This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജന്തുപരിചരണം, പരീക്ഷണശാലയില്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജന്തുപരിചരണം, പരീക്ഷണശാലയില്‍

ഗവേഷണ പഠനങ്ങള്‍ക്കു വിധേയമാക്കുന്ന ജന്തുക്കളുടെ പരിചരണം. ആധുനിക ലോകത്തില്‍ പരീക്ഷണനിരീക്ഷണങ്ങള്‍ക്കു ജന്തുക്കളെ വിപുലമായി ഉപയോഗിക്കുന്നു. മനുഷ്യനും മൃഗത്തിനും നന്മ വരുത്തുന്നതിനാവശ്യമായ കാര്യങ്ങള്‍ കണ്ടുപിടിക്കുന്നതിനും ഈ വക കാര്യങ്ങളുടെ വരുംവരായ്കകളെക്കുറിച്ചുള്ള അവബോധം നേടുന്നതിനും വേണ്ടിയാണ് ജന്തുക്കളില്‍ പരീക്ഷണങ്ങള്‍ നടത്തുന്നത്. ഇപ്രകാരം പരീക്ഷണങ്ങള്‍ക്കു വിധേയമാകുന്ന ജന്തുക്കള്‍ക്കു മാനുഷികവും ധര്‍മനീതിക്കനുസരണവുമായ താമസസൗകര്യം, ഭക്ഷണം, കുടിവെള്ളം, വേദന കൂടാതെയുള്ള പരീക്ഷണ മാര്‍ഗങ്ങളുടെ ഉപയോഗം എന്നിവ ഉറപ്പാക്കുന്നതിന് അടിസ്ഥാനതത്ത്വങ്ങളും മാര്‍ഗനിര്‍ദേശങ്ങളും നിലവിലുണ്ട്. ജന്തുക്കളെ പരീക്ഷണ നിരീക്ഷണങ്ങള്‍ക്ക് ഉപയോഗിക്കുന്നത് പകരം സംവിധാനങ്ങള്‍ ഇല്ലാത്തതുകൊണ്ടായിരിക്കണം എന്നു നിര്‍ബന്ധമുണ്ട്. ഇക്കാരണത്താലാണ് ജന്തുക്കള്‍ക്കു പകരം ബാക്റ്റീരിയങ്ങളും ഏകകോശജീവികളും കുപ്പിയില്‍ വളര്‍ത്തുന്ന കോശസമൂഹങ്ങളും പരീക്ഷണ നിരീക്ഷണങ്ങള്‍ക്കായി കഴിയുന്നിടത്തോളം ഇന്ന് ഉപയോഗപ്പെടുത്തി വരുന്നത്. ജന്തുക്കളെ നിയമാനുസൃതമായി പരീക്ഷണങ്ങള്‍ക്ക് ഉപയോഗിക്കാം എന്നും യാതൊരു കാരണവശാലും പാടില്ലാ എന്നും വാദിക്കുന്നവര്‍ ഉണ്ട്.

പരീക്ഷണങ്ങള്‍ക്കായി ജന്തുക്കളെ തെരഞ്ഞെടുക്കുന്നതു വിശദമായ ആരോഗ്യപരിശോധനയ്ക്കു ശേഷമാണ്. ഇപ്രകാരം തെരഞ്ഞെടുത്ത ജന്തുക്കളെ പരീക്ഷണങ്ങള്‍ക്കുപയോഗിക്കുന്ന ജന്തുക്കള്‍ക്കായുള്ള പാര്‍പ്പിടസ്ഥലങ്ങളില്‍ മാറ്റി താമസിപ്പിക്കുന്നു. ജന്തുക്കളുടെ താമസം, ഭക്ഷണം, പരിസരം എന്നിവ എത്രയും യോജിച്ചതും ഫലപ്രദമായ രീതിയിലും ക്രമീകരിച്ചിരിക്കണം.

ജന്തുക്കളെ പരീക്ഷണങ്ങള്‍ക്ക് ഉപയോഗിക്കുമ്പോള്‍ നടപ്പിലാക്കേണ്ട പെരുമാറ്റച്ചട്ടങ്ങള്‍:

1. മനുഷ്യരാശിക്കോ മൃഗങ്ങള്‍ക്കോ എന്തെങ്കിലും നന്മ വരാനുതകുന്ന പരീക്ഷണങ്ങള്‍ക്കു മാത്രമേ ജന്തുക്കളെ വിനിയോഗിക്കാന്‍ പാടുള്ളൂ.

2. വേദന പരീക്ഷണത്തിന്റെ ഭാഗമാണെങ്കില്‍ക്കൂടിയും അതിന്റെ തീവ്രതയും ദൈര്‍ഘ്യവും കഴിയുന്നത്ര കുറയ്ക്കേണ്ടതാണ്.

3. പരീക്ഷണങ്ങള്‍ക്കിടയില്‍ പ്രതീക്ഷിക്കാത്ത രീതിയില്‍ വേദനയുളവാക്കുന്ന രീതിയിലേക്കു പരീക്ഷണം മാറുകയാണെങ്കില്‍ മാനുഷിക പരിഗണനയില്‍ ജന്തുവിന്റെ പ്രജ്ഞ നശിപ്പിച്ചു ജീവന്‍ അവസാനിപ്പിക്കണം.

4. വിഷവസ്തുക്കള്‍, പകര്‍ച്ചവ്യാധികള്‍, അര്‍ബുദങ്ങള്‍ എന്നീവയുടെ പരീക്ഷണങ്ങള്‍ക്കു തെരഞ്ഞെടുക്കുന്ന ജന്തുക്കളെ മരണം സംഭവിക്കുന്നതുവരെ വളര്‍ത്തുന്നത് അവയ്ക്ക് ആയാസകരവും വേദനയുളവാക്കുന്നതുമാണെങ്കില്‍ പകരം പരീക്ഷണങ്ങള്‍ രൂപകല്പന ചെയ്യേണ്ടതാണ്.

5. വേദനാജനകമോ ജന്തുവിന്റെ മരണത്തില്‍ കലാശിക്കുന്നതോ ആയ പരീക്ഷണങ്ങള്‍, പ്രത്യേകിച്ചും പഠനസഹായി എന്ന നിലയിലോ, പൊതുപ്രദര്‍ശനത്തിനായോ നടത്താന്‍ പാടുള്ളതല്ല.

6. പരീക്ഷണ ശസ്ത്രക്രിയകള്‍ക്കുശേഷം വേദനസംഹാരികള്‍ നല്കാതിരിക്കുക; അവയവങ്ങള്‍ക്കു ക്ഷതമോ വേദനയോ ഉണ്ടാകുന്ന പരീക്ഷണങ്ങള്‍ നടത്തുക; തീ, വൈദ്യുതി എന്നിവമൂലമുണ്ടാകുന്ന പെരുമാറ്റ വ്യതിയാനങ്ങളെക്കുറിച്ചുള്ള പരീക്ഷണങ്ങള്‍ നടപ്പിലാക്കുക; ഉയര്‍ന്ന താപം, കൊടുംശൈത്യം, അസാധാരണമായ അന്തരീക്ഷം എന്നിവയില്‍ ജന്തുക്കളെ വിധേയമാക്കുക തുടങ്ങിയവയും നിയമവിരുദ്ധമാണ്.

7. പരീക്ഷണങ്ങള്‍ക്കായി ഒരുക്കുന്ന രീതികളും പദ്ധതികളും ജന്തുക്കള്‍ക്കു യാതൊരുവിധ മാനസിക സമ്മര്‍ദവും ഉണ്ടാക്കുന്നവ ആയിരിക്കരുത്.

8. കുടിവെള്ളം നിഷേധിക്കുന്നതരത്തിലുള്ള പരീക്ഷണങ്ങള്‍ കഴിയുന്നതും ഒഴിവാക്കണം. അതിനു മറ്റു പോംവഴിയില്ലെങ്കില്‍ പരീക്ഷണ മൃഗത്തിന് അസ്വാസ്ഥ്യം വരാത്ത വിധത്തില്‍ ഒരു നിശ്ചിത സമയം മാത്രം വെള്ളം ഒഴിവാക്കുക.

9. സാധാരണ ചലനങ്ങള്‍ അസാധ്യമാംവിധം കെട്ടിയോ പൂട്ടിയോ ഞെരുങ്ങിയ സ്ഥലത്തോ അധികനേരത്തേക്കു പരീക്ഷണ മൃഗങ്ങളെ ബന്ധിച്ചു ദുരിതമുണ്ടാക്കാന്‍ പാടുള്ളതല്ല. സര്‍വകലാശാലകളിലും വൈദ്യപഠന കളരികളിലും അല്ലാതെ സ്കൂള്‍ തലത്തില്‍ ജന്തു പരീക്ഷണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്.

10. ബോധം അല്ലെങ്കില്‍ പ്രജ്ഞ കെടുത്താതെ ജന്തുക്കളെ പരീക്ഷണങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല.

കൂടുതല്‍ നിര്‍ദേശങ്ങള്‍ ഉരുത്തിരിഞ്ഞു വന്നിട്ടുണ്ടെങ്കിലും പരീക്ഷണശാലയിലെത്തുന്ന ജന്തുക്കളുടെ പരിചരണം മാനുഷികവും ധാര്‍മികവുമായ രീതിയില്‍ നടത്തേണ്ട കടമയും ചുമതലയും അധ്യാപകരിലും ഗവേഷകരിലും പരീക്ഷകരിലും ആത്യന്തികമായി നിക്ഷിപ്തമാണ്. സ്വയം നീതി നടപ്പാക്കല്‍ സംവിധാനമാണ് മൃഗങ്ങളോടുള്ള അനീതിക്കു പരിഹാരം.

ജന്തു-പരീക്ഷണങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ 'ധര്‍മശാസ്ത്ര സമിതി'കള്‍ രൂപംകൊണ്ടു തുടങ്ങിയിട്ടുണ്ട്. തനതു സ്ഥാപനങ്ങളില്‍ നടത്താനുദ്ദേശിക്കുന്ന ജന്തുപരീക്ഷണങ്ങള്‍ തീര്‍ച്ചയായും ആവശ്യമായതാണോ എന്നും ആവശ്യമെങ്കില്‍ തികച്ചും മാനുഷികമായ നിലയില്‍ പരീക്ഷണങ്ങള്‍ നടപ്പിലാക്കുവാനുള്ള നിര്‍ദേശങ്ങള്‍ നല്കാനും അവ പ്രവൃത്തിയില്‍ വരുന്നുണ്ടോ എന്ന് ഉറപ്പാക്കാനും ഉള്ള ചുമതല ഇത്തരം സമിതികള്‍ക്കാണ്.

ഒരു ഗവേഷണ സ്ഥാപനത്തിനു പുറമേയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ ജന്തു പരീക്ഷണങ്ങള്‍ക്കായി സഹായധനം നല്കുകയാണെങ്കില്‍ ജന്തു പരീക്ഷണങ്ങള്‍ക്കു മാനുഷികവും ധാര്‍മികവും ആയ പദ്ധതികളാണു ഗവേഷണ സ്ഥാപനം നടപ്പിലാക്കുന്നത് എന്നു ബോധ്യപ്പെട്ടിരിക്കണം. ധനകാര്യ സ്ഥാപനങ്ങളിലെ 'ധാര്‍മിക സമിതി'കള്‍ ഇക്കാര്യം വിലയിരുത്തേണ്ടതുണ്ട്.

ഇത്തരം സമിതികള്‍ക്കു പുറമേ 'ദേശീയ ധാര്‍മിക സമിതി'യും നിലവിലുണ്ട്. പരീക്ഷണശാലകളില്‍ ജന്തു പരിചരണത്തിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കുക; അവ പരീക്ഷണശാലകള്‍, കലാശാലകള്‍, ഗവേഷണ ശാലകള്‍ എന്നിവകളെ അറിയിക്കുക; കാലാകാലങ്ങളില്‍ പരിശോധനകള്‍ നടത്തുകയും തങ്ങളുടെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തുകയും ചെയ്യുക; കാലത്തിനും ആവശ്യത്തിനുമൊത്ത ഭേദഗതികള്‍ നിര്‍ദേശങ്ങളില്‍ കൊണ്ടുവരിക; പരീക്ഷണശാലയില്‍ മൃഗങ്ങളുടെ മാനുഷികവും ധാര്‍മികവുമായ ഉപയോഗക്രമത്തിനുവേണ്ട നിയമ നിര്‍മാണത്തിനു ചുക്കാന്‍പിടിക്കുക എന്നിവയാണ് ദേശീയ ധാര്‍മിക സമിതിയുടെ പ്രധാനപ്പെട്ട ചുമതലകള്‍.

(ഡോ. എ.സി. ഫെര്‍ണാന്റസ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍