This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജട

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജട

പേരാലിന്റെ പാലും ഭസ്മവും കൂട്ടിച്ചേര്‍ത്തു പിരിച്ചുകെട്ടിയ തലമുടി. കൂട്ടിപ്പിണഞ്ഞു കിടക്കുന്നത് എന്നര്‍ഥം. എണ്ണതേച്ചുള്ള കുളിയും മറ്റും ഉപേക്ഷിച്ചു വ്രതാനുഷ്ഠാനത്തോടിരിക്കുന്നവരുടെ ശിഖയാണിത്. ലൌകികജീവിതവും അതിലുള്ള ആസക്തിയുമുപേക്ഷിച്ച് സര്‍വസംഗപരിത്യാഗികളായ മഹര്‍ഷിമാര്‍ ഇപ്രകാരം ജട വളര്‍ത്തിയിരുന്നു. അതിനാല്‍ ജടയ്ക്ക് ആത്മീയതയുടെ ഒരു പരിവേഷമുണ്ട്. ആശ്രമങ്ങളില്‍ വസിക്കുന്ന സന്ന്യാസിമാര്‍ ഇപ്പോഴും ജട വളര്‍ത്താറുണ്ട്. ജടയും താടിമീശയും വളര്‍ത്തുന്നത് മനസ്സിന്റെ ഏകാഗ്രതയ്ക്കു നല്ലതാണ് എന്ന ഒരു വിശ്വാസം ഉണ്ട്. പല മതാചാര്യന്മാരും പണ്ഡിതന്മാരും തലമുടിയും താടിമീശയും നീട്ടി വളര്‍ത്തുന്നത് ഇതുകൊണ്ടാകാം.

ഭാരതീയ പുരാണേതിഹാസങ്ങളില്‍ ജടയ്ക്ക് വലിയ പ്രാധാന്യം നല്കിക്കാണുന്നുണ്ട്. ശിവന്റെ കപര്‍ദം എന്നു പേരുള്ള ജടയ്ക്കു ചുവപ്പുനിറമാണ്. തീര്‍ഥങ്ങളില്‍ വച്ച് ഉത്തമങ്ങളായ മഹാനദികളെയും സമുദ്രങ്ങളെയും ശിവന്റെ ജട പ്രതിനിധീകരിക്കുന്നുണ്ട്.

'ജടാസ്വരൂപേണ സമസ്തസാഗരാഃ

കുലാചലാഃ സിന്ധുവഹാശ്ച സര്‍വശഃ

ശശീപരിജ്ഞാനമിദം തവസ്ഥിതം

ന ദേവ! പശ്യന്തികുദൃഷ്ട യോ ജനാഃ

(വരാഹപുരാണം)

(എല്ലാ സമുദ്രങ്ങളും കുലപര്‍വതങ്ങളും നദികളും ശ്രീപരമേശ്വരന്റെ ജടകളുടെ രൂപത്തില്‍ സ്ഥിതിചെയ്യുന്നു. ചന്ദ്രന്‍ അങ്ങയുടെ പരിജ്ഞാനമായി നില്ക്കുന്നു. അല്ലയോ ദേവ! കുദൃഷ്ടികളായ ജനങ്ങള്‍ ഇതു കാണുന്നില്ല).

ശിവന്റെ ജടയെ സംബന്ധിക്കുന്ന പുരാണകഥകള്‍ വേറെയുമുണ്ട്. ഭഗീരഥന്റെ തപസ്സിന്റെ ഫലമായി ആകാശഗംഗ ഭൂമിയിലേക്കു പതിച്ചപ്പോള്‍ നിപതനത്തിന്റെ ശക്തി കുറയ്ക്കുവാനായി മഹേശ്വരന്‍ ഗംഗയെ തന്റെ ജടയില്‍ സ്വീകരിച്ചു. ജടയുടെ ഒന്നു രണ്ട് ഇഴകള്‍ പിഴിഞ്ഞ് ഒരു തുള്ളി വെള്ളം ഭൂമിയില്‍ കുടഞ്ഞിട്ടതാണ് ഗംഗാനദിയായി ഒഴുകുന്നത്. ദക്ഷന്റെ യാഗസ്ഥലത്തുവച്ച് സതീദേവി ജീവത്യാഗം നടത്തിയത് ജ്ഞാനദൃഷ്ടിയില്‍ അറിഞ്ഞ പരമശിവന്‍ സന്താപത്താലും കോപത്താലും സ്വന്തം ജടയുടെ നാലഞ്ചിഴകള്‍ വലിച്ചുപറിച്ച് നിലത്തടിച്ചു. അതിന്റെ ഫലമായി ഉദ്ഭവിച്ചതാണ് വീരഭദ്രനും ഭദ്രകാളിയും.

ജടാപാഠം. വേദാഭ്യാസനത്തിന്റെ ഒരു ക്രമം. വേദസംഹിതയിലുള്ള എല്ലാ വാക്കുകളെയും സന്ധിയിലും സമാസത്തിലും നിന്ന് വേര്‍പെടുത്തി ഓരോ വാക്കും എടുത്ത് അതിന്റെ മുമ്പിലത്തെ വാക്കും പിമ്പിലത്തെ വാക്കും കൂട്ടിച്ചേര്‍ത്തുള്ള പാഠത്തിനു ജടാപാഠം എന്നു പറയുന്നു. കൂട്ടിയിണക്കിയ പാഠം എന്നു പദാര്‍ഥം.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9C%E0%B4%9F" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍