This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചൗഹാന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചൗഹാന്‍

ഒരു രജപുത്രഗോത്രം. 'നാലു കരങ്ങള്‍ ഉള്ള' എന്ന അര്‍ഥം വരുന്ന ചതുര്‍ബാഹു എന്ന സംസ്കൃത പദത്തില്‍ നിന്നാണ് ചൗഹാന്‍ എന്ന ഗോത്രനാമം ഉണ്ടായതെന്ന് അഭിപ്രായമുണ്ട്. വസിഷ്ഠന്‍ യാഗം നടത്തിയപ്പോള്‍ ഹോമകുണ്ഠത്തില്‍ നിന്നും പിറവിയെടുത്ത നാലു സൃഷ്ടികളില്‍ നാലാമത്തേത് നാല് അംഗ (ചതുരംഗ)ങ്ങളോടുകൂടിയതായിരുന്നുവെന്നും അതിന് ചൗഹാന്‍ എന്ന പേരു നല്കിയെന്നുമാണ് ഐതിഹ്യം. ചതുര്‍ബാഹു എന്ന ഗോത്രത്തലവനില്‍ നിന്നാണ് ഈ സംജ്ഞ രൂപംകൊണ്ടതെന്ന അഭിപ്രായവുമുണ്ട്. അനലാചൗഹാന്‍ എന്ന രാജാവാണ് ഈ നാമത്തിന് ആധാരമായി മാറിയതെന്നും സൂചനയുണ്ട്.

ചൗ (നാല്), ഹാന്‍ (നഷ്ടം) എന്നീ പദങ്ങളില്‍ നിന്നാണ് 'ചൗഹാന്‍' രൂപം കൊണ്ടതെന്ന് ബിജ്നോറിലെ ചൗഹാന്മാര്‍ വിശ്വസിക്കുന്നു. സിന്ധുനദി കടന്ന പൂര്‍വികര്‍ക്ക് ഹിന്ദുമതത്തിന്റെ നാലു മുഖ്യ ഘടകങ്ങള്‍ നഷ്ടപ്പെട്ടുവെന്നും അക്കാരണത്താല്‍ ചൗഹാന്മാരായി മാറിയെന്നുമാണ് മറ്റൊരു പുരാവൃത്തം.

ഡല്‍ഹിയിലെ ചൗഹാന്മാര്‍ പരമ്പരാഗതമായി രഥോറുകളുടെയും കനൌജുകളുടെയും ശത്രുക്കളാണ്. ഡല്‍ഹിയിലെ ചൗഹാന്‍ രാജാക്കന്മാരുടെ അവസാനത്തെ കണ്ണി പൃഥ്വിരാജ് (1162-92) ആണ്. 1192-ല്‍ മുഹമ്മദ് ഷഹബുദിന്‍ ഗോറി ഇദ്ദേഹത്തെ കീഴടക്കി. കോട്ട, ബുന്ദി, സിരോഹി എന്നിവിടങ്ങളിലെ രാജകുടുംബങ്ങള്‍ ഈ വിഭാഗത്തില്‍പ്പെട്ടവയാണ്. അക്ബറിന്റെ കാലത്ത് അദ്ദേഹത്തിനു കീഴടങ്ങിയ ബുന്ദിയിലെ ഹാരാകളും ചൗഹാന്‍ വിഭാഗത്തില്‍പ്പെട്ടവരാണ് ജഹാംഗീറിന്റെ കാലത്ത് ബുന്ദിയിലെ രാജകുമാരനായ റാവുരതന്‍ മഹാരാജാവിനെ പിന്തുണച്ചപ്പോള്‍ ചൗഹാന്‍ വിഭാഗത്തിലെ മറ്റു രാജകുമാരന്മാര്‍ മഹാരാജാവിന്റെ മകനായ ഘുറമിനു പിന്നില്‍ അണിനിരന്നു.

ഔറംഗസീബിന്റെ മരണശേഷം അദ്ദേഹത്തിന്റെ മക്കള്‍ അധികാരത്തിനായി അടരാടിയപ്പോള്‍ ചൗഹാന്മാര്‍ ഇരുവിഭാഗങ്ങളിലും അണിനിരന്നു. ഷാ ആലമിനു പിന്തുണ നല്കിയ ബുന്ദിയിലെ ഹാരാകള്‍ വിജയശ്രീലാളിതരാവുകയും അവരുടെ നേതാവിന് റാവുരാജ എന്ന ബഹുമതി ലഭിക്കുകയും ചെയ്തു. വിവിധ വിഭാഗം ചൗഹാന്മാര്‍ക്കിടയിലെ ശത്രുത 18-ാം ശ. അവസാനിക്കുന്നതുവരെയും നിലനിന്നിരുന്നു.

പൃഥിരാജന്റെ പിന്‍ഗാമികള്‍ 12-ാം ശതകത്തിലാണ് ഉത്തര്‍ പ്രദേശിലെ മായന്‍പുരിയില്‍ അധിവാസം ആരംഭിച്ചത്. ചൗഹാനയിലെ ഉനാവോ ചൗഹാന്മാരെ കുഗ്മാവോ ചൗഹാന്മാരെന്നും പരാമര്‍ശിക്കാറുണ്ട്. ബിജ്നോര്‍, മൊറാദാബാദ്, ഗോരഖ്പൂര്‍ എന്നിവിടങ്ങളിലെ ചൗഹാന്മാരില്‍ കലര്‍പ്പുണ്ടെന്ന് കരുതപ്പെടുന്നു. ബറേലിയിലെ ചൗഹാന്മാര്‍ അവിടെ അധിവസിച്ചിരുന്ന ഭീലുകളെ തുരത്തിയശേഷം 1550-ലാണ് താവളമുറപ്പിച്ചത്. വടക്കു പടിഞ്ഞാറന്‍ ദേശത്ത് മായന്‍പുരി, രജോര്‍, നൊപ്നര്‍, ചക്നഗര്‍ എന്നിവിടങ്ങളിലാണ് ചൗഹാന്മാരുടെ അധിവാസം.

മേവര്‍, ദുങ്കര്‍പൂര്‍, സിരോഹി, ബിക്കാനീര്‍, ജയ്പൂര്‍, ബുന്ദി, കോട്ട എന്നീ പ്രദേശങ്ങള്‍ക്കു പുറമേ, ഹര്യാനയിലെ ചില ജില്ലകളിലും ചൗഹാന്മാര്‍ കുടിയേറിയിട്ടുണ്ട്. വടക്കു പടിഞ്ഞാറന്‍ ദേശത്ത് മുസഫര്‍നഗര്‍, മീററ്റ്, ബുലന്ദ്ശഹര്‍, അലിഗര്‍, മഥുര, ആഗ്ര, ബീരൈലി, ലഖ്നൌ, ഉന്നാവോ, സീതാപൂര്‍, അസംഗര്‍ മുതലായ സ്ഥലങ്ങളിലും ചൗഹാന്മാരുടെ സാന്നിധ്യം ശ്രദ്ധേയമാണ്.

മഹാദേവനാണ് ചൗഹാന്മാരുടെ ആരാധനാമൂര്‍ത്തി. ചൗഹാന്‍ വിഭാഗത്തിന്റെ അടിത്തട്ടിലുള്ളവര്‍ ചൗധരി, പസ്വാന്‍, ഖാഗി എന്നീ പേരുകളില്‍ അറിയപ്പെടുന്നു. കച്ചവാ, സധൗരിയ, റഥോര്‍ എന്നീ വിഭാഗങ്ങളുമായി ഇവര്‍ വിവാഹബന്ധത്തില്‍ ഏര്‍പ്പെടുന്നുണ്ട്. രജപുത്താനയിലെ ചൗഹാന്മാരില്‍ 24 ശാഖകള്‍ ഉള്ളതായി ചരിത്രകാരനായ ടോഡ് അഭിപ്രായപ്പെടുന്നു. ഒരു വിഭാഗം ഇസ്ലാം മതം സ്വീകരിച്ചവരാണ്. അംഖാനി മുസല്‍മാന്‍ എന്ന പേരിലാണ് ഇവര്‍ അറിയപ്പെടുന്നത്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9A%E0%B5%97%E0%B4%B9%E0%B4%BE%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍