This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജഗന്നാഥപ്പണിക്കര്‍, വി. (1933 - 2001)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:09, 30 മാര്‍ച്ച് 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജഗന്നാഥപ്പണിക്കര്‍, വി. (1933 - 2001)

മലയാള സാഹിത്യകാരനും പത്രപ്രവര്‍ത്തകനും. ഗുരുപാദം വേലുപ്പണിക്കരുടെയും ഭാര്‍ഗവി അമ്മയുടെയും മകനായി 1933 മേയ് 21-ന് തിരുവനന്തപുരത്ത് ജഗന്നാഥപ്പണിക്കര്‍ ജനിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ എം.എ. ബിരുദം നേടിയിട്ടുള്ള ഇദ്ദേഹം രാഷ്ട്രമീമാംസയിലും ബിരുദാനന്തരബിരുദം കരസ്ഥമാക്കിയിട്ടുണ്ട്.

വി. ജഗന്നാഥപ്പണിക്കര്‍

കൊല്ലത്തുനിന്നും ആര്‍. ശങ്കറിന്റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന ദിനമണിയുടെ എഡിറ്റര്‍ എന്ന നിലയിലാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് രണ്ടുവര്‍ഷക്കാലം (1955-57) ഇന്ത്യന്‍ എക്സ്പ പ്രസി(മദ്രാസ്)ലും പത്രാധിപസമിതി അംഗമായി പ്രവര്‍ത്തിച്ചു.

റിസര്‍വ് ബാങ്കില്‍ ഉദ്യോഗസ്ഥനായി ചേര്‍ന്ന പണിക്കര്‍ (1957-60) അധികനാള്‍ അവിടെ തുടര്‍ന്നില്ല. അതിനെക്കാള്‍ ശമ്പളം കുറഞ്ഞ കോളജ് അധ്യാപകവൃത്തിയാണ് ഇദ്ദേഹം തെരഞ്ഞെടുത്തത്. കൊല്ലം എസ്.എന്‍. കോളജില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ച പണിക്കര്‍ 1966-ല്‍ ചെമ്പഴന്തി എസ്.എന്‍. കോളജിലും പിന്നീട് പുനലൂര്‍ എസ്.എന്‍. കോളജിലും പ്രിന്‍സിപ്പലായി സേവനമനുഷ്ഠിക്കുകയുണ്ടായി. വീണ്ടും പത്രപ്രവര്‍ത്തനരംഗത്തേക്കു തിരിച്ചുവന്ന ഇദ്ദേഹം കേരളകൗമുദി പത്രാധിപസമിതിയില്‍ അംഗമായി (1973). 1984 വരെ അവിടെ തുടര്‍ന്നു. 1984-ല്‍ ഈനാട് പത്രം ആരംഭിച്ച് അതിന്റെ മാനേജിങ് എഡിറ്ററായി. ദീര്‍ഘവീക്ഷണവും അന്വേഷണാത്മകതയും ഉള്ള എഡിറ്റോറിയലുകള്‍ ഈനാടിന്റെ മുഖമുദ്രയായിരുന്നു.

ഇദ്ദേഹത്തിന്റെ ശ്രദ്ധേയമായ കൃതിയാണ് ക്രൂസിഫിക്ഷന്‍ ഒഫ് ദ് അണ്‍ബോണ്‍ (Crucifixion of the Unborn). കുടുംബാസൂത്രണത്തെ എതിര്‍ത്തുകൊണ്ടുള്ള ഈ പുസ്തകം വളരെയധികം ചര്‍ച്ചാവിഷയമായിട്ടുണ്ട്. ജനകോടികള്‍ക്കുവേണ്ടി കോടീശ്വരന്മാര്‍ ഭരിക്കുന്നു പണിക്കരുടെ മറ്റൊരു രചനയാണ്. സമകാലിക രാഷ്ട്രീയ സാമൂഹിക പ്രശ്നങ്ങളെ വിലയിരുത്തിക്കൊണ്ടുള്ള നൂറുകണക്കിനു ലേഖനങ്ങള്‍ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ജഗന്നാഥപ്പണിക്കര്‍ എഴുതിയിട്ടുണ്ട്. 2001 ന. 28-ന് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍