This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചോളപുരം ശാസനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചോളപുരം ശാസനം

ചാവേറിനെ കുറിച്ചുപ്രതിപാദിക്കുന്ന പ്രാചീന ശാസനങ്ങളില്‍ ഒന്ന്. കുലോത്തുങ്ഗചോളനാണ് ചോളപുരം ശാസനത്തിന്റെ ഉപജ്ഞാതാവ്. 11-ാം ശ. മുഴുവന്‍ നീണ്ടു നിന്ന ചേര-ചോള യുദ്ധവും യുദ്ധത്തില്‍ പൊരുതി മരിച്ചുവീണ ചാവേറ്റുപടയും മറ്റുമാണ് ഈ ശാസനത്തിലെ പ്രതിപാദ്യവിഷയം. ചാവേറ്റുപടയെ മുഴുവന്‍ കൊന്നൊടുക്കിയശേഷം രാജ്യാതിര്‍ത്തികള്‍ ക്ളിപ്തപ്പെടുത്തിയെന്ന് ഈ ശാസനത്തില്‍ സൂചനയുണ്ട്. യുദ്ധാനന്തരം കോട്ടാറിനു വടക്കുള്ള ദക്ഷിണ തിരുവിതാംകൂര്‍ മുഴുവന്‍ ചേരര്‍ക്കു വിട്ടുകൊടുത്തതായി ഈ ശാസനം വ്യക്തമാക്കുന്നു. ആയ് രാജാക്കന്മാരുടെ അന്തര്‍ധാനത്തിനുശേഷം മിക്കവാറും ചോളാധീനതയില്‍ ആയിരുന്ന ദക്ഷിണ തിരുവിതാംകൂര്‍ ചേരര്‍ക്ക് സ്വമേധയാ വിട്ടുകൊടുത്തു എന്നത് അവിശ്വസനീയമാണെന്നാണ് ചരിത്രപണ്ഡിതന്‍ ഇളംകുളം കുഞ്ഞന്‍പിള്ള അഭിപ്രായപ്പെട്ടത്. മറിച്ച് ചോളര്‍ക്ക് എതിരായി ചേരര്‍ ശക്തമായ ആക്രമണങ്ങള്‍ സംഘടിപ്പിച്ചിരിക്കാം; ഇതിന്റെ ഫലമായി ചോളര്‍ക്ക് ദക്ഷിണ തിരുവിതാംകൂറില്‍ ഏറിയഭാഗവും നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ടാവാം. കോട്ടാര്‍ മുതലായ അതിര്‍ത്തി പ്രദേശങ്ങളില്‍ കുലോത്തുങ്ഗന്‍ സേനാസങ്കേതങ്ങള്‍ പണിയുന്നതിനുള്ള കാരണവും ഇതുതന്നെയായിരുന്നിരിക്കാം. അധികം കഴിയുന്നതിനുമുമ്പ് ചോളര്‍ക്ക് കോട്ടാര്‍ ഉപേക്ഷിക്കേണ്ടതായും വന്നു കാണും. പിന്നീടുള്ള ചരിത്രവും ഈ ഊഹത്തെ ബലപ്പെടുത്തുന്നു എന്ന് കുഞ്ഞന്‍പിള്ള ചൂണ്ടിക്കാട്ടുന്നു.

കൊ.വ. 296-ല്‍ (എ.ഡി. 1120) ചാവേറ്റുപട കോട്ടാര്‍ കൈവശപ്പെടുത്തുകയും നാഞ്ചിനാട്ടില്‍ നിന്നും ചോളരെ തുരത്തുകയും ചെയ്തതായി രേഖയുണ്ട്. 1126-ലെ ചോളപുരം രേഖ അക്കാലമായപ്പോഴേക്കും നാഞ്ചിനാട് പൂര്‍ണമായും ചേരാധീനമായി എന്നു തെളിയിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍