This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജങ്ഗിള്‍ ബുക്ക്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:21, 5 ഫെബ്രുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജങ്ഗിള്‍ ബുക്ക്

Jungle Book

ഒരു ബാലസാഹിത്യഗ്രന്ഥം. നോബല്‍ സമ്മാനിതനായ (1907) ഇംഗ്ലീഷ് സാഹിത്യകാരന്‍ റുഡ്യാഡ് കിപ്ലിങ് (1865-1936) രചിച്ച ജന്തുകഥകളുടെ സമാഹാരമാണിത്. 1894-ല്‍ ജങ്ഗിള്‍ ബുക്കും 1895-ല്‍ ദ സെക്കന്‍ഡ് ജങ്ഗിള്‍ ബുക്കും പ്രകാശിതമായി. ബാലസാഹിത്യത്തിലെ ക്ലാസിക് എന്ന സ്ഥാനം ഈ സമാഹാരങ്ങള്‍ക്കുണ്ട്. ബോംബെയില്‍ ജനിക്കുകയും ബാല്യവും ഔദ്യോഗിക ജീവിതത്തിന്റെ ആദ്യകാലങ്ങളും ഇന്ത്യയില്‍ത്തന്നെ കഴിച്ചുകൂട്ടുകയും ചെയ്ത കിപ്ലിങ്ങിന് ബാലസാഹിത്യരചനയില്‍ അധികം കൗതുകമുണ്ടായിരുന്നു. 'ബാബാ ബ്ളാക്ക് ഷീപ്പ്', 'വി വില്ലീ വിങ്കീ' (1888) തുടങ്ങിയ പ്രസിദ്ധങ്ങളായ നഴ്സറി ഗാനങ്ങള്‍ കിപ്ലിങ്ങിന്റേതാണ്.

തന്റെ മകള്‍ ജോസഫൈനെ രസിപ്പിക്കാന്‍ വേണ്ടിയാണ് കിപ്ലിങ് ജങ്ഗിള്‍ ബുക്ക് കഥകള്‍ രചിച്ചത്. കാട്ടില്‍ അകപ്പെട്ടുപോയ മൗഗ്ലി എന്ന ബാലനെ അകേല എന്ന പെണ്‍ ചെന്നായയും അവളുടെ കൂട്ടുകാരും ചേര്‍ന്ന് സ്നേഹപരിലാളനയോടെ വളര്‍ത്തുന്നതാണ് ആദ്യസമാഹാരത്തിലുള്ള ഒന്‍പതു തുടര്‍ക്കഥകളിലെ പ്രമേയം. കഥ നടക്കുന്നത് ഇന്ത്യന്‍ കാടുകളിലാണ്. ബാലു എന്ന കരടി, കാ എന്ന മലമ്പാമ്പ്, ബഗീര എന്ന കരിമ്പുലി എന്നിവരൊടൊപ്പം മൗഗ്ലി വളരുന്നു. ഒരിക്കല്‍ അവരെ കുരങ്ങുവര്‍ഗം (ബന്തര്‍ ലോഗ്) തട്ടികൊണ്ടുപോകുന്നു. അവിടുന്നു രക്ഷപ്പെട്ട മൗഗ്ലി ജന്തുലോകത്തിന്റെ പൊതുശത്രുവായ ഷേര്‍ഖാന്‍ എന്ന കടുവയെ വധിച്ച് വനരാജാവാകുന്നു. ഒടുവില്‍ മൗഗ്ലി മനുഷ്യവാസമുള്ള പ്രദേശത്ത് തിരിച്ചെത്തുന്നുവെങ്കിലും മൃഗസുഹൃത്തുക്കളുമായുള്ള ചങ്ങാത്തം ഉപേക്ഷിക്കുന്നില്ല.

രണ്ടാമത്തെ ജങ്ഗിള്‍ ബുക്കില്‍ കീരിയുടെ കഥയായ റിക്കി-ടിക്കി-റ്റാവി, ചീങ്കണ്ണിയുടെയും കുറുക്കന്റെയും കൊക്കിന്റെയും കഥപറയുന്ന ദ അണ്ടര്‍ടേക്കേഴ്സ്, ഒരു വൃദ്ധപരിവ്രാജകന്റെയും അയാളെ സ്നേഹിക്കുന്ന മൃഗങ്ങളുടെയും കഥയായ ദ മിറക്കിള്‍ ഒഫ് പുന്ദണ്‍ഭഗത്ത് തുടങ്ങി ഏഴു കഥകളാണുള്ളത്. ധര്‍മാധര്‍മങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ധര്‍മം ആത്യന്തികവിജയം കൈവരിക്കുക എന്നത് ജന്തുലോകത്തിലും സാധാരണമാണ് എന്നു സ്ഥാപിക്കുന്നതാണ് ഈ കഥകള്‍. മനുഷ്യരുടെതിനു സമാനമോ അതിലും ഉയര്‍ന്നതോ ആയ മൂല്യബോധം ജന്തുലോകത്തിനുണ്ട് എന്ന് ഈ കഥകളിലൂടെ കിപ്ലിങ് ബോധ്യപ്പെടുത്തുന്നു. ജന്തു കഥാപാത്രങ്ങളും അവരുടെ ജീവിതം നല്കുന്ന പാഠങ്ങളും ബാലമനസ്സുകളില്‍ ഉയര്‍ന്ന നൈതികബോധം ജനിപ്പിക്കാനുതകണം എന്ന് കിപ്ലിങ്ങിനു നിര്‍ബന്ധമുണ്ടായിരുന്നു. 19-ാം ശ.-ന്റെ അന്ത്യത്തില്‍ ഇന്ത്യയിലെ ജീവിതത്തിന്റെ അന്യാപദേശമാണ് ഈ കഥകള്‍ എന്ന് ചില നിരൂപകര്‍ വിലയിരുത്തിയിട്ടുണ്ട്. വാള്‍ട്ട് ഡിസ്നി ഉള്‍പ്പെടെ പലരും ജങ്ഗിള്‍ ബുക്ക് കഥകള്‍ കാര്‍ട്ടൂണ്‍ ചിത്രമാക്കിയിട്ടുണ്ട്. ഇതിന്റെ ചലച്ചിത്രരൂപാന്തരങ്ങളും ലോകമെങ്ങും പ്രചരിപ്പിച്ചിട്ടുണ്ട്. നോ. കിപ്ലിങ്, റുഡ്യാഡ്

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍