This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചൗധരി, സലില്‍ (1925 - 95)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചൗധരി, സലില്‍ (1925 - 95)

സലില്‍ ചൗധരി

ഇന്ത്യന്‍ സംഗീതസംവിധായകനും ഗാനരചയിതാവും. ബംഗാളിലെ 24 പര്‍ഗാനാ ജില്ലയില്‍ 1925-ല്‍ ജനിച്ചു. വിദ്യാഭ്യാസത്തിനുശേഷം കര്‍ഷകര്‍ക്കിടയില്‍ സജീവപ്രവര്‍ത്തകനായി. ദേശാന്തരീയ സാംസ്കാരിക സമന്വയത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ പീപ്പിള്‍സ് തിയെറ്റേഴ്സ് അസോസിയേഷന്റെ നാടകങ്ങള്‍ക്കും ഗാനസംഘങ്ങള്‍ക്കും വേണ്ടി സംഗീത സംവിധാനം നിര്‍വഹിച്ചുകൊണ്ട് കലാരംഗത്തു ശ്രദ്ധേയനായി. ഭാരതത്തിലാകമാനമുള്ള ഇടതുപക്ഷ സാംസ്കാരിക സംഘടനകളിലൂടെ സലില്‍ചൗധരിയുടെ സംഗീതം ഏറെ പ്രചാരം നേടി. ഋത്വിക് ഘട്ടക്, മ്യണാള്‍ സെന്‍ തുടങ്ങിയ പ്രസിദ്ധ സിനിമാ സംവിധായകര്‍ നാല്പതുകളിലെ ബംഗാളി നാടകവേദിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുകയും സലില്‍ ചൗധരിയുടെ സംഗീതം ഉപയോഗപ്പെടുത്തുകയും ചെയ്തു. ലാറ്റിനമേരിക്കന്‍ നാടോടിഗാനങ്ങളുടെ സ്വാധീനം ചൗധരിയുടെ സംഗീതസംവിധാനത്തില്‍ കാണാം.

സത്യന്‍ ബോസ്, ബിമര്‍ റോയ് എന്നിവരുടെ ചലച്ചിത്രങ്ങള്‍ക്കു സംഗീതസംവിധാനം നിര്‍വഹിച്ചുകൊണ്ടാണ് സലില്‍ ചൗധരി സിനിമാലോകത്തേക്കു പ്രവേശിച്ചത്. 'മധുമതി' എന്ന ചലച്ചിത്രത്തിലെ സംഗീതസംവിധാനം ചൗധരിയെ ഏറെ പ്രശസ്തനാക്കി. തുടര്‍ന്ന് ഋഷികേശ് മുക്കര്‍ജിയുടെ 'മുസാഫിര്‍', 'ആനന്ദ്' തുടങ്ങിയ ചിത്രങ്ങളിലൂടെ മുന്നേറി. അസമിയ, കന്നഡ, തമിഴ്, തെലുഗു, മലയാളം മുതലായ ഭാഷകളില്‍ സംഗീതസംവിധാനം നിര്‍വഹിച്ചുകൊണ്ട് ഭാരതത്തിലുടനീളം പ്രശസ്തനായി.

മലയാളചലച്ചിത്രരംഗത്ത് രാമു കാര്യാട്ടിന്റെ 'ചെമ്മീന്‍' എന്ന ചിത്രത്തിനു വേണ്ടി സംഗീതസംവിധാനം നിര്‍വഹിച്ച് മലയാളികളുടെ മനം കവര്‍ന്ന ചൗധരി പില്ക്കാലത്ത് 'ഏഴുരാത്രികള്‍', 'അഭയം', 'നെല്ല്', 'മദനോത്സവം' തുടങ്ങി അനേകം ചലിച്ചിത്രങ്ങളിലൂടെ മലയാളസിനിമാലോകത്ത് സ്ഥാനമുറപ്പിച്ചു.

'സാരാ ആകാശ്', 'രജനിഗന്ധ', 'ഛോട്ടി സി ബാത്', 'മൃഗയ', 'കാലാ പഥര്‍', 'വാസ്തുഹാര' തുടങ്ങിയവയാണ് ചൗധരി സംഗീതം നല്കിയ മറ്റു ചില പ്രമുഖ ചിത്രങ്ങള്‍. 1995 സെപ്. 5-ന് സലില്‍ ചൗധരി അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍