This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചൗധരി, നീരദ്ചന്ദ്ര (1897 - 1999)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചൗധരി, നീരദ്ചന്ദ്ര (1897 - 1999)

നീരദ്ചന്ദ്ര ചൗധരി

ഇന്ത്യന്‍ സാഹിത്യകാരനും ചിന്തകനും പത്രപ്രവര്‍ത്തകനും. ഇന്തോ ഇംഗ്ലീഷ് സാഹിത്യകാരന്മാരില്‍ ഉന്നത സ്ഥാനീയനാണിദ്ദേഹം. അഭിഭാഷകനായ ഉപേന്ദ്രനാരായണ്‍ ചൗധരിയുടെയും സുശീലയുടെയും പുത്രനായി 1897 ന. 23-ന് ബംഗാളിലെ കിഷോര്‍ഗഞ്ചില്‍ (ഇപ്പോള്‍ ബാംഗ്ലാദേശില്‍) ജനിച്ചു. കല്‍ക്കത്ത സര്‍വകലാശാലയില്‍നിന്ന് ബി.എ. ഓണേഴ്സ് ബിരുദം നേടിയ (1918)ശേഷം 1952 വരെ ആകാശവാണിയില്‍ സേവനമനുഷ്ഠിച്ചു. ഇതിനിടെ കുറച്ചുകാലം കല്‍ക്കത്തയിലെ മോഡേണ്‍ റിവ്യൂവില്‍ സഹപത്രാധിപരുമായിരുന്നു. ഇന്ത്യയിലെ പ്രധാന ദിനപത്രങ്ങള്‍, ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ എന്നിവയ്ക്കു പുറമേ ദ് ടൈംസ്, ദ് ഡെയ്ലി ടെലിഗ്രാഫ്, ഗാര്‍ഡിയന്‍, മാഞ്ചസ്റ്റര്‍ മാഗസിന്‍, എന്‍കൗണ്ടര്‍, ദ് ന്യൂ ഇംഗ്ലീഷ് റിവ്യൂ, സ്പെക്റ്റേറ്റര്‍, ദി അത് ലാന്തിക് മന്ത്ലി, പസിഫിക് അഫയേഴ്സ് എന്നീ പത്ര-മാസികകളിലും ഇദ്ദേഹം രചന നടത്തിയിരുന്നു. ആത്മകഥാപരമായ ദി ആട്ടോബയോഗ്രഫി ഒഫ് ആന്‍ അണ്‍നോണ്‍ ഇന്ത്യന്‍ എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചതോടെയാണ് (മാക്മില്ലന്‍ പ്രസിദ്ധീകരണം, 1951) ഇദ്ദേഹത്തിന്റെ പ്രശസ്തി വര്‍ധിച്ചത്. പൂര്‍വ ബംഗാളില്‍ ജനിച്ച് കല്‍ക്കട്ടത്തയില്‍ വളര്‍ന്ന ഒരു ഇന്ത്യക്കാരന്റെ ജീവിതകഥയായ ഈ ഗ്രന്ഥം ചരിത്ര-സാംസ്കാരിക വസ്തുതകളുടെ ഒരു ഉത്തമ സമാഹാരമാണ്. ഇന്ത്യയിലെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ സ്മരണയ്ക്കാണ് ഈ ഗ്രന്ഥം സമര്‍പ്പിച്ചിരിക്കുന്നത്. ബ്രിട്ടനോടും ബ്രിട്ടീഷ് ഭരണത്തോടും ഇദ്ദേഹത്തിന് ആരാധനയാണുണ്ടായിരുന്നത്. ഇന്ത്യയെയും ഇന്ത്യക്കാരെയും ഇന്ത്യയിലെ ദേശീയ പ്രസ്ഥാനത്തെയും പൊതുവെയും മഹാത്മാഗാന്ധി, ജവാഹര്‍ലാല്‍ നെഹ്റു എന്നിവരെ പ്രത്യേകിച്ചും ഇദ്ദേഹം നിശിതമായി വിമര്‍ശിച്ചിരുന്നു. ശരിയെന്നു തോന്നുന്ന അഭിപ്രായങ്ങള്‍ വെട്ടിത്തുറന്നു പറഞ്ഞതുകൊണ്ടാകണം ഇദ്ദേഹം ഇന്ത്യയില്‍ അനഭിമതനായത്.

1970 മുതല്‍ ഇദ്ദേഹം ഓക്സ്ഫഡില്‍ സ്ഥിരതാമസമാക്കി. ബംഗാളിഭാഷയിലും ഇദ്ദേഹം ഏതാനും കൃതികള്‍ രചിച്ചിട്ടുണ്ട്. ബംഗാളിസമൂഹത്തിലെ സ്ത്രീകളെപ്പറ്റി 1967-ല്‍ രചിച്ച കൃതി ശ്രദ്ധേയമാണ്. ചൗധരിയുടെ മറ്റു പ്രശസ്ത കൃതികളാണ് എ പാസ്സേജ് ടു ഇന്ത്യ (1959), ദ് കോണ്ടിനെന്റ് ഒഫ് സിര്‍സെ (1965-ഡഫ് കൂപ്പര്‍ മെമ്മോറിയല്‍ പുരസ്കാരം, 1966), ദി ഇന്റലക്ച്വല്‍ ഇന്‍ ഇന്ത്യ (1967), ടു ലിവ് ഓര്‍ നോട്ട് ടു ലിവ് (1970), സ്കോളര്‍ എക്സ്റ്റ്രാ ഓര്‍ഡിനറി; ലൈഫ് ഒഫ് എഫ്. മാക്സ് മ്യുള്ളര്‍ (1974), ക്ലൈവ് ഒഫ് ഇന്ത്യ (1975), കള്‍ചര്‍ ഇന്‍ ദ് വാനിറ്റി ബാഗ് (1976), ഹിന്ദൂയിസം (1979), ദൈ ഹാന്‍ഡ്, ഗ്രേറ്റ് അനാര്‍ക് ഇന്ത്യ; 1921-52 എന്നിവ. അന്തരിക്കുന്നതിനു രണ്ടു വര്‍ഷം മുമ്പു രചിച്ച കൃതിയാണ് ത്രീ ഹോഴ്സ് മെന്‍ ഒഫ് ദി അപ്പോകാലിപ്സ്. ലാറ്റിന്‍, ഗ്രീക്ക്, ജര്‍മന്‍, ഫ്രഞ്ച് എന്നീ ഭാഷകളില്‍ ഇദ്ദേഹത്തിനു പ്രാവീണ്യമുണ്ടായിരുന്നു. സംഗീതം, പ്രത്യേകിച്ച് പാശ്ചാത്യസംഗീതവും ഓപ്പറയും നീരദിന് ഹരമായിരുന്നു.

ഷിക്കാഗോ, ടെക്സാസ്, പെന്‍സില്‍വാനിയ, പോട്ട്സ് ഡാം, ബോസ്റ്റണ്‍, ഓക്സ്ഫഡ് തുടങ്ങി നിരവധി സര്‍വകലാശാലകളില്‍ ഇദ്ദേഹം പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്.

ഇദ്ദേഹത്തിന്റെ സാഹിത്യ സംഭാവനകളെ ആദരിച്ചുകൊണ്ട് ഓക്സ്ഫഡ് സര്‍വകലാശാല 1990-ല്‍ ഇദ്ദേഹത്തിന് ഡി ലിറ്റ് ബിരുദം നല്കി. സ്റ്റെര്‍ലിങ് യൂണിവേഴ്സിറ്റിയുടെ ഡി ലിറ്റ് ബിരുദം, ഡഫ് കൂപ്പര്‍ മെമ്മോറിയല്‍ പ്രൈസ് തുടങ്ങി അനേകം ബഹുമതികള്‍ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. അടുത്തകാലത്ത് വിശ്വഭാരതി സര്‍വകലാശാലയും 'ദേശികോത്തമ' ബിരുദം നല്കി ചൗധരിയെ ആദരിക്കുകയുണ്ടായി. 62 വര്‍ഷത്തെ വൈവാഹിക ജീവിതത്തിനുശേഷം ഭാര്യ അമിയാ ധരി 1994-ല്‍ അന്തരിച്ചതോടെ ഇദ്ദേഹത്തിന് വല്ലാത്ത ശൂന്യത അനുഭവപ്പെട്ടിരുന്നു. ഇദ്ദേഹത്തിന്റെ മൂത്തപുത്രന്മാരില്‍ ഒരാളാണ് ഫ്ളോറന്‍സി

(ഇറ്റലി)ലെ യൂറോപ്യന്‍ യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫസറും പ്രമുഖ ചരിത്രകാരനുമായ കീര്‍ത്തി നാരായണന്‍ ചൗധരി. ഹൃദയാഘാതത്തെ തുടര്‍ന്ന് 1999 ആഗ. 1-ന് (101 വയസ്സ്) ഓക്സ്ഫഡില്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍