This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജനാര്‍ദനന്‍ നായര്‍, കരമന (1937 - 2000)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജനാര്‍ദനന്‍ നായര്‍, കരമന (1937 - 2000)

കരമന ജനാര്‍ദനന്‍ നായര്‍

മലയാള ചലച്ചിത്രനടന്‍. സി.എന്‍. രാമസ്വാമി അയ്യരുടെയും കരമന കുഞ്ചുവീട്ടില്‍ ഭാര്‍ഗവി അമ്മയുടെയും മകനായി 1937-ല്‍ തിരുവനന്തപുരത്ത് ജനിച്ചു. വിദ്യാഭ്യാസകാലത്തുതന്നെ അഭിനയത്തില്‍ താത്പര്യം കാണിച്ചിരുന്നു. ഡല്‍ഹി നാഷണല്‍ സ്കൂള്‍ ഒഫ് ഡ്രാമയില്‍ നിന്ന് അഭിനയം പഠിച്ച(1962)ശേഷം 'ഭദ്രപീഠം' എന്ന അരീനാ നാടകം സംവിധാനം ചെയ്തു. 1968 ആഗ.-ല്‍ തിരുവനന്തപുരം വി.ജെ.ടി. ഹാളില്‍ തുടര്‍ച്ചയായി ആറുതവണ ഈ നാടകം അവതരിപ്പിക്കുകയുണ്ടായി. സാധാരണ രംഗവേദി ഒഴിവാക്കിക്കൊണ്ട് യവനനാടക മാതൃകയില്‍ പ്രേക്ഷകമധ്യത്തില്‍ അവതരിപ്പിക്കപ്പെട്ട നാടകം മലയാള നാടകവേദിയെ സംബന്ധിച്ചിടത്തോളം അത്യന്തം വിപ്ലവകരമായ പരീക്ഷണമായിരുന്നു. 1965-ല്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത 'മിത്ത്' (myth) എന്ന ലഘു ചിത്രത്തിലൂടെയാണ് ജനാര്‍ദനന്‍നായര്‍ ചലച്ചിത്രരംഗത്തു പ്രവേശിച്ചത്. തുടര്‍ന്ന് അടൂര്‍ സംവിധാനം ചെയ്ത അനേകം ഡോക്യുമെന്ററി ചിത്രങ്ങളിലും ലഘു ചിത്രങ്ങളിലും അഭിനയിച്ചു. 1981-ല്‍ അടൂര്‍ സംവിധാനം ചെയ്ത 'എലിപ്പത്തായം' എന്ന ചിത്രം ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡിന് അര്‍ഹമായിത്തീരുകയും അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും ചെയ്തതോടെ 'എലിപ്പത്തായ'ത്തിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച കരമനയുടെ അഭിനയപാടവം ലോകമെങ്ങും ശ്രദ്ധിക്കപ്പെട്ടു. 'എലിപ്പത്തായ'ത്തിനുശേഷം നൂറോളം ചലച്ചിത്രങ്ങളില്‍ അഭിനയിച്ച കരമന ഇപ്പോഴും മലയാള ചലച്ചിത്രവേദിയില്‍ സജീവമാണ്. 'തിങ്കളാഴ്ച നല്ല ദിവസം', 'ആരോരുമറിയാതെ', 'മറ്റൊരാള്‍', 'ഒഴിവുകാലം' തുടങ്ങിയ ചിത്രങ്ങളില്‍ കരമനയുടെ അഭിനയം സവിശേഷശ്രദ്ധ പിടിച്ചുപറ്റി. 'ആരോരുമറിയാതെ' എന്ന ചിത്രത്തിലെ അഭിനയത്തിന് 1985-ല്‍ ഏറ്റവും നല്ല സഹനടനുള്ള ഫിലിംക്രിട്ടിക്സ് അവാര്‍ഡ് ലഭിച്ചു.

എം.എ., ബി.എല്‍. ബിരുദധാരിയായ കരമന കേന്ദ്രഗവണ്‍മെന്റിന്റെ തൊഴില്‍ വകുപ്പില്‍ അസിസ്റ്റന്റ് പ്രോവിഡന്റ് ഫണ്ട് കമ്മിഷണറായിരുന്നു. സിനിമയിലെ തിരക്കുമൂലം 1990-ല്‍ ഉദ്യോഗത്തില്‍നിന്ന് സ്വമേധയാ വിരമിച്ചു. ചിത്രലേഖാ ഫിലിം സൊസൈറ്റി എന്ന ചലച്ചിത്രനിര്‍മാണ പ്രസ്ഥാനത്തിനു രൂപം നല്കാന്‍ അടൂരിനോടൊപ്പം പ്രവര്‍ത്തിച്ച കരമന 1965 മുതല്‍ 80 വരെ ചിത്രലേഖയുടെ ഡയറക്ടര്‍ ബോര്‍ഡംഗമായിരുന്നു. 2000 ഏ. 24-ന് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍