This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഛന്ദസൂത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഛന്ദസൂത്രം

ഛന്ദശ്ശാസ്ത്രത്തിന്റെ ഒരു ആധാരഗ്രന്ഥം. ബി.സി. 3-ാം ശതകത്തില്‍ ജീവിച്ചിരുന്ന പിംഗള(ല)നാണ് ഇതിന്റെ കര്‍ത്താവ്. ഛന്ദസ്സുകളെക്കുറിച്ച് പഠിക്കുന്ന ഒരു പ്രത്യേക ശാസ്ത്രശാഖ വേദസാഹിത്യത്തില്‍ വളര്‍ന്നുവന്നു. അതാണ് വേദാംശങ്ങളിലൊന്നായ ഛന്ദസ്സ്. സംസ്കൃത സാഹിത്യത്തില്‍ ഉടലെടുത്ത വൃത്തങ്ങളെക്കുറിച്ചാണ് ഛന്ദസൂത്രത്തില്‍ പ്രധാനമായും പ്രതിപാദിക്കുന്നത്. ബീജഗണിതത്തിലെ ചിഹ്നങ്ങളുടേതുപോലുള്ള മാതൃകകള്‍ ഉപയോഗിച്ച് സൂത്രരൂപത്തിലാണ് ഈ ഗ്രന്ഥം രചിച്ചിട്ടുള്ളത്. വൃത്തശാസ്ത്രത്തിന്റെ വളര്‍ച്ചയെയും വികാസത്തെയും സംബന്ധിക്കുന്ന വിശദവിവരങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്.

പദ്യവരികളിലുള്ള അക്ഷരക്രമം, അവയുടെ എണ്ണം, പദ്യത്തിന്റെ ദൈര്‍ഘ്യം, താളം എന്നിവയെ അടിസ്ഥാനമാക്കിയാണ് വൃത്തങ്ങള്‍ തരംതിരിച്ചിട്ടുള്ളത്. ഇതനുസരിച്ച് ഓരോ വൃത്തത്തിനും ഓരോ പേരു നല്കിയിട്ടുണ്ട്. കലയും ജീവിതവും തമ്മിലുള്ള ബന്ധം, കവിതയിലെ വികാരപ്രകടനവും അതിനെ ഉത്തേജിപ്പിക്കുന്ന പ്രകൃതിയും തമ്മിലുള്ള ബന്ധം എന്നിവയെ ആസ്പദമാക്കിയാണ് വൃത്തങ്ങള്‍ക്കു പേരുണ്ടായിട്ടുള്ളത്. ഉദാഹരണമായി മഞ്ജരി, മാല എന്നീ വൃത്തങ്ങള്‍ സസ്യലോകത്തെയും ഭ്രമരവിലാസിതം പ്രാണിവര്‍ഗത്തെയും ഗജഗതി, ശാര്‍ദൂലവിക്രീഡിതം എന്നിവ ആന, കടുവ എന്നിവയുടെ നടപ്പിനെയും മന്ദാക്രാന്ത, വേഗവതി, ദ്രുതവിലാസിതം എന്നിവ ശുദ്ധചലനത്തെയും സൂചിപ്പിക്കുന്ന വൃത്തങ്ങളാണ്. മഞ്ജുഭാഷിണി, ചാരുഹാസിനി, ചഞ്ചലാക്ഷി, കാന്താത്പീഡ എന്നീ വൃത്തങ്ങളുടെ പേരുകള്‍ സ്ത്രീയുടെ സദ്ഗുണം, സൗന്ദര്യം എന്നിവയുമായി ബന്ധപ്പെടുത്തി നല്കിയിട്ടുള്ളവയാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍