This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജങ് ലൂ (സു. 2 - 3 ശ.)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജങ് ലൂ (സു. 2 - 3 ശ.)

Chang Lu

ചൈനയിലെ ദൗയിസത്തിലെ ദൈവിക ആചാര്യവിഭാഗത്തിന്റെ സ്ഥാപകനും ജങ് ദാവോ-ലിങ്ങിന്റെ ചെറുമകനും. ഇദ്ദേഹത്തിന്റെ ജനനത്തെക്കുറിച്ച് വ്യക്തമായ രേഖകള്‍ ഇല്ല. 184-ല്‍ ഹാന്‍ സാമ്രാജ്യത്തിനെതിരെ ജങ് ലൂ ഒരു കലാപം നയിക്കുകയും സാമ്രാജ്യത്തിന്റെ പടിഞ്ഞാറുഭാഗത്തുള്ള ഹാന്‍-ജങ് തലസ്ഥാനമാക്കി ഒരു സ്വതന്ത്ര സംസ്ഥാനം രൂപീകരിക്കുകയും ചെയ്തു. സു. 30 വര്‍ഷം ജങ് ലൂ ഈ സംസ്ഥാനത്തിന്റെ ഭരണാധിപനായി തുടര്‍ന്നു. 215-ല്‍ ഹാന്‍ പട്ടാളമേധാവി ത്സൗ ത്സൗ (Ts'ao T'sao)വിന് ഇദ്ദേഹം കീഴടങ്ങി; പ്രതിഫലമായി ധാരാളം സമ്മാനങ്ങള്‍ സ്വീകരിച്ചു. സമ്മാനങ്ങളില്‍ കുടിജന്മഭൂമി (Fiefdom)യും ഉള്‍പ്പെട്ടിരുന്നു. 220-ല്‍ ത്സൗ ത്സൗവിന്റെ മകന്‍ വെയ് രാജവംശം സ്ഥാപിച്ചു. പിന്നീട് കുറേ വര്‍ഷം വെയ് രാജസദസ്സില്‍ അംഗമായി ജങ് ലൂ ജീവിച്ചിരുന്നു.

ജങ് ലൂവിന്റെ പ്രവര്‍ത്തനഫലമായാണ് സംഘടിത മതസംഘടനയായി ദൗയിസ്റ്റ് ദൈവാചാര്യന്മാരുടെ ശാഖയ്ക്കു വളരാനും ഗവണ്‍മെന്റിന്റെ അംഗീകാരം പിടിച്ചുപറ്റാനും കഴിഞ്ഞത്. ദൗയിസ്റ്റ് പ്രസ്ഥാനത്തിലെ ആദ്യത്തെ സംഘടിത മതസ്ഥാപനവും ഇതുതന്നെയായിരുന്നു. 3-ാം ശ.-ന്റെ അവസാനത്തോടെ വടക്കന്‍ ചൈനയിലും 4-ാം ശ.-ത്തോടെ ചൈനയിലാകമാനവും ഈ മതസംഘടന വ്യാപിച്ചു. ചൈനയിലെ പല പ്രമുഖ കുടുംബങ്ങളും ഈ പ്രസ്ഥാനത്തില്‍ ചേര്‍ന്നതും ഇതിന്റെ ശക്തി വര്‍ധിക്കാന്‍ കാരണമായി. ഇവര്‍ രാജ്യത്താകമാനം വഴിയോരസത്രങ്ങള്‍ നിര്‍മിക്കുകയും വഴിയാത്രക്കാര്‍ക്ക് ആഹാരവും കിടക്കാനിടവും സൗജന്യമായി നല്കുകയും ചെയ്തിരുന്നു. ഇതിനായി ഓരോ വിശ്വാസിയും നിശ്ചിത അളവ് അരി നികുതിയായി നല്കണമെന്നു വ്യവസ്ഥ ചെയ്തിരുന്നു. വിശ്വാസികളുടെ ആവശ്യങ്ങള്‍ ദൈവത്തെ അറിയിക്കുന്നതിന് പുരോഹിതന്മാര്‍ പാരമ്പര്യാടിസ്ഥാനത്തില്‍ നിയുക്തരായിരുന്നു. ദുഷ്ടശക്തികളെ അകറ്റിനിര്‍ത്താനുള്ള ഉപായങ്ങള്‍ പുരോഹിതന്മാര്‍ക്ക് അറിയാം എന്നായിരുന്നു വിശ്വാസം. സ്വര്‍ഗം, ഭൂമി, ജലം എന്നിവയുടെ അധിപന്മാരായ ദൈവങ്ങള്‍ക്ക് പരാതി എഴുതി സമര്‍പ്പിച്ചിരുന്നു. സ്വര്‍ഗത്തിന്റെ അധിപനുള്ള പരാതിയുടെ ഒരു പകര്‍പ്പ് കുന്നിന്‍മുകളില്‍ വയ്ക്കുകയും ഭൂമിയുടെ അധിപനുള്ളത് മണ്ണില്‍ കുഴിച്ചിടുകയും ജലദേവതയുടേത് നദിയില്‍ ഒഴുക്കുകയും ചെയ്തിരുന്നു. പുരോഹിതന്‍ കൊണ്ടുവരുന്ന മാന്ത്രികച്ചെപ്പ് ചുട്ടുഭസ്മമാക്കി ജലത്തില്‍ കലക്കിക്കുടിക്കുകയായിരുന്നു മറ്റൊരു ആരാധനാരീതി. രോഗങ്ങള്‍ക്കു കാരണം ദുഷ്കര്‍മങ്ങളാണെന്നും ഇവര്‍ വിശ്വസിച്ചു. അതിനാല്‍ രോഗശാന്തിക്കായി പ്രായശ്ചിത്തം, ആരാധന, കുറ്റസമ്മതം, ശിക്ഷ എന്നീ ഉപാധികള്‍ സ്വീകരിച്ചിരുന്നു. റോഡിന്റെ അറ്റകുറ്റപ്പണി ചെയ്യിക്കലും തടവില്‍ പാര്‍പ്പിക്കലുമായിരുന്നു പ്രധാനശിക്ഷകള്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍