണതോതിലുള്ള ഓറിയന്റല്‍ ജന്തുസമൂഹത്തിന്റെ അതിര്‍ത്തി പ്രദേശവും ദരിദ്രവത്കരിക്കപ്പെട്ടതും മാറ്റങ്ങള്‍ നേരിടുന്നതുമായ ഒരു ജന്തുസമൂഹത്തിന്റെ ആരംഭവും കാണിക്കുന്നു. ന്യൂഗിനിയയ്ക്ക് അല്പം പടിഞ്ഞാറായി കാണുന്ന മറ്റൊരു രേഖ യഥാര്‍ഥ ആസ്റ്റ്രേലിയന്‍ ജന്തുസമൂഹത്തിന്റെ പരിധി കാണിക്കുന്നു. ഈ രേഖകള്‍ക്കുള്ളിലായുള്ള 'മലേഷ്യ' എന്ന പ്രദേശത്താണ് ആസ്റ്റ്രേലിയന്‍ ഓറിയന്റല്‍ ജന്തുസമൂഹങ്ങളുടെ പ്രാന്തവത്കൃത അംശങ്ങള്‍ സങ്കീര്‍ണമായ ഒരു മാറ്റത്തിനായി സമ്മേളിക്കുന്നത്.

ദ്വീപുകളിലെയും സമുദ്രമേഖലയിലെയും ജന്തുവിന്യാസം

ദ്വീപുകളെ വാലസ് ഭൂഖണ്ഡദ്വീപുകളെന്നും സമുദ്രമേഖലാ ദ്വീപുകളെന്നും രണ്ടായി തിരിച്ചു. വന്‍കരകളുടെ വിഭജനംമൂലമുണ്ടായ ആദ്യവിഭാഗത്തില്‍ സങ്കീര്‍ണമായ കരിമ്പാറകളെയും സസ്തനികളെയും ഉഭയജീവികളെയും കാണാം. എന്നാല്‍ സമുദ്രത്തില്‍ നിന്നും ഉടലെടുത്ത സമുദ്രമേഖലാ ദ്വീപുകളില്‍ അഗ്നിപര്‍വതപ്പാറകളും പവിഴപ്പുറ്റുകളുമുണ്ടെങ്കിലും കരയില്‍ ജീവിക്കുന്ന സസ്തനികളെയും ഉഭയജീവികളെയും കാണാനാകില്ല. പക്ഷേ ദ്വീപുകളിലെ ജന്തുസമൂഹങ്ങള്‍ ഇവയെക്കാളൊക്കെ വൈവിധ്യവത്കൃതമാണ്. ശ്രീലങ്ക, ജപ്പാന്‍, ന്യൂഗിനിയ, ബ്രിട്ടീഷ് ഉപദ്വീപുകള്‍, ഫോര്‍മോസ, ടാസ്മാനിയ തുടങ്ങിയവ സമീപകാല വന്‍കരദ്വീപുകളാണ്. അതുകൊണ്ട് ടാസ്മാനിയ ഒഴിച്ചുള്ള ദ്വീപുകളില്‍ ഉഭയജീവികളെയും കരയില്‍ ജീവിക്കുന്ന സസ്തനികളെയും ശുദ്ധജലമത്സ്യങ്ങളെയും കാണാം. ന്യൂഫൌണ്ട്ലന്‍ഡ്, ഗ്രീന്‍ലന്‍ഡ് തുടങ്ങിയവയും വന്‍കര ദ്വീപുകളാണെങ്കിലും തണുത്ത കാലാവസ്ഥ അവയുടെ ജന്തുസമൂഹങ്ങളെ പരിമിതപ്പെടുത്തുന്നു. പൂര്‍ണമായും സമുദ്രജന്യമായ അഗ്നിപര്‍വതദ്വീപുകളിലും ഹവായന്‍ ദ്വീപുകളിലും പക്ഷികളും നരിച്ചീറുകളുമൊഴികെയുള്ള കശേരുകികളെ കാണാനാകില്ല. പല പഴയ ദ്വീപുകളിലും ഭൂഖണ്ഡ ജന്തുസമൂഹങ്ങള്‍ ഇല്ലെന്ന സുപ്രധാന വസ്തുത വാലസ് ശ്രദ്ധിക്കാതെ പോയി. ന്യൂസിലന്‍ഡ്, മഡഗാസ്കര്‍, ന്യൂകാലിഡോണിയ, ആസ്റ്റ്രേലിയ, ടെര്‍ഷ്യറി യുഗത്തിലെ തെക്കേ അമേരിക്ക എന്നിവയുടെ കാര്യത്തിലും ഈ വസ്തുത നിലനില്ക്കുന്നു. ഒരു വലിയ വന്‍കരപ്രദേശത്തുനിന്നും ലളിതമായി വേര്‍തിരിക്കപ്പെട്ട ഒരു ജന്തുസമൂഹത്തെ ഒരിടത്തും കാണാനാകില്ല. ഒന്നുകില്‍ ഈ പഴയ ദ്വീപുകള്‍ ഒരിക്കലും ഒരു വന്‍കരയുമായി ബന്ധമുള്ളവയായിരുന്നില്ല. മറിച്ചാണെങ്കില്‍ അവയുടെ പഴയ വന്‍കരാ ജന്തുസമൂഹം അവിടെ നിന്നും സ്ഥാനഭ്രഷ്ടമാക്കപ്പെട്ടിരിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. മീസോസോയിക് യുഗത്തില്‍ മഡഗാസ്കറില്‍ ദിനോസറുകള്‍ ഉണ്ടായിരുന്നു. ടെര്‍ഷ്യറി യുഗത്തില്‍ ജലമാര്‍ഗം മഡഗാസ്കറില്‍ എത്തിയവയുടെ പിന്‍ഗാമികളാണ് ഇന്നവിടെ കാണുന്ന സസ്തനികള്‍. ന്യൂസിലന്‍ഡില്‍ കാണപ്പെടുന്ന ലിയോപെല്‍മിഡ് (Wallace line) തവളകളും സ്പിനഡോണുകളും മീസോസോയിക് കാലഘട്ടത്തിലെ ജന്തുക്കളാണ്. എന്നാല്‍ ഇവ ഈ കാലഘട്ടത്തിലെ ഒരു വന്‍കര ജന്തുസമൂഹമാകുന്നില്ല. എന്നാല്‍ ന്യൂസിലന്‍ഡില്‍ ആധുനിക കാലത്തുടലെടുത്ത ഗൌളി കുടുംബത്തില്‍പ്പെട്ട രണ്ടു വിഭാഗങ്ങളെ ഇവയോടൊപ്പം കാണാം. ജലാശയം കടന്ന് വ്യത്യസ്ത സമയത്താവാം ഈ ജന്തുക്കളെല്ലാം ന്യൂസിലന്‍ഡില്‍ എത്തിയത്. ലവണജലം കടക്കാനുള്ള കഴിവിനനുസരിച്ച് കശേരുകികള്‍ വിവിധ ദ്വീപുകളില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. യഥാര്‍ഥ ശുദ്ധജല മത്സ്യങ്ങള്‍ ഇവിടെ വിരളമാണ്. ഉഭയജീവികളും കരയില്‍ ജീവിക്കുന്ന സസ്തനികളും വളരെക്കുറച്ചു മാത്രമേയുള്ളൂ. എന്നാല്‍ കരണ്ടുതീനി സസ്തനികള്‍ സാധാരണയിലധികം കാണപ്പെടുന്നു. ആപേക്ഷികമായി നോക്കിയാല്‍ ഗൌളികുടുംബത്തില്‍പ്പെട്ടവയും പക്ഷികളും നരിച്ചീറുകളും വളരെ കൂടുതലാണ്. പല പുരാതന ജീവികളുടെ റെലിക്കുകളെ വളരെ വിരളമായിക്കാണാറുണ്ട്. ഇതും മറ്റു തെളിവുകളും ചില പൊതു നിഗമനങ്ങളിലേക്ക് എത്തിക്കുന്നു. ചില ദ്വീപുകളില്‍ പല കശേരുകികളുണ്ടെങ്കിലും എല്ലാ ദ്വീപുകളിലെയും ജന്തുസമൂഹങ്ങള്‍ പൂര്‍ണമായോ ഭാഗികമായോ ജലാശയം കടന്നെത്തിയവരാണ്. ജലാശയത്തിന്റെ വീതി, ദ്വീപുകളുടെ വലുപ്പം, ജലം കടക്കാനുള്ള കശേരുകികളുടെ കഴിവ് എന്നിവയെ അടിസ്ഥാനമാക്കി എല്ലാ വന്‍കരകളില്‍ നിന്നും ദ്വീപുകളിലേക്ക് കശേരുകികളുടെ സഞ്ചാരം ഉണ്ടായിട്ടുണ്ട്. പറക്കാന്‍ കഴിയാത്ത സസ്തനികള്‍ ഒഴുകി നടക്കുന്ന ഏതെങ്കിലും വസ്തുവിന്റെ മുകളില്‍ സഞ്ചരിച്ചാകാം ദ്വീപുകളില്‍ എത്തിച്ചേര്‍ന്നിട്ടുള്ളത്.

സമുദ്രജീവികളുടെ വിന്യാസം. ത്രിമാനതലത്തില്‍ നടക്കുന്ന ഒരു പ്രവര്‍ത്തനമായതിനാല്‍ ഇതു വളരെ സങ്കീര്‍ണമാണ്. ലംബവിന്യാസം-സമുദ്രത്തിന്റെ ആഴം കൂടുന്നതിനനുസരിച്ച് ജന്തുവിന്യാസതലങ്ങളുടെ എണ്ണവും കൂടിക്കൊണ്ടിരിക്കും. ഹരിത സസ്യങ്ങള്‍ നിലനില്ക്കുന്ന പ്രകാശിതമായ ഉപരിതല ജലത്തില്‍ മാത്രമാണ് ജന്തുക്കള്‍ മിക്കവാറും കാണപ്പെടുന്നത്. ഇത് സു. 72 മീ. വരെയാണ്. മറ്റൊരു ജീവിസമൂഹം 70-280 മീ. വരെ ആഴമുള്ള ഇരുണ്ട പ്രദേശത്തു ജീവിക്കുന്നുണ്ട്. മുകളില്‍നിന്നു ലഭിക്കുന്ന ജൈവാവശിഷ്ടങ്ങളാണ് ഇവയുടെ മുഖ്യ ആഹാരം. മറ്റൊരു വിഭാഗം സമുദ്രത്തിന്റെ ഇരുണ്ട അടിത്തട്ടില്‍ ജീവിക്കുന്നവയാണ്. ഇവയ്ക്കും മുകളിലുള്ള ജലത്തില്‍ നിന്നാണ് ആഹാരം ലഭിക്കുന്നത്.

ഏറ്റവും മുകളിലത്തെ ജന്തുസമൂഹം പെലാജിക് സമൂഹമെന്നറിയപ്പെടുന്നു. ഗ്ളോബിജെറിന, റേസിയോമേറിയ തുടങ്ങിയ ഏകകോശജീവികള്‍ ഉള്‍പ്പെടുന്ന ഇവ മിക്കവാറും മൃദുലവും സുതാര്യവുമാണ്. ഈ സൂക്ഷ്മജീവികളുടെ എണ്ണം വളരെ കൂടുതലായതിനാല്‍ സമുദ്രത്തിന്റെ അടിത്തട്ടിലേക്കു വീഴുന്ന ഇവയുടെ അസ്ഥികൂടങ്ങള്‍ ഊസ് (ooze) പാളികളായി മാറുന്നു. മനോഹരമായി തിളങ്ങുന്ന പല ഡൈനോഫ്ളജല്ലേറ്റുകളും ജെല്ലി മത്സ്യങ്ങളും പൊളീക്കിറ്റ് വിരകളും ഒഴുകി നടക്കുന്ന നിരവധി ക്രസ്റ്റേഷ്യനുകളും ഈ പ്രദേശത്തു നിലനില്ക്കുന്നു. ഒഴുകി നടക്കുന്ന മൊളസ്കുകള്‍ പ്രധാനമായും റ്റീറോപോഡുകളും സെഫലോപോഡുകളുമാണ്. സീസ്കുര്‍ട്ടുകളെയും ഇക്കൂട്ടത്തില്‍ ധാരാളമായി കാണാം. ചാള, അയല, പറക്കും മത്സ്യം, ഗെറിങ് എന്നിവയാണ് പ്രധാന പെലാജിക് മത്സ്യങ്ങള്‍.

മത്സ്യജലജീവി സമൂഹങ്ങള്‍ മിക്കവാറും സ്വതന്ത്രമായി സഞ്ചരിക്കുന്നവയാണ്. റേസിയോലേറിയനുകളും ജെല്ലി മത്സ്യങ്ങളും ക്രസ്റ്റേഷ്യനുകളും ഇവയുടെ കൂട്ടത്തില്‍പ്പെടും. മത്സ്യങ്ങള്‍ ധാരാളമായുണ്ടെങ്കിലും മിക്കവയ്ക്കും വലിയ കണ്ണുകളാണുള്ളത്. പല മത്സ്യങ്ങള്‍ക്കും പ്രകാശം പരത്തുന്ന അവയവങ്ങളുമുണ്ട്.

മറ്റു പല ജീവികള്‍ക്കും ഘടനാപരമായ പ്രത്യേകതകളുണ്ട്. ഇവ മിക്കവാറും സമുദ്രാന്തര്‍ഭാഗത്താണ് കാണപ്പെടുന്നത്. അനിതര സാധാരണമായ ഘടനാവിശേഷമുള്ള ആംഗ്ളേര്‍ മത്സ്യങ്ങള്‍ക്ക് പ്രകാശം പ്രസരിപ്പിക്കാനുള്ള പ്രത്യേക അവയവങ്ങളുണ്ട്.

സമുദ്രജീവികളുടെ ദിഗന്തസമ വിന്യാസം (horizontal distribution) പാരിസ്ഥിതിക സങ്കീര്‍ണതകളുള്ളവയാണ്. സമുദ്രത്തിന്റെ അഗാധതയിലും തീരപ്രദേശത്തോടടുത്തും ജീവിക്കുന്ന ജന്തുക്കള്‍ തമ്മില്‍ വലിയ വ്യത്യാസമുണ്ട്. പ്രാദേശിക ഘടകങ്ങള്‍, അടിത്തട്ടിന്റെ സവിശേഷത, ലവണാംശം, അമ്ളാംശം, ഊഷ്മാവ്, ജലപ്രവാഹങ്ങള്‍ എന്നിവ തീരദേശജന്തുവിന്യാസത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. സമുദ്രജല പ്രവാഹങ്ങളാണ് വിവിധ ജലമേഖലകളിലെ ഊഷ്മാവിനെ സ്വാധീനിക്കുന്നത്. ഓരോ പ്രദേശത്തും കാണപ്പെടുന്ന ജന്തുസമൂഹത്തിന്റെ അടിസ്ഥാനത്തില്‍ ഭൂമധ്യരേഖാപ്രദേശം, സമശീതോഷ്ണമേഖലാ പ്രദേശങ്ങള്‍, ആര്‍ട്ടിക്-അന്റാര്‍ട്ടിക് പ്രദേശങ്ങള്‍ എന്നിവ തിരിച്ചറിയാം. അഗാധമായ തണുത്ത ജലത്തില്‍ ജീവിക്കുന്ന ജന്തുസമൂഹത്തെ വ്യക്തമായ മേഖലകളായി വേര്‍തിരിക്കാനാവില്ല. വന്‍കരകള്‍ ജന്തുസസ്തനങ്ങള്‍ക്കു പ്രതിബന്ധങ്ങളാകാറുണ്ട്. സാമ്യമുള്ള പല സമുദ്രജീവികളെ മധ്യ അമേരിക്കയുടെ ഇരുവശങ്ങളിലും കാണാം. തെക്കും വടക്കും അമേരിക്കകള്‍ തമ്മില്‍ അടുത്തകാലംവരെ നിലനിന്നിരുന്ന കടലിടുക്കിലൂടെയാവാം ഇവയില്‍ പലതും മറുവശത്തു കടന്നിട്ടുള്ളത്. അഗാധവും വിസ്തൃതവുമായ ശാന്തസമുദ്രം ആഴംകുറഞ്ഞ മേഖലയില്‍ ജീവിക്കുന്ന ജന്തുക്കള്‍ക്കൊരു മാര്‍ഗതടസ്സമാണ്. തെക്കന്‍ ഏഷ്യയ്ക്കും ആസ്റ്റ്രേലിയയ്ക്കും ഇടയിലുള്ള തുരുത്തുകളും തീരക്കടലും ശാന്തസമുദ്രത്തിന്റെ പടിഞ്ഞാറേമേഖലയും ജലജീവികള്‍ സമൃദ്ധമായി കാണുന്ന പ്രദേശങ്ങളാണ്. എന്നാല്‍ വടക്കേ അമേരിക്കയുടെ പടിഞ്ഞാറേത്തീരത്തു കാണപ്പെടുന്ന ജന്തുക്കളില്‍ നിന്നും ഇവ തികച്ചും വ്യത്യസ്തരാണ്. ഇന്തോ പസിഫിക് മേഖലകളിലെ ജന്തുക്കളെ അത്ലാന്തിക് മേഖലയില്‍ നിന്നു വേര്‍തിരിക്കുന്നത് ആഫ്രിക്കയാണ്.

ജന്തുവിന്യാസ മാതൃകകള്‍

ജന്തുവിന്യാസത്തെ നിയന്ത്രിക്കുന്ന ഘടകങ്ങള്‍-മേഖലകളും പ്രദേശങ്ങളുമായി വേര്‍തിരിക്കപ്പെട്ടിട്ടുള്ള ജന്തുവിന്യാസ മാതൃകകള്‍ രണ്ടു ഭൗമഘടകങ്ങളിലൂടെ പരിമിതമായി പരിഷ്കരിക്കപ്പെട്ടിട്ടുള്ളവയാണ്. ഓരോ പുതിയ വിഭാഗവും പഴയവയെ മാറ്റി സ്ഥാപിക്കുകയും വംശനാശത്തിനു മുമ്പായി പരസ്പര ബന്ധമില്ലാതെ വിന്യസിക്കുകയും ചെയ്യുന്നു. ശുദ്ധജല മത്സ്യങ്ങളുടെയും തവളകളുടെയും ഇടയില്‍ കാണുന്ന ലളിതമായ ഉദാഹരണങ്ങള്‍ മുമ്പ് വിവരിച്ചിട്ടുണ്ട്. എന്നാല്‍ സസ്തനികളടക്കമുള്ള പല കശേരുകികളുടെയും ഈ പ്രക്രിയ വളരെ സങ്കീര്‍ണമാണ്. കാലാവസ്ഥയിലെ മേഖലാ വ്യത്യാസവും ലവണജലപ്രതിബന്ധങ്ങളുമാണ് ഈ വിന്യാസമാതൃകകളെ പരിഷ്കരിക്കുകയും പരിമിതപ്പെടുത്തുകയും ചെയ്യുന്ന മുഖ്യഘടകങ്ങള്‍. ഈ ഘടകങ്ങള്‍ നാനാതരത്തിലുള്ള കശേരുകികളുടെ വിന്യാസത്തെ സ്വാധീനിച്ചിട്ടുണ്ട്. ഉഷ്ണരക്ത കശേരുകികളുടെ വിന്യാസത്തെയും കാലാവസ്ഥാമേഖലകള്‍ സ്വാധീനിക്കുന്നുണ്ട്. എന്നാല്‍ പറക്കുന്ന പക്ഷികളുടെ വ്യാപനത്തിന് പലപ്പോഴും ജലാശയങ്ങള്‍ തടസ്സം സൃഷ്ടിക്കുന്നുണ്ട്.

നിലവിലുള്ള കരജന്തുക്കളുടെ വിന്യാസമാതൃകകളെ നിര്‍ണയിക്കുന്നത് ആധുനിക കാലാവസ്ഥയും പ്രതിബന്ധങ്ങളുമാണ്. അസാധാരണമായ ഭൗമബന്ധങ്ങളും വന്‍കരകളുടെ സ്ഥാനചലനവും മാത്രമല്ല ഇന്നുള്ള ജന്തുവിന്യാസ മാതൃകകള്‍ക്കു കാരണം. ജന്തുക്കളുടെ സങ്കീര്‍ണമായ ആഗോള ചലനങ്ങളും ഇതിനെ ബാധിക്കുന്നുണ്ട്. കൃത്യമായി വിശകലനം ചെയ്താല്‍ ഇന്നത്തെ ജന്തുവിന്യാസവും ഫോസിലുകളുടെ അടിസ്ഥാനത്തിലുള്ള പുരാതന ജന്തുവിന്യാസവും പുരാതനലോകം, കാലാവസ്ഥാവിതരണം എന്നിവയെക്കുറിച്ച് സുപ്രധാനമായ പല വിവരങ്ങളും വെളിപ്പെടുത്തുന്നുണ്ട്. ഇന്നു നിലവിലുള്ള ജന്തുവിന്യാസം ആധുനിക അവസ്ഥാവിശേഷവും സംഭവങ്ങളും മാത്രം വെളിപ്പെടുത്തുന്നവയാണ്.

ശുദ്ധജലത്തില്‍ മാത്രം ജീവിക്കുന്ന മത്സ്യങ്ങള്‍ മറ്റു കശേരുകികളെക്കാള്‍ വളരെ പതുക്കെ മാത്രം ഭൂമിയില്‍ വ്യാപിക്കുന്നവയാണ്. അവയുടെ ഇന്നത്തെ വിന്യാസം ക്രിട്ടേഷ്യസ് യുഗത്തിലെ ഭൂമിശാസ്ത്രം പ്രതിഫലിപ്പിക്കുന്ന തരത്തിലാണ്. ഇന്നത്തെ ഏതെങ്കിലും ജന്തുക്കളുടെ വിന്യാസത്തില്‍ ഇതിലും പഴയകാലം പ്രതിഫലിക്കുന്നുണ്ടോ എന്നു സംശയമാണ്. പ്ലിസ്റ്റോസീന്‍ യുഗത്തിലെ വന്‍കരാ ഹിമപാളികളുടെ മുന്നേറ്റവും പിന്‍വാങ്ങലും ആര്‍ട്ടിക് പ്രദേശത്തെ ജന്തുക്കളെ ഒന്നിടവിട്ട് തെക്കോട്ടു പായിച്ചതും പിന്നീട് വടക്കോട്ടു വരാന്‍ സഹായിച്ചതും എപ്രകാരമാണെന്ന് ഒരു ശതാബ്ദം മുമ്പ് ചാള്‍സ് ഡാര്‍വിനും എഡ്വേര്‍ഡ് ഫോര്‍ബിസും കാണിച്ചുതന്നു. ആല്‍പ്സ് പര്‍വത ശിഖരങ്ങളില്‍ ഇത് ആര്‍ട്ടിക് ശലഭങ്ങളുടെയും എലികളുടെയും റെലിക് മാതൃകകള്‍ അവശേഷിപ്പിച്ചു. ഈ റെലിക് മാതൃകകള്‍ ഇന്നത്തെ ജന്തുവിന്യാസ ചരിത്രത്തിന്റെ വിശദാംശങ്ങളിലൊന്നു മാത്രമാണ്. പ്ലിസ്റ്റോസീന്‍ ഹിമയുഗത്തിന്റെ പുനരാവിഷ്കാരത്തിന് ഇതു സഹായിക്കുന്നുണ്ട്. സാധാരണയായി വന്‍കരകളില്‍ മാത്രം കണ്ടുവരുന്ന ചില ജന്തുക്കളെ ചില ദ്വീപുകളിലും കാണാം. പ്രസ്തുത ദ്വീപുകള്‍ അടുത്തകാലം വരെ വന്‍കരകളുമായി ബന്ധപ്പെട്ടു കിടന്നിരുന്നതായി ഇതു തെളിയിക്കുന്നു. മാത്രമല്ല, പ്ലിസ്റ്റോസീന്‍ ഹിമാവരണ കാലഘട്ടത്തില്‍ ആഗോള സമുദ്രനിരപ്പു കുറഞ്ഞിരുന്നതിനുള്ള ഒരു തെളിവായും ഇതിനെ കണക്കാക്കാം.

പ്ലിസ്റ്റോസീന്‍ കാലഘട്ടത്തിനു മുമ്പ് ഭൂഗോളത്തിന്റെ വടക്കുഭാഗം ഇന്നുള്ളതിനെക്കാള്‍ ചൂടുള്ളതായിരുന്നു. മാത്രമല്ല, ഏഷ്യയും വടക്കേ അമേരിക്കയും തമ്മില്‍ ബെറിങ് കടലിടുക്കിനു കുറുകെ ഒരു ഭൗമബന്ധവും നിലനിന്നിരുന്നു. ഡാര്‍വിന്റെ ഈ നിഗമനങ്ങള്‍ക്കടിസ്ഥാനം യുറേഷ്യയുടെ സമശീതോഷ്ണ പ്രദേശത്തും വടക്കേ അമേരിക്കയിലും ഇന്നു കാണുന്ന പരസ്പര ബന്ധമുള്ള സസ്യങ്ങളും ജന്തുക്കളുമാണ്. ജന്തുഭൗമശാസ്ത്രകാരന്മാര്‍ പിന്നീടതു സ്ഥിരീകരിക്കുകയുണ്ടായി. എന്നാല്‍ യുറേഷ്യ, ഏഷ്യ, വടക്കേ അമേരിക്ക എന്നിവിടങ്ങളിലെ സസ്തനികളുടെ ജൈവാവശിഷ്ടങ്ങള്‍ താരതമ്യം ചെയ്തുകൊണ്ട് ടെര്‍ഷ്യറി യുഗത്തിലും പ്ലിസ്റ്റോസീനിലും ബെറിങ് ഭൗമബന്ധം നിലനിന്നിരുന്നതായും ചില പ്രത്യേക സമയത്ത് അതു വേര്‍പെട്ടും സംയോജിച്ചും കിടന്നിരുന്നതായും ജി.ജി. സിംസണ്‍ 1947-ല്‍ വിശദീകരിച്ചു. ടെര്‍ഷ്യറി യുഗത്തിന്റെ ആദ്യപാദത്തില്‍ വളരെയധികം സസ്തനികള്‍ ഇതുവഴി കടന്നിരുന്നെങ്കിലും പില്ക്കാലത്ത് വളരെക്കുറച്ചു മാത്രമേ ഇതുവഴി കടന്നുവന്നിട്ടുള്ളൂ. വടക്കന്‍ മേഖലാകാലാവസ്ഥ പ്ലിസ്റ്റോസീന്‍ ഹിമകാലഘട്ടത്തില്‍ വളരെ സാവധാനത്തിലാണ് തണുത്തതെന്ന് ഇതു വ്യക്തമാക്കുന്നു.

ഇന്നത്തെയും കഴിഞ്ഞകാലത്തെയും സസ്തനികളുടെ വിന്യാസം തെക്കേ അമേരിക്കയുടെയും ആസ്റ്റ്രേലിയയുടെയും ടെര്‍ഷ്യറി യുഗചരിത്രം വെളിവാക്കുന്നു. ഈ കാലഘട്ടത്തിലെ സസ്തനി ഫോസിലുകള്‍ ലഭ്യമാണ്. ഈ സമയത്തു തെക്കേ അമേരിക്ക ജല പ്രതിബന്ധങ്ങളില്‍ ഒറ്റപ്പെട്ടു കിടന്നിരുന്നതിനാല്‍ ഇവിടത്തെ സസ്തനികള്‍ ഇതര വന്‍കരകളിലേതിനെക്കാള്‍ വ്യത്യസ്തരായിരുന്നു. ടെര്‍ഷ്യറി യുഗത്തിന്റെ അവസാനസമയത്ത് അനേകം വടക്കേ അമേരിക്കന്‍ സസ്തനികള്‍ പെട്ടെന്ന് തെക്കേ അമേരിക്കന്‍ ഫോസില്‍ രേഖയില്‍ പ്രത്യക്ഷപ്പെട്ടു. അതുപോലെ തെക്കേ അമേരിക്കന്‍ സസ്തനികള്‍ വടക്കേ അമേരിക്കയിലും പ്രത്യക്ഷപ്പെട്ടു. ടെര്‍ഷ്യറി യുഗത്തില്‍ മിക്കവാറും തെക്കേ അമേരിക്ക ഒരു ദ്വീപായിരുന്നു എന്നാണിതു കാണിക്കുന്നത്. മാത്രമല്ല, വടക്കേ അമേരിക്കയുമായി ഇന്നു കാണുന്ന ഭൗമബന്ധം പൂര്‍ണമായതു പ്ലിയോസീന്‍ യുഗത്തിന്റെ അവസാനത്തോടെയാണ്. ടെര്‍ഷ്യറി യുഗത്തിലെ കശേരുകികളെ സംബന്ധിച്ച് ഒരു രേഖയും ആസ്റ്റ്രേലിയയില്‍ നിന്നു ലഭിച്ചിട്ടില്ല. എന്നാല്‍ ആധുനിക കാല കരണ്ടുതീനികളും നരിച്ചീറുകളും ഒഴിച്ചുള്ള പ്ളാസന്റല്‍ സസ്തനികള്‍ ആസ്റ്റ്രേലിയയില്‍ ഇന്നു ദുര്‍ലഭമാണ്. ടെര്‍ഷ്യറി യുഗം മുതല്‍ തെക്കേ അമേരിക്ക അടക്കമുള്ള ലോകത്തിന്റെ ഇതരഭാഗങ്ങളില്‍ പ്ളാസന്റല്‍ സസ്തനികളുടെ ഫോസിലുകള്‍ ധാരാളമായി കണ്ടിരുന്നു. എന്നാല്‍ ഇപ്രകാരമുള്ള ഫോസിലുകള്‍ ആസ്റ്റ്രേലിയയില്‍ രേഖപ്പെടുത്തിയിട്ടില്ല. ടെര്‍ഷ്യറി യുഗത്തിനു ശേഷം ആസ്റ്റ്രേലിയ ഒരു ദ്വീപുമാത്രമായിരുന്നെന്നാണ് ഇതു സൂചിപ്പിക്കുന്നത്. ടെര്‍ഷ്യറിയുഗം മുതല്‍ തെക്കേ അമേരിക്ക, ആസ്റ്റ്രേലിയ എന്നിവയെ തമ്മിലോ ഇതര വന്‍കരകളുമായോ ബന്ധിപ്പിക്കുന്ന എല്ലാ പാലിയോഗ്രാഫിക് തത്ത്വങ്ങളും ഇതു പാടേ നിരാകരിക്കുന്നു. മാത്രമല്ല, ടെര്‍ഷ്യറി യുഗത്തിനു മുമ്പുള്ള ജന്തുഭൗമശാസ്ത്ര തെളിവുകള്‍ക്ക് കൃത്യത കുറവാണ്. മീസോസോയിക് കല്പത്തിലോ അതിനു മുമ്പോ ഉണ്ടായ ഒരു വന്‍കര നീക്കത്തെ, അതായത് അടിസ്ഥാനപരമായി വ്യത്യസ്തമായ ഒരു ഭൗമമാതൃകയെ സൂചിപ്പിക്കുന്നതാണ് ഈ വസ്തുതകള്‍.

പരിണാമം നടന്നു എന്നുള്ളതിന്റെ തെളിവാണ് ജന്തുവിന്യാസം. മാത്രമല്ല, ഏറ്റവും കാര്യക്ഷമമായി ഇതു നടക്കുന്നത് എങ്ങനെയാണെന്നും സൂചിപ്പിക്കുന്നു. മഹാഭൂഖണ്ഡങ്ങളില്‍ പരിണാമം പ്രാപിക്കുന്ന പഴയ വിഭാഗങ്ങള്‍ ചെറു ഭൂഖണ്ഡങ്ങളിലേക്കും ദ്വീപുകളിലേക്കും വ്യാപിക്കുകയുമാണ് ചെയ്യുന്നത്. ഭൂഖണ്ഡങ്ങളില്‍ നിന്നു ദ്വീപുകളിലേക്കുള്ള ജന്തുക്കളുടെ ഈ ഒഴുക്ക് ഈ വസ്തുത തെളിയിക്കുന്ന തരത്തിലാണ്. പ്രദേശവും പരിണാമവുമായി പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. പ്രദേശത്തിന്റെ വിസ്തൃതി കൂടുന്നതനുസരിച്ച് പ്രമുഖവിഭാഗങ്ങളുടെ പരിണാമം കൂടുതല്‍ കാര്യക്ഷമമായിരിക്കും. മാത്രമല്ല, കാലാവസ്ഥയും പരിണാമവും തമ്മിലും പരസ്പരം ബന്ധം നിലനില്ക്കുന്നു. പ്രമുഖവിഭാഗങ്ങള്‍ പരിണമിക്കുന്നത് കൂടുതലായും ഉഷ്ണമേഖലാ പ്രദേശത്താണോ വടക്കന്‍ സമശീതോഷ്ണ പ്രദേശത്താണോ എന്നതിനെ സംബന്ധിച്ച് ജന്തുഭൗമശാസ്ത്രകാരന്മാര്‍ക്കിടയില്‍ അഭിപ്രായ സമന്വയമില്ലെങ്കിലും എണ്ണം, ഘടന എന്നിവ പ്രദേശവും കാലാവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന അഭിപ്രായമുണ്ട്. പരിണാമപ്രക്രിയയെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങളും അതിനെ സ്വാധീനിക്കുന്ന ഘടകങ്ങളും കണ്ടെത്താന്‍ ഈ പരസ്പര ബന്ധങ്ങള്‍ ഉപയോഗിക്കാമെന്നാണ് ജന്തുഭൗമശാസ്ത്രകാരന്മാര്‍ കരുതുന്നത്. നോ. സസ്യഭൂമിശാസ്ത്രം

(ഡോ. പി. മധുസൂദനന്‍ പിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍