This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജനാര്‍ദനന്‍ നായര്‍, കണ്ണന്തോടത്ത് (1910 - 46)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജനാര്‍ദനന്‍ നായര്‍, കണ്ണന്തോടത്ത് (1910 - 46)

കേരളത്തിലെ രാഷ്ട്രീയ നേതാവും ആദ്യകാല തൊഴിലാളി സംഘടനാ പ്രവര്‍ത്തകനും. പ്രാക്കുളം രാമന്‍പിള്ളയുടെയും ഇടപ്പള്ളി കണ്ണന്തോടത്ത് ജാനകി അമ്മയുടെയും മകനായി കൊല്ലത്ത് കുരീപ്പുഴയില്‍ 1910-ല്‍ ജനിച്ചു. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തന്നെ ഇദ്ദേഹം രാഷ്ട്രീയപ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സില്‍ പ്രവര്‍ത്തിച്ചിരുന്നു. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം കുറച്ചുകാലം പ്രവര്‍ത്തനരംഗം എറണാകുളമായിരുന്നു. പിന്നീട് കൊല്ലത്തേക്കു മാറി. കുമ്പളത്തു സരസ്വതിയമ്മയെ വിവാഹം കഴിച്ചു. സോഷ്യലിസ്റ്റു ചിന്താഗതിക്കാരനായി ഇദ്ദേഹം അറിയപ്പെട്ടിരുന്നു. തിരുവിതാംകൂര്‍ ശ്രീമൂലം അസംബ്ളിയില്‍ (1937-44) കരുനാഗപ്പള്ളി-കാര്‍ത്തികപ്പള്ളി മണ്ഡലത്തില്‍ നിന്നും ജനാര്‍ദനന്‍ നായര്‍ അംഗമായി. തിരുവിതാംകൂര്‍ ദിവാനായിരുന്ന സി.പി. രാമസ്വാമി അയ്യരുടെ നയങ്ങളെ നിയമസഭയ്ക്കകത്തും പുറത്തും ഇദ്ദേഹം വിമര്‍ശിച്ചിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനകാരണങ്ങളാല്‍ ഇദ്ദേഹം അറസ്റ്റുചെയ്യപ്പെട്ടിട്ടുണ്ട്. കൊല്ലത്തും കൊച്ചിയിലും തൊഴിലാളി സംഘടനാരംഗത്തെ ആദ്യകാല പ്രവര്‍ത്തകനായിരുന്ന ഇദ്ദേഹം അസംഘടിതരായിരുന്ന നാവികത്തൊഴിലാളികളെ സംഘടിപ്പിച്ച് കൊച്ചി കേന്ദ്രമാക്കി നാവികത്തൊഴിലാളി സംഘടന രൂപവത്കരിച്ചു. പുന്നപ്ര-വയലാര്‍ സമരങ്ങളോടനുബന്ധിച്ച് ഇദ്ദേഹത്തിനു നാടുവിടേണ്ടിവന്നു. തുടര്‍ന്ന് ഉത്തരേന്ത്യയിലെത്തിയ ഇദ്ദേഹം ലഖ്നൗവില്‍ നടന്ന സോഷ്യലിസ്റ്റ് കോണ്‍ഫറന്‍സില്‍ സംബന്ധിച്ചു. ലഖ്നൗവില്‍ നിന്നു കല്‍ക്കത്തയ്ക്കു പോയ ജനാര്‍ദനന്‍നായര്‍ അവിടെ വച്ച് രോഗബാധിതനാവുകയും 1946-ല്‍ അന്തരിക്കുകയും ചെയ്തു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍