This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ച്യൂയിങ് ഗം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ച്യൂയിങ് ഗം

പശിമയുള്ള ഒരിനം മിഠായി. പ്രത്യേകതരം മരങ്ങളില്‍നിന്നും എടുക്കുന്ന കറയില്‍ മധുരവും സുഗന്ധവസ്തുക്കളും കലര്‍ത്തി നിര്‍മിക്കുന്നു. വെറുതേ വായിലിട്ടു ചവയ്ക്കാനാണ് ഇതുപയോഗിക്കുന്നത്. ഈ ശീലം ഇന്ന് ലോകമെമ്പാടും പടര്‍ന്നുപിടിച്ചിട്ടുണ്ട്.

മനസ്സിന്റെ ലാഘവത്തിനും ഊര്‍ജസ്വലതയ്ക്കും വേണ്ടി പലതരം ഇലകളും (ഉദാ. താംബൂലം) മരക്കറകളും ചവയ്ക്കുന്ന ശീലം പ്രാചീനകാലത്തു തന്നെ മനുഷ്യര്‍ക്കുണ്ടായിരുന്നു. പുരാതന ഗ്രീക്കുകാര്‍ മാസ്റ്റിക് മരക്കറ ചവച്ചിരുന്നു. സപ്പോട്ട മരത്തിന്റെ (Archas Sapota) കറയായ ചിക്കിള്‍ ചവയ്ക്കുന്ന ശീലം സഹസ്രാബ്ദങ്ങള്‍ക്കു മുമ്പുതന്നെ മായന്മാര്‍ക്കുണ്ടായിരുന്നു. വ്യാവസായികാടിസ്ഥാനത്തില്‍ ആദ്യം വിറ്റഴിച്ചു തുടങ്ങിയത് സ്പ്രൂസ് മരക്കറയാണ് (1800). ചിക്കിളിനോടൊപ്പം സമാനമായ മറ്റു കറകളും ചേര്‍ത്ത് ച്യൂയിങ് ഗം നിര്‍മാണമാരംഭിച്ചത് യു.എസ്സിലാണ്. 1860-കളിലാരംഭിച്ച ഈ വ്യവസായം പെട്ടെന്നു വമ്പിച്ച പുരോഗതി നേടി. ഇപ്പോള്‍ മരക്കറയോടൊപ്പം കൃത്രിമ പ്പശകളും ചേര്‍ത്തു വരുന്നു. പലതരം കറകള്‍ ഒന്നിച്ചുചേര്‍ക്കുമ്പോള്‍ കൂടുതല്‍ മൃദുത്വവും ചവയ്ക്കാന്‍ സുഖവുമുണ്ടെന്നു കണ്ടെത്തി. ഇതിനായി കറകളെല്ലാം കൂട്ടിച്ചേര്‍ത്ത് നന്നായി അരച്ചശേഷം നീരാവി മര്‍ദം ഉപയോഗിച്ച് ഉരുക്കിച്ചേര്‍ക്കുന്നു. പിന്നീട് സെന്‍ട്രിഫ്യൂഗ് യന്ത്രവും നേര്‍മയേറിയ അരിപ്പയും ഉപയോഗപ്പെടുത്തി മാലിന്യങ്ങള്‍ അകറ്റുന്നു. കുഴമ്പു പരുവത്തില്‍ ലഭിക്കുന്ന ഈ മിശ്രിതത്തില്‍ നേര്‍മയായി പൊടിച്ച പഞ്ചസാര, കോണ്‍ സിറപ്പ്, സുഗന്ധവസ്തുക്കള്‍ എന്നിവ ചേര്‍ത്ത് റൊട്ടിമാവിന്റെ പരുവത്തില്‍ നന്നായി കുഴച്ചെടുക്കുന്നു. കസ്തൂരി, തുളസിത്തൈലം, പഴച്ചാറുകള്‍, പലതരം സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവ മണം നല്കാന്‍ ചേര്‍ക്കാറുണ്ട്. അരച്ചെടുത്ത മാവ് റോളറില്‍ കടത്തിവിട്ട് സു. 50 സെ.മീ. വീതിയുള്ള റിബണുകളാക്കി വലിച്ചെടുക്കുന്നു. ഈ റിബണുകള്‍ പല വലുപ്പത്തിലും രൂപത്തിലും മുറിച്ചെടുത്ത് പഞ്ചസാരപ്പാവില്‍ മൂക്കി പൊതിഞ്ഞെടുക്കുന്നു. 20 ശ.മാ. മരക്കറ, 19 ശ.മാ. ചോളമാവ്, 60 ശ.മാ. പഞ്ചസാര, 1 ശ.മാ. സുഗന്ധദ്രവ്യങ്ങള്‍ എന്നിങ്ങനെയാണ് ച്യൂയിങ് ഗമ്മിന്റെ ചേരുവ.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍