This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജനീവാ തടാകം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:51, 28 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജനീവാ തടാകം

Geneva Lake

യൂറോപ്പിലെ ഒരു തടാകം. യൂറോപ്പിലുള്ള ആല്‍പൈന്‍ തടാകങ്ങളില്‍വച്ച് ഏറ്റവും വലുതാണിത്. ഫ്രാന്‍സിനും സ്വിറ്റ്സര്‍ലന്‍ഡിനും ഇടയിലായി കിടക്കുന്ന ജനീവാ തടാകത്തിന്റെ 60 ശ.മാ. സ്വിറ്റ്സര്‍ലന്‍ഡിലും ബാക്കി ഫ്രാന്‍സിലുമാണ്. വിസ്തീര്‍ണം: സു. 580 ച.കി.മീ.; പരമാവധി നീളം: 73 കി.മീ.; പരമാവധി വീതി 14 കി.മീ.; പരമാവധി ആഴം: 310 മീറ്റര്‍. കടല്‍നിരപ്പില്‍നിന്ന് 372 മീ. ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ തടാകത്തിന് ചന്ദ്രക്കലയുടെ ആകൃതിയാണുള്ളത്. ലീമന്‍ തടാകം എന്നും ഇതിനു പേരുണ്ട്. ലത്തീന്‍ഭാഷയിലെ ലാക്സ് ലെമാണസില്‍നിന്നു രൂപംകൊണ്ട ലാക് ലീമന്‍ എന്ന ഫ്രഞ്ചുപദത്തില്‍നിന്നാകണം ലീമന്‍ തടാകത്തിന്റെ ഉദ്ഭവം.

തടാകത്തിലെ ജലനിരപ്പ് പെട്ടെന്നുയരുകയും മറ്റു ചിലപ്പോള്‍ പെട്ടെന്ന് താഴുകയും ചെയ്യുന്നു. വേലിയേറ്റവും വേലിയിറക്കവും പോലെയുള്ള ഈ പ്രതിഭാസം 'സേഷ്' (Seiche) എന്നാണ് വിവരിക്കപ്പെടുന്നത്. ജലനിരപ്പില്‍ ഗണ്യമായ ഏറ്റക്കുറച്ചിലുകളുണ്ടാക്കുന്ന ഈ പ്രക്രിയയുടെ കാരണം അന്തരീക്ഷമര്‍ദത്തിലും കാറ്റിലും ഉണ്ടാകുന്ന വ്യതിയാനമാണെന്നാണ് ശാസ്ത്രജ്ഞ മതം.

വീതിയേറിയ റോണ്‍ നദീഭാഗംപോലെ തോന്നിക്കുന്ന ഈ തടാകത്തിലേക്ക് കിഴക്കേയറ്റത്തുകൂടി പ്രവേശിക്കുന്ന നദി തെക്കുപടിഞ്ഞാറേ അറ്റത്തുകൂടി വെളിയിലേക്കിറങ്ങുന്നു. തടാകത്തിലേക്കുള്ള ഒരേയൊരു ജലാഗമന-നിര്‍ഗമന മാര്‍ഗവും റോണ്‍ നദി തന്നെ. തടാകത്തിന്റെ താഴ്ഭാഗത്തുവച്ച് ഒരു വലിയ പാറ ഇതിനെ പെറ്റീ ലാക്, ഗ്രാന്‍ഡ് ലാക് എന്നിങ്ങനെ രണ്ടു ഭാഗങ്ങളായി വിഭജിക്കുന്നു. ജനീവാ തുറമുഖത്തിനടുത്ത് വെള്ളത്തില്‍നിന്നു തള്ളിനില്ക്കുന്ന പാറക്കെട്ടുകളെ 'പിയെര്‍ ദുനിതോ' (നെപ്റ്റ്യൂണിന്റെ അള്‍ത്താരകള്‍) എന്നാണ് വിശേഷിപ്പിക്കുന്നത്.

റൂസോ, ബൈറണ്‍ തുടങ്ങിയ വിശ്വപ്രസിദ്ധ സാഹിത്യകാരന്മാരുടെ കൃതികളില്‍ ഈ തടാകത്തെക്കുറിച്ച് പരാമര്‍ശം കാണാം. ജനീവാ തടാകത്തിനടുത്ത പ്രദേശങ്ങള്‍ പണ്ടുമുതല്‍ തന്നെ ജനവാസകേന്ദ്രങ്ങളായിരുന്നു. ഇവിടെ പല ഭാഗങ്ങളിലും കാണുന്ന തൂണുകള്‍ ഇതിനു തെളിവാണ്. ഈ തടാകത്തിന്റെ നിര്‍ഗമന മാര്‍ഗത്തില്‍ സ്ഥിതിചെയ്യുന്ന ജനീവാ നഗരവും വടക്കന്‍ തീരപ്രദേശത്തു സ്ഥിതിചെയ്യുന്ന വിനോദസഞ്ചാരകേന്ദ്രങ്ങളായ വീവീ, മോങ്ത്ര്, ലേസ് ആവോ, ലോസാന്‍ എന്നിവയും പ്രസിദ്ധങ്ങളാണ്. കടുംനീലനിറമുള്ള ജനീവാ തടാകത്തിന്റെ കിഴക്കേയറ്റത്തായി പ്രസിദ്ധമായ ഷീയോണ്‍ കൊട്ടാരം സ്ഥിതിചെയ്യുന്നു. തടാകത്തില്‍നിന്ന് ഉയര്‍ന്നുവരുന്നതായേ ഇതു കണ്ടാല്‍ തോന്നൂ. ഷാബ്ളീ മലനിരകള്‍ ജനീവാ തടാകത്തിന്റെ തെക്കുഭാഗത്തായുള്ള ഫ്രഞ്ചുതീരത്താണ് സ്ഥിതി ചെയ്യുന്നത്. പെയ് ദ് വോയുടെ വടക്കുഭാഗത്തുള്ള തടാകതീരം പ്രകാശഭരിതമായതിനാല്‍ ഇവിടം പേരുകേട്ട മുന്തിരിത്തോപ്പുകളുടെ കേന്ദ്രമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍