This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജനകന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജനകന്‍

ജനകന്‍ എന്ന പൊതു നാമധേയത്തിലറിയപ്പെടുന്ന വിദേഹവംശ രാജാക്കന്മാരില്‍ ഏറ്റവും പ്രധാനി. തത്ത്വജ്ഞാനിയായ ഇദ്ദേഹം സീതയുടെ വളര്‍ത്തച്ഛനാണ്. യഥാര്‍ഥ നാമം സീരധ്വജന്‍.

ഇക്ഷ്വാകുവിന്റെ പന്ത്രണ്ടാമത്തെ പുത്രനായ നിമിയില്‍ നിന്നാണ് ജനക പരമ്പര ഉദ്ഭവിക്കുന്നത്. ഇതിനാധാരമായ ഒരു ഐതിഹ്യം ദേവീഭാഗവതത്തില്‍ പ്രസ്താവിച്ചിട്ടുണ്ട്. അതിബൃഹത്തായ ഒരു യാഗം നടത്താന്‍ തീരുമാനിച്ച നിമി തന്റെ കുലഗുരുവായ വസിഷ്ഠനെ ആചാര്യനായി ക്ഷണിച്ചു. എന്നാല്‍ 500 വര്‍ഷം നീണ്ടുനില്ക്കുന്ന ഒരു യാഗം നടത്താന്‍ ദേവേന്ദ്രന്‍ തന്നെ ക്ഷണിച്ചിട്ടുണ്ടെന്നും അതു പൂര്‍ത്തിയാകുന്നതുവരെ നിമി കാത്തിരിക്കണമെന്നും വസിഷ്ഠന്‍ നിര്‍ദേശിച്ചു. കാത്തുനില്‍ക്കാന്‍ ക്ഷമ കാണിക്കാതെ നിമി ഗൌതമ മുനിയെ ആചാര്യനാക്കി യാഗം പൂര്‍ത്തിയാക്കി. ഇന്ദ്രന്റെ യാഗം കഴിഞ്ഞെത്തിയ വസിഷ്ഠന്‍ വിവരമറിഞ്ഞ് കോപിഷ്ഠനായി നിമിയെ വിദേഹന്‍ (ശരീരമില്ലാത്തവന്‍) ആയിത്തീരട്ടെ എന്നു ശപിച്ചു. പുത്രന്മാരില്ലാതെ മൃത്യു വരിക്കുവാനാണ് നിമിക്കു വിധി വന്നത്. ഇതിനു പരിഹാരം കാണുന്നതിനായി ഋഷിമാര്‍ നിമിയുടെ ശരീരത്തെ മഥനം ചെയ്ത് ഒരു ഉത്തമപുരുഷനെ ജനിപ്പിച്ചു. മഥനംകൊണ്ട് ജനിച്ചവനാകയാല്‍ മിഥിയെന്നും ഋഷിമാര്‍ ജനിപ്പിച്ചതാകയാല്‍ ജനകന്‍ എന്നും കുട്ടിക്കു പേര്‍വന്നു. വിദേഹവംശസ്ഥാപകനായിത്തീര്‍ന്ന മിഥി ജനകന്റെ വംശാവലിയിലെ ഏറ്റവും പ്രസിദ്ധനും പണ്ഡിതനും രാജര്‍ഷിയും സീതയുടെ വളര്‍ത്തച്ഛനുമായ സീരധ്വജ ജനകന്‍ സദ്ഗുണങ്ങളുടെ മൂര്‍ത്തിമദ്ഭാവമാണെന്ന് പുരാണങ്ങള്‍ ഘോഷിക്കുന്നു (മ.ഭാ. വനപര്‍വം). വിദേഹരാജ്യത്തിന് മിഥില എന്നും പേരുണ്ട്. മിഥിലേശ്വരനായ ജനകമഹാരാജാവിന്റെ ഗുരുവാണ് അഷ്ടാദശസ്മൃതികാരന്മാരിലൊരാളായ യാജ്ഞവല്ക്യന്‍. ജനകന്റെ പണ്ഡിതസദസ്സിലെ അംഗങ്ങളായിരുന്നു യാജ്ഞവല്ക്യപത്നിമാരായ ഗാര്‍ഗിയും മൈത്രേയിയും. ഭാഗവതാഭ്യസനം കൊണ്ടും ജ്ഞാനതൃഷ്ണ തീരാതിരുന്ന വ്യാസപുത്രന്‍ ശുകന്റെ എല്ലാ സംശയങ്ങള്‍ക്കും നിവാരണമുണ്ടാക്കിയത് തത്ത്വജ്ഞാനിയായ ജനകനാണ്. മാണ്ഡവ്യ മഹര്‍ഷിയുടെ തൃഷ്ണയെ സംബന്ധിച്ച ചോദ്യങ്ങള്‍ക്കു തൃപ്തികരമായ ഉത്തരം നല്കാനും ജനകനാണു കഴിഞ്ഞത്. ധര്‍മം ബ്രാഹ്മണരൂപം കൈക്കൊണ്ടു വന്ന് ജനകന് അനേകം ഉപദേശം നല്കിയതായി മ. ഭാ. അശ്വമേധപര്‍വത്തില്‍ പറഞ്ഞിരിക്കുന്നു. ജനകന്റെ ധര്‍മപ്രവൃത്തിക്കുദാഹരണമായി പദ്മപുരാണത്തില്‍ ഒരു കഥ പറയുന്നുണ്ട്. യോഗവിദ്യകൊണ്ട് അശരീരനായി ദേവലോകത്തു യാത്ര നടത്തിയ ജനകന്‍ മാര്‍ഗമധ്യേ യമപുരിയിലെത്തി. ജനകന്റെ സാമീപ്യത്താല്‍ ആശ്വാസമനുഭവിച്ച നരകവാസികള്‍ ജനകന്‍ അവിടെ വിട്ടുപോകരുതെന്നു മുറവിളികൂട്ടി. താന്‍ ആര്‍ജിച്ച പുണ്യത്തിലൊരംശം നരകവാസികള്‍ക്കു ദാനം ചെയ്ത് ജനകന്‍ അവരെ മോചിപ്പിച്ചു.

ജനകന് സന്താനങ്ങളുണ്ടായിരുന്നില്ല. ഒരിക്കല്‍ യാഗസ്ഥലമുഴുതപ്പോള്‍ ലഭിച്ച ദിവ്യശിശുവിനെ ഇദ്ദേഹം സീത എന്നു നാമകരണം ചെയ്ത് പുത്രിയായി വളര്‍ത്തി. വിദേഹവംശത്തിന് ശിവനില്‍ നിന്നു ലഭിച്ച വിശിഷ്ടമായ ചാപം ബാലികയായ സീത ഒരിക്കല്‍ അനായാസം ഉപയോഗിക്കുന്നതു ജനകന്‍ കാണുകയുണ്ടായി. അനേകം ബലിഷ്ഠയോദ്ധാക്കള്‍ ചേര്‍ന്നുമാത്രം ഉയര്‍ത്തിയിരുന്ന ആ ചാപം ഉയര്‍ത്തിയ ബാലികയുടേത് അസാധാരണ ജന്മമാണെന്നു മനസ്സിലാക്കിയ ജനകന്‍ അവളെ സാധാരണ രാജാക്കന്മാര്‍ക്കു വിവാഹം ചെയ്തുകൊടുക്കാന്‍ വിസമ്മതിച്ചു. ശൈവചാപം എടുത്തു കുലയ്ക്കുന്നവര്‍ക്കാണ് കന്യക എന്ന ഇദ്ദേഹം പ്രഖ്യാപിച്ചു. രാവണനുള്‍പ്പെട്ട അനേകം രാജാക്കന്മാര്‍ മത്സരിച്ചുവെങ്കിലും ശ്രീരാമനു മാത്രമേ ശൈവചാപം പ്രയോഗിച്ച് മൈഥിലിയെ വേള്‍ക്കാനായുള്ളൂ. ജനകന്റെ സഹോദരനായ കുശധ്വജന്റെ പുത്രിമാരാണ് മാണ്ഡവി, ഊര്‍മിള, ശ്രുതകീര്‍ത്തി എന്നിവര്‍. മാണ്ഡവിയെ ഭരതനും ഊര്‍മിളയെ ലക്ഷ്മണനും ശ്രുതകീര്‍ത്തിയെ ശത്രുഘ്നനും വിവാഹം കഴിച്ചു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9C%E0%B4%A8%E0%B4%95%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍