This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജങ് ഷ്യൂയെ ജുങ് (1738 - 1801)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:26, 5 ഫെബ്രുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജങ് ഷ്യൂയെ ജുങ് (1738 - 1801)

Chang Hsüeh-Ch'eng

ചൈനീസ് ചരിത്രകാരനും തത്ത്വചിന്തകനും. ഒരു ജില്ലാ ഭരണാധിപന്റെ മകനായി 1738-ല്‍ ജനിച്ചു. 1762-ല്‍ ഉന്നതവിദ്യാഭ്യാസത്തിനായി പീക്കിങ്ങിലേക്കു പോയി. തുടര്‍ന്നുള്ള 10 വര്‍ഷം ചൈനയിലെ പ്രശസ്തരായ എഴുത്തുകാരും ചിന്തകരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്താനാണ് ഇദ്ദേഹം പ്രധാനമായും വിനിയോഗിച്ചത്. ഇവരില്‍ ഛൌ എന്‍ (Chu-Yun, 1729-81) എന്ന പ്രശസ്ത എഴുത്തുകാരനെ ഇദ്ദേഹം ഗുരുവായി അംഗീകരിച്ചു ബഹുമാനിച്ചു. ജങ്ങിന്റെ ആദരവിനു പാത്രമായ മറ്റൊരു വ്യക്തിയായിരുന്നു തത്ത്വചിന്തകനും ഭാഷാതത്ത്വശാസ്ത്രജ്ഞനുമായ തായി-ചെന്‍ (Tai-Chen, 1724-77).

ചെറുപ്പമായിരുന്നപ്പോള്‍ത്തന്നെ ജങ് ഷ്യൂയെ ജുങ് കലകളില്‍ ഏറെ താത്പര്യം പ്രകടിപ്പിച്ചിരുന്നു. ചരിത്രരചന സംബന്ധിച്ച സിദ്ധാന്തങ്ങള്‍ ആവിഷ്കരിച്ചതാണ് ജങ് ഷ്യൂയെ ജുങ്ങിന്റെ ഏറ്റവും മഹത്തായ സംഭാവന. 1770-ല്‍ തന്റെ മുപ്പത്തിരണ്ടാമത്തെ വയസ്സില്‍ സംസ്കാരങ്ങളുടെ ആവിര്‍ഭാവത്തെ സംബന്ധിച്ച സിദ്ധാന്തങ്ങള്‍ക്ക് ജങ് രൂപം നല്‍കി. സര്‍ക്കാര്‍ സേവനത്തിനുള്ള ഉയര്‍ന്ന പ്രവേശന പരീക്ഷ ഇദ്ദേഹം 1778-ല്‍ പാസ്സായി. എന്നാല്‍ ജങ് ഒരിക്കലും ഔദ്യോഗിക ജോലി സ്വീകരിച്ചിരുന്നില്ല; അക്കാദമികളില്‍ പഠിപ്പിച്ചും പ്രാദേശിക ചരിത്രം, കുടുംബചരിത്രം എന്നിവ എഴുതിയും തന്റെ ആവശ്യത്തിനുള്ള പണം ഇദ്ദേഹം സമ്പാദിച്ചിരുന്നു.

കണ്‍ഫ്യൂഷ്യന്‍ ക്ലാസ്സിക്കുകളെ വിലയിരുത്തിക്കൊണ്ട് ജങ് രചിച്ച സാഹിത്യ-ചരിത്രനിരൂപണത്തിന്റെ പൊതു തത്ത്വങ്ങള്‍ (General Principles of Literary and Historical Criticism) എന്ന ഗ്രന്ഥത്തില്‍ ഇദ്ദേഹം തന്റെ ആശയങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു. ജങ്ങിന്റെ അഭിമതത്തില്‍ ചരിത്രം നിലകൊള്ളുന്നത് വ്യക്തികള്‍ രചിക്കുന്ന പുസ്തകങ്ങളിലല്ല; ചരിത്രവസ്തുതകളുടെയും പുരാതന സമൂഹത്തിന്റെയും ഭരണകൂടങ്ങളുടെയും പ്രവര്‍ത്തനത്തെ സംബന്ധിച്ചു ലഭ്യമായിട്ടുള്ള ചരിത്രാവശിഷ്ടങ്ങളുടെ വിശകലനത്തിലാണ്. അതിനാല്‍ മനുഷ്യസംസ്കാരത്തിന്റെ വിലയിരുത്തലിന് ഇത്തരം വസ്തുതകളെ വിശകലനം ചെയ്യുകയാണ് ആവശ്യം. കണ്‍ഫ്യൂഷ്യന്‍ തത്ത്വചിന്തയുടെ വക്താവ് ആയിരുന്നെങ്കിലും ബുദ്ധിസത്തെയും ജങ് അംഗീകരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ സുഹൃത്തുക്കളായി ധാരാളം ബുദ്ധിസ്റ്റുകള്‍ ഉണ്ടായിരുന്നു. 1801-ല്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍