This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചോളമണ്ഡലതീരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചോളമണ്ഡലതീരം

ഇന്ത്യയുടെ കിഴക്കതിരായ ബംഗാള്‍ ഉള്‍ക്കടലിന്റെ തീരപ്രദേശത്തിനുള്ള മറ്റൊരു പേര്. ആന്ധ്രപ്രദേശ്-തമിഴ്നാട് സംസ്ഥാനങ്ങളുടെ തീരത്തെയാണ് പ്രധാനമായി ഈ പേരു കൊണ്ടുദ്ദേശിക്കുന്നത്. ഇന്ത്യയില്‍ അത്ര പരിചിതമല്ലാത്ത ഈ പേര് യൂറോപ്യന്‍ ഭൂമിശാസ്ത്രജ്ഞരുടെ സംഭാവനയാണ്. തെക്ക് കന്യാകുമാരി മുതല്‍ വടക്ക് കൃഷ്ണ-ഗോദാവരി എക്കല്‍ത്തടം വരെ വ്യാപിച്ചിരിക്കുന്ന ചോള മണ്ഡലതീരത്തിന് 1100 കി.മീ. നീളവും 120 കി.മീ. ശരാശരി വീതിയുമുണ്ട്. തഞ്ചാവൂര്‍, തെക്കേ ആര്‍ക്കോട്ട്, ചെങ്ഗല്‍പെട്ട്, വടക്കേ ആര്‍ക്കോട്ട്, നെല്ലൂര്‍ തുടങ്ങിയ റവന്യൂജില്ലകള്‍ ഉള്‍പ്പെട്ടതാണ് ഈ പ്രദേശം.

ചെന്നൈക്കു വടക്കായി സ്ഥിതി ചെയ്യുന്ന പുലിക്കാട്ട് തടാകത്തിന്റെ തീത്തുള്ള ചോളമണ്ഡലഗ്രാമത്തില്‍ നിന്നുമാണ് ഈ പേരിന്റെ ഉത്പത്തി എന്ന് ഒരു വിഭാഗം ചരിത്രകാരന്മാര്‍ വിശ്വസിക്കുന്നു. തമിഴ് നാട്ടിലെ ചോളരാജവംശത്തിന്റെ ആസ്ഥാനമായിരുന്ന 'ചോളമണ്ഡല'ത്തില്‍ നിന്നുരുത്തിരിഞ്ഞതാണ് ഇതെന്ന് മറ്റൊരഭിപ്രായവുമുണ്ട്.

ഇന്ത്യയുടെ കിഴക്കന്‍ തീരപ്രദേശത്തിന് പൊതുവേ വീതി കൂടുതലാണ്. പല നദികളും വീതിയേറിയ എക്കല്‍ത്തടങ്ങളുണ്ടാക്കിയിരിക്കുന്നു എന്നതാണ് ഇതിനു പ്രധാന കാരണം. തമിഴ് നാട് സംസ്ഥാനത്തിന്റെ തീരപ്രദേശത്ത് ഏറ്റവും പ്രധാനമായുള്ളത് കാവേരി നദിയുടെ എക്കല്‍ത്തടമാണ്. ചെന്നൈ നഗരത്തിന് 50 കി.മീ. വടക്കുള്ള പുലിക്കാട്ട് തടാകം മുതല്‍ ബേറംപൂര്‍ വരെ ആന്ധ്രാതീരം വ്യാപിച്ചിരിക്കുന്നു. ഡക്കാണ്‍ പ്രദേശത്തെ രണ്ടു പ്രമുഖ നദികളായ കൃഷ്ണ, ഗോദാവരി എന്നിവയുടെ എക്കല്‍ത്തടങ്ങള്‍ ഈ തീരത്തിലാണ്. ഈ എക്കല്‍ത്തടങ്ങള്‍ക്കു നടുവിലായി കോളറൂ തടാകം സ്ഥിതി ചെയ്യുന്നു. പൂര്‍വതീരപ്രദേശങ്ങള്‍ കടലിലേക്കു വ്യാപിക്കുന്നു എന്നതിന്റെ തെളിവായി ഈ തടാകത്തെ ഭൂമിശാസ്ത്രജ്ഞര്‍ എടുത്തുകാട്ടുന്നു.

കോണ്ഡലൈറ്റ് പാറകള്‍ക്കിടയിലുണ്ടായിട്ടുള്ള ആഴമേറിയതും ഇടുങ്ങിയതുമായ മലയിടുക്കുകളിലൂടെ കൃഷ്ണാനദി ചോള മണ്ഡലതീരത്തേക്കു പ്രവേശിക്കുന്നത് വിജയവാഡയ്ക്കടുത്തു വച്ചാണ്. 90 കിലോ മീറ്ററോളം തീരത്തിലൂടെ ഒഴുകി ഈ നദി കടലിലെത്തുന്നു. ഗോദാവരി പോളാവാരത്തിനടുത്തുള്ള ഇടുങ്ങിയ മലയിടുക്കുകളിലൂടെ തീരദേശസമതലത്തിലേക്കെത്തുന്നു. തീര സമതലത്തില്‍വച്ച് രണ്ടായി പിരിയുന്ന നദിയുടെ ഇരുശാഖകള്‍ക്കുമിടയിലാണ് പ്രധാന എക്കല്‍ത്തടം. ഒറീസാ തീരത്തുള്ള പ്രധാന എക്കല്‍ത്തടം മഹാനദിയുടേതാണ്. ഇതിനു വടക്കായി ചില്‍കാ തടാകം സ്ഥിതിചെയ്യുന്നു.

ചോളമണ്ഡല തീരത്തിനടുത്തായി വരുന്ന പൂര്‍വഘട്ടനിരകള്‍ തുടര്‍ച്ചയായുള്ളവയല്ല; പൊടുന്നനെ ഉയര്‍ന്നുവരുന്ന കുത്തനെയുള്ള ചരിവുകളോടുകൂടിയവയാണ്. ഈ ഭാഗത്തെ എക്കലടിഞ്ഞുണ്ടായിട്ടുള്ള തീരസമതലത്തിന് 80-100 കി.മീ. വീതിയേ ഉള്ളൂ. മഹാനദി, ഗോദാവരി, കൃഷ്ണ, കാവേരി എന്നീ പ്രധാന നദികളുടെ എക്കല്‍ കോണുകളില്‍ നിക്ഷേപങ്ങള്‍ക്ക് കനം കൂടുതലാകുന്നു.

ചോളമണ്ഡല തീരപ്രദേശത്ത് കടലിനു സമാന്തരമായി മണല്‍ നിറഞ്ഞ ബീച്ചുകളാണുള്ളത്. ഈ ഭാഗം മണല്‍ക്കൂനകളാല്‍ ചുറ്റപ്പെട്ടുമിരിക്കുന്നു. തിരമാലകളുടെ പ്രവര്‍ത്തനഫലമായുണ്ടായ ഈ മണല്‍ക്കൂനകള്‍ക്കുള്ളില്‍ ചില ഭാഗങ്ങളില്‍ തടാകങ്ങളും കാണാം. ചില്‍കാ, പുലിക്കാട്ട് എന്നിവ ഇതിനുദാഹരണങ്ങളാണ്. ചോളമണ്ഡല തീരത്തിനു തൊട്ടുവടക്കായി വരുന്ന മലനിരകള്‍ കടലിനോട് വളരെ അടുത്തു സ്ഥിതി ചെയ്യുന്നു.

600-630 കാലത്ത് 'കലഹപ്രിയന്‍' എന്നറിയപ്പെട്ടിരുന്ന പല്ലവ രാജാവായ മഹേന്ദ്രവര്‍മന്‍ കക-ന്റെ ഭരണത്തില്‍ കീഴിലായിരുന്നു കിഴക്കന്‍ ആന്ധ്രപ്രദേശവും കാവേരി മുതല്‍ കൃഷ്ണ വരെ വ്യാപിച്ചിരുന്ന ചോളമണ്ഡലതീരവും. കേരളത്തിലെ മിഷനറി പ്രവര്‍ത്തനം കഴിഞ്ഞു വന്ന സെന്റ് തോമസ് ഈ പ്രദേശത്തു വച്ചാണ് രക്തസാക്ഷിയായത്. പുരാതന സിംഹളചരിത്രത്തില്‍ 'മലാല' എന്ന് കേരളത്തെ വിശേഷിപ്പിച്ചിരുന്നതായി പ്രസ്താവമുണ്ട്. സിലോണിനോട് അടുത്തുള്ള ചോളമണ്ഡലതീരത്തെ അറബിക്കച്ചവടക്കാര്‍ ഈ പേരുകൊണ്ട് വിവക്ഷിച്ചിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍