This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജനസംഖ്യ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജനസംഖ്യ

Population

ഒരു പ്രദേശത്ത് അധിവസിക്കുന്ന ജനങ്ങളുടെ എണ്ണം.

ഇംഗ്ലീഷ് ഭാഷയിലെ 'പോപ്പുലേഷന്‍' എന്ന സംജ്ഞ കൊണ്ടര്‍ഥമാക്കുന്നത് സസ്യ-ജീവജാലങ്ങളുടെ ഓരോ സ്പീഷീസിലെയും അംഗങ്ങളുടെ ആകെ എണ്ണത്തെയാണ്. ഒരു പ്രത്യേക പ്രദേശത്ത് അധിവസിക്കുന്ന ഒരു നിയത സ്പീഷീസില്‍പ്പെട്ട സസ്യങ്ങളുടെയോ ജീവികളുടെയോ ആകെ അംഗസംഖ്യയെ ജനസംഖ്യ എന്നു പറയുന്നു. എന്നാല്‍ 'പോപ്പുലേഷന്‍' എന്ന ഇംഗ്ലീഷ് പദത്തിനു തത്തുല്യമായ മലയാളഭാഷയിലെ 'ജനസംഖ്യ' എന്ന സംജ്ഞ വിവക്ഷിക്കുന്നത് മനുഷ്യരുടെ എണ്ണമാണ്. ഒരു നിശ്ചിത ഭൂപ്രദേശത്ത് പാരിസ്ഥിതിക സാഹചര്യങ്ങള്‍ക്കിണങ്ങുംവിധം ഒരുമിച്ചുചേര്‍ന്ന് ഒരു സമൂഹമായി ജീവിക്കുന്ന മനുഷ്യരുടെ കൂട്ടത്തെയാണ് ജനസംഖ്യ എന്നു പറയുന്നത്.

ഭൂമിയിലെ അധിവാസയോഗ്യമായ പ്രദേശങ്ങളില്‍ സ്ഥിരവാസമുറപ്പിക്കുന്ന മനുഷ്യരുടെ ജനസംഖ്യാ പ്രക്രിയകളുടെ വികാസ-പരിണാമങ്ങളെ നിര്‍ണയിക്കുന്നത് പാരിസ്ഥിതികവും സാമൂഹികവും സാമ്പത്തികവും സാംസ്കാരികവുമായ ഘടകങ്ങളാണ്. അനുയോജ്യമായ പാരിസ്ഥിതിക സാഹചര്യങ്ങള്‍ തെരഞ്ഞെടുത്ത്, പ്രകൃതി-കാലാവസ്ഥാ ഘടകങ്ങളോട് ഇണങ്ങുന്ന ആവാസവ്യവസ്ഥകള്‍ രൂപീകരിക്കുന്ന ജനങ്ങളുടെ എണ്ണം, അവരുടെ സാമൂഹിക-സാമ്പത്തിക-സാംസ്കാരിക ജീവിതത്തെ തിരിച്ചും നിര്‍ണായകമായി സ്വാധീനിക്കുന്നു.

ഒരു നിശ്ചിതപ്രദേശത്ത് അധിവസിക്കുന്ന ജനസമുദായത്തിലെ ജനന-മരണനിരക്കുകളാണ് പ്രസ്തുത സമുദായത്തിന്റെ ജനസംഖ്യയുടെ വളര്‍ച്ചയെ നിര്‍ണയിക്കുന്നത്. ജനന-മരണനിരക്കുകള്‍ തമ്മിലുള്ള ഏറ്റക്കുറച്ചിലുകള്‍ക്ക് മാറ്റമുണ്ടാവുകയും അവ ഏറെക്കുറെ തുല്യമാവുകയും ചെയ്യുമ്പോള്‍ ജനസംഖ്യ സ്വാഭാവികമായ ഒരു സന്തുലിതാവസ്ഥയിലെത്തുന്നു.

ലോകജനസംഖ്യയുടെ ചരിത്രം. പ്രാക്തനകാലത്ത്-അതായത് സംസ്കൃതിയുടെ ആരംഭത്തിനു മുമ്പ്-ജനസംഖ്യാപ്രശ്നമെന്നത് വെറും അതിജീവനത്തിന്റെ മാത്രം പ്രശ്നമായിരുന്നു. ബി.സി. 3000-ത്തിനു മുമ്പുള്ള ചരിത്രഘട്ടത്തില്‍ പിറന്ന കുഞ്ഞുങ്ങളില്‍ പകുതിയിലധികവും ഒരു വയസു പൂര്‍ത്തിയാക്കിയിരുന്നില്ല. ജനസംഖ്യയുടെ വളര്‍ച്ചയ്ക്കൊപ്പം ക്ഷാമങ്ങളുടെയും മഹാമാരികളുടെയും യുദ്ധങ്ങളുടെയും ഭീഷണി വര്‍ധിക്കുകയായിരുന്നു. അതിനാല്‍ ജീവശാസ്ത്രപരമായി സാധ്യമാകുന്നിടത്തോളം കുട്ടികളെ ജനിപ്പിക്കാനുള്ള പ്രവണത ചരിത്രാതീതസമൂഹങ്ങളുടെ മുഖമുദ്രയായിരുന്നു. കൃഷിയുടെ കണ്ടുപിടിത്തവും നൈല്‍-മെസപ്പൊട്ടേമിയ-സൈന്ധവനദീതട സംസ്കാരങ്ങളുടെ ആവിര്‍ഭാവവുമാണ് ജനസംഖ്യ വന്‍തോതില്‍ വര്‍ധിക്കാന്‍ ഇടയാക്കിയത്. സ്ഥിരമായ അധിവാസവും ഭക്ഷ്യധാന്യങ്ങളുടെ വര്‍ധിച്ച ലഭ്യതയുമാണ് ജനസംഖ്യാവര്‍ധനവിനു കാരണമായ മുഖ്യഘടകങ്ങള്‍.

ചിത്രം:Tab1.png

ക്രിസ്തുവര്‍ഷാരംഭത്തിലേ ലോകജനസംഖ്യ 20 കോടിക്കും 40 കോടിക്കും ഇടയ്ക്കായിരുന്നു എന്നു കണക്കാക്കപ്പെടുന്നു. 50-നും 55-നും ഇടയ്ക്ക് ദശലക്ഷം ആളുകള്‍ റോമിലും 100-നും 140-നും ഇടയ്ക്ക് ദശലക്ഷം ആളുകള്‍ ഭാരതത്തിലും 60 ദശലക്ഷം ആളുകള്‍ ചൈനയിലും അധിവസിച്ചിരുന്നു എന്നാണ് ജനസംഖ്യാവിദഗ്ധര്‍ കണക്കാക്കുന്നത്. 1650 വരെ ലോകജനസംഖ്യ ഗണ്യമായ തോതില്‍ വൃദ്ധിക്ഷയങ്ങളില്ലാതെ ഏതാണ്ട് നിശ്ചലമായിരുന്നു എന്നാണ് ജനസംഖ്യാശാസ്ത്രജ്ഞരുടെ നിരീക്ഷണം. ഈ കാലയളവിലുടനീളം ജനനനിരക്ക് ഉയര്‍ന്നതായിരുന്നുവെങ്കിലും ജനസംഖ്യ ഗണ്യമായി വര്‍ധിക്കാതിരുന്നതിനു കാരണം മരണനിരക്ക് വളരെ ഉയര്‍ന്നതായിരുന്നു എന്നതാണ്. പ്രകൃതി ദുരന്തങ്ങള്‍ പകര്‍ച്ചവ്യാധികള്‍, ക്ഷാമങ്ങള്‍, യുദ്ധങ്ങള്‍ എന്നിവ മൂലം മരണനിരക്ക് ഉയര്‍ന്നുനിന്നു. ഈ കാലയളവില്‍ ശിശുമരണനിരക്കും വളരെ കൂടുതലായിരുന്നു. കൂടുതല്‍ ആളുകള്‍ ജനിക്കുകയും കൂടുതല്‍ ആളുകള്‍ മരിക്കുകയും ചെയ്യുന്ന അവസ്ഥയായിരുന്നു അക്കാലത്ത്. അതിനാലാണ് ജനസംഖ്യ വളര്‍ച്ചയില്ലാതെ ഏതാണ്ട് നിശ്ചലമായിരുന്നു എന്നു പറയുന്നത്.

1650-ല്‍ 54.5 കോടിയായിരുന്നു ലോകജനസംഖ്യ. 20-ാം ശ.-ത്തിന്റെ ആരംഭത്തില്‍ ജനസംഖ്യ 160 കോടി കവിഞ്ഞു. 250 വര്‍ഷങ്ങള്‍ക്കിടയ്ക്ക് മൂന്നിരട്ടി വര്‍ധനവ്.

ആധുനികതയുടെ ആരംഭത്തെത്തുടര്‍ന്ന് ലോകജനസംഖ്യയില്‍ വമ്പിച്ച വര്‍ധനവാണുണ്ടായത്. ആധുനികശാസ്ത്ര സാങ്കേതികവിജ്ഞാനത്തിന്റെ സ്ഫോടനാത്മകമായ വളര്‍ച്ച, ജനങ്ങളുടെ ജീവിതഗുണനിലവാരത്തിലുണ്ടായ പുരോഗതി; പകര്‍ച്ചവ്യാധികള്‍, സാംക്രമികരോഗങ്ങള്‍, പ്രകൃതിദുരന്തങ്ങള്‍ എന്നിവ നിയന്ത്രിക്കുന്നതിലുണ്ടായ നേട്ടങ്ങള്‍; അധിവാസ സമ്പ്രദായങ്ങളിലുണ്ടായ പരിവര്‍ത്തനങ്ങള്‍, കുടിയേറ്റങ്ങള്‍; പരിസര ശുചീകരണത്തിലും ആരോഗ്യപരിപാലനത്തിലുണ്ടായ പുരോഗതി എന്നിവയാണ് ആധുനികകാലത്തെ ജനസംഖ്യാ വിസ്ഫോടനത്തിനാധാരമായ ചരിത്രഘടകങ്ങള്‍.

ലോകജനസംഖ്യാ വളര്‍ച്ചയുടെ ചരിത്രത്തില്‍ വന്‍തോതിലുള്ള വര്‍ധനവുണ്ടാകുന്നത് 1950-കള്‍ക്കു ശേഷമാണ്. ജനസംഖ്യയുടെ ക്രമാതീതമായ വര്‍ധനവ് സംഭവിച്ചത് പ്രധാനമായും അല്പവികസിതരാജ്യങ്ങളിലാണ്. മരണനിരക്ക് ഉയര്‍ന്നതായിരുന്നുവെങ്കിലും ജനനനിരക്ക് വര്‍ധിക്കുകയും സ്ഥിരമായി നില്ക്കുകയും ചെയ്തതിനാലാണ് ഇങ്ങനെ സംഭവിച്ചത്. പകര്‍ച്ചവ്യാധികള്‍, ദാരിദ്യ്രം, ഭക്ഷ്യക്ഷാമം, ശുചിത്വമില്ലായ്മ, ആരോഗ്യപരിപാലനത്തിന്റെയും രോഗനിവാരണ സംവിധാനങ്ങളുടെയും പിന്നോക്കാവസ്ഥ തുടങ്ങിയവയാണ് അവികസിത രാജ്യങ്ങളിലെ ഉയര്‍ന്ന മരണനിരക്കിനു കാരണം. രണ്ടാം ലോകയുദ്ധാനന്തരം ഈ രാജ്യങ്ങളിലെ ജനങ്ങളുടെ ജീവിതത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതിന് ദേശീയവും അന്തര്‍ദേശീയവുമായ സംഘടിതശ്രമങ്ങളുണ്ടായി. വെള്ളപ്പൊക്കം, മറ്റു പ്രകൃതിദുരന്തങ്ങള്‍, ക്ഷാമം, പകര്‍ച്ചവ്യാധികള്‍ തുടങ്ങിയവ നിയന്ത്രിക്കുന്നതിനുള്ള പല പദ്ധതികളും ആവിഷ്കരിക്കപ്പെട്ടു. സംഘടിതവും തീവ്രവുമായ ഇത്തരം പരിശ്രമങ്ങളുടെ ഫലമായി ഈ രാജ്യങ്ങളിലെ ജനങ്ങളുടെ ജീവിതഗുണനിലവാരത്തില്‍ അദ്ഭുതാവഹമായ പുരോഗതിയുണ്ടായി. ഇത് മരണനിരക്ക് ഗണ്യമായി കുറയ്ക്കുന്നതിനിടയാക്കി. എന്നാല്‍ ജനനനിരക്ക് അതേപടി തുടരുകയോ വര്‍ധിക്കുകയോ ആണുണ്ടായത്. ഇതാണ് അല്പവികസിത രാജ്യങ്ങളിലെ ക്രമാതീതമായ ജനസംഖ്യാവര്‍ധനവിന് ആധാരമായ വസ്തുത.

ഇതേ കാലയളവില്‍ വികസിത രാജ്യങ്ങളിലും ജനസംഖ്യയില്‍ കാര്യമായ വര്‍ധനവുണ്ടായി. മരണനിരക്കിലെ കുറവായിരുന്നില്ല ഇതിനു കാരണം. മറിച്ച്, രണ്ടാം ലോകയുദ്ധാനന്തരമുണ്ടായ 'ശിശുപ്രളയം' (baby boom) എന്ന ആഗോളപ്രതിഭാസമാണ് ഇതിനു കാരണമായത്. ശിശുജനനനിരക്കിലുണ്ടായ അദ്ഭുതകരമായ വര്‍ധനവിനെയാണ് 'ശിശുപ്രളയം' എന്ന സംജ്ഞകൊണ്ടര്‍ഥമാക്കുന്നത്. ഈ പ്രതിഭാസത്തിന് ജനസംഖ്യാശാസ്ത്രജ്ഞര്‍ നല്കുന്ന വിശദീകരണം ഇതാണ്: (i) സാമ്പത്തികമായി പിന്നാക്കം നിന്ന പല രാജ്യങ്ങളിലും രണ്ടാം ലോകയുദ്ധത്തിന്റെ ഫലമായി വമ്പിച്ച സാമ്പത്തിക പുരോഗതിയുണ്ടായി. തൊഴില്‍ ലഭ്യത വര്‍ധിക്കുകയും ജനങ്ങളുടെ വരുമാനത്തില്‍ ഗണ്യമായ വര്‍ധനവുണ്ടാവുകയും ചെയ്തു. വിവാഹബന്ധത്തില്‍ ഏര്‍പ്പെടുന്നതിനും ഇഷ്ടാനുസരണം കുട്ടികളെ ജനിപ്പിക്കുന്നതിനും ഇത് കൂടുതലാളുകള്‍ക്ക് പ്രേരകമായിത്തീര്‍ന്നു. അതുപോലെ തന്നെ യുദ്ധാനന്തരം പട്ടാളക്കാര്‍ കൂട്ടത്തോടെ കുടുംബങ്ങളിലേക്കു മടങ്ങിവന്നതിന്റെ ഫലമായി, ഗര്‍ഭധാരണത്തിന്റെയും വിവാഹത്തിന്റെയും നിരക്ക് വര്‍ധിച്ചു. ജനനനിരക്ക് പെട്ടെന്ന് ഉയരുന്നതിന് ഇതു കാരണമായി.

ii. യുദ്ധാനന്തരനാളുകളില്‍ അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും വിവാഹപ്രായത്തില്‍ ഗണ്യമായ കുറവുണ്ടായി. ഈ രാജ്യങ്ങളില്‍ ശരാശരി വിവാഹപ്രായം 22 വയസ്സില്‍ നിന്നും 20 വയസ്സും അതില്‍ താഴെയും ആയി. ഇതുമൂലം ദമ്പതികളുടെ എണ്ണത്തില്‍ ദശലക്ഷക്കണക്കിനു വര്‍ധനവുണ്ടാവുകയും ജനനനിരക്ക് കുത്തനെ ഉയരുന്നതിനു കാരണമാവുകയും ചെയ്തു.

ചിത്രം:Tabl2.png

iii. രണ്ടു കുട്ടികള്‍ക്കിടയ്ക്കുള്ള കാലദൈര്‍ഘ്യത്തിലുണ്ടായ മാറ്റം. മിക്ക സ്ത്രീകളും ദാമ്പത്യത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ത്തന്നെ തങ്ങള്‍ ആഗ്രഹിക്കുന്നത്ര കുട്ടികളെ ജനിപ്പിക്കുകയും പ്രസവം അവസാനിപ്പിക്കുകയും ചെയ്തു. പ്രസവവും ശിശുപരിപാലനവും വേഗം പൂര്‍ത്തിയാക്കിയത്, കൂടുതല്‍ സ്ത്രീകള്‍ക്ക് തൊഴിലവസരങ്ങള്‍ കണ്ടെത്തുന്നതിന് സഹായകമായി.

iv. സമ്പദ്വ്യവസ്ഥയിലെ വര്‍ധിച്ച തൊഴിലവസരങ്ങള്‍ വലിയ കുടുംബം എന്ന ആശയത്തിനു പ്രേരകമായിട്ടുണ്ട്. പുതിയ തൊഴില്‍ സാധ്യതകളും വരുമാനവര്‍ധനവിനെക്കുറിച്ചുള്ള പുത്തന്‍ പ്രതീക്ഷകളും കൂടുതല്‍ കുട്ടികളെ ജനിപ്പിക്കുന്നതിനു പ്രേരകമാവുകയും കൂടുതല്‍ അംഗങ്ങളുള്ള കുടുംബം ആകര്‍ഷകമാവുകയും ചെയ്തു.

'ശിശുപ്രളയ'കാലത്തു ജനിച്ച കുട്ടികള്‍ പ്രായപൂര്‍ത്തിയായതിനെത്തുടര്‍ന്ന് രണ്ടാമതൊരിക്കല്‍ക്കൂടി ഒരു 'ശിശുപ്രളയ'മുണ്ടായേക്കുമോ എന്ന് 1960-കളില്‍ യു.എസ്സില്‍ വ്യാപകമായ ആശങ്കയുണ്ടായിരുന്നു. എന്നാല്‍ ജനനനിരക്ക് ഗണ്യമായി കുറയുകയാണുണ്ടായത്. 'ചെറിയ കുടുംബം' എന്ന ആശയത്തിന് ജനങ്ങള്‍ക്കിടയില്‍ വിപുലമായ പ്രചാരവും അംഗീകാരവും ലഭിച്ചു തുടങ്ങി. വലിയ കുടുംബത്തോട് പരമ്പരാഗതമായി നിലനിന്നുപോന്ന ആഭിമുഖ്യം കുറയുകയും രണ്ടുകുട്ടികളുള്ള കുടുംബമാണ് സംതൃപ്തകുടുംബം എന്ന ആശയത്തിന് ജനങ്ങള്‍ക്കിടയില്‍ പ്രചാരമുണ്ടാവുകയും ചെയ്തു. കുടുംബാസൂത്രണസംവിധാനങ്ങള്‍ക്കു ലഭിച്ച വിശ്വാസ്യതയും അംഗീകാരവും കൂടിയായപ്പോള്‍, 'ശിശുജനനവിപ്ലവം' എന്ന പ്രതിഭാസത്തെക്കുറിച്ചുള്ള ഭയാശങ്കകള്‍ക്ക് അടിസ്ഥാനമില്ലാതെയായി. പാശ്ചാത്യവികസിത രാജ്യങ്ങളില്‍ മാത്രമല്ല, ഏഷ്യനാഫ്രിക്കന്‍-ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും ഈ കാലയളവില്‍ ജനനനിരക്ക് ഗണ്യമായി കുറഞ്ഞുതുടങ്ങി.

ജനനമരണനിരക്കുകളുടെ അടിസ്ഥാനത്തില്‍ ജനസംഖ്യാ വളര്‍ച്ചയുടെ ചരിത്രത്തെ മൂന്നു ഘട്ടങ്ങളായി തിരിക്കാം.

ii. ഒന്നാംഘട്ടം. ജനനനിരക്കും മരണനിരക്കും ഒരുപോലെ ഉയര്‍ന്നുനില്ക്കുന്നു. ആധുനിക വ്യവസായ സംസ്കൃതിയുടെ പിറവിക്കുമുമ്പുള്ള കാലഘട്ടത്തിന്റെ സവിശേഷതയാണിത്. ഈ കാലയളവില്‍ ജനസംഖ്യയില്‍ ഗണ്യമായ വര്‍ധനവോ കുറവോ ഉണ്ടായില്ല. അതിനാല്‍ വൃദ്ധിക്ഷയങ്ങളില്ലാത്ത ഈ ജനസംഖ്യാ വളര്‍ച്ചയെ നിശ്ചല ജനസംഖ്യ (stationary population) എന്നു പറയുന്നു.

ii. രണ്ടാംഘട്ടം (ജനസംഖ്യാസംക്രമണഘട്ടം). ഈ ഘട്ടത്തില്‍ മരണനിരക്ക് കുറയുകയും തദനുസൃതമായ ജനനനിരക്കില്‍ വ്യതിയാനമുണ്ടാവുകയും ചെയ്തു. ആധുനിക ശാസ്ത്ര-സാങ്കേതിക ജ്ഞാനത്തിന്റെയും വൈദ്യശാസ്ത്ര പുരോഗതിയുടെയും ഫലമായി മരണനിരക്കില്‍ ഗണ്യമായ കുറവുണ്ടായി. എന്നാല്‍ ഉടന്‍തന്നെ ജനനനിരക്ക് കുറയാതിരിക്കുന്നതു കാരണം ജനസംഖ്യാ വളര്‍ച്ചയില്‍ പ്രകടമായ വര്‍ധനവുണ്ടായി. മരണനിരക്ക് കുറയുകയും ജനനനിരക്ക് കുറയാതിരിക്കുകയും ചെയ്ത ഈ ഘട്ടത്തെ സംക്രമണഘട്ടം അഥവാ ജനസംഖ്യാ വിസ്ഫോടനഘട്ടം (stage of population explosion) എന്നു വിളിക്കുന്നു. കാരണം മരണനിരക്കിലെ കുറവിന് ആനുപാതികമായി ജനനനിരക്കു കുറയുന്നില്ല എന്നതുതന്നെ. എന്നാല്‍ ക്രമേണ ജനസംഖ്യാനിയന്ത്രണ പ്രക്രിയകളുടെ ഫലമായി ജനനനിരക്കു കുറയുകയും മരണനിരക്കുമായി സന്തുലിതാവസ്ഥയിലെത്തുകയും ചെയ്തു. ജനന-മരണനിരക്കുകള്‍ തമ്മിലുള്ള തുലനാവസ്ഥയ്ക്കനുസരിച്ച് ഈ ഘട്ടത്തിലെ ജനസംഖ്യാവളര്‍ച്ച സാവധാനത്തിലോ ത്വരിതഗതിയിലോ വര്‍ധിക്കുന്നു.

iii. സംക്രമണാനന്തരഘട്ടം. ജനനമരണനിരക്കുകള്‍ ഗണ്യമായി കുറയുന്നതിന്റെ ഫലമായി, ഈ ഘട്ടത്തില്‍, ജനസംഖ്യയുടെ വളര്‍ച്ച ഏറെക്കുറെ പൂജ്യത്തോട് അടുക്കുന്നു. ജനസംഖ്യാവളര്‍ച്ചയില്‍ അധോഗമനപ്രവണതയുള്ള ഘട്ടമെന്നും സംക്രമണാനന്തര കാലയളവിനെ വിളിക്കാം. കുടുംബാസൂത്രണ സംവിധാനങ്ങളും ഗര്‍ഭനിരോധന മാര്‍ഗങ്ങളും സാര്‍വത്രികമാകുന്നു എന്നതാണ് ഈ ഘട്ടത്തിന്റെ പ്രത്യേകത. മിക്ക വികസിതരാജ്യങ്ങളും ഇപ്പോള്‍ ഈ ഘട്ടത്തിലാണ്. രണ്ടാംഘട്ടത്തില്‍നിന്ന് ഈ ഘട്ടത്തിലേക്ക് കടക്കുന്ന തരത്തിലുള്ള ജനസംഖ്യാനിയന്ത്രണ സംവിധാനങ്ങള്‍ ഇന്ത്യയെപ്പോലെയുള്ള രാജ്യങ്ങള്‍ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്നു.

അമിതമായ ജനസംഖ്യാവര്‍ധനവ് അവികസിത ദരിദ്രരാജ്യങ്ങളിലെല്ലാം തന്നെ അതീവ ഗുരുതരമായ ഒരു പ്രശ്നമായി അവശേഷിക്കുന്നു; മനുഷ്യജീവിതത്തിന്റെ ഗുണനിലവാരത്തെ നിര്‍ണായകമായി സ്വാധീനിക്കുന്ന ഒരു ഘടകമാണ് ജനപ്പെരുപ്പം. മനുഷ്യന് ഉപയോഗപ്രദമായ പ്രകൃതിവിഭവങ്ങള്‍ക്ക് പരിമിതിയുണ്ട്. മനുഷ്യന്റെ ആവശ്യങ്ങള്‍ വര്‍ധിക്കുന്നതിനനുസരിച്ച് വിഭവങ്ങള്‍ വര്‍ധിക്കുന്നില്ല. ജനസംഖ്യ ക്രമാതീതമായി വര്‍ധിക്കുകയും വിഭവങ്ങള്‍ക്കുമേലുള്ള സമ്മര്‍ദം കുറയുകയും ചെയ്താല്‍, വിഭവങ്ങളുടെ ആളോഹരിലഭ്യത കുറയും. തത്ഫലമായി ജീവിതത്തിന്റെ ഗുണനിലവാരം ഇടിയും. അത് രോഗങ്ങളും ദാരിദ്യ്രവും നിരക്ഷരതയും അജ്ഞതയും വര്‍ധിക്കുന്നതിനിടയാക്കുകയും ഭൂരിപക്ഷം ജനങ്ങളുടെയും ജീവിതം ദുരിതപൂര്‍ണമാക്കുകയും ചെയ്യും.

1965 മധ്യത്തില്‍ 303 കോടിയായിരുന്നു ലോകജനസംഖ്യ. ഓരോ വര്‍ഷവും 60 ദശലക്ഷത്തിനുമേല്‍ ആളുകള്‍ ഈ ഭൂമുഖത്തു പിറന്നുവീഴുന്നു. അതായത്, പ്രതിദിനം 1,70,000 മുതല്‍ 1,72,000 വരെ ആളുകള്‍, മണിക്കൂറില്‍ 7000 മുതല്‍ 7200 വരെ. മിനിട്ടില്‍ 117 മുതല്‍ 120 വരെ എന്ന തോതിലാണ് ലോകജനസംഖ്യ വര്‍ധിച്ചുകൊണ്ടിരിക്കുന്നത്. 1950-നും 61-നും ഇടയ്ക്ക് വിവിധരാജ്യങ്ങള്‍ നടത്തിയ സെന്‍സസിന്റെ അടിസ്ഥാനത്തിലുള്ള കണക്കാണിത്. മനുഷ്യചരിത്രത്തില്‍ ഇതിനു മുമ്പൊരിക്കലും ഇതുപോലെ വര്‍ധനവുണ്ടായിട്ടില്ല. 1996-ലെ ലോകജനസംഖ്യ 570 കോടിയാണ്. പ്രതിവര്‍ഷം 9 കോടി എന്ന തോതിലാണ് ജനസംഖ്യാവര്‍ധനവ്. ഈ നില തുടര്‍ന്നാല്‍, 2050 ആകുമ്പോള്‍ ലോകജനസംഖ്യ ഇപ്പോഴത്തെതിന്റെ ഇരട്ടിയാകുമെന്നാണ് ജനസംഖ്യാവിദഗ്ധര്‍ പറയുന്നത്. രണ്ടായിരാമാണ്ടിന്റെ അവസാനം ജനസംഖ്യ 603 കോടി ആകുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ പ്രവചനം. ജനനനിരക്കിന്റെ അടിസ്ഥാനത്തില്‍ ലോകത്തെ രണ്ടു വിഭാഗങ്ങളായി തിരിക്കാം.

i. ജനനനിരക്കു കുറഞ്ഞ പ്രദേശങ്ങള്‍. യൂറോപ്പ്, വടക്കേ അമേരിക്ക, മുന്‍ യു.എസ്.എസ്.ആര്‍., ഓഷ്യാനിയ എന്നീ പ്രദേശങ്ങളിലെ ജനനനിരക്ക് 2 ശ.മാ.-ത്തില്‍ താഴെയാണ്.

ii. ജനനനിരക്ക് ഉയര്‍ന്ന സ്ഥലങ്ങള്‍. ഏഷ്യ, ആഫ്രിക്ക, മധ്യ അമേരിക്ക, ദക്ഷിണ അമേരിക്ക തുടങ്ങിയ പ്രദേശങ്ങളിലെ ജനനനിരക്ക് 3.5 ശ.മാ.-ത്തിനും 5 ശ.മാ.-ത്തിനും ഇടയ്ക്ക് വരും. ഇത്ര അമിതമായ ജനസംഖ്യാവര്‍ധനവ് സമീപകാല പ്രതിഭാസമാണ്. 1950-നുശേഷമാണ് ഇത്ര വന്‍തോതിലുള്ള ജനസംഖ്യാവര്‍ധനവുണ്ടായത്. ജനസംഖ്യ ക്രമാതീതമായി വളരുന്നതിന്റെ ഫലമായി കുട്ടികളുടെ എണ്ണം വര്‍ധിക്കുകയും തൊഴിലില്ലായ്മ പെരുകുകയും ചെയ്യുന്നു. കൂടുതല്‍ ഭക്ഷ്യവിഭവങ്ങള്‍ ആവശ്യമായിവരുന്നു. ജനസംഖ്യ വര്‍ധിക്കുകയും ആവശ്യങ്ങള്‍ പെരുകുകയും ചെയ്യുന്നതിന്റെ ഫലമായി ഉണ്ടാകുന്ന അമിതോപയോഗത്താല്‍ വിഭവസ്രോതസ് തന്നെ വറ്റിപ്പോകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

ചിത്രം:Tab3.png

ജനസംഖ്യാനിയന്ത്രണം വിജയിക്കാതെ ലോകത്തിനു യാതൊരു പുരോഗതിയും സാധ്യമല്ല എന്നാണ് 1994 സെപ്തംബറില്‍ കെയ്റോയില്‍ ഐക്യരാഷ്ട്രസഭ സംഘടിപ്പിച്ച അന്താരാഷ്ട്ര ജനസംഖ്യാവികസന സമ്മേളനം അഭിപ്രായപ്പെട്ടത്. ഈ സമ്മേളനത്തിന്റെ പ്രധാന മുദ്രാവാക്യം തന്നെ 'വികസനമാണ് ഏറ്റവും നല്ല ഗര്‍ഭനിരോധനമാര്‍ഗ'മെന്നായിരുന്നു. ലോകജനസംഖ്യാവര്‍ധനവിന്റെ 95 ശതമാനവും ദരിദ്രരാജ്യങ്ങളിലാണെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. സ്ഥിരമായി നിലനില്ക്കുന്ന വികസനം (sustainable development) എന്ന ലക്ഷ്യം സാക്ഷാത്കരിക്കണമെങ്കില്‍ ജനസംഖ്യാവര്‍ധനവ് നിയന്ത്രിച്ചേ മതിയാവൂ. കാരണം, ജനങ്ങളുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ചു പ്രകൃതിവിഭവങ്ങള്‍ക്കു മേലുള്ള സമ്മര്‍ദം വര്‍ധിക്കുന്നു. മാത്രമല്ല വനനശീകരണം, ശുദ്ധജലക്ഷാമം, മലിനീകരണം, വിവിധ ആവാസവ്യവസ്ഥകള്‍ക്കുണ്ടാകുന്ന നാശം എന്നിവയൊക്കെ ക്രമാതീതമായ ജനസംഖ്യാപെരുപ്പത്തിന്റെ പരിണതഫലങ്ങളാണ്.

ലോകത്തിന്റെ 2.4 ശ.മാ. മാത്രം ഭൂവിസ്തൃതിയുള്ള ഇന്ത്യയില്‍ ലോകജനസംഖ്യയുടെ 16 ശ.മാ. അധിവസിക്കുന്നു. ജനസാന്ദ്രതയും വളരെ കൂടുതലാണ്. 1991-ലെ സെന്‍സസ് അനുസരിച്ച് ഇന്ത്യയിലെ ജനസംഖ്യ 84 കോടി 39 ലക്ഷം ആയിരുന്നു. 44 കോടി പുരുഷന്മാരും 40 കോടി സ്ത്രീകളും. 1981-ലെ സെന്‍സസിനെ അപേക്ഷിച്ച് 23.5 ശ.മാ. വര്‍ധനവ്. ജനസാന്ദ്രത ഒരു ച.കി.മീറ്ററിന് 267 ആണ്. നെതര്‍ലന്‍ഡ്സ്, ജപ്പാന്‍, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളിലെ ജനസാന്ദ്രത കൂടുതലാണെങ്കിലും വിഭവങ്ങളുടെ ലഭ്യതയും സാമ്പത്തിക പുരോഗതിയുടെ നിലവാരവും വച്ചുനോക്കുമ്പോള്‍ അവയെ ജനസംഖ്യാപ്പെരുപ്പമുള്ള രാജ്യങ്ങളായി കാണാന്‍ കഴിയില്ല. ഇന്ത്യ ജനസംഖ്യാപ്പെരുപ്പമുള്ള ഒരു രാജ്യമാണ്. വാഷിങ്ടണിലെ പോപ്പുലേഷന്‍ റഫറന്‍സ് ബ്യൂറോയുടെ കണക്കനുസരിച്ച്, ഇപ്പോഴത്തെ വളര്‍ച്ചാനിരക്ക് തുടരുന്നപക്ഷം ഇന്ത്യയിലെ ജനസംഖ്യ 36 വര്‍ഷംകൊണ്ട് ഇരട്ടിയാകും. ഇന്ത്യയിലെ ദാരിദ്യ്രത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് അമിതമായ ജനസംഖ്യാവര്‍ധനവാണെന്ന കാര്യത്തില്‍ സംശയമില്ല. ഇന്ത്യയിലെ തൊഴിലില്ലായ്മയുടെയും ദാരിദ്യ്രത്തിന്റെയും പ്രശ്നങ്ങള്‍ പരിഹരിക്കണമെങ്കില്‍, ജനസംഖ്യാനിയന്ത്രണ സംവിധാനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കേണ്ടത് അനിവാര്യമാണ്.

ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജനസാന്ദ്രതയുടെ കാര്യത്തില്‍ മുന്നിട്ടുനിന്നിരുന്നത് കേരളമായിരുന്നു. എന്നാല്‍ 1991-ലെ സെന്‍സസ് അനുസരിച്ച് പശ്ചിമബംഗാളിനാണ് ഈ സ്ഥാനം. ഇന്ത്യയില്‍ സ്ത്രീപുരുഷ അനുപാതത്തിന്റെ കാര്യത്തില്‍ മുന്നിട്ടു നില്ക്കുന്നത് കേരളമാണ്. 1000 പുരുഷന്മാര്‍ക്ക് 1040 സ്ത്രീകളാണുള്ളത്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9C%E0%B4%A8%E0%B4%B8%E0%B4%82%E0%B4%96%E0%B5%8D%E0%B4%AF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍