This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഛായാഗ്രഹണം-ചലച്ചിത്രത്തില്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:42, 30 മാര്‍ച്ച് 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഛായാഗ്രഹണം-ചലച്ചിത്രത്തില്‍

ദൃശ്യരൂപങ്ങളിലൂടെയാണ് ചലച്ചിത്രം എന്ന കലാരൂപം ആശയ വിനിമയം നിര്‍വഹിക്കുന്നത്. 1826-ല്‍ നീസോഫോര്‍ നേപ്സ് എന്ന ഫ്രഞ്ചുകാരന്‍ ഒരു പൂന്തോട്ടത്തിന്റെ ഛായ പകര്‍ത്തുകയും പിന്നീട് ലൂയി ദാഗ്വരേ ആ സങ്കേതം വികസിപ്പിച്ച് രൂപങ്ങള്‍ ചെമ്പു പ്ലേറ്റിലാക്കി വികസിപ്പിക്കുകയും ചെയ്തതോടെ ഛായാഗ്രഹണം ശക്തമായ ഒരു മാധ്യമമായി വളര്‍ന്നു. നിശ്ചല ഫോട്ടോഗ്രഫിയും സിനിമയും ടെലിവിഷനും വ്യത്യസ്തമായ ഒരു ദൃശ്യഭാഷയ്ക്കു രൂപം നല്കി. സ്ഥലത്തെയും കാലത്തെയും രൂപത്തെയും അനശ്വരമാക്കുന്ന ഫോട്ടോഗ്രഫി കാലക്രമത്തില്‍ കലാരൂപമായി അംഗീകരിക്കപ്പെട്ടു. മനുഷ്യന്റെ നയന സംസ്കാരത്തിലും ഈ കല ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാക്കി. ഭാഷയിലൂടെ ചിന്തിച്ചിരുന്ന മനുഷ്യന്റെ മാനസിക വ്യാപാരം ഇതോടെ ദൃശ്യരൂപങ്ങളിലൂടെയായി.

കൃത്രിമമഴ സൃഷ്ടിച്ചുള്ള വാതില്‍പ്പുറ ചിത്രീകരണം

ക്യാമറയുടെ സ്ഥാനവും വസ്തുവിനെ നിരീക്ഷിക്കുന്ന ആംഗിളും വെളിച്ചത്തിന്റെ തരഭേദവും അനുസരിച്ചാണ് ദൃശ്യങ്ങളുടെ സ്വരൂപം നിര്‍ണയിക്കപ്പെടുന്നത്. ആദ്യകാലങ്ങളില്‍ മുക്കാലിയില്‍ ഘടിപ്പിച്ച ക്യാമറ നിശ്ചിത സ്ഥാനത്ത് ഉറപ്പിച്ച് ഷോട്ടുകള്‍ എടുക്കുകയായിരുന്നു പതിവ്. ദൃശ്യവസ്തുവിനു നാടകീയത നല്കാനായി ക്യാമറയെ മുക്കാലിയില്‍ നിന്ന് മോചിപ്പിക്കണമെന്നു ശഠിച്ചത് ജര്‍മന്‍ സ്റ്റുഡിയോകളില്‍ പ്രവര്‍ത്തിച്ചിരുന്ന വാഗ്നര്‍ കാള്‍ഫ്രോണ്ട്, ഗുന്തര്‍ ക്രാംഫ് തുടങ്ങിയ ഛായാഗ്രാഹകരായിരുന്നു. സെമി ക്ലോസപ്പ്, ബിഗ് ക്ലോസപ്പ്, മീഡിയം ഷോട്ട്, മീഡിയം ലോങ് ഷോട്ട്, മീഡ് ഷോട്ട്, സ്റ്റാറ്റിക് ഷോട്ട് തുടങ്ങി ക്യാമറയുടെ സ്ഥാനവും വീക്ഷണത്തിന്റെ ആംഗിളും ദൂരവും അനുസരിച്ച് രൂപങ്ങള്‍ പകര്‍ത്തുന്ന രീതി നിലവില്‍ വന്നു. ക്യാമറ ഡിസ്റ്റോര്‍ഷന്‍, സ്ളോമോഷന്‍, ദ്രുതചലനം തുടങ്ങി നെഗറ്റീവ് ഫിലിം തന്നെ സ്ക്രീനില്‍ കാണിക്കുന്ന സങ്കേതം വരെ സംവിധായകര്‍ ഉപയോഗിച്ചു തുടങ്ങി.

പാനങ് (തിരശ്ചീനമായ ദൃശ്യങ്ങള്‍ പിടിച്ചെടുക്കാനുള്ള ക്യാമറയുടെ ചംക്രമണം), റ്റില്‍റ്റിങ് (ലംബമായി ക്യാമറ ചലിപ്പിക്കുന്ന വിദ്യ), ട്രാക്കിങ് ഷോട്ട് (ചക്രങ്ങളില്‍ ഉറപ്പിച്ച പ്ലാറ്റ്ഫോമില്‍ ക്യാമറ ഘടിപ്പിച്ച് പ്ലാറ്റ്ഫോം ചലിപ്പിച്ച് എടുക്കുന്ന ഷോട്ടുകള്‍), ട്രാവലിങ്, ഫ്ളൈയിങ് ഷോട്ടുകള്‍, ക്രാബ് (ക്യാമറയെ ഡോളിയില്‍ വച്ച് ക്യാമാറാമാന്റെ ഇഷ്ടാനുസരണം ചലിപ്പിക്കാനുള്ള സങ്കേതം), ബ്രിഡ്ജിങ് ഷോട്ട് (ഇമേജുകളുടെ തുടര്‍ച്ചയില്‍ ഉണ്ടാകുന്ന വിടവ് നികത്താന്‍ എടുക്കുന്നത്) തുടങ്ങിയ തന്ത്രങ്ങള്‍ ക്രമേണ നിലവില്‍ വന്നു.

ഓരോ സീനിന്റെയും വിശദാംശങ്ങള്‍ കുറിച്ച ക്ലാപ്പര്‍-രണ്ട് പലക ബോര്‍ഡുകള്‍ വിജാവരി വച്ച് മുറുക്കി തയ്യാറാക്കുന്ന ഉപകരണം-ശബ്ദത്തോടെ തുറന്നു പിടിക്കുകയും ഡയറക്ടര്‍ 'ആക്ഷന്‍!' പറയുകയും ചെയ്യുന്നതോടെ ക്യാമറ പ്രവര്‍ത്തിച്ച് തുടങ്ങുന്നു. ക്യാമറയിലൂടെ ഫിലിമിലേക്കു പതിക്കുന്ന പ്രകാശ രശ്മികള്‍ ഫിലിം ഇമല്‍ഷനിലുള്ള സില്‍വര്‍ ഹാലൈഡില്‍ പ്രത്യേക മാറ്റങ്ങള്‍ വരുത്തുന്നു. വിവിധ രാസപ്രവര്‍ത്തനങ്ങളുടെ ഫലമായി നെഗറ്റീവ് ഫിലിമായി രൂപാന്തരപ്പെടുമ്പോഴേ അതില്‍ പതിച്ച ദൃശ്യങ്ങള്‍ നേരിട്ടു കാണാന്‍ കഴിയൂ. എട്ടു. മി.മീ.-ലും പതിനാറു മി.മീ.-ലും മുപ്പത്തഞ്ചു മി.മീ.-ലും ഉള്ള ക്യാമറകള്‍ ഇന്നു പ്രചാരത്തിലുണ്ട്. മിച്ചല്‍, ആരിഫ്ലക്സ്, വിസ്റ്റാവിഷന്‍ തുടങ്ങിയ ക്യാമറകളാണ് സാധാരണ ഷൂട്ടിങ്ങിന് ഉപയോഗിക്കുന്നത്. ഏകകാലത്ത് ശബ്ദലേഖനം നിര്‍വഹിക്കുകയും നിശ്ശബ്ദം പ്രവര്‍ത്തിച്ച് രൂപങ്ങള്‍ പകര്‍ത്തുകയും ചെയ്യുന്ന ഭാരം കുറഞ്ഞ ക്യാമറകള്‍ ഇന്നു പ്രചാരത്തിലുണ്ട്. ഛായാഗ്രാഹകന് ഏത് ആംഗിളിലും നിന്നു സ്വതന്ത്രമായി താന്‍ ഉദ്ദേശിക്കുന്ന സൗകുമാര്യത്തോടും വിശദാംശത്തോടും ഷോട്ടുകള്‍ എടുക്കാന്‍ ഇവ ഉപകരിക്കുന്നു. 'സൂം' ലെന്‍സിന്റെ വളര്‍ച്ചയാണ് ഛായാഗ്രാഹകന്റെ സഹായത്തിനെത്തിയ മറ്റൊരു സാങ്കേതിക സിദ്ധി. നിശ്ചിതമായ ഒരു ദൂരപരിധിക്കകത്ത് ഫോക്കല്‍ ദൈര്‍ഘ്യം കൂട്ടാനും കുറയ്ക്കാനും സഹായിക്കുന്ന ഈ ലെന്‍സ് ദൃശ്യങ്ങളെ അടുത്തുനിന്നും അകലെനിന്നും സൗകര്യപൂര്‍വം സെല്ലുലോയ്ഡിലാക്കുന്നു. ചില 'സൂം' ലെന്‍സുകളില്‍ സ്പെഷ്യല്‍ ടെലിഫോട്ടോ അനുബന്ധം പിടിപ്പിച്ചെടുത്താല്‍ അകലെയുള്ള രൂപങ്ങള്‍ തൊട്ടുമുന്നിലെന്നപോലെ ഫിലിമിലാക്കാന്‍ കഴിയും. സൂമിങ്ങിന്റെ ചലനക്രമം നിയന്ത്രിക്കാന്‍ ചെറിയ ഡിസി മോട്ടോറുകള്‍ അവയില്‍ ഘടിപ്പിക്കുന്നു.

പ്രേക്ഷകരുടെ നയനസംസ്കാരം വര്‍ണപ്പൊലിമയുമായി തീര്‍ത്തും പൊരുത്തപ്പെട്ടു കഴിഞ്ഞിരിക്കുന്നതിനാല്‍ കളര്‍ ചിത്രങ്ങള്‍ക്കാണ് ഇന്നു കൂടുതല്‍ പ്രിയം. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍ അപൂര്‍വമായി മാത്രമേ നിര്‍മിക്കപ്പെടുന്നുള്ളൂ.

ഛായാഗ്രഹണത്തിനു അനുപേക്ഷണീയമായ ഘടകമാണ് പ്രകാശം. അടുത്ത കാലം വരെ സ്റ്റുഡിയോയിലെ കൃത്രിമ വെളിച്ചത്തിലായിരുന്നു ഷൂട്ടിങ്. ക്രമേണ ഔട്ട്ഡോര്‍ ഷൂട്ടിങ്ങിനു പ്രാധാന്യമേറി; പകല്‍ വെളിച്ചത്തിന്റെ ടോണുകളില്‍ പകര്‍ത്തപ്പെടുന്ന വാതില്‍പ്പുറദൃശ്യങ്ങളായി സിനിമയിലെ ഇമേജുകളേറെയും. നിഴലും വെളിച്ചവും ഇടകലര്‍ത്തി രംഗത്തിനിണങ്ങിയ വികാരം (mood) സൃഷ്ടിക്കുകയും കഥാപാത്രങ്ങളുടെ സ്വഭാവമനുസരിച്ച് പ്രകാശത്തിന്റെ ഏറ്റക്കുറച്ചില്‍ നിര്‍ണയിക്കുകയും ചെയ്യുന്നതിനു ലൈറ്റിങ് ഛായാഗ്രാഹകനെ സഹായിക്കുന്നു. ഇന്ന് ഉപയോഗിക്കുന്ന ലൈറ്റുകള്‍ 'ടങ്സ്റ്റന്‍ ഹലോജന്‍' ഇനത്തില്‍പ്പെടുന്നവയാണ്. വര്‍ണച്ചിത്രങ്ങള്‍ ഷൂട്ട് ചെയ്യുമ്പോള്‍ ഏതേതു നിറങ്ങള്‍ ഏതേതു തോതില്‍ ഫിലിം ഒപ്പിയെടുക്കണമെന്ന് ഛായാഗ്രാഹകന്‍ മുന്‍കൂട്ടി ഉറപ്പിക്കണം. ബാഹ്യപ്രകൃതിയെ അതിന്റെ തനിമയില്‍ പുനഃസൃഷ്ടിക്കുമ്പോള്‍ പ്രകൃതിയുടെ സൂക്ഷ്മഭാവങ്ങളും വസ്തുക്കളുടെ കോമ്പൊസിഷനും പ്രത്യേകം ശ്രദ്ധിക്കണം. എവിടെവച്ചും ശബ്ദലേഖനത്തോടെ ഏതു ദൃശ്യവും ഏതു തരത്തിലും പകര്‍ത്താവുന്ന തരത്തില്‍ ചലിച്ചിത്ര ഛായാഗ്രഹണ സാങ്കേതികവിദ്യ വികസിച്ചിട്ടുണ്ട്. സൂം ഷോട്ട്, ഫോക്കസ് പുള്‍, ഫ്രോസന്‍ ഫ്രയിം, മള്‍ട്ടിപ്പിള്‍ ഇമേജ് തുടങ്ങിയ അനേകം സാങ്കേതിക പ്രവിധികള്‍ ചലച്ചിത്രത്തിന്റെ ആസ്വാദനത്തെ സമ്പന്നമാക്കിക്കൊണ്ടിരിക്കുന്നു.

പ്രകാശത്തിന്റെ വിവിധ ടോണുകള്‍ സമുചിതമായി വിന്യാസിക്കാന്‍ ഛായാഗ്രാഹകര്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. വൈരുധ്യമില്ലെങ്കില്‍ താരതമ്യബോധം ഉണ്ടാവുകയില്ല. താരതമ്യം ഒരു വസ്തുവിന്റെ തനതായ പൊരുള്‍ എടുത്തുകാട്ടും. പ്രേക്ഷകമനസ്സിന്റെ കണ്ണാണ് ക്യാമറ എന്ന വസ്തുത ഛായാഗ്രാഹകന്‍ എപ്പോഴും ഓര്‍മിക്കണം.

വളരെ സങ്കീര്‍ണമായ ജോലിയാണ് ഫിലിം പ്രോസസിങ്. സംസ്കരണത്തിന് ഉപയോഗിക്കുന്ന രാസവസ്തുക്കളുടെ അളവും ഗുണനിലവാരവും താപനിലയും ഫിലിമിന്റെ തരവും എല്ലാം നിര്‍ണയിക്കുന്നത് 'സെന്‍സിറ്റോമെട്രി' സങ്കേതം ഉപയോഗിച്ചാണ്. അഡിറ്റിവ് കളര്‍ സിസ്റ്റം എന്ന സംവിധാനമനുസരിച്ച് ഒരു പ്രകാശ സ്രോതസ്സില്‍ നിന്ന് അടിസ്ഥാന വര്‍ണങ്ങളായ ചുവപ്പും പച്ചയും നീലയും വേര്‍തിരിച്ചെടുത്തും അവ വീണ്ടും കൂട്ടിച്ചേര്‍ത്തും നെഗറ്റീവിലൂടെ കടത്തിവിട്ട് പോസിറ്റീവ് ഫിലിമില്‍ ദൃശ്യങ്ങള്‍ ആമുദ്രണം ചെയ്യുന്നു. നെഗറ്റീവിലെ ഓരോ ഷോട്ടിനുംവേണ്ട നിറങ്ങളുടെ തോത് 'ഗ്രേഡിങ്' എന്ന സമ്പ്രദായത്തിലൂടെ നിശ്ചയിക്കുന്നു. ഇതിലേക്ക് കളര്‍ അനലൈസര്‍ എന്ന ഉപകരണം ഉപയോഗിക്കുന്നു. ദൃശ്യത്തിന്റെ പൊലിമ ഈ ഗ്രേഡിങ്ങിനെ ആശ്രയിച്ചിരിക്കുന്നു. സംവിധായകരുമായി കൂടിയാലോചിച്ച് അതീവ സൂക്ഷ്മതയോടും കലാത്മകമായ പാടവത്തോടും ഛായാഗ്രാഹകന്‍ ഈ പ്രവര്‍ത്തനം നിര്‍വഹിച്ചാലേ ചിത്രത്തിന്റെ പ്രിന്റ് ഹൃദ്യമാകൂ.

(തോട്ടം രാജശേഖരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍