This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജങ് ത്സൈ (1021 - 77)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജങ് ത്സൈ (1021 - 77)

Chang Tsai

ഒരു നവ-കണ്‍ഫ്യൂഷ്യന്‍ ചിന്തകന്‍. നവ-കണ്‍ഫ്യൂഷ്യന്‍ ആചാര്യപരമ്പരയില്‍ രണ്ടാംസ്ഥാനം ഇദ്ദേഹത്തിനായിരുന്നു. ചൈനയിലെ ജങ് എന്ന സ്ഥലത്ത് (ഇപ്പോഴത്തെ ഷെന്‍സി-Shensi) 1021-ല്‍ ജനിച്ചു; മറ്റു പല നവ-കണ്‍ഫ്യൂഷ്യന്‍ ചിന്തകന്മാരെപ്പോലെ ഇദ്ദേഹവും കണ്‍ഫ്യൂഷ്യന്‍ ചിന്തകള്‍ക്കു പുറമെ ബുദ്ധിസത്തിലും ദൗയിസത്തിലും പാണ്ഡിത്യം നേടിയിരുന്നു; ഈ മതങ്ങളിലെ അനുഷ്ഠാനങ്ങളുടെ പഠനത്തിന് ജങ് പ്രത്യേക പ്രാധാന്യം കല്പിച്ചിരുന്നു. എന്നാല്‍ ബുദ്ധ-ദൗയിസ്റ്റ് തത്ത്വചിന്തകള്‍ക്ക് ഇദ്ദേഹത്തെ സ്വാധീനിക്കാന്‍ കഴിഞ്ഞിരുന്നില്ല. കാലക്രമത്തില്‍ ജങ് കണ്‍ഫ്യൂഷ്യന്‍ ക്ലാസ്സിക്കുകളിലേക്കു മടങ്ങി.

1057-ല്‍ ജങ് ഔദ്യോഗിക ജീവിതം ആരംഭിച്ചു; വളരെ വേഗം കണ്‍ഫ്യൂഷ്യന്‍ തത്ത്വചിന്തയുടെ പ്രമുഖനായ വക്താവ് എന്ന ഖ്യാതി ഇദ്ദേഹത്തിനു ലഭിച്ചു. അക്കാലത്തെ ഭരണാധികാരികളുടെ പരിഷ്കരണനടപടികളുമായി യോജിക്കാന്‍ ജങ്ങിനു കഴിഞ്ഞിരുന്നില്ല. തത്ഫലമായി ഇദ്ദേഹത്തിനു ജോലി രാജി വയ്ക്കേണ്ടിവന്നു. കുറേക്കാലം കഴിഞ്ഞ് ജങ് വീണ്ടും സര്‍ക്കാര്‍ ജോലി സ്വീകരിച്ചു; ഉദ്യോഗത്തില്‍ നിന്നും വിരമിച്ചതിനെത്തുടര്‍ന്ന് വീട്ടിലേക്കുള്ള യാത്രാമധ്യേ 1077-ല്‍ ഇദ്ദേഹം അന്തരിച്ചു.

ഇദ്ദേഹത്തിന്റെ ചിന്തകള്‍ക്ക് മതപരമായി വളരെ ഏറെ സ്വാധീനം നേടാന്‍ കഴിഞ്ഞിരുന്നു. ഇദ്ദേഹത്തിനു മുമ്പുവരെയും നവ-കണ്‍ഫ്യൂഷ്യന്‍ ചിന്തകളെ മുഖ്യമായും ബുദ്ധിക്കും യുക്തിക്കും പ്രാധാന്യം നല്കിക്കൊണ്ടുള്ള ഒരു പദ്ധതിയായിട്ടാണ് കണക്കാക്കിയിരുന്നത്. എന്നാല്‍ ജങ് ഈ ധാരണ തിരുത്തുകയും വിശ്വാസപരമായിട്ടുള്ള ധാരാളം സിദ്ധാന്തങ്ങള്‍ നവ-കണ്‍ഫ്യൂഷ്യന്‍ ചിന്തകളില്‍ അടങ്ങിയിട്ടുണ്ടെന്നു ബോധ്യപ്പെടുത്തുകയും ചെയ്തു. വിശുദ്ധന്മാരുടെ ആരാധനയ്ക്കും സന്ന്യാസവൃത്തിക്കും നവ-കണ്‍ഫ്യൂഷ്യന്‍ ചിന്തകളില്‍ നല്കിയിരുന്ന പ്രാധാന്യത്തെ ആസ്പദമാക്കിയാണ് ജങ് തന്റെ ദൗത്യം നിര്‍വഹിച്ചത്. ജീവിതത്തിന്റെ പരമലക്ഷ്യം സന്ന്യാസമാണ് എന്ന് ഇദ്ദേഹം സ്ഥാപിച്ചു. പ്രപഞ്ചത്തെയും മനുഷ്യനെയും ബന്ധപ്പെടുത്തി ജങ് ഇപ്രകാരം എഴുതി: 'ഭൂമി എന്റെ മാതാവും സ്വര്‍ഗം എന്റെ പിതാവുമാണ്. ഇത്രയും ചെറിയവനും നിസ്സാരനുമായ എനിക്കും ഇതിനു രണ്ടിനുമിടയില്‍ പ്രമുഖമായ ഒരു സ്ഥാനം ഉണ്ട്. അതുകൊണ്ട് പ്രപഞ്ചമാകെ നിറഞ്ഞു നില്ക്കുന്ന വസ്തുവിനെ ഞാന്‍ എന്റെ ശരീരമായി കരുതുന്നു. ഏതൊന്നാണോ പ്രപഞ്ചത്തെ നയിക്കുന്നത് അതിനെ ഞാന്‍ എന്റെ സ്വഭാവസവിശേഷതയായി കരുതുന്നു. എല്ലാ മനുഷ്യരും എന്റെ സഹോദരീസഹോദരന്മാരാണ്; എല്ലാ വസ്തുക്കളും എന്റെ സുഹൃത്തുക്കളും'.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍