This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജഡത്വം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജഡത്വം

Inertia

ചലനാവസ്ഥയ്ക്കുണ്ടാകുന്ന മാറ്റത്തെ ചെറുക്കുന്നതിന് പദാര്‍ഥത്തിനു സഹജമായുള്ള വാസന. ദ്രവ്യത്തിന്റെ അടിസ്ഥാന ഗുണധര്‍മങ്ങളില്‍ ഒന്നാണിത്. ഋജുരേഖയില്‍ സ്ഥിരവേഗത്തില്‍ ചലിച്ചുകൊണ്ടിരിക്കുന്ന വസ്തുവിനെ ഏതെങ്കിലും ബാഹ്യബലങ്ങള്‍ വഴി തടസ്സപ്പെടുത്താതിരുന്നാല്‍ അത് സ്ഥിരവേഗത്തില്‍ ചലിച്ചുകൊണ്ടിരിക്കുമെന്നും നിശ്ചലാവസ്ഥയില്‍ ഇരിക്കുന്ന വസ്തു നിശ്ചലസ്ഥിതിയില്‍ത്തന്നെ തുടരും എന്നും ജഡത്വനിയമം അനുശാസിക്കുന്നു.

ഭൂമിയില്‍ കാണുന്ന വസ്തുക്കളിലെല്ലാം ചില ബലങ്ങള്‍ എപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ജഡത്വത്തിന്റെ മുഴുവന്‍ ഫലങ്ങളും നമുക്കു നേരിട്ടു പ്രകടമാകാറില്ല. ഉദാഹരണമായി ഒരു പന്ത് മുകളിലേക്ക് എറിഞ്ഞാല്‍ അത് അനന്തമായി ഉയര്‍ന്നുപൊയ്ക്കൊണ്ടിരിക്കുന്നില്ല. ഭൂഗുരുത്വബലം അതിനെ ഭൂമിയിലേക്കു വലിക്കുകയും വായുപ്രതിരോധം അതിന്റെ വേഗം കുറയ്ക്കുകയും ചെയ്യുന്നതാണ് കാരണം. എന്നാല്‍ ബഹിരാകാശത്ത് എത്തപ്പെട്ട വസ്തുവിന്മേല്‍ ഈ ബലങ്ങള്‍ അനുഭവപ്പെടാത്തതിനാല്‍ അത് സ്ഥിരവേഗത്തില്‍ നേര്‍രേഖയില്‍ ചലനം തുടരും.

വസ്തുവിന്റെ ദ്രവ്യമാനവും ജഡത്വവും ആനുപാതികമായി ബന്ധപ്പെട്ടിരിക്കുന്നു. അതായത് ഭാരം കൂടിയ വസ്തുവിന്റെ ജഡത്വം കൂടിയിരിക്കും. അതിനാല്‍ അതിന്റെ വേഗമോ ദിശയോ മാറ്റാന്‍ കൂടുതല്‍ ശക്തിയില്‍ ബലം പ്രയോഗിക്കേണ്ടിവരും. ഉദാഹരണമായി ഭാരമേറിയ ഒരു കപ്പലിന്റെ വേഗമോ ദിശയോ മാറ്റാന്‍ ശക്തമായ ബലം ആവശ്യമായി വരുമ്പോള്‍, ഒരു ടെന്നിസ് പന്തിന്റെ ഗതി മാറ്റാന്‍ നിസ്സാരമായൊരു ബലം പ്രയോഗിച്ചാല്‍ മതി. അതുപോലെ നിശ്ചലാവസ്ഥയിലുള്ള ഒരു വസ്തുവിനെ തള്ളിമാറ്റുന്നതിനെക്കാള്‍ കുറഞ്ഞ പ്രയത്നത്തില്‍ നമുക്ക് ചലിച്ചുകൊണ്ടിരിക്കുന്ന അതേ വസ്തുവിനെ നീക്കാന്‍ കഴിയും. ന്യൂട്ടന്റെ ചലനനിയമങ്ങള്‍ക്ക് ആധാരം വസ്തുക്കളുടെ ജഡത്വമാണ്. ന്യൂട്ടന്റെ ഒന്നാം ചലനനിയമം 'ജഡത്വനിയമം' എന്നും അറിയപ്പെടുന്നു.

ജഡത്വത്തെ സാരമായി ബാധിക്കുന്ന മറ്റൊരു ഘടകമാണ് ഘര്‍ഷണം (friction). നിലത്തുകൂടി ഉരുട്ടി വിടുന്ന പന്ത് ക്രമേണ വേഗം കുറഞ്ഞു നിശ്ചലമാകുന്നു. പന്തിനും പ്രതലത്തിനുമിടയില്‍ ഘര്‍ഷണം എന്ന അന്യോന്യക്രിയ ഉള്ളതിനാലാണിത്. പ്രതലം മിനുസമാണ് എങ്കില്‍ ഘര്‍ഷണം കുറവായതിനാല്‍ പന്ത് ദീര്‍ഘദൂരം പോകുന്നു. എന്നാല്‍ കാര്‍പെറ്റു പോലെ പരുപരുത്ത പ്രതലത്തില്‍ ഘര്‍ഷണം കൂടുതലായതിനാല്‍ പന്തിന്റെ ചലനം വേഗത്തില്‍ മന്ദീഭവിക്കുന്നു.

വസ്തുക്കളുടെ ജഡത്വഫലങ്ങള്‍ പ്രകടമാക്കുന്ന നിരവധി അനുഭവങ്ങള്‍ നിത്യജീവിതത്തിലുണ്ട്. ഓടിക്കൊണ്ടിരിക്കുന്ന വാഹനം പെട്ടെന്നു നിര്‍ത്തുമ്പോള്‍ യാത്രക്കാര്‍ മുന്നോട്ട് നീങ്ങിപ്പോകുന്നതും വാഹനം ഓടാന്‍ തുടങ്ങുമ്പോള്‍ പിന്നോട്ട് ആയാന്‍ തുടങ്ങുന്നതും ജഡത്വഫലത്താലാണ്.

ഗതിവിജ്ഞാന(dynamics) ശാഖയില്‍ ഗലീലിയോ, ഐസക് ന്യൂട്ടന്‍, ഫൂക്കോള്‍ട്ട്, മാക്ക്, ഐന്‍സ്റ്റൈന്‍ എന്നിങ്ങനെ പല ശാസ്ത്രജ്ഞരും ജഡത്വത്തെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9C%E0%B4%A1%E0%B4%A4%E0%B5%8D%E0%B4%B5%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍