This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ച്യവനന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ച്യവനന്‍

ഒരു ഹിന്ദുപുരാണകഥാപാത്രം. മഹാഭാരതത്തിലും ദേവീഭാഗവതത്തിലും ഈ മഹര്‍ഷിയെക്കുറിച്ചു പരാമര്‍ശങ്ങളുണ്ട്.

ഭാര്‍ഗവവംശ സ്ഥാപകനായ ഭൃഗുവിന് പുലോമയില്‍ ജനിച്ച പുത്രനാണ് ച്യവനന്‍. മാതാവിന്റെ ഗര്‍ഭത്തില്‍നിന്നും ഊര്‍ന്നു വീഴാനിടയായതുകൊണ്ടാണ് കുട്ടിക്ക് ച്യവനന്‍ (അനക്കം തട്ടിയവന്‍) എന്നു പേരു സിദ്ധിച്ചത്. ഈ സംഭവത്തിനു കാരണമായി ഭവിച്ചത് പുലോമന്‍ എന്നൊരു രാക്ഷസന്റെ പ്രണയനൈരാശ്യമാണ്. ഭൃഗുമുനി പുലോമയെ പത്നിയാക്കുന്നതിനും മുമ്പേ പുലോമന്‍ അവരില്‍ അനുരക്തനായിരുന്നു. പുലോമ നഷ്ടമായതില്‍ രോഷംപൂണ്ട പുലോമന്‍, മഹര്‍ഷി ആശ്രമത്തിലില്ലാത്ത ഒരു അവസരം നോക്കി സൂകരവേഷധാരിയായി ചെന്ന് പൂര്‍ണഗര്‍ഭവതിയായ പുലോമയെ തട്ടിയെടുത്തുകൊണ്ട് ഓടി. ഓട്ടത്തിന്റെ ആഘാതത്തില്‍ ഗര്‍ഭസ്ഥശിശു നിലംപതിച്ചു. ശിശുവിന്റെ തേജസ്സേറ്റ് രാക്ഷസന്‍ ഭസ്മമായപ്പോള്‍ പുലോമ കുഞ്ഞിനെയും കൊണ്ട് ആശ്രമത്തിലേക്കു തിരിച്ചുപോയി.

ച്യവനന്‍ യൗവനാരംഭത്തില്‍ത്തന്നെ തപസ്സാരംഭിച്ചു. അനേക വര്‍ഷം ഒരേ നിലയിലിരുന്നു തപസ്സനുഷ്ഠിച്ചതിനാല്‍ ച്യവനന്റെ ശരീരമാസകലം ചിതല്‍പ്പുറ്റുകൊണ്ടു മൂടി. പുറ്റില്‍ വല്ലികള്‍ പടര്‍ന്നുകയറുകയും കിളികള്‍ അതില്‍ താമസമാക്കുകയും ചെയ്തുവെങ്കിലും ആത്മാരാമനായ മുനി യാതൊന്നും അറിഞ്ഞില്ല.

അക്കാലം ശയ്യാതി രാജാവിന്റെ പുത്രി സുകന്യ ച്യവനന്‍ തപസ്സുചെയ്യുന്ന വനത്തില്‍ സഖിമാരൊത്ത് ഉല്ലാസയാത്രയ്ക്കെത്തി. ചിതല്‍പ്പുറ്റില്‍ കണ്ട പ്രകാശം സുകന്യയില്‍ കൗതുകമുണര്‍ത്തി. കുമാരി ഒരു മുള്ളെടുത്ത് പ്രകാശം കണ്ട ഭാഗത്ത് കുത്തിനോക്കി. തത്സമയം ച്യവനന്‍ കണ്ണു തുറക്കുകയും സുകന്യയോട് അരുതെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു. ക്രുദ്ധയായ സുകന്യ വിലക്കുകള്‍ വകവയ്ക്കാതെ മുനിയുടെ ഇരു കണ്ണുകളും കുത്തിപ്പൊട്ടിച്ചിട്ട് കടന്നുപോയി. മുനിയുടെ പ്രാണവേദന സകല ചരാചരങ്ങളിലേക്കും പകര്‍ന്നൊഴുകി. വിവരം അറിഞ്ഞ ശയ്യാതി രാജാവ് മുനിയോടു മാപ്പിരന്നു. തെറ്റിനു പ്രായശ്ചിത്തമായി സുകന്യയെ വധുവായി തന്നാല്‍ സ്വീകരിക്കാമെന്ന മുനിയുടെ നിര്‍ദേശപ്രകാരം സുകന്യ ച്യവനനെ വിവാഹം കഴിച്ചു. അകാല വാര്‍ധക്യവും വൈരൂപ്യവും ആന്ധ്യവും ബാധിച്ച ച്യവനനെ സുകന്യ പാതിവ്രത്യത്തോടെ പരിചരിച്ചു. ദേവവൈദ്യന്മാരായ അശ്വിനീദേവന്മാരുടെ അനുഗ്രഹത്താല്‍ മഹര്‍ഷിക്ക് പിന്നീട് കാഴ്ചയും യൗവനവും സൗന്ദര്യവും തിരിച്ചുകിട്ടി. അശ്വിനീദേവകളുടെ നിര്‍ദേശാനുസരണം യൗവനപ്രാപ്തിക്കായി ച്യവനന്‍ തയ്യാറാക്കിയ രസായനമാണ് ച്യവനപ്രാശം എന്നൊരു ഐതിഹ്യവും പ്രചാരത്തിലുണ്ട്. തനിക്കു ലഭിച്ച വരങ്ങള്‍ക്ക് പ്രത്യുപകാരമായി മുനി ഇന്ദ്രനെ തോല്പിക്കുകയും അശ്വിനീദേവകള്‍ക്ക് നഷ്ടമായിരുന്ന സോമപാനത്തിനുള്ള അവകാശം പുനഃസ്ഥാപിച്ചുകൊടുക്കുകയും ചെയ്തു. ഇന്ദ്രനെയും ദേവകളെയും തോല്പിക്കാന്‍ ഹോമകുണ്ഡത്തില്‍ നിന്നു മുനി സൃഷ്ടിച്ചെടുത്ത അസുരനാണ് മദന്‍. ച്യവനന്റെ തപോബലത്തെ അതിജീവിക്കാനാവാതെ ഇന്ദ്രന്‍ മാപ്പിരന്നപ്പോള്‍ മുനി മദനെ നാലായി ഭാഗിക്കുകയും ചൂത്, നായാട്ട്, മദ്യം, സ്ത്രീ എന്നിവയില്‍ ഓരോ ഭാഗം സമര്‍പ്പിക്കുകയും ചെയ്തു (മ.ഭാ. വനപര്‍വം, 123-ാം അധ്യായം).

ച്യവനന്‍ ഭീഷ്മരുടെ ഗുരുവായിരുന്നുവെന്നും അദ്ദേഹം ബ്രഹ്മസഭയില്‍ പ്രശോഭിച്ചിരുന്നുവെന്നും മഹാഭാരതത്തില്‍ പ്രസ്താവിച്ചിട്ടുണ്ട്. ച്യവനന്റെ നാലാം തലമുറയാണ് പരശുരാമന്റേത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍