This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചൗഡയ്യ (1894 - 1967)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചൗഡയ്യ (1894 - 1967)

വയലിന്‍ വിദ്വാന്‍. കര്‍ണാടക സംസ്ഥാനത്തെ നരസിപ്പൂര്‍ താലൂക്കില്‍ തിരുമകുടലു ഗ്രാമത്തില്‍ 1894 ജനു. 1-ന് സുന്ദരമ്മയുടെയും അഗസ്ത്യഗൗഡയുടെയും പുത്രനായി ചൌഡയ്യ ജനിച്ചു. സംഗീതത്തിന്റെ ആരംഭപാഠങ്ങള്‍ അമ്മയില്‍ നിന്നുമാണ് അഭ്യസിച്ചത്. സംഗീതത്തിലായിരുന്നു ആദ്യകാലത്ത് ശ്രദ്ധ മുഴുവന്‍ കേന്ദ്രീകരിച്ചത്. മൈസൂര്‍ കൊട്ടാരത്തിലെ ആസ്ഥാന വിദ്വാനായിരുന്ന ബിഡാരം കൃഷ്ണപ്പയുടെ കീഴില്‍ പിന്നീട് ചൌഡയ്യ സംഗീതവും വയലിനും അഭ്യസിച്ചു. 16-ാമത്തെ വയസ്സില്‍, മാതുലന്റെ കച്ചേരിക്കു വയലിന്‍ വായിച്ചു. ബിഡാരം കൃഷ്ണപ്പയുടെ കീഴില്‍ കടുത്ത ശിക്ഷണമാണ് ചൌഡയ്യയ്ക്കു കിട്ടിയത്. വയലിന്‍ സാധകം കൂടാതെ പ്രാണായാമം, വേഗതയിലുള്ള നടത്തം ഒക്കെ നിര്‍ബന്ധമായിരുന്നു. ഓരോ ആഴ്ചയിലും ഓരോ രാഗമാണ് സാധകത്തിന് തെരഞ്ഞെടുത്തിരുന്നത്. ആ രാഗത്തില്‍, രാഗാലാപനം, കൃതി, നിരവല്‍, സ്വരപ്രസ്താരം, രാഗം, താനം, പല്ലവി എന്നിങ്ങനെയായിരുന്നു സാധകത്തിന്റെ ക്രമം. 1927-ല്‍ മൈസൂരിലെ രംഗപ്പ(വയലിന്‍ നന്നാക്കുന്ന)യുമായി ചേര്‍ന്ന ചൗഡയ്യ, 7 കമ്പികളുള്ള വയലിന്‍ രൂപകല്പന ചെയ്തു. ഇതില്‍ ആദ്യത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും കമ്പികള്‍ രണ്ടുവീതവും നാലാമത്തെ കമ്പിമാത്രം ഒന്നായും സംവിധാനം ചെയ്തിരിക്കുന്നു. ഷട്കാലമാരാരുടെ 7 കമ്പിയുള്ള തംബുരു കണ്ടിട്ടാകാം ചൌഡയ്യയ്ക്ക് ഈ ആശയം ഉണ്ടായത് എന്നു ചിലര്‍ അഭിപ്രായപ്പെടുന്നു. ചെമ്പൈ, ആലത്തൂര്‍ സഹോദരന്മാര്‍, ജി.എന്‍. ബാലസുബ്രഹ്മണ്യം, അരിയക്കുടി രാമാനുജ അയ്യങ്കാര്‍ എന്നീ വിദ്വാന്മാര്‍ക്ക് ചൗഡയ്യ പക്കം വായിച്ചിട്ടുണ്ട്.

മൈസൂര്‍ മഹാരാജാവ് കൃഷ്ണരാജവാഡിയാര്‍ 1939-ല്‍ ചൗഡയ്യയെ ആസ്ഥാനവിദ്വാനായി നിയമിച്ചു. 1940-ല്‍ 'സംഗീതരത്നം' എന്ന ബഹുമതിയും 1957-ല്‍ മദ്രാസ് മ്യൂസിക് അക്കാദമിയില്‍ നിന്നും 'സംഗീതകലാനിധി' ബഹുമതിയും ചൗഡയ്യയ്ക്ക് ലഭിച്ചു. 1952-ല്‍ ചൗഡയ്യ മൈസൂര്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്കു നാമനിര്‍ദേശം ചെയ്യപ്പെട്ടു. അനേകം കൃതികളും തില്ലാനകളും ചൗഡയ്യ രചിച്ചിട്ടുണ്ട്. ഇദ്ദേഹം സ്വീകരിച്ച മുദ്ര 'ത്രിമകുട' എന്നായിരുന്നു. ചൗഡയ്യയുടെ മകളുടെ മകനായ അംബരീഷ് കന്നഡ ചലച്ചിത്ര താരമാണ്. ചൗഡയ്യയുടെ ശിഷ്യപരമ്പരയില്‍ പാലക്കാട് സി.ആര്‍. മണി അയ്യര്‍, വി. രാമരത്നം മുതലായവര്‍ ഉള്‍പ്പെടുന്നു. 1967-ല്‍ ചൗഡയ്യ അന്തരിച്ചു.

(പ്രൊഫ. എം.കെ. മോഹനചന്ദ്രന്‍ നായര്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9A%E0%B5%97%E0%B4%A1%E0%B4%AF%E0%B5%8D%E0%B4%AF_(1894_-_1967)" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍