This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചൗരിചൗരാ സംഭവം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചൗരിചൗരാ സംഭവം

യു.പി.യിലെ ഗോരഖ്പൂരിനടുത്തുള്ള ചെറുഗ്രാമമായ ചൗരിചൗരായില്‍ അക്രമാസക്തമായ ജനക്കൂട്ടവും പൊലീസും തമ്മില്‍ 1922 ഫെബ്രുവരിയിലുണ്ടായ ഏറ്റുമുട്ടല്‍. ഗാന്ധിജിയുടെ നേതൃത്വത്തില്‍ നിസ്സഹകരണ പ്രസ്ഥാനം ശക്തി പ്രാപിച്ചുകൊണ്ടിരുന്ന കാലത്താണ് (1920-22) ഈ സംഭവം നടന്നത്. ഇതോടെ ഈ ചെറിയ ഗ്രാമം ദേശീയശ്രദ്ധ പിടിച്ചുപറ്റി.

1922 ഫെ. 5-ന് ചൗരിചൗരായില്‍ ശാന്തരായി നടന്നുനീങ്ങിയ കോണ്‍ഗ്രസ് ഖിലാഫത്ത് ജാഥാംഗങ്ങളെ യാതൊരു കാരണവും കൂടാതെ പൊലീസ് അലോസരപ്പെടുത്തിയത് ജനങ്ങളും പൊലീസും തമ്മിലുള്ള സംഘട്ടനത്തില്‍ കൊണ്ടെത്തിച്ചു. തുടര്‍ന്നുണ്ടായ പൊലീസ് വെടിവയ്പോടെ പ്രക്ഷുബ്ധരായ ജനങ്ങള്‍ അക്രമാസക്തരായി. പ്രാണരക്ഷാര്‍ഥം പൊലീസ് സ്റ്റേഷനില്‍ അഭയം പ്രാപിച്ച പൊലീസുകാരെ അവര്‍ പിന്തുടര്‍ന്ന് ആക്രമിക്കുകയും സ്റ്റേഷനു തീ വയ്ക്കുകയും ചെയ്തു. ഇതിന്റെ ഫലമായി 22 പൊലീസുകാര്‍ വെന്തുമരിച്ചു.

രാജ്യത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച ചൌരിചൌരാ സംഭവത്തെ തുടര്‍ന്ന് ഗാന്ധിജി നികുതിനിഷേധ പ്രസ്ഥാനമടക്കമുള്ള എല്ലാ നിസ്സഹകരണ പരിപാടികളും നിര്‍ത്തിവച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം ഈ തീരുമാനം ശരിവച്ചെങ്കിലും രാജ്യത്തെയാകെ ഇതു നിരാശയിലാഴ്ത്തുകയാണുണ്ടായത്. യു.പി.യിലെ ഒരു ചെറിയ ഗ്രാമത്തില്‍ നടന്ന ഒരു സംഭവത്തിന്റെ പേരില്‍ ഉദാത്തമായ ഒരു പ്രസ്ഥാനം ഗാന്ധിജി നിര്‍ത്തിവയ്ക്കേണ്ടിയിരുന്നില്ല എന്നായിരുന്നു പരക്കെയുള്ള അഭിപ്രായം. ഈ സാഹചര്യം മുതലെടുത്ത സര്‍ക്കാര്‍ മാ. 10-ന് ഗാന്ധിജിയെ അറസ്റ്റു ചെയ്തു. ചൗരിചൗരായില്‍ നടന്ന ദുരന്തത്തിന്റെ ഉത്തരവാദിത്തം തനിക്കാണെന്ന് ഗാന്ധിജി കോടതിയില്‍ ഏറ്റു പറഞ്ഞതിനെത്തുടര്‍ന്ന് കോടതി ഇദ്ദേഹത്തിന് ആറുവര്‍ഷത്തെ കഠിനതടവു ശിക്ഷ വിധിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍