This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജഗദീശ്ചന്ദ്ര ബോസ് (1858 - 1937)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജഗദീശ്ചന്ദ്ര ബോസ് (1858 - 1937)

ജഗദീശ്ചന്ദ്ര ബോസ്

ഭാരതീയ പ്രകൃതിശാസ്ത്രജ്ഞന്‍. ഇന്ന് ബാംഗ്ലദേശിന്റെ ഭാഗമായ ബംഗാളില്‍ ഭഗവന്‍ ചന്ദ്രബോസിന്റെയും ഭാമാ സുന്ദരീദേവിയുടെയും പുത്രനായി 1858 ന. 30-നു ജനിച്ചു. പിതാവ് ഒരു ഇംഗ്ലീഷ് സ്കൂള്‍ ഹെഡ്മാസ്റ്ററായിരുന്നു. സമ്പന്നരുടെ മക്കള്‍ക്കു മാത്രം ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ചിരുന്ന അക്കാലത്ത് സാധാരണ ജനങ്ങളുടെ കുട്ടികള്‍ക്കുവേണ്ടി ഇദ്ദേഹം ഫരീദ്പൂരില്‍ ഒരു ബംഗാളിസ്കൂള്‍ ആരംഭിച്ചു. അവിടെത്തന്നെയാണ് ബോസും വിദ്യാഭ്യാസമാരംഭിച്ചത്. ഫരീദ്പൂരിന്റെ ഗ്രാമീണാന്തരീക്ഷം ഇദ്ദേഹത്തിനു പ്രകൃതിയോടു കൂടുതല്‍ ആഭിമുഖ്യം വളര്‍ത്തിയെടുക്കാന്‍ കാരണമായി. പിന്നീട് കല്‍ക്കത്തയിലെ സെന്റ് സേവിയേഴ്സ് സ്കൂളില്‍ ചേര്‍ന്നു പഠനം തുടര്‍ന്നെങ്കിലും അവധിക്കാലങ്ങളിലെല്ലാം തന്നെ ബോസ് ഗ്രാമത്തിലെത്തിയിരുന്നു. 16-ാം വയസ്സില്‍ മെട്രിക്കുലേഷന്‍ പാസായശേഷം സെന്റ് സേവിയേഴ്സ് കോളജില്‍ ചേര്‍ന്നു. ബോസിനു താത്പര്യം ജന്തുശാസ്ത്രത്തിലായിരുന്നു. കല്‍ക്കത്ത സര്‍വകലാശാലയില്‍നിന്ന് 1880-ല്‍ ഇദ്ദേഹം ബിരുദമെടുത്തു. ഏറെ സാമ്പത്തിക പരാധീനതകളുണ്ടായിരുന്നെങ്കിലും ലണ്ടന്‍ സര്‍വകലാശാലയില്‍ പോയി വൈദ്യശാസ്ത്രം പഠിക്കുവാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. എങ്കിലും രോഗം മൂലം പഠനം തുടരാന്‍ കഴിഞ്ഞില്ല. 1881-ല്‍ കേംബ്രിജിലെ ക്രൈസ്റ്റ് കോളജില്‍ ചേര്‍ന്നു ഭൗതികശാസ്ത്രപഠനം പുനരാരംഭിച്ചു. 1884-ല്‍ ഭൗതികശാസ്ത്രം, രസതന്ത്രം, സസ്യശാസ്ത്രം എന്നീ വിഷയങ്ങള്‍ ഐച്ഛികമായെടുത്തു ബിരുദം നേടി. 1885-ല്‍ കല്‍ക്കത്തയില്‍ തിരിച്ചെത്തിയ ബോസ് അവിടത്തെ പ്രസിഡന്‍സി കോളജില്‍ ഭൗതികശാസ്ത്ര പ്രൊഫസറായി ജോലിയില്‍ പ്രവേശിച്ചു. ശാസ്ത്രം പഠിപ്പിക്കുന്നതില്‍ മാത്രം ബോസ് സംതൃപ്തനായില്ല. മൗലിക ശാസ്ത്രഗവേഷണത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ബോസിന്റെ ഗവേഷണ പ്രബന്ധം റോയല്‍ സൊസൈറ്റിയുടെ മുഖപത്രത്തില്‍ പ്രസിദ്ധം ചെയ്തു. വിദ്യുത്കാന്ത തരംഗങ്ങളെക്കുറിച്ച് എഴുതിയ ഗവേഷണ പ്രബന്ധത്തിന് ലണ്ടന്‍ സര്‍വകലാശാല 1896-ല്‍ ഇദ്ദേഹത്തിനു ഡോക്ടര്‍ ഒഫ് സയന്‍സ് ബിരുദം നല്കി. വിദേശാധിപത്യത്തിനെതിരെ ശബ്ദമുയര്‍ത്തിയ ബോസിനെ സര്‍ക്കാര്‍ ജോലിയില്‍നിന്നും പിരിച്ചുവിട്ടു. ഗവേഷണം തുടരാന്‍ കഴിയാതെ വന്ന ബോസിനെ ലഫ്റ്റനന്റ് ഗവര്‍ണര്‍ പ്രതിമാസ ഗ്രാന്റ് നല്കി സഹായിച്ചു.

ജഗദീശ്ചന്ദ്ര ബോസിന്റെ ഗവേഷണമേഖല അധികം വൈകാതെ സസ്യലോകത്തിലേക്കു വ്യാപിച്ചു. സസ്യങ്ങളുടെ പ്രത്യേകതകളെയാണ് ഇദ്ദേഹം പഠനവിഷയമാക്കിയത്. സസ്യങ്ങള്‍ക്കു ശ്വാസകോശമില്ലെങ്കിലും അവ ശ്വസിക്കുന്നു; ഹൃദയമില്ലെങ്കിലും വേരില്‍ നിന്നും മുകളറ്റം വരെ ദ്രാവകങ്ങളെത്തിച്ചേരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജന്തുക്കളിലും സസ്യങ്ങളിലും നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ അടിസ്ഥാനപരമായ സമാനസ്വഭാവം പുലര്‍ത്തുന്നില്ലേ എന്ന് ഇദ്ദേഹം ചിന്തിക്കാന്‍ തുടങ്ങി. സസ്യപ്രതികരണങ്ങള്‍ രേഖപ്പെടുത്തി മനസ്സിലാക്കാനുള്ള നിരവധി ഉപകരണങ്ങള്‍ ഇദ്ദേഹം വികസിപ്പിച്ചെടുത്തു. സസ്യങ്ങളുടെ വളര്‍ച്ച 150 കോടി ഇരട്ടി വലുതാക്കിക്കാണിക്കുന്ന ക്രെസ്കോഗ്രാഫ് എന്ന ഉപകരണം ഇദ്ദേഹമാണു കണ്ടുപിടിച്ചത്.

സസ്യങ്ങള്‍ക്കു ജീവനുണ്ടെന്നും അതിനു പ്രതികരണശേഷിയുണ്ടെന്നും ലോകത്തിനു കാട്ടിക്കൊടുത്തത് ഇദ്ദേഹമാണ്. 1901 മേയ് 10-ന് ലണ്ടനിലെ റോയല്‍ സൊസൈറ്റി ഹാളില്‍ കൂടിയിരുന്ന നൂറുകണക്കിനു പ്രശസ്ത ശാസ്ത്രകാരന്മാരുടെ മുന്നില്‍ ബോസ് പരീക്ഷണങ്ങളിലൂടെ ഇതു തെളിയിച്ചുകൊടുത്തു.

സസ്യങ്ങളുടെ നാഡീസ്പന്ദനം വരെ രേഖപ്പെടുത്തി സദസ്യരെ കാണിച്ചുകൊടുക്കുവാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. വളരെ സരളങ്ങളായ പരീക്ഷണങ്ങളിലൂടെ ശാസ്ത്രതത്ത്വങ്ങള്‍ വെളിവാക്കാനാണ് ഇദ്ദേഹം ശ്രമിച്ചത്. സാധാരണക്കാരന് സസ്യങ്ങളുടെ പ്രവര്‍ത്തനങ്ങളെ ശാസ്ത്രദൃഷ്ട്യാ നോക്കിക്കാണാന്‍ സഹായിക്കുന്ന പരീക്ഷണങ്ങളാണ് ബോസ് കൂടുതലായും നടത്തിയത്. നിരവധി ശാസ്ത്ര ഉപകരണങ്ങള്‍ കണ്ടുപിടിച്ച ഇദ്ദേഹം ഒന്നിനു പോലും പേറ്റന്റ് എടുക്കാന്‍ ശ്രമിച്ചില്ല. ഒരു വ്യക്തി ഒരു ശാസ്ത്രതത്ത്വം കണ്ടുപിടിച്ചു കഴിഞ്ഞാല്‍ അത് ലോകത്തിന്റെ പൊതുമുതലാണ് എന്ന് ബോസ് അഭിപ്രായപ്പെട്ടു. സുഹൃത്തുക്കളുടെ സംഭാവനകള്‍ കൊണ്ടാണ് ഇദ്ദേഹം കല്‍ക്കത്തയില്‍ ബോസ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത്.

'മൂകസസ്യങ്ങള്‍ക്കു നാവു നല്കിയ ഋഷീന്ദ്രന്‍' എന്നാണു രബീന്ദ്രനാഥ ടാഗൂര്‍ ഒരു കവിതയിലൂടെ ഇദ്ദേഹത്തെ വിശേഷിപ്പിച്ചത്. ആധുനിക ഭാരതീയശാസ്ത്രത്തിനും സാഹിത്യത്തിനും വിലപ്പെട്ട സംഭാവനകള്‍ നല്കിയ ബോസ് 1937 ന. 23-ന് നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍