This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ച്യവനപ്രാശം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ച്യവനപ്രാശം

ശരീരപുഷ്ടിക്കും ജരാനരകള്‍ അകറ്റുന്നതിനും നിര്‍ദേശിച്ചിട്ടുള്ള ഒരു ആയുര്‍വേദ ഔഷധം; ലേഹയോഗങ്ങളില്‍ വളരെ പ്രശസ്തമായത്.

വൃദ്ധനും വിരൂപനുമായിരുന്ന ച്യവനമഹര്‍ഷിക്ക് യൗവനവും തേജസ്സും ലഭിക്കാന്‍ അശ്വിനീദേവന്മാര്‍ ഉപദേശിച്ചുകൊടുത്ത ഔഷധമാണ് ച്യവനപ്രാശം (ച്യവനന്റെ ആഹാരം) എന്നു വിശ്വസിച്ചുവരുന്നു. ഒരു നേരത്തെ ഭക്ഷണത്തിനുപകരമായി ഇത് ഉപയോഗിക്കാനാണ് നിര്‍ദേശം. അനുപാനമായി പാല് വിധിച്ചിട്ടുണ്ട്. ച്യവനമഹര്‍ഷി ഇതുമാത്രം ആഹാരമാക്കി ജരാനരകളില്‍നിന്നും മുക്തനായി അനേകനാള്‍ ജീവിച്ചു എന്നാണ് ഐതിഹ്യം.

പ്രസിദ്ധങ്ങളായ എല്ലാ ആയുര്‍വേദ ഗ്രന്ഥങ്ങളിലും ച്യവനപ്രാശത്തിന്റെ നിര്‍മാണരീതി വിശദീകരിച്ചിട്ടുണ്ട്. കേരളത്തില്‍ പ്രചുരപ്രചാരമുള്ള അഷ്ടാംഗഹൃദയത്തിലെ നിര്‍മാണരീതി ചുവടെ ചേര്‍ക്കുന്നു.

കുമ്പിള്‍, കൂവളം, പാതിരി, വയ്യാഴാന്ത, മുഞ്ഞ, ഓരില, മൂവില, വെണ്‍വഴുതിന, ചെറുവഴുതിന, കുറുന്തോട്ടി, കാട്ടുഴുന്ന്, കാട്ടുപയറ്, കാട്ടുതിപ്പലി, കീഴാനെല്ലി, കാക്കത്തൊണ്ടി, തഴുതാമ, ചെറിയ ആടലോടകം എന്നിവയുടെ വേര്; ഞെരിഞ്ഞില്‍, മുത്തങ്ങാക്കിഴങ്ങ്, ജീവകം, ഇടവകം, ചെങ്ങഴിനീര്‍ക്കിഴങ്ങ്, തിപ്പലി, ആനത്തിപ്പലി (വലിയ തിപ്പലി), കര്‍ക്കടശൃംഗി, മേദമഹാമേദ, കച്ചോലം, അടപൊതിയന്‍കിഴങ്ങ്, മുന്തിരിപ്പഴം, പുഷ്കരമൂലം, ചന്ദനം, കാകോളി, ക്ഷീരകാകോളി, കടുക്കാത്തോട്, ചിറ്റമൃത്, പാല്‍മുതക്കിന്‍കിഴങ്ങ് ഇവ ഓരോന്നും 60 ഗ്രാം വീതം കഴുകി അരിഞ്ഞ് ചതച്ചെടുത്ത് ഒപ്പം 500 പച്ചനെല്ലിക്കയും ചേര്‍ത്ത് 24 ലിറ്റര്‍ വെള്ളത്തില്‍ കഷായം വച്ച് വറ്റിച്ച് 6 ലിറ്ററാക്കി അരിച്ചെടുക്കണം. നെല്ലിക്ക പ്രത്യേകമെടുത്ത് കുരു കളഞ്ഞശേഷം നല്ല ചുവടുകനമുള്ള വാര്‍പ്പിലോ ഉരുളിയിലോ ഇട്ട് 450 ഗ്രാം നെയ്യും 350 ഗ്രം നല്ലെണ്ണയും ചേര്‍ത്ത് വരട്ടി അരച്ചെടുക്കണം. നാരും മറ്റും എടുത്തു മാറ്റണം. നേരത്തേ തയ്യാറാക്കിവച്ച കഷായത്തില്‍ 3 കിലോഗ്രാം കല്‍ക്കണ്ടം (പഞ്ചസാരയുമാവാം) ചേര്‍ത്ത് ഉരുക്കി അരിച്ചെടുക്കണം. ഇത് അടുപ്പില്‍ വച്ചു അരച്ചു വച്ചിരിക്കുന്ന നെല്ലിക്കയും ചേര്‍ത്ത് ഇളക്കിയോജിപ്പിച്ച് ലേഹപാകമാകുമ്പോള്‍ (നൂല്‍പരുവം) ഇറക്കണം. തണുത്തശേഷം കൂവനൂര്‍ (25 ഗ്രാം), തിപ്പലിപ്പൊടി (120 ഗ്രാം), ഏലത്തരി, ഇലവര്‍ങം, പച്ചില, നാഗപ്പൂവ് (15 ഗ്രാം വീതം) എന്നിവ പൊടിച്ചു ചേര്‍ത്ത് 350 ഗ്രാം തേനും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിച്ച് ഭരണിയില്‍ പകര്‍ന്നെടുത്തു സൂക്ഷിക്കണം, ദഹനമനുസരിച്ച് സേവിക്കാം.

സ്വരഭ്രംശം, ഹൃദ്രോഗം, രക്തവാതം, ശുക്ലദോഷം, പ്രമേഹം, തണ്ണീര്‍ദാഹം എന്നിവ ശമിപ്പിക്കും. മേധ, കാന്തി, ഇന്ദ്രിയബലം, ധാതുവൃദ്ധി, അഗ്നിദീപ്തി, ഓജസ്സ്, വതാനലോമത ഇവയുണ്ടാകും. പഥ്യാനുഷ്ഠാനത്തോടെ സേവിച്ചാല്‍ വൃദ്ധനും യൗവനം ലഭിക്കും. മുടി വളരാന്‍ ശ്രേഷ്ഠമാണ്. രോഗപ്രതിരോധശക്തി ലഭിക്കാന്‍ പതിവായി സേവിക്കേണ്ടതാണ്. നോ: ച്യവനന്‍

(ഡോ. എന്‍.എസ്, നാരായണന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍