This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചോ(ഷോ)പ്പിന്‍, ഫ്രെഡറിക് ഫ്രാന്‍സ്വാ (1810 - 49)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചോ(ഷോ)പ്പിന്‍, ഫ്രെഡറിക് ഫ്രാന്‍സ്വാ (1810 - 49)

Chopin, Frederic Francosis

പോളിഷ്-ഫ്രഞ്ച് പിയാനോ സംഗീത വിദ്വാന്‍. ലോകത്തിലെ ഏറ്റവും മികച്ച പിയാനോ സംഗീത രചയിതാക്കളില്‍ ഒരാളായി ഇദ്ദേഹത്തെ കണക്കാക്കുന്നു. 1810 ഫെ. 22-ന് പോളണ്ടിലെ വാഴ്സയ്ക്കടുത്തുള്ള സെലസൊവവോളയില്‍ ജനിച്ചു. പിതാവ് ഫ്രഞ്ചുകാരനും മാതാവ് പോളണ്ടുകാരിയുമായിരുന്നു. സംഗീത പാരമ്പര്യമുള്ള ഒരു കുടുംബമായിരുന്നു അവരുടേത്. 7-ാം വയസ്സില്‍ പൊതുവേദിയില്‍ പിയാനോ വായിച്ച് അരങ്ങേറ്റം നടത്തിയ ചോപ്പിന്‍ 15-ാം വയസ്സില്‍ പിയാനോ സംഗീതത്തിനായി സ്വന്തമായി രചന നടത്തി ശ്രദ്ധേയനായി.

ഫ്രെഡറിക് ഫ്രാന്‍സ്വാ ചോ(ഷോ)പ്പിന്‍

തുടര്‍ന്ന് പിയാനോ വായിക്കുന്നതിലേറെ താത്പര്യം സംഗീത രചനയിലായി. 1830 നവംബറില്‍ പോളണ്ട് വിടേണ്ടിവന്ന ചോപ്പിന്‍ 1831 സെപ്തംബര്‍ വരെ വിയന്നയില്‍ കഴിഞ്ഞു. പിന്നീട് പാരിസില്‍ സ്ഥിരതാമസമാക്കി.

ചോപ്പിന്റെ സംഗീതരചനകളെല്ലാം 'പിയാനോ' സംഗീതത്തിനു മാത്രമുള്ളവയായിരുന്നു. 'സോളോപിയാനോ' സംഗീതത്തിലെ എക്കാലത്തെയും മികച്ച രചയിതാവായാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ആദ്യകാലത്ത് ഓര്‍ക്കെസ്ട്രയ്ക്കുകൂടി പങ്കാളിത്തമുള്ള രചനകള്‍ നിര്‍വഹിച്ചിരുന്നു. അവിടെയും അവ അകമ്പടി മാത്രമായിരുന്നു എന്നത് ശ്രദ്ധേയമാണ്. പില്ക്കാല രചനകളിലൂടെ പിയാനോയുടെ കവി എന്ന അപരനാമധേയത്തിന് ഇദ്ദേഹം അര്‍ഹനായി. സമൃദ്ധമായ ലയഭംഗിയും ആര്‍ജവവമുള്ള ഈണങ്ങളും ഇദ്ദേഹത്തിന്റെ രചനകളുടെ പ്രത്യേകതകളാണ്. അവയില്‍ 58 മജര്‍ക(mazurka)കളും 27 എറ്റുയ്ഡു(e'tdues)കളും 24 പ്രില്യൂഡു (preludes)കളും 19 നോക്ടേണു (nocturnes)കളും 23 പോളൊനെയ്സു(polonai-ses)കളും 17 ഗീത (songs)ങ്ങളും ഉണ്ട്. പോളണ്ടിലെ ചടുലമായ അകത്തള നൃത്തമാണ് മജര്‍ക. നാമാവശേഷമായിക്കൊണ്ടിരുന്ന ഈ നൃത്തത്തിന്റെ പശ്ചാത്തല സംഗീതത്തെ പിയാനോ സംഗീതത്തിലൂടെ പുനര്‍ജനിപ്പിക്കുകയാണ് ചോപ്പിന്‍ ചെയ്തത്. മജര്‍കയുടെ ശക്തിസൗന്ദര്യങ്ങളും പിയാനോ സംഗീതത്തിന്റെ സ്വപ്നഭംഗിയും ചേര്‍ന്നുണ്ടായ ലയം ചോപ്പിന്റെ മജര്‍കകള്‍ക്കുണ്ട്. അവയില്‍ മജര്‍ക നമ്പര്‍ 4 വികാരപൂര്‍ണിമയുടെയും സ്വപ്നസദൃശത്വത്തിന്റെയും സമ്മിശ്രകാന്തികൊണ്ട് ഏറ്റവും മികച്ചു നില്‍ക്കുന്നു. നമ്പര്‍ 2 ആകട്ടെ ദ്രുതഗതിയിലുള്ളതും മനസ്സിനെ ഇളക്കി മറിക്കുന്നതുമാണ്, പിയാനോയിലെ ചില സാങ്കേതിക സാധ്യതകള്‍ ഉപയോഗിച്ചുകൊണ്ടുള്ള സംഗീതക്രമമാണ് എറ്റ്യൂഡുകള്‍. ചോപ്പിന്‍ അവയെ സൗന്ദര്യവത്കരിച്ചു. ആമുഖസംഗീതമായ പ്രില്യൂഡുകള്‍ക്കും ഇദ്ദേഹം നവ്യശോഭ നല്കി. നോക്ടേണുകള്‍ നിശാനൃത്തസംഗീതവും പോളൊനെയ്സുകള്‍ ഒരു സവിശേഷ നൃത്തവിശേഷവുമാണ്. അവയും ചോപ്പിന്റെ രചനകളിലൂടെ ആകര്‍ഷകമാക്കപ്പെട്ടു.

ചോപ്പിന്റെ രചനകളുടെ മുഖ്യ സവിശേഷത അതില്‍ നിറഞ്ഞുകവിഞ്ഞിരുന്ന ദേശസ്നേഹമാണ്. ജന്മനാടായ പോളണ്ടിനോടുള്ള ഗൃഹാതുരത്വത്തിന്റെ മുഹൂര്‍ത്തങ്ങള്‍ ഇദ്ദേഹത്തിന്റെ എല്ലാ രചനകളിലുമുണ്ട്.

ചോപ്പിന്‍ സംഗീതത്തിന്റെ മറ്റൊരു സവിശേഷത അതിന്റെ മായികതയും വിഷാദാത്മകതയുമാണ്. ദീര്‍ഘരചനകളില്‍ വിഷാദം ഉറഞ്ഞുകൂടിയിരിക്കുന്നു. അവ ആത്മയാതനകളുടെ കലാപരമായ പുനഃസൃഷ്ടികളാണ്. വികാരതീവ്രതയും അവയുടെ മുഖമുദ്രയാണ്. സെല്ലോ-പിയാനോയ്ക്കുവേണ്ടി രചിച്ച 3 സൊണാറ്റകളും പിയാനോ കണ്‍സര്‍ട്ടിനുവേണ്ടി രചിച്ച 2 രചനകളും പിയാനോയ്ക്കുമാത്രമായുള്ള 3 സൊണാറ്റകളും ഇതിനുദാഹരണമാണ്.

രചയിതാവ് എന്ന നിലയിലുള്ള പ്രശസ്തി ചോപ്പിന് പിയാനോ വാദകന്‍ എന്ന നിലയില്‍ ഇല്ലായിരുന്നു. താന്‍ അവതരിപ്പിക്കുന്നതിനെക്കാള്‍ തന്റെ രചനകള്‍ വിഖ്യാത പിയാനോ വിദ്വാനായ ഫ്രാന്‍സ് ലിഷി വായിക്കുന്നതായിരുന്നു ഇദ്ദേഹത്തിനിഷ്ടം. എങ്കിലും പിയാനോ വാദനത്തില്‍ ഇദ്ദേഹം ചില പരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പെരുവിരല്‍, കറുത്ത 'കീ'(സല്യ)കളില്‍ സ്വതന്ത്രമായി ഉപയോഗിക്കാന്‍ തുടങ്ങിയത് ഇദ്ദേഹമാണ്.

ക്ഷയരോഗബാധിതനായ ചോപ്പിന്‍ 1849 ഒ. 17-ന് പാരിസില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍